വീട്ടിലേക്ക് അച്ഛനുണ്ടൊരു വഴി
മഴയുടെ ചരിഞ്ഞു പെയ്യലിലും ആഞ്ഞുവീശുമ്പോള്‍
ആളിക്കത്തുന്ന മുറിച്ചൂട്ടുവഴി
തെങ്ങിന്‍ കള്ളു മണക്കുന്ന നാടന്‍ പാട്ട് പൂക്കുന്ന വഴി
വീട്ടിലേക്ക് കൂട്ടുകാരനുണ്ടൊരു വഴി വാരാന്ത്യവഴി
വാക്കെരിയുന്ന വഴി
അനിയത്തിയുടെ അടിവയറ്റിലവസാനിക്കുന്ന വഴി
വീട്ടിലേക്ക് ചേച്ചിക്കുണ്ടൊരു വഴി
ഇത്തരി കയറ്റമുള്ളൊരു വഴി മുല്ല മണക്കുന്ന വഴി
ഇല്ലിമറ കാവലാകുന്ന വഴി
സര്‍പ്പസീല്‍ക്കാരമുയരുന്ന വഴി
ഒരേ കല്ലില്‍ തട്ടി ഒരുപാട് നൊന്തവഴി
വീട്ടിലേക്ക് എനിക്കുമുണ്ടൊരു വഴി
പാലിക്കാനാവാത്ത വാക്ക് പതിവായി കാത്തുനില്ക്കാറുള്ള വഴി
- പവിത്രന്‍ തീക്കുനി
ജീവിതാനുഭവങ്ങളുടെ ചൂടും ചൂരുമേറ്റ കവിതകള്‍കൊണ്ട് മലയാളത്തെ വല്ലാതെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന കവിയാണ് പവിത്രന്‍ തീക്കുനി. കടലോളം അനുഭവങ്ങളെ കൈവെളളയിലൊതുക്കിക്കാച്ചിയപ്പോള്‍ ബാക്കി വന്നവയായിരുന്നു പവിത്രന്റെ കവിതകള്‍. ഏകാന്തതയും വിഷാദവും തിരസ്‌കരണവും അപമാനവും മാത്രം പിന്നിട്ടുവന്ന ജീവിതത്തിന്റെ തിരുശേഷിപ്പുകളായി ആ കവിതകള്‍ മാറുകയായിരുന്നു. സൈദ്ധാന്തികമെന്നതിനെക്കാളേറെ മൗലികപ്രതിഭ കൊണ്ടാണ് പവിത്രന്‍ തീക്കുനി എന്ന കവി വായനക്കാരുടെ ഹൃദയങ്ങളിലേക്കു ചേക്കേറിയത്.
ജീവിതത്തിന്റെ വിവിധ വേഷപ്പകര്‍ച്ചകള്‍ക്കിടയില്‍ പവിത്രന്‍ കെട്ടിയാടാത്ത വേഷങ്ങള്‍ വളരെക്കുറവ്. മീന്‍വില്പന, കെട്ടിടംപണി, ബാര്‍ബര്‍... ഒടുവിലിതാ തന്റെ പുസ്തകങ്ങള്‍ നേരിട്ട് വായനക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പഴയതും പുതിയതുമായ കവിതകൾ ഒരുമിച്ചുചേര്‍ത്ത ‘തീമരത്തണലിൽ’ എന്ന പുസ്തകവുമായി പവിത്രന്‍ ഇപ്പോള്‍ ദേശങ്ങള്‍ തോറും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയപ്പോള്‍ പവിത്രന്‍ സംസാരിച്ചു.
എന്താണ് തീമരത്തണലില്‍?
എന്റെ ഇരുപത്തിരണ്ട് കവിതകളുടെ സമാഹാരമാണ് തീമരത്തണലില്‍. പഴയതും പുതിയതുമായ കവിതകള്‍ ഇതിലുണ്ട്. 1520 രൂപയാണ് ഇതിന്റെ മുഖവില. എന്നാല്‍ നേരിട്ടു കൊണ്ടുവന്നെത്തിക്കുമ്പോള്‍ 1000 രൂപയേ ഉള്ളൂ. മുന്‍കൂറായി ബുക്ക് ചെയ്തവര്‍ക്ക് നേരിട്ടുകൊണ്ടുവന്ന് കൊടുക്കുന്ന രീതിയാണിത്. പലരില്‍നിന്നും അഡ്വാന്‍സായി വാങ്ങിയ പണം കൊണ്ടാണ് ഇതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചങ്ങമ്പുഴയും മറ്റും ഇതുപോലെ പുസ്തകം നേരിട്ടു വില്പന നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്. ഇപ്പോള്‍ താങ്കളും. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ?
എനിക്കു വേറെ ജോലിയൊന്നും ഇല്ല. ജീവിക്കാന്‍ വരുമാനമാര്‍ഗ്ഗവുമില്ല. മക്കളെ പഠിപ്പിക്കണം. രണ്ട് മക്കളാണെനിക്ക്. മകള്‍ ബിഎസ് സി കഴിഞ്ഞ് ബിഎഡ് പഠിക്കുന്നു, മകന്‍ ബിഎസ്‍സിക്കും. അവരെ പഠിപ്പിക്കണം. പുസ്തകങ്ങള്‍ വിറ്റുകിട്ടുന്ന കാശ് അതിനുപകരിക്കും എന്നാണെന്റെ വിശ്വാസം. രണ്ടായിരത്തോളം പുസ്തകങ്ങള്‍ വിറ്റഴിക്കണം എന്നാണ് ആഗ്രഹം. ഒരു മാസത്തിനുള്ളില്‍ 350 കോപ്പികള്‍ വിറ്റുതീര്‍ന്നിട്ടുണ്ട്.
സ്വന്തമായി പുസ്തകം ഇറക്കുമ്പോള്‍ അക്കാര്യം എങ്ങനെയാണ് വായനക്കാരെ അറിയിക്കുന്നത്?
ഫെയ്‌സ്‌ബുക്ക് വഴി. ഫെയ്‌സ്‌ബുക്ക് ഇപ്പോള്‍ നല്ലൊരു പരസ്യമാര്‍ഗ്ഗവും കൂടിയാണല്ലോ. ഇന്ന സ്ഥലത്ത് ഇത്രാം തീയതി ഞാന്‍ വരുന്നുവെന്ന് ഫെയ്സ്ബുക്ക് വഴി അറിയിക്കും. ആ ദിവസം മറ്റുള്ളവര്‍ക്കും ആയിരം രൂപ നല്കി പുസ്തകം വാങ്ങാം. നേരത്തെ അഡ്വാന്‍സ് നല്കിയവര്‍ക്ക് നേരിട്ടുചെന്ന് നല്കും. ആ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ലോകം മുഴുവന്‍ ഇക്കാര്യം അറിയിക്കാന്‍ ഫെയ്‌സ്ബുക്ക് വഴി സാധിക്കും. ഗള്‍ഫിലുള്ളവരൊക്കെ ഇപ്രകാരം പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ നല്കിയിട്ടുണ്ട്.
അപ്പോള്‍ ഫെയ്‌സ്ബുക്കില്‍ വളരെ സജീവമാണെന്നര്‍ഥം?
അതെ. ഒരു മാസം മുമ്പു വരെ മകനാണ് അതിനെന്നെ സഹായിച്ചിരുന്നത്. ഇപ്പോള്‍ ഞാന്‍ സ്വന്തമായി പഠിച്ചു. അയ്യായിരത്തോളം ഫെയ്‌സ്‌ബുക്ക് ഫ്രണ്ട്‌സുണ്ടെനിക്ക്. 3700 പേര്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് കാത്തിരിക്കുന്നു. വളരെ ആക്ടീവല്ലാത്ത ഫ്രണ്ട്‌സിനെ ഒഴിവാക്കി ദിവസം തോറും പത്തുപേരെ എന്ന ക്രമത്തില്‍ ആഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ഇ്‌പ്പോള്‍.
ഈ പുസ്തകം വഴിയുണ്ടായ ആഫ്റ്റര്‍ ഇഫക്ട് എന്തെങ്കിലും?
