ഒടിയൻ സിനിമയ്ക്ക് മുമ്പു തന്നെ മലയാളി വായനക്കാരുടെ പ്രിയപ്പെട്ടതായി മാറിയ ഒടിയനുണ്ട്. പി.കണ്ണൻകുട്ടിയുടെ ‘ഒടിയൻ’ എന്ന നോവൽ. സിനിമയോടൊപ്പം 16 വർഷം മുമ്പ് ഇറങ്ങിയ നോവലും ഇപ്പോൾ വീണ്ടും ചർച്ചാവിഷയമാകുകയാണ്. ഒടിയൻ എന്ന സിനിമയെക്കുറിച്ച് പാലക്കാടൻ ഗ്രാമങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ഒടിയൻ എന്ന മിത്തിനെക്കുറിച്ചും കഥാകൃത്ത് സംസാരിക്കുന്നു.
ഒടിയൻ എന്ന നോവലുമായി സിനിമയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ..?
ഇല്ല, അത് നേരത്തെ തന്നെ സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചതാണ്. എന്റെ നോവലിൽ നിന്നും യാതൊന്നും എടുക്കാതെയാണ് ഒടിയൻ സിനിമയാക്കുന്നതെന്ന്.
അതിൽ കാണിക്കുന്ന ഒടിയനും താങ്കൾ കേട്ടുവളർന്ന ഒടിയൻ കഥകളുമായി എത്രമാത്രം സാമ്യമുണ്ട്?
കൊട്ടേഷൻ എടുത്ത് ആളുകളെ ഭയപ്പെടുത്തുന്ന സംഘമല്ല ഒടിയന്മാർ. വളരെ ദരിദ്രരായ അവർണ്ണജാതിയിലുള്ളവർ അവരുടെ സംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നതാണ് ഒടിവിദ്യ. അവർ ആരാധിക്കുന്ന ഭഗവതി നൽകിയ ചില സിദ്ധികളാണ് അവരെ ഒടിയന്മാരാക്കുന്നത്. ആ ഭഗവതിയെ ആരാധിക്കുന്ന ഒരു കൂട്ടം ആളുകൾ എന്റെ ഗ്രാമത്തിലുണ്ടായിരുന്നു.
അവർക്ക് കാളയാകാനും നായ ആകാനും പോത്താകാനുമൊക്കെയുള്ള കഴിവുകൾ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം. ഒടിയന്റെ രൂപത്തിന് എപ്പോഴും എന്തെങ്കിലും ഒരു അപാകതയുണ്ടാകും.
ചിലപ്പോൾ ഒരു കൊമ്പ് കാണില്ല, വാൽ കാണില്ല. അതുമല്ലെങ്കിൽ ഒരു കാലിന് നീളക്കൂടുതലോ കുറവോ കാണും. അങ്ങനെയാണ് മുമ്പിൽ നിൽക്കുന്നത് ഒടിയനാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നത്. ഇന്ന ആൾ ഒടിയനെ കണ്ടു എന്ന് പറയാറില്ല, എങ്കിലും ഒടിയനെ കണ്ട കഥകൾ ഇഷ്ടംപോലെ എന്റെ ചെറുപ്പത്തിലൊക്കെ ഞാൻ കേട്ടിട്ടുണ്ട്. പല ജാതിക്കരുടെയും തറകൾ എന്തുകൊണ്ടാകും അന്യം നിന്നുപോയതെന്നുള്ള ചിന്തയിൽ നിന്നാണ് ഒടിയൻ എന്ന നോവൽ ജനിക്കുന്നത്.
ഒടിയനിൽ നിന്നും മനുഷ്യനിലേക്ക് മാറാൻ ഭാര്യയോ അമ്മയോ മന്ത്രം ജപിച്ച ചൂടുവെള്ളം ഒഴിക്കണം എന്നുള്ളത് എന്റെ ഭാവനയാണ്. ഒടിയൻ വിഭാഗത്തിലുള്ളവരുടെ വിവാഹം കഴിഞ്ഞാൽ അമ്മായിഅമ്മ മരുമകൾക്ക് ഈ മന്ത്രം പറഞ്ഞുകൊടുക്കും.
ഒടിയൻ എന്ന മിത്തിന്റെ സിനിമയിലെ ഉപയോഗത്തെപ്പറ്റി..?
ഒടിയൻ ആയി മാറാൻ മുഖം മൂടി ഉപയോഗിക്കുന്നത് വികലമായിട്ടാണ് തോന്നിയത്. അമാനുഷിക കഴിവുകൾ ഉള്ളവരാണ് ഒടിയന്മാർ എന്നാണ് മിത്ത്. ആ മിത്തിന്റെ സാധ്യതകൾ ഭംഗിയായി ചെയ്യാമായിരുന്നു. പാട്ടുസീനിൽ വരുന്ന കലമാൻ രൂപത്തിന് മാത്രമാണ് കുറച്ചെങ്കിലും പൂർണ്ണതയുള്ളത്.
സിനിമയിൽ ഒടിയൻ ഒടിവിദ്യയ്ക്കായി മറുപിള്ള ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു. എന്നാൽ മറുപിള്ളയല്ല ഉപയോഗിക്കുന്നത്. നാലോ അഞ്ചോ മാസം പ്രായമായ ഭ്രൂണമാണ് ഗർഭിണിയുടെ വയറ്റിൽ നിന്നും ഒടിയൻ എടുക്കുന്നത്. ഞങ്ങളുടെ നാട്ടിലൊക്കെ ഗർഭിണികളോട് സന്ധ്യാനേരത്ത് പുറത്തിറങ്ങരുതെന്ന് മുതർന്നവർ ഈ ഒടിയ ഭയത്തിന്റെ പേരിൽ പറയാറുണ്ടായിരുന്നു. ഈ ഭ്രൂണം ചില പച്ചിലകൾ ചേർത്ത് ഭഗവതി പറഞ്ഞുകൊടുത്ത മന്ത്രം ജപിച്ച് ചെവിയിൽ പുരട്ടുമ്പോഴാണ് ഇഷ്ടരൂപം കൈക്കൊള്ളാൻ സാധിക്കുന്നത്.
താങ്കളുടെ നോവൽ സിനിമയാക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നല്ലോ? അത് ഇനി സാധ്യമാണോ?
രണ്ടുമൂന്ന് വർഷം മുമ്പേ അതിനുള്ള ആലോചനകൾ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ നിർമാതാക്കളുമായി പ്രിയനന്ദൻ എന്നെ സമീപിക്കുകയും ചെയ്തു. സിനിമയുടെ പ്രാരംഭപ്രവർത്തനങ്ങൾ ഞങ്ങൾ ആരംഭിച്ചതാണ്. ഒരു പാട്ടിന്റെ റെക്കോർഡിങ്ങൊക്കെ കഴിഞ്ഞതാണ്. ആ സമയത്താണ് ശ്രീകുമാർ മേനോൻ ഒടിയൻ പ്രഖ്യാപിക്കുന്നത്. സിനിമയ്ക്കു മുമ്പ് തിരക്കഥാകൃത്ത് ഹരികൃഷ്ണൻ എന്നോട് സംസാരിച്ചിരുന്നു. എന്റെ കഥയിൽ നിന്നും ഒന്നും എടുത്തിട്ടില്ല എന്ന് ഉറപ്പ് തന്നിരുന്നു. സിനിമ കണ്ടപ്പോൾ അത് ബോധ്യമാകുകയും ചെയ്തു. പക്ഷേ ഒടിയൻ എന്ന പേര് ഞങ്ങൾക്കിനി ഉപയോഗിക്കാൻ സാധിക്കില്ല എന്നൊരു വിഷമമുണ്ട്. കണ്ണൻകുട്ടിയുടെ ഒടിയൻ എന്ന പേരിൽ സിനിമയിറക്കും എന്നാണ് പ്രിയനന്ദൻ രണ്ടുദിവസം മുമ്പ് വിളിച്ചപ്പോഴും പറഞ്ഞത്.
മോഹൻലാൽ തന്നെയായിരുന്നോ ഒടിയനായി താങ്കളുടെ മനസിലും?
ഞാൻ എന്റെ കഥ സിനിമയാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നില്ല. എങ്കിലും മോഹൻലാലിന്റെ മുഖം എന്റെ മനസിൽ ഇല്ലായിരുന്നു. പ്രിയനന്ദൻ ബിജു മേനോനെ നായകനാക്കിയാണ് ഒടിയൻ സിനിമയ്ക്ക് പദ്ധതിയിട്ടത്. ബിജുമേനോൻ, മൈഥിലി, നരേൻ എന്നിവരായിരുന്നു പ്രിയനന്ദന്റെ മനസിലെ അഭിനേതാക്കൾ.