Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംടി എന്ന കടൽ

MT-works ചെറുകഥകളിലൂടെ വളർന്നു പന്തലിച്ച് നോവൽ എന്ന ക്യാൻവാസും കടന്ന് വെള്ളിത്തിരയിലെ തിരക്കഥകളിൽ കൈയ്യൊപ്പ് പതിപ്പിച്ചു നിൽക്കുമ്പോഴും എംടിക്ക് 84 ന്റെ ചെറുപ്പം.

എം.ടി എന്ന രണ്ടക്ഷരം ഒരു കടലാണ്. മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ കടൽ. മൗനം വാചാലമാക്കി എം.ടി മലയാളത്തെ വായിക്കാൻ പഠിപ്പിച്ചു. ചെറുകഥകളിലൂടെ നോവലുകളിലൂടെ തിരക്കഥകളിലൂടെയൊക്കെ. വളള്ളുവനാടൻ മിത്തുകളും ശൈലികളും വായനക്കാർക്ക് കടം തന്ന കഥാകാരൻ. സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടൻ കാറ്റായിരുന്നു ഓരോ എം.ടി കഥകളും. കരിമ്പനകളെപ്പോലും കടപുഴക്കിയെറിയാൻ ശേഷിയുള്ള കാറ്റ്. 

ഓരോ എം.ടി കഥയും ഒരു ചരിത്രമാണ്. യാഥാസ്ഥിതിക നായർ തറവാടും, മരുമക്കത്തായവും ജന്മിത്വത്തിന്റെ അവസാനവുമെല്ലാം പ്രതിപാദിക്കുന്ന കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയെപ്പറ്റിയുള്ള ചരിത്രം. എം.ടി കഥാപാത്രങ്ങളെ കണ്ടെത്തിയത് തൻറെ കുടുംബത്തിൽ നിന്നാണ് കുട്ട്യേടത്തിയും ഭ്രാന്തൻ വേലായുധനും ലീലയും എല്ലാം ഒരു ചെറുനൊമ്പരമായി ഹൃദയത്തിലെ ആഴങ്ങളിലെങ്ങോ കിടപ്പുണ്ട്. ആത്മകഥാംശമുണ്ട് ഓരോ എം.ടി കഥകളിലും. ദാരിദ്രവും വ്യക്തി ബന്ധങ്ങളിലുണ്ടായ വിള്ളലുകളും പ്രണയത്തിന്റെ ഭൂതകാലവും വായിച്ചെടുക്കാം ഓരോ കഥകളിലും.

ആദ്യനോവലിന് കേരളസാഹിത്യ അക്കാദമി അവാർഡ്. ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം. തൊട്ടതെല്ലാം പൊന്നാക്കുക എന്ന പ്രയോഗത്തിന് അക്ഷരാർത്ഥത്തിൽ അർഹനാണ് എം.ടി. മാതൃഭൂമി നടത്തിയ ലോകചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് വളർത്തു മൃഗങ്ങൾ എന്ന ചെറുകഥയെഴുതിയ മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായരായിരുന്നു. അവിടെ നിന്ന് ഇന്നു ലോകം തിരിച്ചറിയുന്ന എം.ടിയിലേക്ക് വാസുദേവൻനായർ നടന്നു തീർത്തത് ചെറുകഥയിൽ നിന്ന് തിരക്കഥയിലേയ്ക്കുള്ള ദൂരമായിരുന്നു. 

ചിരിക്കാത്ത എംടി  

MT-life

അപൂർവമായി മാത്രം ചിരിക്കുന്നയാളാണ് എം.ടിയെന്നത് സാഹിത്യലോകത്തെ പരസ്യമായ രഹസ്യമാണ്. സ്വയം ചിരിക്കാൻ സാധിക്കാത്തവർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാൻ പറ്റുമോ? ചോദ്യത്തിനുത്തരം എം.ടി തരും തന്റെ സാഹിത്യ സൃഷ്ടികളിലൂടെ. പക്ഷേ.. എം.ടി തമാശകൾക്കുമുണ്ട് ഒരു ക്ലാസിക് ശൈലി. ആളുകളെ കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യമല്ല അത്, നെഞ്ചിൽ ആഴ്ന്നിറങ്ങുന്ന കൂരമ്പുപോലെയാണവ. മറ്റൊരു തരത്തിൽ പറഞ്ഞാൽ കറുത്ത ഹാസ്യം. 

‘‘നല്ല മൂർച്ചയുള്ള ഒരു മടവാക്കത്തി ഒളിപ്പിച്ചുവെയ്ക്കണം, എന്നിട്ട് കഴുത്തിലെ മുഴ ഉരുട്ടികളിച്ചു കൊണ്ട് അച്യുതൻ നായർ കിടന്നുറങ്ങുമ്പോൾ ഒറ്റവെട്ട്. രാവിലെയാണ് തമാശയുണ്ടാവുക ഇതൊന്നും ഭ്രാന്തല്ല അഹമ്മതിയാണ് എന്നലറി തല്ലാൻ നോക്കുമ്പോൾ കൈയ്യുണ്ടാവില്ല. കൈ അന്വേഷിച്ചു കൊണ്ട് അയാൾ വീട്ടിലും മുറ്റത്തുമൊക്കെ ഓടി നടക്കുമ്പോൾ ചിരിച്ചു ചിരിച്ചു ചാവും’’. ഇരുട്ടിൻറെ ആത്മാവിലെ വേലായുധൻ കുട്ടി ഒപ്പിക്കാൻ പോകുന്ന ഒരു തമാശയാണിത്. തമാശ എന്നതിന്റെ അർത്ഥവും ഭാവവും ഇവിടെ എന്താണ്? 

‘‘കൃഷ്ണനൊരുനാൾ അമ്മിണിമേലൊരു തൃഷ്ണ ഭവിച്ചു വലഞ്ഞു വശായി’’. തെറ്റും തിരുത്തും എന്ന എം.ടി ചെറുകഥയിലെ ഒരു ഹാസ്യമാണിത്. അധ്യാപകനോടുള്ള ദേഷ്യത്തിൽ മാഷേയും ടീച്ചറെയും ചേർത്ത് കഥകൾ മെനഞ്ഞു പറയുന്ന കുട്ടിക്കൂട്ടത്തിന്റെ തമാശ.  

ഈ തമാശകളൊന്നും തന്നെ നിരുപദ്രവങ്ങളല്ല. കാലങ്ങളായി ഉമിത്തീപോലെ നെഞ്ചിലെരിയുന്ന പകയുടെ നേർക്കാഴ്ചകളാണ്. ഇതു പോലെയുള്ള അശാന്തത പേറുന്ന അഗ്നി പർവ്വതങ്ങളായ കഥാപാത്രങ്ങളെയും അതിലെ വള്ളുവനാടൻ ശൈലിയിലുള്ള ഗൗരവമേറിയ തമാശകളേയും എം.ടി കഥകളിലുടനീളം കാണാം.

രണ്ടാമൂഴം എന്ന ഇതിഹാസം

randamoozham

ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്’’.– എം.ടിയുടെ ‘രണ്ടാമൂഴം’ എന്ന നോവലിലെ വാക്കുകളാണിവ. മഹാഭാരത കഥയിൽ നിന്ന് വേറിട്ട് ഭീമന് നായകവേഷം കൽപ്പിച്ചു കൊടുത്ത രണ്ടാമൂഴം. ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം. 

പാഞ്ചാലിയുടെ പ്രണയത്തിനു വേണ്ടി ഭീമൻ പലതും ചെയ്തു. കല്യാണ സൗഗന്ധികം തേടി പോയി. കൗരവ സദസ്സിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ട് അപമാനിതയായി നിൽക്കുമ്പോൾ ദുശ്ശാസനന്റെ രക്തം കണ്ടേ അടങ്ങൂ എന്ന പാഞ്ചാലിയുടെ ശപഥം ചെയ്തതും. മഹാഭാരത യുദ്ധവേളയിൽ ദുശ്ശാസനന്റെ മാറു പിളർന്ന് ആ രക്തം കൊണ്ട് ദ്രൗപതിയുടെ മുടി കഴുകിയും ഭീമൻ അവളുടെ പ്രതിജ്ഞ നിറവേറ്റി. അർജ്ജുനനേക്കാൾ ഭീമൻ പാഞ്ചാലിയെ പ്രണയിച്ചു എന്നിട്ടും പാഞ്ചാലിയെന്നും പ്രണയിച്ചത് അർജ്ജുനനെ മാത്രം.

