Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ശരാശരി ഗ്രാമീണൻ വായനക്കാരനാകുന്ന വിധം

ajijesh വായന, ഓർമ... അജിജേഷ് പച്ചാട്ട് എഴുതുന്നു

അമ്മയും അമ്മയുടെ ഉണ്ടവിരലുകളും

അമ്മയാണ് അക്ഷരം കൂട്ടി വായിക്കാൻ പഠിപ്പിച്ചത്. നല്ല ഭംഗിയുള്ള വിരലുകളാണ് അമ്മയ്ക്ക്. എത്ര കഴുകി നന്നാക്കിയാലും മാഞ്ഞുപോകാത്ത ഒരു നേരിയ കറുപ്പ് ആ വിരൽനഖങ്ങൾക്ക് ചുറ്റും എപ്പോഴുമുണ്ടാകും. എനിക്ക് എഴുതാൻ കഴിയാതെ പോയ, അല്ലെങ്കിൽ ഞാൻ എത്ര എഴുതിയാലും ശക്തി കിട്ടാൻ സാധ്യതയില്ലാത്ത അമ്മയുടെ ജീവിതമാണ് അതെന്ന് ഇപ്പോൾ തോന്നും. അക്ഷരങ്ങളിലൂടെ നീങ്ങുന്ന അമ്മയുടെ വിരലുകൾക്ക് പിന്നാലെ കണ്ണുകളഴിച്ചുവിട്ടാണ് ഞാൻ വായിക്കാൻ പഠിച്ചത്. അമ്മയുടെ കയ്യക്ഷരം കാണാനും നല്ല ചൊറുക്കാണ്. വിരലുകൾ പോലെ തന്നെ അത് ഉരുണ്ടിരിക്കും. അമ്മയുടെ കയ്യക്ഷരത്തേക്കാളും നന്നായിട്ടെഴുതണം എന്നത് അന്നത്തെ ഒരു വാശിയായിരുന്നു. അമ്മ കുറച്ചൊക്കെ വായിക്കുമായിരുന്നു. യു.പി സ്കൂളിൽ പഠിക്കുമ്പോഴാണ് ക്ലാസ്സ് പുസ്തകങ്ങളല്ലാത്ത ഒരു പുസ്തകം വായിക്കുന്നത്. അത് അമ്മ വായിക്കാൻ കൊണ്ടുവച്ച ഒരു നോവലായിരുന്നു. അന്നൊക്കെ മുതിർന്നവർ വായിക്കുന്ന പുസ്തകമൊക്കെ വായിക്കുന്നത് വലിയ പ്രശ്നമായിരുന്നു. അതുകൊണ്ടുതന്നെ കട്ടെടുത്താണ് വായിച്ചത്. നോവലിസ്റ്റിന്റെ പേര് ഒാർമ്മയില്ല. 'ഉമ' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. അച്ഛനും അമ്മയും മരിച്ച ഒരു അനാഥപെൺകുട്ടി അവരുടെ കുടുംബവീട്ടിൽ നിന്നുകൊണ്ട് അനുഭവിക്കുന്ന സങ്കടങ്ങളുടേയും നിസ്സഹായ അവസ്ഥയുടേയും കഥയായിരുന്നു അതിൽ. വായിച്ചുകഴിഞ്ഞപ്പോൾ വല്ലാത്ത സങ്കടമൊക്കെ തോന്നിയിരുന്നു.  

രൂപമതിയും ചന്ദ്രേട്ടന്റെ പീടികയിലെ വാടകവായനയും.

പള്ളിക്കലിൽ പണ്ട് ഒരു സിറ്റിസൺ ഹോട്ടലുണ്ടയിരുന്നു. അങ്ങാടിയുടെ ഹൃദയഭാഗത്ത്. അതിന് തൊട്ടപ്പുറത്ത് ഉണ്ണ്യേട്ടന്റെ ബേക്കറി. കായവറുത്തതിന്റേയും, മിശ്ചറിന്റേയും, ബിസ്ക്കറ്റിന്റേയും ഭരണികൾക്ക് മുകളിലായി നീളത്തിൽ വലിച്ചുകെട്ടിയ നാടയിൽ ബാലമംഗളവും ബാലരമയുമെല്ലാം ഒന്നിനg മുകളിൽ ഒന്നായി ചീട്ട് കസ്ക്കി വച്ചതുപോലെ ഭംഗിയായി തൂക്കിയിടും. എപ്പോഴോ അതിലെ കഥകളോട് വല്ലാത്തൊരു കൊതി തോന്നി. സ്കൂളിൽ പഠിക്കുന്ന കാലമായതുകൊണ്ട് സ്വന്തമായി വാങ്ങാനുള്ള ത്രാണിയൊന്നും ആയിട്ടില്ല. കഥാപുസ്തകത്തിന് വേണ്ടി വാശി പിടിക്കുകയും പട്ടിണി കിടക്കുകയും ചെയ്തപ്പോൾ സഹികെട്ട് അമ്മ എപ്പോഴൊക്കെയോ സ്വരൂപിച്ചുവച്ച ചില്ലറപൈസകൾ എടുത്തു തന്നു. അമ്മയെ കുറിച്ചോർത്ത് എനിക്ക് ജീവിതത്തിലാദ്യമായി വല്ലാതെ സങ്കടം തോന്നിയ നിമിഷമായിരുന്നു അത്. എന്റെ അമ്മയുടെ സമ്പാദ്യം ഒരു കഥാപുസ്തകത്തിനു പോലും തികയുമായിരുന്നില്ല. അത് തികയില്ലെന്ന് പറഞ്ഞപ്പോൾ അച്ഛന് ചുട്ടുകൊടുക്കാൻ അച്ഛമ്മ തറവാട്ടിൽ നിന്നും കൊണ്ടുവന്ന അണ്ടിയും എടുത്തു തന്നു. വിച്ചാപ്പ്വാക്കേന്റെ പീടികയില് അണ്ടി കൊടുത്ത് അമ്മ തന്ന പൈസയും കൂടി ചേർത്ത് ഞാൻ ഉണ്ണ്യേട്ടന്റെ പീടികയിൽ നിന്ന് ആദ്യത്തെ പുസ്തകം വാങ്ങി. സുന്ദരിയായ രാജകുമാരിയുടെ കഥ പറഞ്ഞ ആ പുസ്തകം ബാലരമ അമർചിത്രകഥയായിരുന്നു, പേര് രൂപമതി. ഞാൻ സ്വന്തമാക്കിയ ആദ്യപുസ്തകം. സ്ഥിരമായി പുസ്തകം വാങ്ങിയുള്ള വായന നടക്കില്ലെന്ന് ഉറപ്പായതോടെയാണ് ചന്ദ്രേട്ടന്റെ പീടികയെ ആശ്രയിക്കാൻ തുടങ്ങിയത്. അവിടെ കഥാപുസ്തകങ്ങൾ വാടകകയ്ക്ക് കിട്ടും. ചില്ലറപൈസ കൊടുത്താൽ ഏത് പുസ്തകവും തീരുന്നതുവരെ വായിക്കാം. വായിച്ചുകഴിഞ്ഞ് തിരിച്ചുകൊടുത്താൽ മതി. പച്ചരിച്ചാക്കിന് മുകളിൽ ഇരുന്ന് പടപടേന്ന് വായിച്ച് പുസ്തകം തിരിച്ച് നൽകി റേഷൻ ഷാപ്പിൽ നിന്നും വാങ്ങിയ അരിസഞ്ചിയും തലയിൽ വച്ച് നടക്കും. വായനയിൽ നിന്നും പരിചിതമായ കഥാപാത്രങ്ങൾ പള്ളിക്കപ്പാടത്ത് നിന്നും പാഞ്ഞു വന്ന് സഞ്ചീലെന്താന്ന് ചോദിക്കും, കടന്നുപോകുന്ന വാഹനങ്ങളിൽ നിന്നും വൈദ്യരുടെ നമ്പോലൻ ഏന്തിവലിഞ്ഞ് കണ്ണിറുക്കും. രാക്ഷസന്മാരും ഭൂതങ്ങളും പാച്ചീരിക്കണ്ടിയിലെ കാഞ്ഞിരമരത്തിന് ചുവട്ടിൽ വെച്ച് പേടിപ്പിക്കും.

യുവജനവായനശാലയും പഞ്ചായത്ത് ലൈബ്രറിയും പിന്നെ കുറേ ക്യാമ്പുകളും

വളരെ വൈകി ഗൗരവമുള്ള വായനയിലേക്ക് കടന്നുവന്ന ആളാണ് ഞാൻ. എന്നെ ആദ്യമായി വായനശാലയിലേക്ക് കൊണ്ടുപോകുന്നത് പ്രിയപ്പെട്ട ചങ്ങാതി സതീഷായിരുന്നു. അവനാണ് യുവജനവായനശാലയിലും, ഇന്ന് മരണശ്വാസം വലിച്ചുകഴിയുന്ന പള്ളിക്കൽ പഞ്ചായത്തിന്റെ വായനശാലയിലും എനിക്ക് അംഗത്വം എടുത്തുതരുന്നത്. കോട്ടയം പുഷ്പനാഥിന്റേയും ബാറ്റൺബോസിന്റേയും പ്രസന്നൻ ചമ്പക്കരയുടേയും ദിവസങ്ങളായിരുന്നു പിന്നീട്. അത്തരം പുസ്തകങ്ങളിലുള്ള കൗതുകം നഷ്ടപ്പെട്ട് പുസ്തകം തിരയുമ്പോഴാണ് സി. രാധാകൃഷ്ണനും ബഷീറും തകഴിയുമെല്ലാം കണ്ണിൽ തടയുന്നത്. വായനക്കിടയിൽ എപ്പോഴൊക്കെയോ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന പതിവ് ഉണ്ടായിരുന്നു. അക്കാലത്താണ് യുവകലാസാഹിതി സംസ്ഥാനതലത്തിൽ കഥാക്യാമ്പ് നടത്തുന്ന കാര്യം പത്രത്തിലൂടെ അറിഞ്ഞത്. മുമ്പെപ്പോഴോ എഴുതിവച്ച കഥ ക്യാമ്പിന് അയക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നുമില്ലായിരുന്നു. എനിക്ക് മുന്നേ ഇത്തരത്തിൽ നടന്നുപോയ ഒരാളേയും ഞങ്ങളുടെ നാട്ടിൽ ഞാൻ കണ്ടിട്ടില്ല എന്നതായിരുന്നു കാരണം. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ക്യാമ്പിൽ നിന്നും കത്തുവന്നു. തിരൂരിൽ വച്ചാണ് ക്യാമ്പ്. അങ്ങനെ ആദ്യത്തെ ക്യാമ്പിൽ പങ്കെടുത്തു. അവിടെ വച്ചാണ് ആനുകാലികപ്രസിദ്ധീകരണങ്ങളെ കുറിച്ചും സമാന്തര പ്രസിദ്ധീകരണങ്ങളെ കുറിച്ചും ധാരണയുണ്ടാവുന്നത്. വായന കുത്തനെ കൂടി. കഥ എന്ന രൂപത്തിൽ എഴുത്ത് തുടങ്ങി. ക്യാമ്പ് ചങ്ങാതിമാർ തന്ന സമാന്തര മാസികകളിലെ വിലാസങ്ങളിലേക്ക് കുഞ്ഞുകുഞ്ഞുകഥകൾ അയക്കാനും ചിലതെല്ലാം പ്രസിദ്ധീകരിച്ച് വരാനും തുടങ്ങി. അവിടന്നങ്ങോട്ട് സാഹിത്യക്യാമ്പുകളുടെ ഉൽസവങ്ങളായിരുന്നു. അന്നത്തെ ക്യാമ്പ് ചങ്ങാതിമാരിൽ പലരും ഇന്ന് വലിയ വലിയ ആൾക്കാരാണ്. മഞ്ചേരി സഹൃദയയുടെ ക്യാമ്പ്, കേരളസാഹിത്യ അക്കാഡമിയുടെ ക്യാമ്പ്, കാളികാവ് സാഹിതിയുടെ ക്യാമ്പ്, കേന്ദ്രസാഹിത്യ അക്കാഡമിയുടെ ക്യാമ്പ്. ക്യാമ്പുകളിലൂടെ വന്ന തിരിച്ചറിവുകൾ അടയാളപ്പെടുത്താൻ കഴിയാത്തതിലും അപ്പുറത്തേക്കായിരുന്നു.

യാസർ അറാഫത്തും രാമനാട്ടുകര വായനശാലയും

തുഞ്ചൻ പറമ്പിലെ കേന്ദ്രസാഹിത്യ അക്കാഡമിയുടെ ക്യാമ്പിൽ വച്ചാണ് കഥാകൃത്ത് യാസറിനെ പരിചയപ്പെടുന്നത്. അവനാണ് എന്നോട് അവന്റെ നാടായ പുതുക്കോടിനെ കുറിച്ചും രാമനാട്ടുകര വായനശാലയെക്കുറിച്ചും പറയുന്നത്. വളരെ കുറച്ച് ദൂരത്തിന്റെ അകലമുണ്ടായിട്ടും ഞങ്ങൾക്ക് തമ്മിൽ കണ്ടുമുട്ടാൻ ഒരു ക്യാമ്പ് വേണ്ടി വന്നു എന്നത് കാലത്തിന്റെ മറ്റൊരു മായാജാലം! രാമനാട്ടുകര വായനശാലയിൽ എന്നെ കാത്തിരുന്നത് ഒരു കൂട്ടം വായിക്കാത്ത പുസ്തകങ്ങളും, ഒരുപാട് നല്ല സുഹൃത്തുക്കളുമായിരുന്നു. സിനിമ തലയ്ക്ക് പിടിച്ചവർ, കവിത ലഹരിയായി കൊണ്ടുനടക്കുന്നവർ, ഇല്ലായ്മക്കും വല്ലായ്മക്കും ഇടയിലിരുന്ന് ചങ്കൂറ്റത്തോടെ പഠിക്കുന്ന പി.എസ്.സി പഠിതാക്കൾ,  അസാധ്യമായി രാഷ്ട്രീയം പറയുന്നവർ, ജീവിതത്തിന്റെ പച്ചഞരമ്പുകളെകുറിച്ച് സാഹിത്യത്തിന്റെ ഒരു അടയാഭരണവുമില്ലാതെ ചൂണ്ടിക്കാണിക്കുന്നവർ. അതോടെ കാണാത്ത സിനിമകൾ കണ്ടു. പുതിയ എഴുത്തുകാരും അവരുടെ പുസ്തങ്ങളും ആക്രാന്തത്തോടെ വായിച്ചു.

പഞ്ചായത്തുപാർക്കും ബദാംമരച്ചുവടും

രാമനാട്ടുകര വായനശാലയിൽ നിന്നും ഇറങ്ങിവന്ന കഥാപാത്രങ്ങൾ എന്നോട് കലഹിച്ചത് പാർക്കിലെ സിമന്റ് ബെഞ്ചിലിരുന്നായിരുന്നു. എന്നെ പോലെതന്നെ കവിത കൊണ്ടും കഥ കൊണ്ടും കലഹിക്കുന്ന ഒരു കൂട്ടം ആളുകൾ എന്നും വൈകുന്നേരം അവിടെ ഒത്തുചേരും. ഗൗരവമുള്ള ചർച്ചകൾ രൂപം കൊള്ളും. ബദാം മരങ്ങളുടെ കാറ്റുകൊണ്ട് അവർക്കിടയിൽ ഒരാളാവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നാറുണ്ട് പലപ്പോഴും. എല്ലാവരും നല്ല വായനക്കാർ. വായിക്കുന്നവർക്കിടയിൽ നിന്ന് സംസാരിക്കുമ്പോൾ, അവർക്കൊപ്പം ഒരു ചായ കുടിക്കുമ്പോൾ വല്ലാത്ത ഉൗർജ്ജമാണ്. ലോകത്ത് എല്ലായിടത്തും നമ്മളുണ്ടെന്ന ഒരു തോന്നലാണ്. അവരുടെയെല്ലാം പ്രശ്നങ്ങൾ നമ്മൾ അറിയുന്നുണ്ടല്ലോ എന്ന സമാധാനമാണ്. തീർച്ചയായും അതൊക്കെത്തന്നെയാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതും. അതുകൊണ്ടുതന്നെ അമ്മയുടെ ആ ഉണ്ടവിരലുകൾ ഞാനെന്റെ ചങ്കിൽ കൊരുത്തിട്ടിട്ടുണ്ട്, ഒരിക്കലും ഉൗർന്നുപോകാത്ത വിധത്തിൽ...

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം