ഒരു വാതിൽ സങ്കൽപ്പിക്കു. ആ വാതിൽ തുറന്ന് കണ്ണടയ്ക്കുന്ന നിമിഷം കൊണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ള എവിടെയും എത്താൻ കഴിയുമെങ്കിൽ നല്ലതല്ലെ? അത്തരം ഒരു സാധ്യതയാണ് പുസ്തകങ്ങളും നമ്മുക്ക് മുമ്പിൽ തുറന്നിടുന്നത്. ലോകം മുഴുവനിലേക്ക്, ലോകത്തിനപ്പുറത്തേക്ക്, നമ്മുടെ കാഴ്ചയിലും അനുഭവ പരിസരങ്ങളിലും ഒരിക്കലും കടന്നുവരാത്തവയിലേക്ക്... അങ്ങനെ എവിടെയും നമ്മെ കൊണ്ടെത്തിക്കാൻ കഴിവുള്ള ഒരു വാതിൽ. ആ വാതിൽ കണ്ടെത്തിയവരാരും വായനയുടെ ലോകത്തു നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചിട്ടില്ല. വായനയുടെ ലോകം എത്ര വിശാലമാണ്... വായിക്കുന്നവരുടെയും... ഈ വായനാ ദിനത്തിൽ അത്തരമൊരു വായനക്കാരനെ പരിചയപ്പെടാം.
കോട്ടയം കഞ്ഞിക്കുഴിയിലെ വീൽസ് എന്ന റസ്റ്ററന്റിലേക്ക് രുചി തേടി എത്തുന്നവർ വാതിൽ തുറന്നുകയറുന്നത് നാവിന്റെ മാത്രം രുചികളിലേക്കല്ല. വായനയുടെ, ചിത്രങ്ങളുടെ, സംഗീതത്തിന്റെ കൂടി സ്വാദുകളിലേക്കാണ്. ഭക്ഷണവും, പുസ്തകങ്ങളും, ചിത്രങ്ങളും, സംഗീതവും, വായനയും, യാത്രയും, നല്ല സിനിമകളുമെല്ലാം ജീവിതത്തിന്റെ രുചികളാണെന്ന് റസ്റ്ററന്റ് ഉടമ സുരേഷ് ബാബു പറയുന്നു. റസ്റ്ററന്റിൽ ഒരു സൈഡിൽ ക്രമീകരിച്ചിരിക്കുന്ന പുസ്തക ഷെൽഫിൽ ലോകം മുഴുവൻ ഭംഗിയായി അടുക്കിവെച്ചിരിക്കുന്നുവെന്നു പറയാം. വിശ്വസാഹിത്യ കൃതികള്‍ മുതൽ മലയാളത്തിലെ ഏറ്റവും പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ വരെ ഇവിടെയുണ്ട്. റസ്റ്ററന്റിൽ എത്തുന്നവർക്കൊക്കെ പുസ്തകങ്ങൾ എടുത്ത് വായിക്കാം. വീട്ടിൽ കൊണ്ടു പോയി വായിക്കണമെങ്കിൽ അതുമാകാം. വായിച്ചു കഴിയുമ്പോൾ പുസ്തകങ്ങൾ തിരിച്ചെത്തിക്കണമെന്നുമാത്രം. റസ്റ്ററന്റിന്റെ ചുവരുകളിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ ചിത്രങ്ങൾ ആസ്വദിക്കാം. വേണമെന്ന് തോന്നിയാൽ അതും വാങ്ങി വീട്ടിൽ കൊണ്ടു പോകാം. 3000 ത്തിൽ അധികം പുസ്തകങ്ങളുടെ ശേഖരമുണ്ട് സുരേഷ് ബാബുവിന്റെ കൈയ്യിൽ. തന്റെ വായനയുടെ ലോകം വായനയെ സ്നേഹിക്കുന്ന എല്ലാവർക്കുമായി തുറന്നുവച്ചിരിക്കുന്ന സുരേഷ് ബാബുവിന് പറയാനുള്ളത് –
റസ്റ്ററന്റിൽ ഒരു ലൈബ്രറി