കഴിഞ്ഞ ദിവസം പി.സി. ജോര്‍ജ് എംഎല്‍എ എന്റെ ഈ പുസ്തകം നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ജോലിയില്ലാത്ത ഒരു കവി ജീവിക്കാന്‍ വേണ്ടി പുസ്തകം വില്ക്കാന്‍ ഇറങ്ങിയിരിക്കുന്നുവെന്നു പറഞ്ഞ്. അതിന്റെ വെളിച്ചത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജോലി തരാമെന്നു സമ്മതിച്ചിട്ടുണ്ട്.
കവി അയ്യപ്പനുമായി താങ്കളെ താരതമ്യപ്പെടുത്താറുണ്ടല്ലോ
അങ്ങനെ പലരും ചെയ്യാറുണ്ട്. പക്ഷേ വ്യക്തിപരമായി ഞാന്‍ അതിനോടു യോജിക്കുന്നില്ല. കാരണം അയ്യപ്പനാകാന്‍ ആര്‍ക്കും കഴിയില്ല.
എന്താണ് താങ്കളുടെ കവിതകളുടെ ഊര്‍ജ്ജം?
നോക്കിക്കണ്ടവയല്ല, അനുഭവിച്ചെഴുതിയവയാണ് എന്റെ കവിതകള്‍. ഒറ്റപ്പെടലും അനാഥത്വവും അപമാനവും എല്ലാം ചേര്‍ന്ന അനുഭവങ്ങളുടെ തീക്ഷ്ണതയാണ് എഴുത്തായത്. തുറന്നെഴുത്തുകളാണ് ഞാന്‍ നടത്തിയത്. നെഗറ്റീവായ അനുഭവങ്ങളെയും പോസിറ്റീവായി കാണാനും എഴുതാനും എനിക്കു കരുത്തു ലഭിച്ചത് എഴുത്തിലൂടെയാണ്.
കവിതകളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
പ്രതിരോധിക്കാന്‍ ഏറ്റവും ശക്തമായ മാര്‍ഗ്ഗമാണ് കവിത.
പുതിയ കാലത്തെ കവികളെക്കുറിച്ച്
ഒരുപാടു പേരുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ പേരെടുത്തു പറയുന്നതു ശരിയല്ലല്ലോ. എനിക്കു തോന്നുന്നത് ശക്തമായ പുതിയ എഴുത്തുകള്‍ പലതും വരുന്നത് ക്യാംപസുകളില്‍ നിന്നാണെന്നാണ്. അവയില്‍ കൂടുതലും പെണ്‍കുട്ടികളുമാണ്. പക്ഷേ സങ്കടകരമായ ഒരു വസ്തുത, പ്രതീക്ഷ നല്കി കടന്നുവരുന്ന പല കവികളെയും പിന്നീടു കാണാന്‍ കഴിയുന്നില്ല എന്നതാണ്. അവരൊക്കെ എവിടെപ്പോയാണ് ഒളിച്ചിരിക്കുന്നത്?
എന്താണ് താങ്കളുടെ സ്വപ്നം?
എഴുത്തുകൊണ്ടു മാത്രമായി നമ്മുടെ നാട്ടില്‍ ഒരാള്‍ക്കു ജീവിക്കാന്‍ കഴിയില്ല. അത് മറ്റേതെങ്കിലും രാജ്യത്തേ നടക്കൂ. എഴുത്തുകൊണ്ടു ജീവിക്കാന്‍ കഴിയുന്ന ഒരു കാലമാണെന്റെ സ്വപ്നം.
പുതിയ എഴുത്ത്?
ഇനിയൊരു നോവലെഴുതണം. ജീവിതാനുഭവങ്ങള്‍ തന്നെയാണ് പ്രചോദനം.
പഠിക്കുന്ന കാലം തൊട്ടേ പവിത്രന്‍ എഴുതിത്തുടങ്ങിയിരുന്നു. മലയാളം അധ്യാപകര്‍ പ്രോത്സാഹനം നല്കുകയും ചെയ്തിരുന്നു. ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് ആദ്യമായി കവിത പ്രസിദ്ധീകരിച്ചത്. കവിതയ്‌ക്കൊപ്പം കഥയും എഴുതിയിരുന്നു. ആദ്യ കഥ മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് തനിക്കു കൂടുതല്‍ വഴങ്ങുന്നത് കവിതയാണെന്ന തിരിച്ചറിവില്‍ കവിതയിൽ ശ്രദ്ധിക്കുകയായിരുന്നു.
