Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം പറയുന്ന പുസ്തകങ്ങൾ

susmesh-chandroth

പുസ്തകങ്ങൾ വായിക്കുന്ന ശീലം ഒരിക്കൽ കിട്ടിക്കഴിഞ്ഞാൽ പിന്നീടത് ജീവിതത്തിലുടനീളം നിങ്ങളെ പിന്തുടർന്നുകൊണ്ടിരിക്കും. നിങ്ങൾ വേറൊരു രാജ്യത്ത് താമസിച്ചാലും നിങ്ങളെ ഒരുപാടൊരുപാട് ദുരിതങ്ങൾ അലോസരപ്പെടുത്തിയാലും നിങ്ങൾ വായിച്ചുകൊണ്ടേയിരിക്കും. അതാണ് അക്ഷരങ്ങളുടെ ആകർഷണീയത.

അടുത്തകാലത്തായി ഞാന്‍ വായിച്ച രണ്ടു പുസ്തകങ്ങളും അൽപം പഴയതാണ്. മറാത്തി സാഹിത്യത്തിലെ പ്രശസ്തമായ പേരാണ് രഞ്ജിത് ദേശായിയുടേത്. പത്മശ്രീയും സാഹിത്യ അക്കാദമി അവാർഡുമെല്ലാം കിട്ടിയിട്ടുള്ള അനുഗ്രഹീതനായ എഴുത്തുകാരൻ. കഥയും നോവലും നാടകവും തിരക്കഥയുമെല്ലാം എഴുതിയിട്ടുള്ള രഞ്ജിത് ദേശായിയുടെ പ്രശസ്തമായ നോവലാണ് ‘രാജാ രവിവർമ്മ’. വേണമെങ്കിൽ അമേരിക്കൻ എഴുത്തുകാരനായ എർവിങ് സ്റ്റോണിനെപ്പോലെയാണ് രഞ്ജിത് ദേശായിയും എന്നുപറയാം. ഭൂതകാലവാസികളാണെങ്കിലും സജീവമായ ഓർമ്മകളാല്‍ സഹൃദയരുടെ മനസ്സുകളിൽ വർത്തമാനകാലത്ത് ജീവിക്കുന്നവരെപ്പറ്റിയുള്ള എഴുത്തുകളാണ് ഇരുവരേയും സാമ്യപ്പെടുത്തുന്നത്. വിൻസെന്റ് വാൻഗോഗിന്റെ വിഖ്യാതമായ ജീവിതമാണ് എർവിങ് സ്റ്റോണിന്റെ ‘ലസ്റ്റ് ഫോർ ലൈഫ്’ പറയുന്നത്. ഇന്ത്യയിലെ വിഖ്യാത ചിത്രകാരനായ രാജാ രവിവർമ്മയുടെ ജീവിതമാണ് രഞ്ജിത് ദേശായി പറയുന്നത്. രണ്ടുമെനിക്ക് പ്രിയപ്പെട്ട നോവൽ. മുമ്പൊരിക്കൽ രാജാ രവിവർമ്മയുടെ വിവർത്തനം മലയാളത്തിൽ വന്നത് വായിച്ചിട്ടുണ്ടെങ്കിലും അത് പൂർണമായും മറവിയിലാണ്ടിരുന്നു. അടുത്തകാലത്ത്, ചിത്രകാരി ടി.കെ പത്മിനിയുടെ ജീവിതം പറയുന്ന ‘പത്മിനി’ സിനിമയുടെ ചില ജോലികളിലേർപ്പെട്ടിരിക്കുന്ന സമയത്താണ് വിക്രന്ത് പാണ്ഡേ മറാത്തിയിൽനിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് രണ്ടാമത് വായിക്കാനെടുക്കുന്നത്.

raja-ravi-varma2

വെട്ടിച്ചുരുക്കിയൊതുക്കി ജീവിതകഥ പറയുന്നതിൽ രഞ്ജിത് ദേശായിക്ക് ഇർവിംഗ് സ്റ്റോണിനെപ്പോലെ തന്നെ മിടുക്കുണ്ട്. ഒരെഴുത്തുകാരനെ അസൂയപ്പെടുത്തുവാൻ പോന്നത്ര എന്ന് നിസ്സംശയം പറയാം. അടുത്തടുത്ത വർഷങ്ങളിൽ മരണപ്പെട്ട ഇരുവരും സിനിമയും സാഹിത്യവും ഒന്നിച്ചു കൈകാര്യം ചെയ്തിരുന്നു എന്നതാണല്ലോ ഈ പുസ്തകങ്ങളുടെ ആഖ്യാനമികവിനു മറ്റൊരു നിദാനം.

പല തവണ വായിക്കാനെടുത്ത് മാറ്റിവച്ച സാന്തോർ മറായിയുടെ നോവൽ ‘എമ്പേഴ്സ്’ ആണ് ഇപ്പോൾ വായിച്ചുനിർത്തിയ നോവൽ. (കാരോൾ ബ്രൗൺ ജാൻവേയുടെ പരിഭാഷ) നാൽപ്പത്തിയൊന്ന് വർഷമായി കാണാതിരിക്കുന്ന സുഹൃത്തിന്റെ വരവും കാത്ത് കാർപാത്യൻ മലനിരകളുടെ ചുവട്ടിലുള്ള കൊട്ടാരസദൃശ്യമായ ഗൃഹത്തിൽ കാത്തിരിക്കുന്ന വൃദ്ധനായ ജനറലിന്റെയും വന്നുചേരുന്ന അയാളുടെ സുഹൃത്തിന്റെയും കഥയാണ് എമ്പേഴ്സെന്ന് എളുപ്പത്തിൽ പറയുന്നത് ഈ പുസ്തകത്തിന്റെ മഹത്വത്തെ ചെറുതാക്കുന്നതാകും. ഒരു രാത്രി, മെഴുകുതിരികൾ കത്തി നിൽക്കുന്ന അത്താഴമേശയിൽവച്ച്, നാൽപത്തിയൊന്ന് വർഷത്തിനും നാൽപ്പത്തിമൂന്ന് ദിവസത്തിനും ശേഷം കാണുന്ന സ്നേഹിതനോട് സംസാരിക്കുകയാണ് ജനറൽ. അവർ സംസാരിക്കുന്നത് അവർക്കിടയിലുണ്ടായിരുന്ന ഒരു വ്യക്തിയെക്കുറിച്ചാണ്. അവർ ഇന്ന് അവരുടെ കൂടെയില്ല. പക്ഷേ കുട്ടിക്കാലവും യൗവനവും കൗമാരവുമെല്ലാം കഥകളായും ഓർമ്മകളായും മലമുകളിൽനിന്നുള്ള ജലപാതം പോലെ ഒലിച്ചുവരുമ്പോൾ രണ്ടു സുഹൃത്തുക്കൾക്കിടയിലുണ്ടായിരുന്ന ആ മൂന്നാമത്തെയാളെക്കുറിച്ച്, തീർച്ചയായും അതൊരു സ്ത്രീയാണ്, ജനറലിന്റെ ഭാര്യയുമാണ്, നാം അതിശയപൂർവ്വം കേട്ടിരിക്കുന്നു. ഇവിടെ സാന്തോർ മറായി, അയാളുടെ വിരലുകളിൽ എഴുത്താശാൻ ഇട്ടുകൊടുത്ത തങ്കമോതിരവുമായിരുന്ന് ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുണ്ട്. നിനി എന്നുപേരുള്ള തൊണ്ണൂറ്റിയൊന്ന് വയസ്സുള്ള പരിചാരിക. വാസ്തവത്തിൽ ജനറലിനെ സംബന്ധിച്ച് അവരാ വീട്ടിലെ വെറും പരിചാരിക മാത്രമാണോ.. നിനിക്ക് പതിനാറ് വയസ്സുള്ളപ്പോഴാണ് അവരാ കൊട്ടാരത്തിലെത്തുന്നത്. അന്ന് ജനറൽ ജനിച്ചിട്ടേയുള്ളൂ. പിന്നീട് ജനറലിന്റെ അമ്മയുടേയും ഭാര്യയുടേയും മരണത്തിനും ജനറലിന്റെ ഏകാന്തജീവിതത്തിനും ഒരു സാക്ഷിയാകുന്നു നിനി. ഇപ്പോൾ ആ രാത്രി മുഴുവൻ നീളുന്ന സംഭാഷണങ്ങൾക്കും.

embers

സാന്തോർ മറായി പറയുന്ന കഥ വിവരിക്കാൻ തുനിഞ്ഞാൽ അവസാനമില്ല. കഥാപാത്രങ്ങളേയും അവരുടെ ചിത്തവൃത്തികളേയും വ്യാഖ്യാനിക്കാനിരുന്നാൽ അതിനും അന്തമുണ്ടാവില്ല. 1942 ൽ ബുഡാപെസ്റ്റിൽ പ്രസിദ്ധീകരിക്കപ്പെട്ട എമ്പേഴ്സ് ആറേഴ് വർഷം മുമ്പുവരെ, ഇംഗ്ലീഷ് തർജ്ജമ വരുംവരെ, ലോകത്തിന് അജ്ഞാതമായിരുന്നു. പിന്നീടത് ബെസ്റ്റ് സെല്ലർ പട്ടികയിലേക്ക് കത്തിക്കയറി. എങ്ങനെ കത്തിക്കയറാതിരിക്കും..!

ഈ പുസ്തകങ്ങളൊന്നും വായിക്കാൻ സാധിച്ചിരുന്നില്ലെങ്കിൽ പിൽക്കാലത്ത്, ഒരു മനുഷ്യനായി സംസ്കാരത്തിന്റെ ഓരം ചേർന്ന് കുറേക്കാലം നടന്നു എന്നു പറയാൻ ഞാനശക്തനായി തീരുമായിരുന്നു.