റസ്റ്ററന്റുകളുടെ അടിസ്ഥാനം രുചികളാണ്. വായനയും മനുഷ്യന്റെ അഭിരുചിയുടെ ഭാഗമാണ്, നിറങ്ങൾ ഒരു ടേസ്റ്റാണ്, വ്യക്തിത്വം എന്നത് ഒരു ടേസ്റ്റാണ്, സംഗീതം ഒരു ടേസ്റ്റാണ്. ഇങ്ങനെ എല്ലാ തരത്തിലുമുള്ള സംതൃപ്തി ലഭ്യമാക്കുക എന്നതാണ് റസ്റ്ററന്റിൽ ലൈബ്രറി ആരംഭിക്കാൻ പ്രേരിപ്പിച്ചത്. എനിക്ക് വായിക്കാൻ ഇഷ്ടമാണ്. വായന പ്രോത്സാഹിപ്പിക്കുവാനും ഇഷ്ടമാണ്. അതുകൊണ്ട് തന്നെ റസ്റ്ററന്റിൽ എത്തുന്നവർക്കായി ഞാൻ എന്റെ പുസ്തകങ്ങൾ പങ്ക് വയ്ക്കുന്നു.
നിത്യ ചൈതന്യയതിയൊടൊപ്പം
നിത്യചൈതന്യയതിയോടൊപ്പമുള്ള കാലമാണ് വായനയിലേക്ക് കൂടുതൽ ശ്രദ്ധതിരിക്കുന്നത്. വായനയിലൂടെ ലോകത്തിലേക്കുള്ള പല വാതിലുകൾ എനിക്ക് തുറന്നു കിട്ടി. ഒരു പ്രത്യേക വീക്ഷകോണിൽ നിന്ന് മാത്രം കാര്യങ്ങളെ നോക്കികണുവാനാണ് ചെറുപ്പത്തിൽ നമ്മുക്ക് പരിശീലനം ലഭിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ലോകത്തെ മുഴുവൻ ഉൾക്കൊള്ളാൻ പാകത്തിലുള്ള ആഗോള കാഴ്ചപ്പാട് വളർത്തിയെടുക്കാൻ ഗുരുവിനൊപ്പമുള്ള സഹവാസം സഹായിച്ചു. കൂടുതൽ കലാകാരൻമാരെ പരിചയപ്പെട്ടു, കൂടുതൽ പുസ്തകങ്ങളുമായി അടുത്തു. ഫ്രോയിഡ്, മുകുന്ദൻ, വ്യാസൻ, റൂമി, ബൈബിൾ, സൂഫി... ഇങ്ങനെ പല തലങ്ങളിലുള്ള എഴുത്തിനെ, കലയെ പരിചയപ്പെട്ടു. ഗുരുവിനൊപ്പം നല്ല സിനിമകള്‍ കാണുവായിരുന്നു, സംഗീതം കേൾക്കുമായിരുന്നു. ആസ്വാദനത്തിന്റെയും നൈതികതയുടെയും ഒരു കൂടിചേരലാണ് അവിടെ എന്നെ ആകർഷിച്ചത്.
വായന
നമ്മുടെ സങ്കൽപ്പങ്ങൾക്കപ്പുറത്ത് സങ്കൽപ്പങ്ങളുള്ള ഒരാളുടെ എഴുത്തുകളും ആശയങ്ങളും പരിചയപ്പെടുവാനുള്ള ആഗ്രഹമാണ് വായനയിലേക്ക് നയിക്കുന്നത്. യാത്രയും നല്ല സിനിമകളും സംഗീതവും എല്ലാം വായനയുടെ ഭാഗം തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇവയൊക്കെ ഒരു വ്യക്തിയെ പുതുക്കുന്നുണ്ട്. ഇവയൊക്കെ ചേരുമ്പോഴാണ് ജീവിതം പൂർണ്ണമാകുന്നത്. നമ്മൾ വളരുന്നതിനനുസരിച്ച് പല നിഗമനങ്ങളിലും വിശ്വസങ്ങളിലും മാറ്റം ഉണ്ടാകുന്നു. പണ്ട് നമ്മൾ സത്യമെന്ന് കരുതിയ പലതും ഇന്ന് സത്യമല്ല. വായനയ്ക്കനുസരിച്ച് നമ്മുടെ വിശ്വാസങ്ങളും ചിന്തകളും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
ചെറുപ്പം മുതൽ തന്നെ വീട്ടിൽ വായനയുടെ ഒരന്തരീക്ഷം ഉണ്ടായിരുന്നു. അമ്മ നന്നായി പാടുമായിരുന്നു. അങ്ങനെ കർണ്ണാടക സംഗീതം പരിചയപ്പെട്ടു. മുത്തച്ഛൻ ചിത്രം വരയ്ക്കുമായിരുന്നു അങ്ങനെ ചിത്രങ്ങളുടെ ലോകം പരിചിതമായി.
ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം
അരുന്ധതി റോയിയുടെ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് ആണ് ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന ഒരു പുസ്തകം. അതി സമർത്ഥയായ ഒരു എഴുത്തുകാരിയാണ് അവർ. വ്യത്യസ്ത വീക്ഷണങ്ങൾ പല പല അടരുകളിലായി നോവലിൽ ഭംഗിയായി കൂട്ടിയിണക്കിയിരിക്കുന്നു. രാഷ്ട്രീയ പ്രശ്നങ്ങളെ വളരെ സൂഷ്മതയോടെ നോവൽ കൈകാര്യം ചെയ്യുന്നു. കാശ്മീർ പ്രശ്നവും ഗുജറാത്ത് പ്രശ്നവും ഒക്കെ നോവലിൽ ഭംഗിയായി പ്രതിഫലിക്കുന്നുണ്ട്. കുറച്ചു പേരുടെ വൈകാരികമായ ജീവിത കഥ എന്നതിലുപരി ഒരു കാലഘട്ടത്തിന്റെ കഥ കൂടി നോവലിൽ വായിച്ചെടുക്കാൻ കഴിയും.
നോവലിന് ഒപ്പം തന്നെ എം മുകുന്ദന്റെ ചെറു കഥകൾ അടങ്ങുന്ന ഒരു പഴയ പുസ്തകവും വായിക്കുന്നു.
എഴുത്ത്
ചെറിയ കവിതകളൊക്കെ സാമൂഹികമാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കാറുണ്ട്. ചെറിയ കവിതകൾ എഴുതാനാണ് കൂടുതൽ ഇഷ്ടം. ഒരു സ്ഥലം വാങ്ങി കേരളത്തിൽ നിന്ന് മൺമറഞ്ഞു തുടങ്ങിയിരിക്കുന്ന വൃക്ഷങ്ങൾ പരിപാലിച്ച് കാടായി വളർത്തിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. അപൂർവ ഇനം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നു. ഇതും വായനയും എഴുത്തും പോലെ, അല്ലെങ്കിൽ ഞാൻ രചിച്ച ഒരു കൃതി പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.
പുതിയ തലമുറയോട്
ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഈ കാലഘട്ടത്തിൽ പുതിയ തലമുറ വളർന്നു വരുന്നത് ഒരു ദൃശ്യ സംസ്കാരത്തിലാണ്. അവർ കണ്ടും കേട്ടും കാര്യങ്ങൾ മനസിലാക്കുന്നു. എന്നാൽ പുസ്തക വായന നമ്മുടെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും ലോകം കൂടുതൽ വിശാലമാക്കുന്നുണ്ട്. വായനയുടെ ഒരു അന്തരീക്ഷം വീടുകളിലും സ്കൂളുകളിലും ഉണ്ടായി വരണം. സ്കൂൾ ലൈബ്രറികൾ സജീവമാകണം, അധ്യാപകർക്ക് വായനയോട് താൽപര്യം ഉണ്ടാകണം. വായനയുടെ ഒരു സംസ്കാരം വളർത്തിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വായന ദിനാചരണം വെറും പ്രഹസനം മാത്രമായി തീരും