ഭീമന്റെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നു ഇവിടെ. ശക്തിയുള്ള ഒരു മകനെ കിട്ടാനയി കാട്ടാളനെ പ്രാപിക്കേണ്ടി വന്നിട്ടുണ്ടെന്ന കുന്തിയുടെ വെളിപ്പെടുത്തലിനു മുന്നിൽ തകർന്നു പോകുന്ന ഭീമൻ.. വായു പുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന് ഒരു ഗദാപ്രഹരം ഏറ്റതുപോലെയുള്ള വേദനയനുഭവിക്കേണ്ടി വന്ന നിമിഷങ്ങൾ.. ഭീമൻറെ കരുത്തുറ്റ ശരീരത്തെ എല്ലാവരും വാഴ്ത്തി അതിനുള്ളിൽ ഒരു മനസ്സുണ്ടെന്ന് ഏവരും മറന്നു. ഹിഡുംബി എന്ന രാക്ഷസിയിൽ പിറന്ന ഘടോൽഘചൻ എന്ന പുത്രൻ മഹാഭാരത യുദ്ധത്തിൽ മരിച്ചു വീഴുമ്പോഴും അതൊരു വാർത്ത ആവുന്നില്ല. അവിടെയും സംസാര വിഷയം അർജ്ജുന പുത്രൻ അഭിമന്യു പദ്മവ്യൂഹത്തിൽപ്പെട്ട് മൃതിയടഞ്ഞതാണ്. രണ്ടാമൂഴക്കാരനായ അച്ഛൻറെ മകനായതിനാൽ തന്റെ മകനും അഭിമന്യുവിനു പിന്നിലായിപ്പോയതിന്റെ വേദന. ഒരു അച്ഛന്റെ വേദന ഈ കൃതിയിൽ വരച്ചു കാട്ടുന്നുണ്ട് എം.ടി.

1977 ൽ ഒരു നവംബർ മാസത്തിൽ മരണം തന്റെ സമീപത്തെത്തി പിൻമാറിയെന്നും അതിനു ശേഷം എഴുതി പൂർത്തിയാക്കിയ നോവലാണ് രണ്ടാമൂഴമെന്നും എം.ടി പറയുന്നു. ജീവിതത്തിലെ രണ്ടാമൂഴത്തിൽ സർഗ്ഗാത്മകതയുടെ ഈറ്റു നോവേറെയനുഭവിച്ചെഴുതിയ കൃതിയായതിനാലാവും നോവലുകളിലെന്നും വായിക്കപ്പെടേണ്ട ഒന്നായി രണ്ടാമൂഴം മാറിയത്.

എം.ടി കഥകളിലെ കഥകളി പരിവേഷം

നോവലുകളിലായാലും തിരക്കഥകളിലായാലും എം.ടി യുടെ കഥാപാത്രങ്ങൾക്ക് കഥകളിയുടെ പരിവേഷമുണ്ട്. പച്ചയിൽ നിന്ന് കത്തിയിലേയ്ക്കുള്ള ഒരു പകർന്നാട്ടം. പച്ച വേഷം സ്വാഭാവിക കഥാപാത്രമാണ് അതായത് സൽക്കഥാപാത്രങ്ങൾ അവിടെ നിന്ന് പെട്ടന്നാണ് പ്രതിനായക വേഷക്കാരായ കത്തിയിലേക്കുള്ള ചുവടുമാറ്റം. രണ്ടാമൂഴത്തിലെ ഭീമനിൽ ഇവ രണ്ടുമുണ്ട് പാഞ്ചാലിയോടുള്ള പ്രണയത്തിൽ പച്ച വേഷക്കാരനാവുന്ന ഭീമൻ തന്നെയാണ് യുദ്ധത്തിൽ ദുശ്ശാസനന്റെ മാറു പിളർക്കുന്ന കത്തിവേഷക്കാരാനാവുന്നത്.

കഥകളിരാവിൽ ഉറക്കമുണരുന്ന നാലുകെട്ടിലെ അപ്പുണ്ണി കാണുന്നത് ഭീമൻ ദുശ്ശാസനനെക്കൊന്ന് രൗദ്രഭീമനാവുന്നതാണ്. കഥയിലെ പ്രതിനായകനെ ദുശ്ശാസനനായി കണ്ട് ഭീമൻറെ സ്ഥാനത്ത് തന്നെ സങ്കൽപ്പിക്കുന്ന സന്ദർഭവുമുണ്ട് നാലുകെട്ടിൽ. എം.ടിയുടെ കഥാപാത്രങ്ങളിൽ കത്തിവേഷക്കാരായ കീചകനും രാവണനും നരകാസുരനും ദുര്യോധനനുമൊക്കെ മാനസീകമായി ഒളിച്ചിരിക്കുന്നു. തക്കം കിട്ടുമ്പോൾ പുറത്തുചാടി ദുരന്തം വിതയ്ക്കാൻ.

നോവൽ വിട്ട് സിനിമയിലേയ്ക്കെത്തുമ്പോൾ പച്ചയിൽ നിന്ന് കത്തിയിലേയ്ക്ക് പരകായ പ്രവേശം നടത്തുന്ന കഥാപാത്രങ്ങളെയാണ് കാണാൻ കഴിയുക. രംഗം എന്ന ചിത്രത്തിൽ കഥാപാത്രം കഥാപാത്രത്തെ കൊല്ലുന്നതിൽ നിന്ന് തിരുത്തായി രൗദ്രഭീമൻ കെട്ടിയ മനുഷ്യൻ ദുര്യോധനൻ എന്ന കഥാപാത്രത്തെയാണ് യഥാർത്ഥത്തിൽ കൊല്ലുന്നത്.

പരിണയം എന്ന ചിത്രത്തിൽ നായിക താത്രി അന്തർജനം നളനിൽ നിന്നോ ഭീമനിൽ നിന്നോ ആണ് ഗർഭിണിയാവുന്നത്. അവിടെ വേഷം കെട്ടിയ നടൻ എന്ന മനുഷ്യൻ അപ്രസക്തനാവുന്നു. കഥകളി എന്ന കലാരൂപത്തെ അത്രമേൽ സ്നേഹിക്കുന്നതു കൊണ്ടാവാം എം.ടി കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും പച്ചയും കത്തിയും കഥാപാത്രങ്ങളാവുന്നത്. 

എം.ടിയുടെ മൗനം വാചാലമാവുന്നത് തൂലികയിലൂടെയാണ്. തട്ടും തടവുമില്ലാതെ ഒഴുകുന്ന നിളാ നദിപോലെ ശാന്തമായി. വാക്കുകളുടെ ഒഴുക്ക്, ആശയങ്ങളുടെ ലാളിത്യം, ഭാഷയുടെ സൗന്ദര്യം ഇതാണ് ഓരോ എം.ടി കഥകളുടെയും മുഖമുദ്ര. എത്ര തലമുറകൾ വായിച്ചിട്ടും മടുക്കുന്നില്ല എം.ടി എന്ന നോവലിസ്റ്റിനെ. നാലുകെട്ടെന്ന നോവലിനെ. തലമുറകളിലൂടെ കൈമാറുകയാണ് എം.ടിയെ ഒരു പൈതൃകം പോലെ.  ചെറുകഥകളിലൂടെ വളർന്നു പന്തലിച്ച് നോവൽ എന്ന ക്യാൻവാസും കടന്ന് വെള്ളിത്തിരയിലെ തിരക്കഥകളിൽ കൈയ്യൊപ്പ് പതിപ്പിച്ചു നിൽക്കുമ്പോഴും എംടിക്ക് 84 ന്റെ ചെറുപ്പം.