രണ്ടോ മൂന്നോ പുസ്തകങ്ങള്‍ ഒരു സമയം വായിക്കുന്ന ഒരാളാണ്, ഞാന്‍. മുറിഞ്ഞ്, പതുക്കെ, ഒരു ദിവസം കുറച്ചു സമയം മാത്രം വായിക്കുന്നു. വായിക്കാത്തപ്പോഴും പക്ഷേ എനിക്കു തോന്നുന്നു ഞാന്‍ പുസ്തകങ്ങള്‍ക്ക് ഒപ്പമാണ്. ഇതെഴുതുമ്പോള്‍ ലോകത്തെവിടെയോ ഉള്ള ഒരു ലൈബ്രറിയിലേക്ക്, ഒരു രാവിലെ, ഇളംവെയിലില്‍ നിന്ന്, തനിച്ചെത്തുന്ന എന്നെ കാണാന്‍ പറ്റുന്നപോലെ, അത്രമാത്രം വായന എന്റെ ജീവിതത്തിലുണ്ട്.
അപ്പോഴും, ഒരാള്‍ നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകം ഏതെന്ന് എനിക്കറിയില്ല. കാരണം, ഇഷ്ടങ്ങളും അനിഷ്ടങ്ങളും എനിക്ക് അത്ര പ്രിയമാണ്.
ഞാന്‍ ഫിക്ഷന്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു. കാലത്തെയും ഓർമയെയും ജീവിതത്തെയും മരണത്തെയും കഥകള്‍കൊണ്ട് മനുഷ്യര്‍ തങ്ങളുടെ വര്‍ത്തമാനമാക്കുന്നതു കാണാന്‍ ഇഷ്ടപ്പെടുന്നു. ഒരാളുടെ വര്‍ത്തമാനം ഒരാളുടെ ഓർമയുടെ തെളിവുകൂടിയാകുന്നു: അയാള്‍ക്ക് മുമ്പുള്ളതെന്തും അതിനാല്‍ അയാള്‍ തനിക്കുവേണ്ടി നിര്‍മ്മിക്കുന്നു. ഈ കുറിപ്പില്‍ ഞാന്‍ അതിനാല്‍ ഇപ്പോള്‍ വായിക്കുന്ന ഒരു പുസ്തകത്തെപ്പറ്റി പറയാം. അല്ല, ഞാന്‍ ഇപ്പോള്‍ അയാളുടെ രണ്ടു പുസ്തകങ്ങളാണ് ഒരുമിച്ചു വായിക്കുന്നത്. മുറിഞ്ഞ്, പതുക്കെ.
ഈ കാലത്ത് ജീവിക്കുന്ന മഹാനായ സ്പാനിഷ് എഴുത്തുകാരന്‍ എന്ന് വിശേഷിക്കപ്പെടുന്ന എന്റിക് വില്ലാ-മതാസ് എഴുതിയ കഥകളുടെ ഒരു സമാഹാരം, പിന്നെ അയാളുടെ തന്നെ ഒരു നോവല്‍. കഥാസമാഹാരം, Vampire in Love. നോവല്‍, The Illogic of Kassel. രണ്ടും കഴിഞ്ഞില്ല, കഴിയുമോ എന്നും അറിയില്ല. വായന ഓർമയുടെ കലയാണ്. അതിനാല്‍, വായിക്കുമ്പോള്‍ എന്റെ വക കൂട്ടിച്ചേര്‍ക്കലുണ്ട്, എന്റെ വക മറവിയുമുണ്ട്. കഥകളില്‍ വിശ്വസിക്കുന്ന ഒരു കുടുംബത്തില്‍ നിന്നുകൂടിയുള്ള ഒരാളായതുകൊണ്ട്, എനിക്ക് നടന്നത് എന്തും അതുപോലെ പറയാന്‍ അറിയില്ല. അറിഞ്ഞാല്‍ത്തന്നെ പറയുകയുമില്ല. അല്ലെങ്കില്‍, ഒരു കള്ളനും ഇന്നുവരെ നേര് പറഞ്ഞിട്ടില്ല. ഒരു പൊലീസും നേരുപറഞ്ഞ ആളെ ഇന്നുവരെ വിശ്വസിച്ചിട്ടുമില്ല. നടന്നത് എന്തോ അത് അതുപോലെ പറയുന്ന ഒരാള്‍, സാഹിത്യത്തില്‍, നിരൂപകന്‍ മാത്രമാണ്. അയാള്‍ രാത്രിയിലെ പാറാവുകാരനെപ്പോലെയാണ്, തന്റെ ഡ്യൂട്ടിയില്‍ അകമഴിഞ്ഞ് വിശ്വസിക്കുന്ന ആള്‍. അതിനാല്‍, വില്ലാ-മതാസിനെ പറ്റി, അല്ലെങ്കില്‍ അയാളുടെ പുസ്തകങ്ങളെ പറ്റി, ഇനി ഞാന്‍ പറയാന്‍ പോകുന്ന ഒന്നും വാസ്തവമാകണം എന്നില്ല.
നീ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി, ഇന്നലെ എന്തോ എന്നോടു പറഞ്ഞപ്പോള്‍, ഞാന്‍ സംശയിച്ചപ്പോള്‍, ഏട്ടത്തി പറഞ്ഞു: കാറ്റിലും മഴയിലും തൊടിയിലെ മരം വീഴുകയും വീണ്ടും നിവരുകയുമായിരുന്നുവെന്നോ മറ്റോ. ഞാനാകട്ടെ, അപ്പോള്‍, അമ്പതു ഡിഗ്രി ചൂടില്‍ പൊള്ളുന്ന കുവൈറ്റിലെ വെയില്‍, ഇത് വിശ്വസിക്കണോ എന്ന്, കാണുകയും. അതിനാല്‍ ഞാന്‍ പറയുന്നത് എന്തും വിശ്വസിക്കുക: കഥ, അതിന്റെ ജന്മംകൊണ്ടുതന്നെ, റിയലിസത്തെ സസ്പ്പെണ്ട് ചെയ്യുന്നു. ഭാവന ഓർമയുടെ പ്രകാശനമാണ്. സംഭാഷണത്തിന്‍റെ കലയുമാണ്. വില്ലാ-മതാസ് അതില്‍ കലികാല വൈഭവമുള്ള ആളാണ്. മറ്റു പല സ്പാനിഷ് എഴുത്തുകാരെയും പോലെ. ഇയാളുടെ കഥകളില്‍ എന്തും സംഭവിക്കുന്നു, ഒരുപക്ഷേ, സന്തോഷം ഒഴികെ. മറന്നുപോയ സിനിമാനടനും പ്രേതവും ഇന്നുവരെ ഒരു വരിപോലും എഴുതാത്ത എഴുത്തുകാരനും കഥകളില്‍ പ്രത്യക്ഷപ്പെടുന്നു.
മുമ്പ് പറഞ്ഞ നോവല്‍, ജര്‍മ്മനിയിലെ പ്രസിദ്ധമായ ഒരു ആര്‍ട്ട് എക്സിബിഷന്‍ കാണാന്‍ പോകുന്ന എഴുത്തുകാരനെ(തന്നെത്തന്നെ)പ്പറ്റിയാണ്. അയാളെ അവിടേക്ക് ക്ഷണിച്ചതാണ്. സംഘാടകര്‍ അയാളോട് ആവശ്യപ്പെടുന്നത്, അവിടെ തിരക്കുള്ള ഒരു ഹോട്ടലില്‍, തീറ്റമേശകള്‍ക്ക് ഇടയില്‍, ഒരു കോണില്‍, സ്വയം ഒരു ഇൻസ്റ്റളെഷന്‍ ആവുക: ഹോട്ടലിന്റെ പേര് ചെമ്ഗിസ്ഖാന്‍ എന്നാണ്, ചൈനീസ് വംശജര്‍ വരുന്ന ഹോട്ടലാണ്, അവിടെ ഒരു മേശയിട്ട് നിങ്ങള്‍ എഴുതുന്നതായി അഭിനയിച്ചാല്‍ മതി, അങ്ങനെ ഒരു ആമ്പിയന്‍സ് കൊണ്ടുവരുക. അതാണ് ഈ നോവലിന്റെ ‘കഥ’; അങ്ങനെയല്ല പറയേണ്ടത്, അതാണ് ഈ നോവലിന്‍റെ കഥയുടെ ഒരു യാത്ര. നോവലില്‍ ഒരിടത്ത്, തന്റെ ഈ അവസ്ഥയില്‍, “വില്ലാ-മതാസി”ന് കാഫ്ക്കയെ ഓർമ വരുന്നു. കാഫ്ക്കയുടെ കഥകളുടെ ചൈനീസ് ഭാവം, ചൈനയിലെ വന്മതില്‍, രാവണന്‍കോട്ട. എന്റെ നാട് ചൈനയാണെന്ന് തോന്നുന്നു എന്ന് കാഫ്ക്ക ഒരിക്കല്‍ എഴുതിയ കഥ വരെ. വാള്‍ട്ടര്‍ ബെഞ്ചമിന്‍ കാഫ്ക്കയെ എങ്ങനെ കണ്ടു എന്നൊക്കെ രണ്ടോ മൂന്നോ വാചകങ്ങളില്‍. ചെറിയ അധ്യായങ്ങള്‍ ആണ് നോവലിന്. യൂറോപ്പിലെ ആധുനിക ചിത്രകല പഠിക്കാന്‍ വേണ്ടി മാത്രമാണ് ഇതിനൊക്കെ എഴുത്തുകാരന്‍ സമ്മതിക്കുന്നത്. അതിനാല്‍ ചിത്രകാരന്മാരും ചിത്രകാരികളും, എഴുത്തുകാരെപ്പോലെ, നോവലില്‍ വരുന്നു.
എഴുത്തിനെപ്പറ്റിയും എഴുത്തുകാരെപ്പറ്റിയും ഗംഭീരമായ ഉള്‍ക്കാഴ്ചകള്‍ തരുന്ന സന്ദര്‍ഭങ്ങള്‍കൊണ്ടും നോവല്‍ രസം പിടിപ്പിക്കും. പക്ഷേ, ‘ജീവിതം പച്ചയായി പറയണം’ എന്ന് ആഗ്രഹിക്കുന്ന വായനക്കാര്‍ക്ക്, ‘ഇതില്‍ എന്താ ഒരു കഥയുള്ളത്’ എന്ന് തിരയുന്ന “കാലഘട്ട-പുഴുക്കള്‍ക്ക്” ഈ പുസ്തകം പിടിക്കണമെന്നില്ല. അതിന് വേറെ സ്റ്റാന്‍ഡില്‍ പോകണം.
വില്ലാ-മതാസിന്റെ കഥകള്‍ പലതും രസികന്‍ സാധനങ്ങളാണ്, എനിക്കാണെങ്കില്‍ കഥകള്‍ മുഴുവനായി imagine ചെയ്യുന്നവരെ വേറെ ഒരു ഇഷ്ടം. നമ്മുടെ സ്വന്തം പുരോഗമന സാഹിത്യം വേറെയൊരു രീതിയില്‍ മറ്റൊരു dirty realism ആയി കവിതയിലും കഥയിലും വരുമ്പോള്‍, ഈ ജാതി കഥകളിലേക്ക് നാടു വിടണം, അപ്പോള്‍ കൂടുതല്‍ രസം തോന്നും. ഒരു ടൗണും ഒരു പകലും ഒരേപോലെ ജീവിച്ചിട്ടില്ലല്ലോ. ഇയാളുടെ ഒരു കഥ വെറുതെ പറയാം:
രണ്ടു ചെങ്ങാതിമാര്‍. ഒരാള്‍ ഇന്നുവരെ ഒരു വരിപോലും എഴുതാത്ത എഴുത്തുകാരന്‍, പക്ഷേ ഒരു നോവല്‍ എഴുതണം, കഥകള്‍ കുറെ എഴുതണം എന്ന് ആഗ്രഹിക്കുന്ന ആള്‍. അതിന് ഇപ്പോള്‍ ഡ്രഗ്സ് കഴിക്കുന്നുണ്ട്, ഭാവന ഉണരാന്‍ തന്നെ. പാപ്പരാണ്, ചൂതുകളിയില്‍ പോയിരിക്കുന്നു എല്ലാ സംമ്പാദ്യവും. മറ്റേ ചെങ്ങാതി തന്റെ ഈ സുഹൃത്തിനെ പാരീസിലേക്ക് ക്ഷണിക്കുന്നു. എഴുത്തുകാര്‍ ബാര്‍സിലോണയിലല്ല, പാരീസിലാണ് ഉള്ളത് എന്ന് പറയുന്നു. നീ വേണ്ടത് നല്ല ചില എഴുത്തുകാരെ പരിചയപ്പെടുകയാണ്. നല്ല എഴുത്തുകാരുമായുള്ള സഹവാസം തന്നെ നിന്നെ എഴുത്തുകാരനാക്കും. നീ പാരീസിലേക്ക് വാടാ.
യുവ-എഴുത്തുകാരന്‍ പാരീസില്‍ എത്തുന്നു. ആ ദിവസം അയാള്‍ മൂന്നു ‘ഗുളികകള്‍’ കഴിച്ചിട്ടുണ്ട്, അതിനാല്‍ തല പോക്കായിരിക്കുന്നു. അയാള്‍ക്ക് തന്നെ അറിയാം ഈ ശീലം തന്റെ എഴുത്തുമോഹം മാത്രമല്ല തന്നെത്തന്നെ നശിപ്പിച്ചിരിക്കുന്നു. ചെങ്ങാതി അയാളെ സ്വീകരിച്ചു. അയാള്‍ക്ക് സ്വസ്ഥമായി എഴുതാന്‍ വേണ്ടി ഒരു ഫ്ലാറ്റ് കണ്ടു പിടിച്ചിട്ടുണ്ട്. ഈ സംഭാഷണമൊക്കെ നടക്കുന്നത് café de floor ന്‍റെ മുമ്പില്‍ വെച്ചാണ് എന്ന് കഥയില്‍ പറയുന്നുണ്ട്. ആ ഹോട്ടല്‍ പ്രസിദ്ധമാണ്. സാര്‍ത്രും സിമോണും ചെങ്ങാതിമാരും സാഹിത്യം പറയാനും കാപ്പി കുടിക്കാനും വന്നിരുന്ന സ്ഥലമാണ് – ഇത് കഥയില്‍ ഇല്ല, ഞാന്‍ പറയുന്നതാണ്. ആ പേരില്‍, café du-floor പണ്ട് ഞാനൊരു കഥയും എഴുതിയിട്ടുണ്ട്. പറഞ്ഞു എന്ന് മാത്രം.
അവര്‍, കഥയിലെ ചെങ്ങാതിമാര്‍, ഒരു രാത്രി, ആ ഫ്ലാറ്റിന്റെ ചുമതലക്കാരിയെ, അവളുടെ ക്ഷണപ്രാകാരം കാണാന്‍ എത്തുന്നു. അവള്‍ക്ക് ഒരു എഴുത്തുകാരന് ഫ്ലാറ്റ് വാടക കൊടുക്കാന്‍ ഇഷ്ടമാണ്. പക്ഷേ, ആളെ ഒന്നു കാണണം. അവിടെ വെച്ച് അവള്‍ അയാളോട് എഴുതാന്‍ പോകുന്ന നോവലിനെപ്പറ്റി ചോദിക്കുന്നു. എന്താ അതിന്‍റെ കഥ. വെറുതെ ഒന്നറിയാന്‍. ഒരു കൗതുകം.
