എം.ടി. വാസുദേവൻനായരുടെ ഒരു തിരക്കഥ ലഭിക്കാൻ ഞാൻ എത്ര കാലം വരെയും കാത്തിരിക്കുമെന്ന് സംവിധായകൻ പ്രിയദർശൻ പറയുമ്പോൾ മലയാളത്തിലെ സംവിധായകർ ഇദ്ദേഹത്തിന്റെ എഴുത്തിന് എത്രമാത്രം വിലകൽപ്പിക്കുന്നുവെന്നു മനസ്സിലാക്കാം. എം.ടിയുടെ മാണിക്യക്കല്ല് എന്ന ബാലസാഹിത്യകൃതി സിനിമയാക്കാനുള്ള ആഗ്രഹത്തിൽ കഴിയുകയാണ് പ്രിയദർശൻ. ബോളിവുഡിലും തമിഴിലും മലയാളത്തിലുമൊക്കെ തൊട്ടതെല്ലാം പൊന്നാക്കിയ പ്രിയദർശൻ എം.ടിയുടെ തിരക്കഥയ്ക്ക് ഇത്രയും വിലകൽപ്പിക്കുന്നുവെങ്കിൽ എം.ടിയുടെ ഒരു തിരക്കഥയെങ്കിലും സിനിമയാക്കാനുള്ള ഭാഗ്യം ലഭിച്ചവരുടെ സന്തോഷം എന്തായിരിക്കും.
എം.ടിയുടെ ഒറ്റതിരക്കഥ സംവിധാനം ചെയ്ത ധാരാളം സംവിധായകർ മലയാളത്തിലുണ്ട്. എം.ടിയുടെ പ്രശസ്തമായ ഇരുട്ടിന്റെ ആത്മാവ് എന്ന കഥ സിനിമയാക്കിയപ്പോൾ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് പി. ഭാസ്കരനായിരുന്നു. പ്രേംനസീർ പതിവു നായകവേഷം ഉപേക്ഷിച്ച് വ്യത്യസ്തമായൊരു വേഷം ചെയ്യാൻ തയാറായ ചിത്രമായിരുന്നു ഇരുട്ടിന്റെ ആത്മാവ്. ഭ്രാന്തൻ വേലായുധനാകാൻ പ്രേംനസീറാണ് ഇങ്ങോട്ടു താൽപര്യം കാണിച്ചത്.
എം.ടിയുടെ നീലത്താമര എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് ഗാനരചയിതാവായിരുന്ന യൂസുഫലി കേച്ചേരിക്കായിരുന്നു. വ്യത്യസ്തമായൊരു പ്രണയകഥയായിരുന്നു നീലത്താമര. വർഷങ്ങൾക്കു ശേഷം നീലത്താമര വീണ്ടും സിനിമയാക്കിയപ്പോൾ ലാൽജോസിനായിരുന്നു ഭാഗ്യം ലഭിച്ചത്. നീലത്താരമ വീണ്ടും ചെയ്യാനുള്ള താൽപര്യവുമായി ലാൽജോസ് എം.ടിയെ സമീപിക്കുകയായിരുന്നു. പുതിയ കാലഘട്ടത്തിനനുസരിച്ച് എം.ടി തിരക്കഥയിൽ ചെറിയ മാറ്റം വരുത്തി എഴുതിക്കൊടുത്തു.
പ്രവാസികളുടെ പ്രശ്നം ആദ്യമായി സിനിമയിൽ അവതരിപ്പിച്ചത് എം.ടിയായിരുന്നു. അദ്ദേഹത്തിന്റെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രമൊരുക്കിയത് ആസാദ് എന്ന ചെറുപ്പക്കാരനായിരുന്നു. എം.ടിയുടെ സഹായിയായി നിർമാല്യം തൊട്ട് ആസാദ് സിനിമയിലുണ്ട്. അകാലത്തിൽ പൊലിഞ്ഞ ആസാദിനെ മലയാള സിനിമ ഇപ്പോഴും ഓർക്കുന്നത് ഈ സിനിമയിലൂടെയാണ്.
അജയൻ എന്ന സംവിധായകൻ ഒറ്റചിത്രം മാത്രമേ ചെയ്തിട്ടുള്ളൂ. പെരുന്തച്ചൻ. ഈ സിനിമ മതി അദ്ദേഹത്തിലെ പ്രതിഭയെ അടയാളപ്പെടുത്താൻ. തിലകൻ ജീവിതത്തിൽ ഏറ്റവും ഗംഭീരമായി ചെയ്ത ചിത്രമായിരുന്നു പെരുന്തച്ചൻ. എം.ടിയുടെ മാണിക്യക്കല്ല് സിനിമയാക്കാനാൻ അജയന് അനുമതി ലഭിച്ചെങ്കിലും അതു ചെയ്യാൻ ഇനിയും സാധിച്ചില്ല.
സമാന്തര സിനിമയുടെ വക്താവായ പവിത്രൻ എം.ടിയുടെ തിരക്കഥയിൽ ചെയ്ത ചിത്രമായിരുന്നു ഉത്തരം. മമ്മൂട്ടി നായകനായ ഈ ചിത്രമാണ് ഉപ്പിനു ശേഷം പവിത്രൻറെ പേരിൽ എഴുതി ചേർക്കപ്പെട്ട പ്രശസ്ത ചിത്രം.
മലയാളത്തിൽ ഒട്ടേറെ ഹിറ്റൊരുക്കിയ സിബി മലയിലിന്റെ ഏറ്റവും മികച്ച അഞ്ചു ചിത്രങ്ങളിൽ ഒന്ന് സദയമായിരിക്കും. മോഹൻലാൽ ഗംഭീര പ്രകടനം നടത്തിയ സദയം കണ്ട് കരയാത്ത മലയാളികളുണ്ടാകില്ല. അത്രയ്ക്കും ഹൃദയവേദനയോടെയാണ് ആ ചിത്രം കണ്ടത്.
ഹരികുമാർ എന്ന സംവിധായകന്റെ പേര് ഓർത്തുവയ്ക്കുന്നത് എം.ടിയുടെ സുകൃതം എന്ന ചിത്രത്തിലൂടെയാണ്. അതിനു ശേഷം ഹരികുമാർ ചില ചിത്രങ്ങൾ ചെയ്തെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. മമ്മൂട്ടിയുടെ മികച്ച പ്രകടനമായിരുന്നു സുകൃതത്തിൽ.
വേണു എന്ന കാമറാമാൻ ആദ്യമായി സംവിധാനം ചെയ്തത് എം.ടിയുടെ തിരക്കഥയായിരുന്നു. ദയ എന്ന അറബിക്കഥയിലെ കഥാഭാഗമാണ് വേണു ചെയ്തത്. മഞ്ജുവാരിയരുടെയും നെടുമുടി വേണുവിന്റെയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ദയ. കണ്ണൻ എന്ന സംവിധായകൻ എം.ടിയുടെ തീർഥാടനം കാമറയിൽ പകർത്തി ശ്രദ്ധേയനായി. എം.ടിയുടെ വാനപ്രസ്ഥം എന്ന കഥയുടെ സിനിമാ ആവിഷ്ക്കാരമായിരുന്നു തീർഥാടനം.