ഈ വായന ദിനത്തിൽ വായിക്കാൻ ഇതാ പത്തു പുതിയ പുസ്തകങ്ങൾ. അരുന്ധതി റോയിയും റസ്ക്കിൻ ബോണ്ടും തൊട്ടു തിക് ഞ്യാത് ഹാനും പങ്കജ് മിശ്രയും വരെയുള്ളവരുടെ പുസ്തകങ്ങൾ.
1. ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപിനെസ്
കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാൻ പുറത്തുവന്നിട്ട് ഇരുപതുവർഷങ്ങൾ തികയുമ്പോൾ ഇതാ അരുന്ധതി റോയ് തിരിച്ചെത്തുന്നു, ഗംഭീരമായ മറ്റൊരു നോവലിലൂടെ. പൊട്ടിപ്പൊളിഞ്ഞ പഴയ ഡൽഹിയിലൂടെ, കശ്മീരിലൂടെ മാവോയിസത്തിന്റെയും മൂന്നാംലിംഗത്തിന്റെയും രാഷ്ട്രീയത്തിലൂടെ അരുന്ധതി ഇഴ നെയ്തെടുത്തതാണ് ഈ നോവൽ.
2.ഇൻഡിക്ക
എ ഡീപ് നാച്ചുറൽ ഹിസ്റ്ററി ഓഫ് ദ് ഇന്ത്യൻ സബ് കോണ്ടിനെന്റ് എന്ന ഉപശീർഷകത്തോട് നീതി പുലർത്തുന്ന പുസ്തകം. മനോഹരങ്ങളായ ചിത്രങ്ങളും, കുറിക്കുകൊള്ളുന്ന ഭാഷയുമാണ് ബയോകെമിസ്റ്റായ പ്രണയ് ലാലിന്റെ പുസ്തകത്തിന്റെ പ്രത്യേകത.
3.ലോൺ ഫോക്സ് ഡാൻസിങ്: മൈ ഓട്ടോബയോഗ്രഫി
ആറു പതിറ്റാണ്ടുകളായി ലോകമെങ്ങുമുള്ള പല തലമുറ വായനക്കാരെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന റസ്ക്കിൻ ബോണ്ടിന്റെ ആത്മകഥാ പുസ്തകം. ന്യൂഡൽഹിയും ഡെറാഡൂണും ഇംഗ്ലണ്ടുമെല്ലാം ആഖ്യാനത്തിലേക്കു കയറുന്നു.
4. ഫൂട് സോൾജ്യർ ഓഫ് ദ് കോൺസ്റ്റിറ്റ്യൂഷൻ
മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ നായികയായാണ് ടീസ്ത സെതൽവാദിനെ നാമറിയുന്നത്. തോൽക്കുന്ന പോരാട്ടങ്ങൾ പോലും എത്ര വീരോചിതമായാണ് ടീസ്ത ഏറ്റെടുക്കുന്നത്. ടീസ്ത തന്റെ ജീവിതകഥ പറയുമ്പോൾ അതു വ്യക്തിപരമായതു രാഷ്ട്രീയം കൂടിയാകുന്നതിന്റെ ദൃഷ്ടാന്തമാകുന്നു.
5. എ ഹോഴ്സ് വാക്ക്സ് ഇൻ ടു എ ബാർ
മാൻ ബുക്കർ പുരസ്കാരം നേടിയ ഡേവിഡ് ഗ്രോസ്മാന്റെ നോവൽ. ഒരു ചെറുകിട ഇസ്രായേലി പട്ടണത്തിന്റെ പശ്ചാത്തലത്തിൽ ഇഴ വിടരുന്ന നോവൽ. ഉദ്വേഗജനകമായ ആഖ്യാനം.
6. റ്റു സെയ്ന്റ്സ്
പത്രപ്രവർത്തകനും മന്ത്രിയുമായിരുന്ന അരുൺ ഷൂരിയുടെ പുതിയ പുസ്തകം. രാമകൃഷ്ണ പരമഹംസരുടെയും രമണ മഹർഷിയുടെയും ജീവിതത്തെ പുതിയ വെളിച്ചത്തിൽ വിശകലനം ചെയ്യുന്നു.
7. ദ് ആർട്ട് ഓഫ് ലിവിങ്
ലോകത്തിലെ ഏറ്റവും പ്രശസ്തരായ സെൻ ഗുരുക്കൻമാരിലൊരാളായ തിക് ഞ്യാത് ഹാൻ ജീവനകലയെക്കുറിച്ചു ഹൃദയം തൊടുന്ന ഭാഷയിൽ സംസാരിക്കുകയാണ് പുതിയ പുസ്തകത്തിൽ.
8. ഇന്ദിരാഗാന്ധി: എ ലൈഫ് ഇൻ നേച്ചർ
പ്രകൃതിസംരക്ഷണത്തിന് ഇന്ദിരാഗാന്ധി നൽകിയ സംഭാവനകളെ ആഴത്തിൽ വിലയിരുത്താനുള്ള ശ്രമമാണ് ജയ്റാം രമേശിന്റെ പുസ്തകം. സൈലന്റ് വാലി കാടുകൾ സംരക്ഷിക്കുന്നതിൽ അടക്കം ഇന്ദിരയുടെ പരിശ്രമങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു.
9. ഏയ്ജ് ഓഫ് ആങ്കർ
ലോകമെങ്ങുമുള്ള വലതുപക്ഷത്തിന്റെ ഉയിർപ്പിനെ രാഷ്ട്രീയമായും ചരിത്രപരമായും വിശകലനം ചെയ്യുകയാണ് പങ്കജ് മിശ്ര തന്റെ പുതിയ പുസ്തകത്തിൽ. സവർക്കറും റൂസോയും തൊട്ട് അപരിചിതരായ ചിന്തകർ വരെ അണിനിരക്കുന്ന ആഖ്യാനം.
10. ദ് സ്മോൾ ടൗൺ സീ
മലയാളിയായ അനീസ് സലിമിന്റെ ഏറ്റവും പുതിയ നോവൽ. ആർ.കെ.നാരായണിന്റെ ആഖ്യാനത്തെ ഓർമപ്പെടുത്തുന്ന പുസ്തകം.