പക്ഷേ, ഇന്നുവരെ ഒരു വരിപോലും എഴുതാത്ത ആ യുവാവിന് തന്റെ നോവലിനെ പറ്റി, അല്ലെങ്കില്‍ കഥയെ പറ്റി ഒരു വരി പോലും പറയാന്‍ പറ്റുന്നില്ല. ഡ്രഗ്സ് മാത്രമല്ല കാരണം, ഇപ്പോള്‍ അസഹ്യമായ മൈഗ്രൈന്‍ അയാളെ അടിച്ചുവീഴ്ത്തിയിരിക്കുന്നു. തന്റെ ചെങ്ങാതിയുടെ ദുരിതം നമ്മുടെ പാരീസ് ആതിഥേയനറിയാം, ആ യുവാവ് തന്റെ എഴുത്തുകാരനായ ചെങ്ങാതിയെ രക്ഷിക്കുന്നു. പാവം, കണ്ടില്ലെ, ഇവിടെ വന്ന് ഇതുവരെ ഇവന്‍ ഒന്നും മിണ്ടിയിട്ടില്ലല്ലോ, മൂഡിയല്ലെ, കാരണം ഇവന്റെ നോവലിന്‍റെ മാനുസ്ക്രിപ്റ്റ് എന്നെ കാണാന്‍ വരുന്ന വഴിയില്‍ ടാക്സിയില്‍വെച്ച് മറന്നു, നഷ്ടപ്പെട്ടു. എന്തൊരു വിധിയാടാ നിന്‍റെ! യുവ എഴുത്തുകാരന്‍ തന്റെ ചെങ്ങാതിയെ നോക്കി നന്ദി പറഞ്ഞു. തന്നെ രക്ഷിച്ചതിന്.
സാരമില്ല, നിനക്ക് ആ നോവല്‍ എഴുതാന്‍ കഴിയട്ടെ. ഫ്ലാറ്റിന്റെ ചുമതലക്കാരി പറഞ്ഞു. നിങ്ങള്‍ അത്താഴം കഴിയ്ക്കുക. അവിടെ വേറെയും ഒരു സ്ത്രീയുണ്ട്, മകളാണോ, ഇപ്പോള്‍ ഓര്‍മയില്ല. എന്തായാലും, അവള്‍ പറഞ്ഞു. മാനുസ്ക്രിപ്റ്റ് അല്ലെ പോയത്, കഥ ഓർമയുണ്ടല്ലോ. അത് കേള്‍ക്കട്ടെ! അവള്‍ തിന്നാന്‍ ചിലത് എടുക്കാന്‍ അടുക്കളയില്‍ പോയി. തിരിച്ചു വന്നു.
യുവ എഴുത്തുകാരന്‍ വീണ്ടും പെട്ടു. ഒന്നും തലയില്‍ ഇല്ല. ഒരു വെള്ളക്കടലാസ് പോലും തലയില്‍ തെളിയുന്നില്ല, പിന്നെ അല്ലെ എഴുത്തും ഭാവനയും. കള്ള് കുടിച്ച് ഒരു വരി ഇന്നുവരെ എഴുതിയിട്ടില്ല, പറ്റിയിട്ടില്ല എന്ന് എം. ടി പറഞ്ഞിട്ടുണ്ട്. ജോണ്‍ വേറെ പറഞ്ഞിട്ടുണ്ട്. പക്ഷേ കള്ള് കുടിച്ച് കവിത പാടുന്ന മഹാകവികളെ ഞാന്‍ കണ്ടിട്ടുണ്ട്. പാടിപ്പാടി കള്ളിന്‍കുടം പോലെ ഉടയുന്ന കാവ്യഭ്രമക്കാര്‍ വേറെ ജാതിയാണ്. വായനയിലെ തേന്‍ പുരണ്ടവര്‍. അതുപോട്ടെ!
എന്തൊരു വിധിയാണ് അത്! നമ്മുടെ കഥയിലെ എഴുത്തുകാരന്റെ. പക്ഷേ നോക്കു, ചെങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട. അയാളുടെ ചെങ്ങാതി ഇപ്പോള്‍ രണ്ടും കല്‍പ്പിച്ച്, ഒരിക്കലും ഒരു എഴുത്തുകാരനാവാന്‍ ആഗ്രഹിക്കാത്ത അയാള്‍, തന്റെ ചെങ്ങാതിയുടെ നോവലിന്‍റെ കഥ പറയുന്നു. എഴുത്തുകാരന്‍ തന്‍റെ സ്വപ്നത്തില്‍ പോലും സങ്കല്‍പ്പിക്കാത്തത്. പക്ഷേ തങ്ങളുടെ രണ്ടുപേരുടേയും ചില ബാല്യകാല സ്മരണകള്‍ ഉണ്ട്.
