'രാത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ ആൾ, പിറ്റേന്ന് രാവിലെ കൊല്ലപ്പെടുന്നു...'

അധ്യായം: ഏഴ് വൈകുന്നേരം പൊലീസ് അസോസിയേഷന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു അയാൾക്ക്. എറണാകുളം നോർത്തിലെ ടൗൺ ഹാളിലായിരുന്നു പരിപാടി. അയാൾ അങ്ങോട്ട് പോകാനൊരുങ്ങവേ അയാളുടെ അസോസിയേറ്റായ കോൺസ്റ്റബിൾ വിനോദ് കാബിനിലേക്ക് വന്നു. "സർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ താജുദ്ദീൻ കാണാൻ വന്നിട്ടുണ്ട്."
അധ്യായം: ഏഴ് വൈകുന്നേരം പൊലീസ് അസോസിയേഷന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു അയാൾക്ക്. എറണാകുളം നോർത്തിലെ ടൗൺ ഹാളിലായിരുന്നു പരിപാടി. അയാൾ അങ്ങോട്ട് പോകാനൊരുങ്ങവേ അയാളുടെ അസോസിയേറ്റായ കോൺസ്റ്റബിൾ വിനോദ് കാബിനിലേക്ക് വന്നു. "സർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ താജുദ്ദീൻ കാണാൻ വന്നിട്ടുണ്ട്."
അധ്യായം: ഏഴ് വൈകുന്നേരം പൊലീസ് അസോസിയേഷന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു അയാൾക്ക്. എറണാകുളം നോർത്തിലെ ടൗൺ ഹാളിലായിരുന്നു പരിപാടി. അയാൾ അങ്ങോട്ട് പോകാനൊരുങ്ങവേ അയാളുടെ അസോസിയേറ്റായ കോൺസ്റ്റബിൾ വിനോദ് കാബിനിലേക്ക് വന്നു. "സർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ താജുദ്ദീൻ കാണാൻ വന്നിട്ടുണ്ട്."
അധ്യായം: ഏഴ്
വൈകുന്നേരം പൊലീസ് അസോസിയേഷന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു അയാൾക്ക്. എറണാകുളം നോർത്തിലെ ടൗൺ ഹാളിലായിരുന്നു പരിപാടി. അയാൾ അങ്ങോട്ട് പോകാനൊരുങ്ങവേ അയാളുടെ അസോസിയേറ്റായ കോൺസ്റ്റബിൾ വിനോദ് കാബിനിലേക്ക് വന്നു.
"സർ, നോർത്ത് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ താജുദ്ദീൻ കാണാൻ വന്നിട്ടുണ്ട്." വിനോദ് പറഞ്ഞു.
"വരാൻ പറയൂ." വലിയ താൽപര്യമില്ലാത്ത മട്ടിൽ രവിശങ്കർ പറഞ്ഞു. താജുദ്ദീൻ പുതിയ ആളാണ്. അയാളെ രവിശങ്കറിന് അത്ര പരിചയം പോരാ.
താജുദ്ദീൻ ഓഫീസിലേക്ക് വന്ന് രവിശങ്കറിനെ സല്യൂട്ട് ചെയ്തു. ഒരു പെർഫെക്റ്റ് സല്യൂട്ട്! രവിശങ്കറിന് ആ ചെറുപ്പക്കാരനിൽ ഒരു താൽപര്യമൊക്കെ തോന്നാൻ അത്ര മാത്രം മതിയായിരുന്നു.
"ടേക്ക് യുവർ സീറ്റ് ഇൻസ്‌പെക്ടർ." അയാൾ പുഞ്ചിരിയോടെ പറഞ്ഞു.
"താങ്ക്യു സർ." കൈയിലെ ഫയൽ മേശപ്പുറത്തേക്ക് വെച്ച് താജുദ്ദീൻ ഇരുന്നു.
"എന്താണ് വന്നത്? സ്ട്രെയിറ്റായി കാര്യത്തിലേക്ക് കടക്കൂ. എനിക്കൊരൽപ്പം ധൃതിയുണ്ട്." രവിശങ്കർ സൗമ്യമായി പറഞ്ഞു.
"ഞാൻ ഒട്ടും സമയമെടുക്കില്ല സർ. ഒരു ഇൻഫോർമേഷൻ പാസ് ചെയ്യാനാണ് ഞാൻ വന്നത്. എന്റെ ഇൻഫോർമേഷൻ തീർച്ചയായും മനാഫ് വധക്കേസിൽ നിങ്ങൾക്ക് ഉപകാരപ്പെടും."
"എന്ത് ഇൻഫൊർമേഷനാണ് താജുദ്ദീൻ?" രവിശങ്കർ അയാളെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് ആകാംക്ഷയോടെ ചോദിച്ചു. കൂരിരുട്ടിൽ ഒരു കുഞ്ഞു സൂര്യൻ ഉദിക്കുകയാണോ?
"സർ, കൊല്ലപ്പെട്ട മനാഫ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടടുപ്പിച്ച് നോർത്ത് സ്റ്റേഷനിൽ നേരിട്ടെത്തി ഒരു പരാതി നൽകിയിരുന്നു. ആ സമയത്ത് ഞാനും സബ് ഇൻസ്പെക്ടർമാരും ഫീൽഡിലായിരുന്നു. ഹെഡ് കോൺസ്റ്റബിൾ മിസ്റ്റർ ജോസഫാണ് അയാളെ അറ്റൻഡ് ചെയ്തത്. അയാളുടെ പരാതിയുടെ കോപ്പിയും മറ്റു ഡീറ്റെയിൽസുമെല്ലാം ഈ ഫയലിലുണ്ട്." താജുദ്ദീൻ താൻ കൊണ്ടു വന്ന ഫയൽ രവിശങ്കറിനു നൽകി. അമൂല്യമായ ഒരു വസ്തു കൈയിൽ കിട്ടിയത് പോലെ രവിശങ്കറിന്റെ കണ്ണുകൾ തിളങ്ങി.
അയാൾ ആ ഫയൽ തുറന്നു. മോശം കൈപ്പടയിൽ എഴുതപ്പെട്ട, അക്ഷരത്തെറ്റുകൾ നിറയെയുള്ള മനാഫിന്റെ പരാതി...!
"വൈകുന്നേരം കോയമ്പത്തൂർക്കു പോകാൻ റെയിൽവേ സ്റ്റേഷനിലേക്കു പോകുംവഴി റെയിൽവേ ലിങ്ക് റോട്ടിൽ വെച്ച് തന്നെയാരോ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്നാണ് അയാളുടെ പരാതിയിലുള്ളത്. സെമിത്തേരിമുക്കിലെ ഡോ.നമ്പൂതിരിയുടെ ഡിസ്പെൻസറിയിൽ നിന്നും തലയിലേയും കാലിലെയുമെല്ലാം പരിക്കുകളിൽ മരുന്ന് വെച്ച് കെട്ടിയിട്ടാണ് അയാൾ സ്റ്റേഷനിൽ എത്തിയത്. ഇക്കാര്യം ഹെഡ് കോൺസ്റ്റബിൾ ജോസഫ് തന്റെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്."
"ഓക്കെ താജുദ്ദീൻ. വളരെ വിലപ്പെട്ടതും ഉപകാരപ്രദവുമായ ഒരു ഇൻഫൊർമേഷനാണു നിങ്ങൾ നൽകിയിരിക്കുന്നത്. ബൈ ദ വേ, നിങ്ങളീ പരാതിയിന്മേൽ എന്തെങ്കിലും നടപടികളെടുക്കുകയോ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുകയോ ചെയ്തിട്ടുണ്ടോ?"
"ഇല്ല സർ. രാവിലെ ഞങ്ങൾ ഈ പരാതിയുമായി ബന്ധപ്പെട്ട നീക്കങ്ങൾ പ്ലാൻ ചെയ്യുമ്പോഴാണ് പരാതിക്കാരൻ കൊല്ലപ്പെട്ട വിവരം അറിയുന്നത്. കേന്ദ്ര മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ തിരക്കിലായിപ്പോയതിനാൽ വന്ന് കണ്ട് കാര്യം പറയാൻ കുറച്ചൊന്ന് വൈകി."
"സാരമില്ല താജുദ്ദീൻ. ഇതൊരു തുമ്പാണ്.ഇതിൽ പിടിച്ചു കയറാൻ പറ്റുമോ എന്ന് ഞങ്ങളൊന്ന് നോക്കട്ടെ."
"ഓ.ക്കെ സർ. എന്നാൽ ഞാനിറങ്ങട്ടെ." താജുദ്ദീൻ എഴുന്നേറ്റു. രവിശങ്കറിനെ സല്യൂട്ട് ചെയ്തതിനുശേഷം അയാൾ പുറത്തേക്ക് പോയി.അടുത്ത നിമിഷം രവിശങ്കറിന് ഡിവൈഎസ്പി പ്രതാപിന്റെ ഫോൺ കോൾ വന്നു.
"സർ, സിംഫണി ഗ്രൂപ്പിന്റെ ഹ്യൂമൻ റിസോർസ് മാനേജർ ആയിഷയെ ചോദ്യം ചെയ്തു. ആ സ്ത്രീ ഒരു യാത്രയിലായിരുന്നു. ഉച്ചയോടെയാണ് അവർ വീട്ടിൽ മടങ്ങിയത്തിയത്. കൂവപ്പാടത്തുള്ള അവരുടെ വീട്ടിൽ ചെന്ന് കാണുകയായിരുന്നു." പ്രതാപ് പറഞ്ഞു.
"ശരി. അവരുമായി സംസാരിച്ചതിൽ നിന്നും നമുക്ക് പ്രയോജനമുള്ള വല്ലതും കിട്ടിയോ?" രവിശങ്കർ ചോദിച്ചു.
"കിട്ടി സർ. കോയമ്പത്തൂരുള്ള പുതിയ കടയിലേക്ക് ജ്യൂസ് മേക്കറായി കമ്പനി മനാഫിനെ നിയോഗിച്ചിരുന്നു. എം.ഡിയുടെ പ്രത്യേക നിർദേശ പ്രകാരം എച്ച്.ആറിൽ നിന്നും ഇത് സംബന്ധിച്ച ട്രാൻസ്ഫർ നോട്ടീസ് റിലീസാവുകയും അത് മനാഫിന് നൽകപ്പെടുകയും ചെയ്തു. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നും ഇന്നലെ വൈകിട്ട് ആറേമുക്കാലിന് കോയമ്പത്തൂർക്ക് പോകേണ്ടിയിരുന്ന ആളാണ് മനാഫ്. ട്രെയിൻ ടിക്കെറ്റ് എച്ച്.ആറിൽ നിന്നും ബുക്ക് ചെയ്ത് കൊടുത്തിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ മനാഫ് റെയിൽവേ ലിങ്ക് റോഡ് വഴി റെയിൽവേ സ്റ്റേഷനിലേക്ക് പോയതായി അയാൾ ജോലി ചെയ്തിരുന്ന സഹോദരൻ അയ്യപ്പൻ റോട്ടിലെ റെസ്റ്റോറന്റ് ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. അങ്ങനെ പോയ ആൾ അടുത്ത പ്രഭാതത്തിൽ എന്തിന് 'തേലേപ്പാട്ട് കോംപ്ലക്‌സി'ന്റെ ടെറസിൽ എത്തി എന്നാണ് മനസ്സിലാകാത്തത്."
"അതെ അതാണ് നമ്മെ കുഴപ്പിക്കുന്നത്. പക്ഷേ റെയിൽവേ ലിങ്ക് റോഡിൽ വെച്ച് അയാൾ ആക്രമിക്കപ്പെട്ടിട്ടുണ്ട് പ്രതാപ്. അയാളോട് വൈരാഗ്യമുള്ള ആരെങ്കിലുമായിരിക്കാം. കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. പരിക്കുകളോടെ രക്ഷപ്പെട്ട ഇയാൾ അത് സംബന്ധിച്ച ഒരു പരാതി നോർത്ത് സ്റ്റേഷനിൽ നൽകുകയും ചെയ്തു. അവിടത്തെ ഇൻസ്‌പെക്ടർ മിസ്റ്റർ താജുദ്ദീൻ ഇപ്പോഴിവിടെ വന്നിരുന്നു."
"ഓഹോ... അങ്ങനെയൊരു സംഭവമുണ്ടല്ലേ? അപ്പോൾ അയാൾ ആറേമുക്കാലിന്റെ ട്രെയിനിൽ പോകാതിരുന്നതിന്റെ കാരണം വ്യക്തമായി. വഴിക്ക് വെച്ച് ആക്രമിക്കപ്പെട്ടത് കൊണ്ട്. പരിക്കേറ്റത് കൊണ്ട്." പ്രതാപ് ആവേശത്തോടെ പറഞ്ഞു.
"കറക്ട്. താനെന്തായാലും ഒരു കാര്യം ചെയ്യൂ. നാലഞ്ചു പൊലീസുകാരെയും കൂട്ടി റെയിൽവേ ലിങ്ക് റോഡിൽ ഒരു പരിശോധന നടത്ത്. അധികം ആൾസഞ്ചാരമില്ലാത്ത വഴിയാണത്. ഇരുവശവും കാടാണ്. ആ പരിസരത്തൊന്നും കെട്ടിടങ്ങളോ ക്യാമറകളോ ഇല്ല. എന്നാലും ഒന്ന് നോക്ക്. എന്തെങ്കിലുമൊരു ലീഡ് കിട്ടിയാലോ..."
"ശരി സർ. ഞാനിപ്പോൾ തന്നെ പുറപ്പെടാം. സർ പിന്നെ...."
"എന്താടോ...?" രവിശങ്കർ ചോദിച്ചു.
"അൻവറിന്റെയും ബാബുരാജിന്റെയും കാര്യം. ഇരുവരേയും വിട്ടയക്കാത്തതെന്താണെന്ന ചോദ്യവുമായി നിരവധി പേരാണ് വിളിച്ചു കൊണ്ടിരിക്കുന്നത്. അതിൽ അവരുടെ നാട്ടുകാർക്കും ബന്ധുക്കൾക്കും പുറമെ പത്രക്കാരും ജനപ്രതിനിധികളുമൊക്കെയുണ്ട്."
"ആരെയും വെറുപ്പിക്കേണ്ട. ഉടനെ വിട്ടയക്കും എന്ന് പറഞ്ഞ് ഒഴിവാകുക. അവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്ന് മാത്രം പറയുക. കസ്റ്റഡിയിൽ വെക്കാനുള്ള സമയപരിധി തീരാൻ ഇനിയുമേറെ മണിക്കൂറുകൾ ഉണ്ടല്ലോ. നമ്മളിന്ന് മാറി മാറി എത്രയോ സമയം ഇരുവരേയും ചോദ്യം ചെയ്തു. എന്നിട്ടും എനിക്കൊരു തൃപ്തി വന്നിട്ടില്ല. അവർ എന്തൊക്കെയോ ഒളിക്കുന്നു എന്ന ഒരു തോന്നൽ. അതുകൊണ്ട് ഒന്ന് രണ്ട് റൗണ്ട് കൂടിയൊക്കെ ചോദ്യം ചെയ്തിട്ട് വിട്ടാൽ മതി അവന്മാരെ. അതിനുള്ളിൽ ഈ കൊലപാതകവുമായി അവരെ കണക്ട് ചെയ്യുന്ന എന്തെങ്കിലും നമുക്ക് കണ്ടെത്താനാവുകയാണെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യാം." രവിശങ്കർ പറഞ്ഞു.
"അങ്ങനെയാകട്ടെ സർ. ഞാനേതായാലും റെയിൽവേ ലിങ്ക് റോഡ് വരെ ഒന്ന് പോയിട്ട് വരാം."
"ശരി. പരിശോധന പൂർത്തിയാക്കി അപ്ഡേറ്റ്സുമായി താൻ പോലീസ് ക്ലബ്ബിലേക്ക് വരൂ. എറണാകുളം ടൗൺ ഹോളിലെ അസോസിയേഷന്റെ പ്രോഗ്രാമിലൊന്ന് തല കാണിച്ചിട്ട് ഞാനങ്ങോട്ടാണ് പോവുക. ഇന്ന് വീട്ടിൽ പോകേണ്ടെന്ന് വെച്ചു. ഈ മോശം മൂഡിലിനി വീട്ടിൽ ചെന്നാൽ ഭാര്യയുമായി തല്ല് കൂടലേ ഉണ്ടാകൂ."
"ശരി സർ." ഫോൺ കട്ടായി.
രവിശങ്കർ മേശപ്പുറത്തെ ഫയലുകൾ ഒതുക്കിവെച്ച്, പ്രധാനപ്പെട്ട രേഖകളും കടലാസുകളുമൊക്കെ ഷെൽഫിൽ വെച്ച് പൂട്ടി, ഓഫീസിൽ നിന്നിറങ്ങി.
"ടൗൺ ഹാളിലേക്ക് വിട്ടോ..." അയാൾ ഡ്രൈവറോട് പറഞ്ഞു.
(തുടരും)