‘കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍’ എന്ന കവിതാസമാഹാരമാണ് ആയഞ്ചേരി മീന്‍മാര്‍ക്കറ്റിലെ മീന്‍വില്പനക്കാരനായിരുന്ന പവിത്രനെ മലയാളകവിതയിലെ പ്രതീക്ഷയുള്ള പുതുസ്വരമാക്കിയത്. തുടര്‍ന്ന് ഇരുപതിലധികം കൃതികള്‍.
പെങ്ങളെ വിവാഹം കഴിപ്പിച്ചയ്ക്കാന്‍ വേണ്ടി ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ പഠനം നിര്‍ത്തി വിവാഹം കഴിക്കേണ്ടി വന്നവനാണ് പവിത്രന്‍ തീക്കുനി. കോളജ് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഈ കവിയുടെ കവിത പക്ഷേ എംജി സര്‍വകലാശാല ഡിഗ്രി വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.
മുല്ലപ്പൂ മണമുള്ള സ്ത്രീ (അമ്മ) തരുന്ന ചുരുട്ടിയ നോട്ടുകളെക്കാള്‍ തനിക്കിഷ്ടം മുഷിഞ്ഞ കീശയിലെ അഴുക്കുപുരണ്ട നാണയത്തുട്ടുകള്‍ ആണെന്നായിരുന്നു അച്ഛനെയും അമ്മയെയും കുറിച്ച് പവിത്രന്‍ എഴുതിയത്. തീക്കുനിയിലെ ഗ്രാമത്തിൽ മറ്റുള്ളവരോടു പണം ഇരന്നുവാങ്ങുമ്പോള്‍ പവിത്രന്റെ അച്ഛന്‍ ആവശ്യപ്പെടാറുണ്ടായിരുന്നത് വെറും പത്തു പൈസ മാത്രമായിരുന്നുവെന്നും ഒരിക്കല്‍ ഒരാള്‍ അഞ്ചുരൂപ നല്കിയപ്പോള്‍ പകച്ചുപോയ അദ്ദേഹം അതു വാങ്ങാതെ തിരികെപ്പോയെന്നും എവിടെയോ വായിച്ചുകേട്ടിട്ടുണ്ട്.
പവിത്രന്റെ ഉള്ളില്‍ ഒരു തീയുണ്ട് എന്ന് അയ്യപ്പപ്പണിക്കര്‍ നിരീക്ഷിച്ചിട്ടുണ്ട്. തോറ്റുപോയ അച്ഛനും വ്യഭിചാരിണിയായ അമ്മയും അവിഹിതം ചുമക്കുന്ന പെങ്ങളും ചതിയരായ കൂട്ടുകാരുമാണ് ആ തീ. പക്ഷേ ആ തീ കത്തിപ്പടരുന്നതല്ല, നീറിക്കത്തുന്നതാണ്. അകവും പുറവും ഒരുപോലെ നീറിപ്പിടിക്കുന്ന അനുഭവം. ആളിപ്പടര്‍ന്നാല്‍ അതു തീര്‍ന്നുപോകും. എന്നാല്‍ നീറിപ്പിടിച്ചാല്‍ അതു കത്തിക്കൊണ്ടേയിരിക്കും.
ഇങ്ങനെ കത്തിക്കൊണ്ടേയിരിക്കുന്ന കവിതകളാണ് പവിത്രന്റെ സമ്പാദ്യം. കവിതയും കവിയുടെ ജീവിതവും തമ്മില്‍ വ്യത്യാസങ്ങളില്ല ഇവിടെ. രണ്ടുമൊന്നായി മാറുന്ന രാസവിദ്യയാണ് പവിത്രന്‍ തീക്കുനി എന്ന കവിയെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിനു കാരണവും.
പവിത്രന്‍ തീക്കുനി യാത്ര തുടരുകയാണ് തീമരത്തണലിലുമായ്. കോട്ടയം, എറണാകുളം, കല്‍പ്പറ്റ, ബാംഗ്ലൂര്‍, ചെന്നൈ.. തീമരത്തണലിലിന്റെ ഔദ്യോഗിക പ്രകാശനം കൊല്ലത്തുവച്ച് പെരുമാള്‍ മുരുകനാണ് നിര്‍വഹിക്കുന്നത്.