വാസ്തവത്തില്‍, ഈ കഥ വായിക്കുമ്പോള്‍, അയാള്‍ പറയുന്ന കഥയുടെ ഇന്റെൻസിറ്റി നമ്മളെ അത്ഭുതപ്പെടുത്തുന്നു. അതില്‍ പ്രണയമുണ്ട്, ചതിയുണ്ട്, കൊലപാതകമുണ്ട്, പലായനമുണ്ട്. ചുരുക്കത്തില്‍ ഒരു യുവാവിന്റെ ജീവിതത്തെപ്പറ്റിയുള്ള ശിഥിലമായ ഓർമയാണ് എന്റെ ചെങ്ങാതിയുടെ നോവല്‍. നോവലിന്റെ നടപ്പുരീതി എന്റെ ചെങ്ങാതിയുടെ നോവലില്‍ കാണില്ല, എന്തെന്നാല്‍ അത് സാഹിത്യത്തെപ്പറ്റിയാണ്. എന്നാല്‍, അങ്ങനെ കഥ പറഞ്ഞ് കാട് കയറിയ കൂട്ടത്തില്‍ അവരുടെ രണ്ടു പേരുടെയും നാട്ടിലെ ഒരു പുഴയെ പറ്റിയും അയാള്‍ പറയുന്നു. ഞാന്‍ എന്റെ കുട്ടിക്കാലത്ത് ഒരിക്കല്‍ ആ പുഴയില്‍ വീണിട്ടുണ്ട്. എനിക്ക് നീന്താന്‍ അറിയില്ല. ഇപ്പോഴും എനിക്ക് നീന്താന്‍ അറിയില്ല. അങ്ങനെ അങ്ങനെ പറഞ്ഞ് ഫ്ലാറ്റിന്റെ ചുമതലക്കാരിയെ അയാള്‍ ഫ്ലാറ്റാക്കി. അവള്‍ക്കും ഈ വായാടിയെ മുഷിയാന്‍ തുടങ്ങിയിരുന്നു. നേരം വളരെ വൈകിയിരിക്കുന്നു. അവള്‍ എന്തായാലും ആ എഴുത്തുകാരന് തന്റെ ഫ്ലാറ്റ് വാടകക്ക് കൊടുക്കാന്‍ തീരുമാനിച്ചു. തന്റെ നോവല്‍ അവന്‍ ഇവിടെവെച്ച് എഴുതട്ടെ.
അവിടെനിന്നും മടങ്ങുമ്പോള്‍ തന്നെ രക്ഷിച്ചതിനു യുവ എഴുത്തുകാരന്‍ തന്റെ ചെങ്ങാതിയോടു നന്ദി പറഞ്ഞു. ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു എന്ന മട്ടില്‍. എന്നാല്‍, അങ്ങനെ, രാത്രി കണ്ട്, ആകാശം കണ്ട്, പാരീസ് കണ്ട്, അവര്‍ നടന്നുപോരുമ്പോള്‍, വഴിയിലെ ഒരു നീന്തല്‍ക്കുളത്തിലേക്ക് ആ ചെങ്ങാതി വീഴുന്നു. ശരിക്കും വീഴുന്നു. ഇവന്‍ എന്താ അവന്‍ പറഞ്ഞ കഥയില്‍ത്തന്നെയാണോ എന്ന് യുവ എഴുത്തുകാരന്‍ സംശയിക്കുന്നു. ഒപ്പം ഭയങ്കരമായി പേടിക്കുന്നു. കാരണം, തന്റെ ചെങ്ങാതിക്ക് നീന്താന്‍ അറിയില്ല. എങ്കില്‍, അവന്‍ ഇപ്പോള്‍ ചാവും. ചത്തുപൊന്തും.
