പതിനാറ് ദിനപ്പത്രങ്ങൾ. മുപ്പതിലേറെ ആനുകാലികങ്ങൾ. രാവിലെ ആറിനും രാത്രി ഏഴിനും ഇടയിൽ ആയിരത്തിഅറുനൂറോളം വായനക്കാർ. അതു കഴിഞ്ഞാൽ പത്രങ്ങൾ ആവശ്യക്കാർക്കു സൗജന്യം. കാശില്ലാത്തവർക്കും വിശപ്പടക്കാനുള്ള ഭക്ഷണം എപ്പോഴും റെഡി. ഇതു വായനശാലയല്ല. മുപ്പത്തടം കവലയിലെ ഹോട്ടൽ ദ്വാരക. അന്നവും അക്ഷരവും ഒരേ മേശയിൽ വിളമ്പുകയാണ് ഇവിടെ എഴുത്തുകാരൻ ശ്രീമൻ നാരായണൻ.
അദ്ദേഹത്തിന്റെ ഉടമസ്ഥയിലുള്ള ദ്വാരകയിൽ വായന ദിനാചരണം തുടങ്ങിയിട്ട് ഇക്കൊല്ലം രണ്ടു പതിറ്റാണ്ടു പൂർത്തിയാവുന്നു. ഹോട്ടലിൽ കച്ചവടം കൂട്ടാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നു കരുതരുത്. പത്രം വായിക്കാനെത്തുന്നവരിൽ 95 ശതമാനവും ചായ കുടിക്കാറില്ലെന്നാണു ശ്രീമൻ നാരായണന്റെ അനുഭവ സാക്ഷ്യം. മലയാളത്തിലും ഇക്കണോമിക്സിലും ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം 30 വർഷം മുൻപാണു ഹോട്ടൽ തുടങ്ങിയത്. ലോട്ടറി മൊത്തവ്യാപാരവുമുണ്ട്. അതിലെ ലാഭമാണു സാമൂഹിക സേവന പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുന്നത്.
തലേന്നു ബാക്കിയാവുന്ന ഭക്ഷണ സാധനങ്ങൾ പിറ്റേന്നു രാവിലെ കാക്കകൾക്കു തിന്നാൻ കൊടുത്ത ശേഷമാണു ഹോട്ടൽ തുറക്കുക. ഇന്നു രാവിലെ ഒൻപതിനു വായന ദിനം നോവലിസ്റ്റ് സേതു ഉദ്ഘാടനം ചെയ്തു. കവി എൻ.കെ. ദേശം, എഴുത്തുകാരി ഡോ. മ്യൂസ് മേരി ജോർജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. തുടർന്നു വിദ്യാർഥികളുടെ നേതൃത്വത്തിൽ ബൈബിൾ, ഖുർആൻ, ഭഗവത്ഗീത പാരായണം. ഗാന്ധിജിയുടെ ജീവചരിത്രവും പ്രബോധനങ്ങളും അടങ്ങിയ ‘മഹാത്മാവിന്റെ പാദമുദ്രകൾ’ എന്ന കൈപ്പുസ്തകത്തിന്റെ വിതരണോദ്ഘാടനവും നടന്നു.
നാട്ടിൻപുറങ്ങളിൽ ഉച്ചത്തിൽ പത്രവായന നടത്തി ശ്രദ്ധേയനായ കൊങ്ങോർപ്പിള്ളി സ്വദേശി പവിത്രൻ വിശ്വസാഹിത്യ കൃതികളിലെ പ്രധാന ഭാഗങ്ങൾ വായിച്ചു കേൾപ്പിക്കും. ഉച്ചയ്ക്കു 12 മുതൽ ഓട്ടോയിൽ മൈക്ക് കെട്ടി പവിത്രന്റെ നേതൃത്വത്തിൽ കടുങ്ങല്ലൂർ പഞ്ചായത്തിലെ എല്ലാ കവലകളിലും പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണ ലേഖനങ്ങളുടെ വായന ഉണ്ടാകും.
ഇരുപതോളം കൃതികളുടെ കർത്താവായ ശ്രീമൻ നാരായണൻ ഒട്ടേറെ ഭക്തിഗാന സിഡികളും ഇറക്കിയിട്ടുണ്ട്.
ശ്രീമൻ നാരായണൻ മിഷൻ നടപ്പാക്കിയ വൃക്ഷയജ്ഞവും പറവകൾക്കു മൺപാത്രം പദ്ധതിയും നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം