പെരുന്തച്ചന്‍ പണിത കുളംപോലെയാണ്, എംടി. ഒരു കാഴ്ചയില്‍ സമചതുരവും രണ്ടാമത്തേതില്‍ ദീര്‍ഘചതുരവും മറ്റൊരു നോട്ടത്തില്‍ വൃത്തവുമായി തോന്നുന്ന മായിക വചനാശയം; പല തലമുറകളിലേക്കു പടര്‍ന്നു കിടക്കുന്ന ലളിത കഥകളുടെ മഹാസംഭരണി; വീര്‍പ്പുമുട്ടിക്കുന്നൊരു വൈകാരിക പ്രപഞ്ചം ഉള്ളില്‍ അടക്കംചെയ്തിരിക്കുന്ന ഹരിതനീര്‍പ്പാടം. ഉള്ളിലെ ഭൂകമ്പങ്ങളുടെ ചെറിയ ചെറിയ തരംഗങ്ങള്‍ മാത്രമേ പുറമേയ്ക്കു കാണാനാകൂ. ഇരമ്പിയാര്‍ത്ത് ഭയപ്പെടുത്തില്ല. ആഴം കാണിച്ച് പ്രലോഭിപ്പിക്കില്ല. മേല്‍പ്പരപ്പിലെ തെളിച്ചത്തില്‍ വെയിലടിച്ചുണ്ടാകുന്ന തിളക്കത്തിലേക്കു പക്ഷേ, നോക്കാതിരിക്കാന്‍ സാധിക്കുകയുമില്ല. വാക്കുകള്‍ എങ്ങനെ ഉപയോഗിക്കാം എന്നല്ല, എങ്ങനെ തിരഞ്ഞുപിടിച്ച് ഒഴിവാക്കാം എന്നാണ് എംടിയുടെ കഥകള്‍ പഠിപ്പിക്കുന്നത്.
1
മമ്മൂട്ടിയുടെ ചില സീനുകളുണ്ട്. ചങ്കത്തടിച്ച് നിലവിളിക്കുകയോ പൊട്ടിക്കരയുകയോ എന്തിന്, ഒന്നു വിങ്ങിപ്പൊട്ടുകയോ പോലുമില്ല. എന്നാല്‍ ഒരു നോട്ടംകൊണ്ട്, ചിലപ്പോള്‍ കടിച്ചമര്‍ത്തിയ കരച്ചിലുകൊണ്ട്, ഒരു തലതാഴ്ത്തല്‍കൊണ്ട്, കാണുന്നവന്‍റെ കണ്ണുനനയിക്കും. എംടിയുടെ കഥകളില്‍ വായനക്കാരനെ വൈകാരികമായി മലര്‍ത്തിയടിക്കാനുള്ള അടവുകളൊന്നും കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ അടക്കിപ്പിടിച്ച മൗനം കൊണ്ട്, അതിവിദഗ്ധനായ തച്ചന്‍ വെട്ടിമാറ്റിയ വാക്കുകള്‍ക്കൊണ്ട്, ഉള്ളിലെ സങ്കടത്തിന്‍റെ തടാകം ഇളകിമറിയുന്നത് അനുഭവിക്കാന്‍ കഴിയും.
‘അപ്പോള്‍ നടപ്പുരയുടെ ഉത്തരത്തില്‍നിന്ന് ഒരു കയറിന്‍ തുമ്പത്ത് കുട്ട്യേടത്തിയുടെ ശരീരം ആടുകയായിരുന്നു’- കുട്ട്യേടത്തി എന്ന കഥ അവസാനിപ്പിക്കുമ്പോള്‍ ബാക്കി വിതുമ്പലുകള്‍ വായിക്കുന്നവന്‍റെ നെഞ്ചിലാണ് നടക്കുക. തെളിഞ്ഞതും ഇടതടവുകളില്ലാത്തതുമായ ഗദ്യം ഫുള്‍സ്റ്റോപ്പുകളെ അപ്രസക്തമാക്കുന്നു. ഓവര്‍ ആക്ടിങ് ഒട്ടുമില്ലാത്ത ഭാഷകൊണ്ട് ഒരുതരം കഥാര്‍സിസ് സൃഷ്ടിച്ചെടുക്കുന്നു.
2
മുന്‍കൂട്ടി നിശ്ചയിച്ച ഒരു ലക്ഷ്യത്തിലേക്കല്ല എംടിയുടെ കഥകള്‍ നടന്നുപോകുന്നത്. നിളയൊഴുകുന്നതുപോലെ, ഒട്ടും തിടുക്കമില്ലാത്ത പോക്കാണത്. അവസാനത്തിലെ അപ്രതീക്ഷിതമായ ട്വിസ്റ്റിനെക്കുറിച്ചോ, എന്തിന്, ക്ലൈമാക്സിനെക്കുറിച്ചുതന്നെയോ കഥാപാത്രങ്ങള്‍ ടെന്‍ഷനടിക്കാറില്ല. അവര്‍ നമ്മുടേതുപോലെ തികച്ചും സാധാരണ ജീവിതത്തിന്‍റെ ഉടമകളാണ്.
വ്യസനങ്ങളും നിരാശകളും പകയും കാമവും പേറുന്നവര്‍. സദാചാര സങ്കല്‍പ്പങ്ങളിലൊന്നും വലിയ വിശ്വാസമില്ലാത്തവര്‍. എല്ലാറ്റിനുമപ്പുറം അപാരമായ ഏകാകികള്‍. അവര്‍ മാത്രമാണ് കഥകളിലുള്ളത്. ഒരു കഥയിലും എംടിയില്ല. ‘ഇരുട്ടിന്‍റെ ആത്മാവി’ലെ വേലായുധനും ‘ഓപ്പോളി’ലെ അപ്പുവും ‘ചെറിയ ചെറിയ ഭൂകമ്പങ്ങളി’ലെ ജാനകിക്കുട്ടിയും ഇവരുടെയെല്ലാം കഥ പറയുന്ന അദൃശ്യനായ മൂന്നാമനും ഒന്നാകുന്നുണ്ട്. എംടിയന്‍ എഴുത്തിന്‍റെ ഫോട്ടോസ്റ്റാറ്റുകള്‍ സാധ്യമല്ലാത്ത ഫോര്‍മുലയും അതാണ്. ആയതിനാല്‍ എഴുത്തുകാരന്‍റെ ഫിലോസഫിയുടെയും രാഷ്ട്രീയത്തിന്‍റെയും നിരീക്ഷണങ്ങളുടെയും ഭാരം കഥാപാത്രങ്ങള്‍ ചുമക്കേണ്ടി വരുന്നില്ല. എംടിയുടെ രചനകള്‍ കഥാപാത്രങ്ങളുടെ മാത്രം റിപ്പബ്ലിക്കാണ്.
3
1950-കളില്‍ സജീവമായ എംടി എഴുത്തിന്‍റെ ഏഴാം പതിറ്റാണ്ടിലൂടെ കടന്നുപോകുമ്പോള്‍ ഇന്ന് കഥയെഴുതിത്തുടങ്ങുന്ന ഒരു ചെറുപ്പക്കാരന് അദ്ദേഹത്തെ മറികടക്കേണ്ടതില്ല. എംടിയുടെ മുന്‍ഗാമിയായ കാരൂരിനെയും സമകാലീനനായ ടി.പത്മനാഭനെയും പിന്നാലെ വന്ന സക്കറിയയെയും എന്‍.എസ്. മാധവനെയും അതിലംഘിച്ചേ തീരൂ. ഇനി വരുന്ന ഒരെഴുത്തുകാരന് എംടിയേക്കാളും വളരാം. എംടിയോളം വളരാം. പക്ഷേ, അപ്പോഴും ഭൂമിയെ വേര്‍തിരിച്ച് നിര്‍ത്തുന്ന ഗ്രീനിച്ച് രേഖ പോലെ എംടിയുണ്ടാകും.
അന്‍പതുകളില്‍ കഥയെഴുതിയ എംടി ക്രാഫ്റ്റിലും ഭാഷയുടെ സൂക്ഷ്മപ്രയോഗത്തിലും മാറുന്നതിന് പില്‍ക്കാല പതിറ്റാണ്ടുകള്‍ സാക്ഷിയാണ്. വിഖ്യാതമായ ‘നിന്‍റെ ഓര്‍മയ്ക്ക്’ അപൂർവമായൊരു വൈകാരിക ലോകം സൃഷ്ടിച്ചിരുന്നു. ബാല്യത്തിന്‍റെ തലച്ചോറിന് വേര്‍തിരിച്ചെടുക്കാനാവാത്ത മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണത, ബാല്യത്തിന്‍റെ ഹൃദയവിചാരം പോലെ ലളിതമായി പറഞ്ഞുകൊണ്ട് കഥയ്ക്കും അനുഭവത്തിനുമിടയിലെ തൂക്കുപാലം എംടി തകര്‍ത്തുകളഞ്ഞു.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുശേഷം, ഈ കഥയുടെ ബാക്കിയെന്നോണം എഴുതിയ ‘കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്’ കഥാകൃത്ത് എന്ന നിലയില്‍ എംടി സഞ്ചരിച്ച കാലങ്ങളെയും അത് എഴുത്തുകാരനില്‍ വരുത്തിയ മാറ്റങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട്. ‘നിന്‍റെ ഓര്‍മയ്ക്ക്’ യുവാവായ കഥാകൃത്തിന്‍റെ പിടച്ചിലായിരുന്നെങ്കില്‍ ‘കഡുഗണ്ണാവ’ മധ്യവയസ്സു പിന്നിട്ട ഒരാളുടെ സ്വാസ്ഥ്യം നിറഞ്ഞ തിരിച്ചുപോക്കാണ്. ഭൂതകാലത്തിലെ ഉണങ്ങിയിട്ടില്ലാത്ത മുറിവന്വേഷിച്ചുള്ള യാത്ര. വാക്കുകളിലും ഭാവങ്ങളിലും കൈയൊതുക്കവും മിതത്വവുമുള്ള കഥാകൃത്തിനെ കഡുഗണ്ണാവയില്‍ കണ്ടെത്താം.
ഉത്തരാധുനികതയുടെ കാലത്തേക്ക് പേനയൂന്നാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ച ‘ഷെര്‍ലക്കി’ല്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു എംടിയുണ്ട്. ഉള്ളിലെ അരാജകവാദിയില്‍ നിന്നു മോചനം നേടാന്‍ അമേരിക്കയിലെത്തുന്ന ബാലു അസ്വസ്ഥനാണ്. ചേച്ചി ജോലിക്കു പോകുന്ന പകല്‍നേരങ്ങളില്‍ ബാലുവിന് കൂട്ടുളള ഷെര്‍ലക്ക് എന്ന, നഖങ്ങള്‍ നഷ്ടപ്പെട്ട പൂച്ചയും അസ്വസ്ഥനാണ്. ബാലുവിന്‍റെ ഉള്ളിലെ അരാജകവാദിയും ഷെര്‍ലക്കിന്‍റെ നഷ്ടപ്പെട്ടെന്നു കരുതിയ നഖങ്ങളും തമ്മിലിടയുന്ന നിമിഷത്തില്‍ അതുവരെയുള്ള സകല എംടി കഥകളെയും എംടി മറികടക്കുന്നു.
അടക്കിപ്പിടിച്ച വന്യത രണ്ടു കഥാപാത്രങ്ങളില്‍നിന്നും പുറത്തു ചാടിയതുപോലെ, തന്‍റെ തന്നെ ആള്‍ട്ടര്‍ ഈഗോയെ ബാലു ഷെര്‍ലക്കില്‍ കണ്ടെത്തുന്നതുപോലെ, അത്രയും കാലം ഉറങ്ങിക്കിടന്ന മറ്റൊരു കഥാകൃത്ത് എംടിയില്‍നിന്ന് പൊട്ടിത്തെറിച്ചു. അതോടെ പലകാലങ്ങളിലേക്കുളള എഴുത്തുകാരന്‍റെ പ്രവാഹം വീണ്ടും അടയാളപ്പെട്ടു. ആയതിനാല്‍ എംടി ഒരു സമുദ്രമാണ്.