യുവ എഴുത്തുകാന്‍ പറയുന്നപോലെയാണ് ഈ കഥ. ഒരിക്കല്‍ എനിക്കൊരു ചെങ്ങാതിയുണ്ടായിരുന്നു എന്ന ആദ്യ വാചകത്തോടെ കഥ തുടങ്ങുന്നു. അയാള്‍ തന്റെ കോട്ട് ഊരിവെച്ച് നീന്തല്‍ക്കുളത്തിലേക്ക് ചാടുന്നു. തന്‍റെ ചെങ്ങാതിയെ മരണത്തില്‍ നിന്നും രക്ഷിക്കുന്നു. കരയില്‍ വലിച്ചിട്ട അയാള്‍ മുങ്ങിച്ചാവാന്‍ പോയവന്റെ അമ്പരപ്പോടെ തന്റെ ചെങ്ങാതിയെ നോക്കുന്നു. താന്‍ എങ്ങനെ ഈ അവസ്ഥയില്‍ എത്തി എന്ന് അയാള്‍ക്ക് അറിയില്ല.
സത്യത്തില്‍ അയാള്‍ക്ക് ഒന്നും ഓർമയില്ല. അവര്‍ കാണാന്‍ പോയ ഫ്ലാറ്റ്, ആ രാത്രി, അത്താഴം, അയാള്‍ പറഞ്ഞ കഥ, ഒന്നും.
യുവ എഴുത്തുകാരന്‍ ഇതൊക്കെ വീണ്ടും പറയുന്നുണ്ട്, പക്ഷേ ഒന്നും അയാള്‍ക്ക് ഓർമ വന്നില്ല. എല്ലാം കേട്ട്, ചെങ്ങാതി എഴുന്നേല്‍ക്കുന്നു. അവര്‍ വീണ്ടും തങ്ങളുടെ താമസസ്ഥലത്തേയ്ക്ക് പോകാന്‍ ഒരുങ്ങുന്നു. അപ്പോള്‍ ആ ചെങ്ങാതി, വെള്ളത്തില്‍ വീണു ചാവാന്‍ പോയ ആള്‍, പറയുന്നു. നീ ഇപ്പോള്‍ എന്നോടു പറഞ്ഞ കഥ കൊള്ളാം. അതില്‍ അസാധ്യമായ ഒരു ചെങ്ങാത്തത്തിന്‍റെ കഥയുണ്ട്. വെരി ഗുഡ്. അങ്ങനെ പറഞ്ഞ്, അയാള്‍ , യുവ എഴുത്തുകാരന്‍ ഊരിവെച്ച കോട്ടും എടുത്ത്, നീന്താന്‍ അറിയാത്തവാനാണ്, ആ നീന്തല്‍ക്കുളത്തിലേക്ക് വീണ്ടും ചാടുന്നു.
ഒരുപക്ഷേ അവനോടുള്ള എന്റെ ഫ്രണ്ട്ഷിപ്പ് എത്ര ദൂരം വരെ പോകും എന്നറിയാന്‍.
ഇത് ഒരു കഥയുടെ ഓർമയാണ്. ചിലപ്പോള്‍ ഇങ്ങനെയാവില്ല ആ കഥ. കഥ കൃത്യമായി വായിച്ചു ബോധ്യപ്പെടാന്‍ മുമ്പ് പറഞ്ഞ ആ സമാഹാരം വായിക്കുക. എനിക്ക് തോന്നുന്നു അത് പുസ്തകത്തിലെ രണ്ടാമത്തെ കഥയാണ്. വേണമെങ്കില്‍ ഇപ്പോള്‍ നോക്കി പറയാം, കഥയുടെ പേരും. എന്റെ മേശപ്പുറത്തുണ്ട് പുസ്തകം. പക്ഷേ തോന്നുന്നില്ല. എല്ലാ പുസ്തകവും, എല്ലാ കഥകളും, ഒടുവില്‍ ഒരു ഓർമയാണ്, ഒരു ഷേപ്പ്, ഭാഷ കണ്ടെത്തിയ ജനവാസ സ്ഥലം....
അത്രമാത്രം.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം