വരാനിരിക്കുന്നത് വായനയുടെ വസന്തകാലം

വായനയുടെ സുവർണകാലത്തിലൂടെയാണു മലയാള സാഹിത്യലോകം കടന്നുപോകുന്നത്. മുതിർന്ന എഴുത്തുകാർക്കും പുതിയ എഴുത്തുകാർക്കും ഒരുപോലെ സ്വീകാര്യത കിട്ടുന്ന കാലം. അതായത് സാഹിത്യത്തിൽ വായനയുടെ പൂക്കാലം. എം.ടി.വാസുദേവൻനായരെയും ടി. പത്മനാഭനെയും വായിക്കുന്ന അതേ താൽപര്യത്തോടെ കെ.ആർ. മീരയെയും സുസ്മേഷ് ചന്ത്രോത്തിനെയും വായിക്കുന്നു. ആനുകാലികങ്ങളിൽ നല്ലത് ആരെഴുതിയാലും അതിനെ വായിക്കാൻ മലയാളിക്ക് മടിയൊന്നുമില്ല. 

ചെറുകഥയുടെയും നോവലിന്റെയും നല്ലകാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. മുതിർന്നവരും പുതുഎഴുത്തുകാരുമെല്ലാം വായനക്കാരനെ പിടിച്ചിരുത്താൻ പറ്റുന്ന രീതിയിൽ തന്നെയാണു എഴുതുന്നത്. എഴുത്തിൽ ദുർഗ്രഹത എന്ന വില്ലൻ അധികം കാണുന്നില്ല എന്നതൊരു സത്യമാണ്. 

മുതിർന്ന എഴുത്തുകാരനായ എം. മുകുന്ദന്റെ നോവൽ പ്രസിദ്ധീകരിച്ചു വരുന്നു. ‘കുട നന്നാക്കുന്ന ചോയി’ എന്ന നോവലിന്റെ രണ്ടാംഭാഗമാണ് ‘നൃത്തം ചെയ്യുന്ന കുടകൾ’. കുട നന്നാക്കുന്ന ചോയിയിലെ നായകൻ മാധവൻ ചെയ്തൊരു തെറ്റുതിരുത്താൻ വേണ്ടിയാണു രണ്ടാംഭാഗം എഴുതുന്നതെന്നാണ് എം. മുകുന്ദൻ പറഞ്ഞത്. ഫ്രാൻസിലേക്കു പോകുമ്പോൾ  ചോയി മാധവനെ ലക്കോട്ട് ഏൽപ്പിച്ചിരുന്നു. അത് എന്തെന്നറിയാനായിരുന്നു ഒരു ഗ്രാമം മുഴുവൻ ആകാക്ഷയോടെ കഴിഞ്ഞിരുന്നത്. എന്നാൽ ചോയി മരിച്ചപ്പോൾ മാധവൻ ആ ലക്കോട്ടിലെ വിവരം തെറ്റായി വായിക്കുന്നു. തന്റെ മൃതദേഹം ത്രിവർണപതാക കൊണ്ട് പുതയ്ക്കണമെന്ന ചോയിയുടെ അന്ത്യാഭിലാഷം മാധവൻ തെറ്റായി വ്യാഖാനിച്ച് അയാളുടെ മൃതദേഹം കാവിപുതച്ച കുറേപേരെ ഏൽപ്പിക്കുകയാണ്. ഈ സംഭവത്തിൽ മാധവനു തോന്നുന്ന കുറ്റബോധമാണ് നൃത്തം ചെയ്യുന്ന കുടകൾ എന്ന രണ്ടാംഭാഗത്തിലുള്ളത്. 

എം. മുകുന്ദൻ

മുൻപ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനു ശേഷം മാഹിയിലെ കഥാപാത്രങ്ങളെ വച്ച് ദൈവത്തിന്റെ വികൃതികൾ എന്ന നോവൽ മുകുന്ദൻ എഴുതിയിരുന്നു. പക്ഷേ, അതൊരു തുടർച്ചയായിരുന്നില്ല. കുട നന്നാക്കുന്ന ചോയിക്കു ലഭിച്ച വൻ സ്വീകാര്യതയാണ് രണ്ടാംഭാഗമെഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

മലയാളത്തിലെ മിക്ക എഴുത്തുകാരും ഇപ്പോൾ നോവൽ രചനയിലാണ്. സി.വി. ബാലകൃഷ്ണൻ പുതിയ നോവലിന്റെ രചനയിലാണ്. പക്ഷേ, അത് ആനുകാലികങ്ങളിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കാതെ നേരിട്ടു പുസ്തകമാക്കും. 

