അപ്പൂ എന്നു വിളിക്കുമ്പോൾ വിളി കേൾക്കാനൊരാൾ... ആവർത്തിച്ചാവർത്തിച്ചു സ്വയം പ്രതിഫലിക്കുന്ന അക്ഷരങ്ങളിൽ നോക്കി അങ്ങനെ വിളിക്കുമ്പോൾ ദൂരെയിരുന്നു ഒരാൾ വിളി കേൾക്കുന്നത് പോലെ തോന്നും. മലയാള എഴുത്തു തറവാട്ടിലെ കാരണവർ. 'അപ്പു' എന്ന വിളിക്ക് വിളികേൾക്കാൻ കഴിയുന്ന ഒരേ ഒരാൾ, അത് എം ടിയാണ്.
പാട്ടുപാടുന്ന ആളുടെ ശബ്ദത്തോട് പ്രണയം തോന്നുക, നടൻ അഭിനയിച്ചു ഫലിപ്പിക്കുന്ന കഥാപാത്രത്തോട് ആരാധന തോന്നുക, എഴുത്തുകാരന്റെ തൂലികയോടും കഥാപാത്രത്തോടും മോഹം തോന്നുക, അത്തരത്തിൽ തോന്നുന്ന മനോവ്യാപാരങ്ങളിലെ ഒരു പേരായിരുന്നു അപ്പു. എത്രയോ കഥകളിൽ എഴുത്തുകാരൻ കഥാപാത്രങ്ങൾക്ക് നൽകിയ പേര്. സ്വയം വിളിക്കപ്പെടാൻ അദ്ദേഹം ആഗ്രഹിച്ച പേര്...
സ്ഥായീഭാവമായ ഗൗരവപ്രകൃതിയ്ക്കുമുള്ളിൽ അതീവസാന്ദ്രമായ ഒരു ഭാവമുണ്ട് ചിലപ്പോഴൊക്കെ എം ടിയ്ക്ക്. അങ്ങനെയൊന്നും ചിരിയ്ക്കാത്ത മുഖത്തെ നിഷ്കളങ്കതയുടെ വേരുപടലം കാണാൻ കഴിയുക കണ്ണുകളിലാണ്. നിറഞ്ഞ സദസ്സിലെ സ്റ്റേജിൽ ആരെയും ഞാൻ പ്രതീക്ഷിക്കുന്നില്ലെന്ന മട്ടിൽ തെല്ലഹങ്കാരത്തോടെ എം ടി കസേരയിലിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും ആ ശരീരത്തിൽ നിന്നിറങ്ങി വേദിയെ വലം വച്ചു മുൻനിര കസേരകളിൽ വന്നിരിക്കുന്നതായി തോന്നും. ആത്മകഥാംശം എം ടി കഥകളിൽ ഏറെ കാണുന്നത് കൊണ്ടാകാം ഇത്തരം തോന്നലുകളുടെ പ്രഭാവം ഉണ്ടാവാൻ കാരണം.
വായനയും എഴുത്തും എക്കാലത്തെയും മധുരതരമായ അനുഭവമാക്കിയ അപ്പു എന്ന എം ടിയുടെ പിറന്നാൾ ദിനം കടന്നു പൊയ്ക്കൊണ്ടിരുന്നു. വായനയുടെ ആഘോഷങ്ങളിലേയ്ക്ക് സ്വയം ചേർത്തുവയ്ക്കപ്പെടാനാണ് ഈ ദിനത്തിൽ മോഹം. വരും ... വരാതിരിക്കില്ല എന്ന മഞ്ഞിലെ നായികയായ വിമലാദേവിയുടെ മോഹം പോലെ ഇനിയും എം ടിയുടെ കഥാപാത്രങ്ങളെ നേരിട്ടു കാണും.. കാണാതിരിക്കില്ല എന്ന പ്രതീക്ഷ. വ്യത്യസ്തമായ വായനകളാണ് എം ടിയെ എല്ലാ വായനക്കാരുടെയും പ്രിയമുള്ള ഒരാളാക്കി മാറ്റുന്നത്. എത്തിച്ചേരുന്നവർക്ക് എല്ലാം നൽകുന്ന കരുണാധിയായ ഭഗവാനെ പോലെ വായനയ്ക്കായി ആർത്തിപിടിച്ചു എത്തുന്നവർക്ക് എന്തു വേണമെന്ന് വച്ചാൽ അതെടുത്തോളൂ എന്ന മട്ടിൽ ഇരിക്കുന്ന പുസ്തകങ്ങൾ. അതിലെല്ലാമുണ്ട്. എല്ലാത്തിലും എം ടിയുടെ വിരൽപ്പാടുകളുമുണ്ട്.
ചരിത്രം പറഞ്ഞു വയ്ക്കുന്ന കഥാപാത്രങ്ങളെ യാതൊരു മടിയുമില്ലാതെ ഉടച്ചു വാർത്തു തന്റെ ഭാഗം പറയിപ്പിക്കാൻ തക്ക ധിക്കാരം കാട്ടിയിട്ടുള്ള എഴുത്തുകാരന്മാർ അപൂർവ്വമാണ്, അതിലൊരാൾ കൂടിയാണ് എം ടി. ചരിത്രം ചതിയനാക്കിയ ചന്തുവിനെ നിസ്സഹായനും ധീരനുമാക്കിയ ധീരത പല കഥകളിലുമുണ്ട്. തന്റെ മരണക്കുറിപ്പ് താൻ തന്നെ വായിക്കേണ്ടി വന്ന ഒരു ചെറുപ്പക്കാരന്റെ കണ്ണുനീരിനെ എത്ര ആർദ്രതയോടെയാണ് സുകൃതം എന്ന ചിത്രത്തിൽ ചേർത്തു വച്ചിരിക്കുന്നത്? തനിയ്ക്ക് മാത്രം കാണാനാകുന്ന കുഞ്ഞാത്തോലിനെ മായാലോകത്തു നിന്നു ഏകാന്തതകളിലെ കളിത്തോഴിയാക്കാൻ ഒരു ജാനകിക്കുട്ടിയേ ഇവിടെയുണ്ടായുള്ളൂ. വൈഷമ്യങ്ങൾക്കൊടുവിൽ ദൈവത്തിന്റെ മുഖത്തു നോക്കി ആട്ടാൻ കഴിവുള്ള ഒരു നായകനെ ജീവിച്ചിരുന്നിട്ടുണ്ടാകൂ. ചില കഥാപാത്രങ്ങളുടെ ശക്തി അത്രത്തോളമാണ്. എഴുത്തുകാരൻ സ്വന്തം മനോബലം പകർന്നു എഴുതിയുണ്ടാക്കുന്ന കഥാപാത്രങ്ങൾ എഴുത്തുകാരന്റെ ബലമനുസരിച്ചു ശക്തി കൂടിയും കുറഞ്ഞുമിരിക്കും. എം ടിയുടെ കഥാപാത്രങ്ങൾ ഓരോ വായനയിലും കരുത്താർജ്ജിച്ചു വരുന്നവരാണ്.
അപ്പൂ എന്നു ഇനിയും വിളിക്കാൻ, ആർദ്രത തോന്നുന്ന ഒരു കഥാപാത്രമായി പുനർജ്ജനിക്കാൻ മോഹം തോന്നുന്നത് പോലെ. പുഴയുടെ തീരത്തു വിമലാദേവി കാത്തിരിപ്പു തുടരുകയാണ്... വഞ്ചിച്ചു പോയതാകുമോ... അല്ല , ഒരിക്കലെങ്കിലും തിരികെയെത്താൻ പോയതാണ്...പുഞ്ചിരിച്ചു കൊണ്ടു മടങ്ങിയെത്താൻ പോയതാണ്... എല്ലാ കഥാപാത്രങ്ങൾക്കും ഗൗരവമുള്ള ഒരു മുഖം. അധികം ചിരിക്കാത്ത എന്നാൽ നിഷ്കളങ്കമായ ഒരു ഭാവം. അത് തന്നെയാണ് എം ടി വാസുദേവൻ നായരും അദ്ദേഹം നൽകിയ വായനയും.