ഓണത്തിനു മുൻപു തന്നെ നോവൽ വായനക്കാരന്റെ കൈവശമെത്തും. മനുഷ്യന് ഒരു ആമുഖം എന്ന നോവലിനു ശേഷം മൗനത്തിലായിരുന്ന സുഭാഷ് ചന്ദ്രനും പുതിയൊരു നോവൽ രചനയിലാണ്. സമുദ്രശില എന്ന് പേരിട്ടിരിക്കുന്ന നോവൽ ഖണ്ഡശ്ശയായി ഉടൻ പ്രസിദ്ധീകരിക്കും. 

മലയാളത്തിൽ എക്കാലത്തെയും ഹിറ്റു നോവലായ ആരാച്ചാരിനു ശേഷം കെ.ആർ. മീരയും നോവൽ രചനയിലാണ്. കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ട സംഭവങ്ങളാണു നോവൽ വിഷയമാകുന്നത്. ബെന്യാമിൻ, ടി. ഡി. രാമകൃഷ്ണൻ എന്നിവരും പുതിയ നോവൽ രചനയിലാണ്.

കഥകൾ മാത്രമെഴുതിയിരുന്ന സന്തോഷ് ഏച്ചിക്കാനവും പുതിയൊരു നോവൽ രചനയിലാണ്. തിരക്കഥാരചനയിൽ തിരക്കുണ്ടെങ്കിലും പുതിയൊരു നോവൽ രചനയ്ക്കു തുടക്കമിട്ടെന്ന് അടുത്തിടെ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. യുവകഥാകൃത്ത് എസ്. ഹരീഷും നോവൽ രചന പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. 

കെ.ആർ മീര

നോവലിനൊപ്പം തന്നെ ചെറുകഥാരംഗത്തും മലയാളത്തിൽ വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷം സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയുണ്ടാക്കിയ മാറ്റം എല്ലാ എഴുത്തുകാരെയും ആവേശം കൊള്ളിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലെല്ലാം മുതിർന്നവരും യുവാക്കളും മത്സരിച്ച് എഴുതിക്കൊണ്ടിരിക്കുന്നു. കഥയുടെ കുലപതി എന്നുവിശേഷിപ്പിക്കുന്ന ടി. പത്മനാഭൻ അടുത്തിടെ ഏറെ ശ്രദ്ധേയമായൊരു കഥ എഴുതിയിരുന്നു. മരിയ എന്ന കന്യാസ്ത്രീയെക്കുറിച്ചെഴുതിയ കഥ പ്രണയത്തിന്റെ പുതിയൊരു ഭാവമാണ് സാഹിത്യത്തിന് സമ്മാനിച്ചത്. ഈ പ്രായത്തിലും തനിക്കു നല്ലൊരു കഥയെഴുതാൻ കഴിയുമെന്ന് പത്മനാഭൻ തെളിയിച്ചു. സി. രാധാകൃഷ്ണൻ, പി. വത്സല തുടങ്ങിയ മുതിർന്ന എഴുത്തുകാരെല്ലാം കഥാരചനയിൽ മാറ്റങ്ങൾ വരുത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ശക്തമായ ഒരു പുതു തലമുറയും കഥാലോകത്ത് വളർന്നു വരുന്നു എന്നത് വായനക്കാരന് കൂടുതൽ സന്തോഷം നൽകുന്നു.

എം.ടി. വാസുദേവൻനായർ കഥയും നോവലും എഴുതുന്നില്ലെങ്കിലും രണ്ടാമൂഴം എന്ന സിനിമയുടെ തിരക്കഥ എഴുതുന്നുണ്ടെന്നതും മലയാളിക്കു സന്തോഷം തരുന്നതാണ്. അടുത്ത വർഷം ചിത്രീകരണം തുടങ്ങുന്ന രണ്ടാമൂഴം എം.ടിയുടെ തന്നെ രണ്ടാമൂഴം എന്ന നോവലിന്റെ സിനിമാരൂപമാണ്. 

പുനത്തിൽ കുഞ്ഞബ്ദുള്ള

പ്രിയ എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മൗനമാണ് വായനയെ സ്നേഹിക്കുന്നവരെ സങ്കടപ്പെടുത്തുന്ന കാര്യം. പുതിയൊരു നോവൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും അസുഖം അദ്ദേഹത്തിന്റെ എഴുത്തിനു വിലങ്ങായി മാറി. എങ്കിലും ആരോഗ്യം വീണ്ടെടുത്ത്, സ്മാരകശിലകൾ പോലെ മറ്റൊരു മികച്ച കൃതി അദ്ദേഹം സമ്മാനിക്കുമെന്നു പ്രതീക്ഷിക്കാം.