മലയാള കവിതയെ മുന്നോട്ടു കൊണ്ടുപോകുന്നവരിൽ ശൈലന്റെ പേര് മുന്നിലുണ്ട്. ഭാഷയ്ക്കും അപ്പുറത്ത് കവിയുടെ മനസ്സ് വായനക്കാരനുമായി സംവദിക്കുന്ന ഒരിടമുണ്ട്. ആ ഇടങ്ങളിലേക്ക് ശൈലന്റെ കവിതകളുടെ വായന കൂട്ടിക്കൊണ്ടു പോവുക തന്നെ ചെയ്യും. പ്രണയത്തെയും രതിയെയും ഏറ്റവും വിശുദ്ധമായി കാണുകയും ഓരോ പ്രണയത്തിലും പരിപൂർണമായി തീരുകയും ചെയ്യുന്ന കവിതകളാണ് അത്. പ്രണയവും രതിയും പോലെ അത്രയും വിശുദ്ധമായ കവിതകൾ. ശൈലൻ ഉള്ളുതുറക്കുന്നു:
എഴുത്തിലേക്ക് കടന്നു വന്നത്...
എഴുത്തിലേക്ക് നമ്മളല്ല, നമ്മളിലേക്ക് എഴുത്താണ് എത്തിച്ചേരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.. ഇന്നത്തെ കണക്കനുസരിച്ച് എഴുനൂറ്റിനാൽപത്തിയഞ്ചര കോടിയിലധികം മനുഷ്യർ നമ്മുടെ ഭൂമിയിൽ ഉണ്ട്. അതിൽ എത്ര ശതമാനം പേരിലേക്ക് അക്ഷരവും വായനയും എത്തിച്ചേർന്നിട്ടുണ്ടാവും എന്ന് ചിന്തിച്ചുനോക്കുമ്പോഴാണ് നമ്മുടെയൊക്കെ ഒരു ഭാഗ്യം എത്രയെന്ന് മനസിലാവൂ... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, നിർവചനങ്ങൾക്കും അവലോകനങ്ങൾക്കും അപ്പുറത്തുള്ള ഒരു പ്രൊസസിങ് അതിലുണ്ട്...
സംഭവിക്കുന്നു.., അങ്ങനെത്തന്നെ പറയാം..
കവിതയെഴുത്തിലെ അശ്ളീല ബിംബവത്കരണത്തിന്റെ രാഷ്ട്രീയം..
ശ്ലീലം / അശ്ലീലം എന്നിങ്ങനെയുള്ള വേർതിരിവുകൾ തീർത്തും ആപേക്ഷികവും വൈയക്തികവുമാണ്.. മറ്റൊരാൾ ചൂണ്ടിക്കാണിക്കുന്ന അശ്ലീലബിംബങ്ങൾ ഒരു പക്ഷെ ശൈലന് തീർത്തും സാധാരണങ്ങൾ മാത്രമായേക്കാം.. മനുഷ്യശരീരമോ സ്ത്രീ/പുരുഷ അവയവങ്ങളോ ലൈംഗികതയോ രതിലീലകളോ ഒന്നും എനിക്ക് അശ്ലീലത്തിന്റെ പരിധിയിൽ വരുന്നില്ല.. ഞാൻ ജനിച്ചു വളർന്ന ഒരു രാജ്യത്തിന്റെ പാരമ്പര്യവും കൾച്ചറുമനുസരിച്ചും ഇതൊന്നും ബ്ലാക്ക് ലിസ്റ്റിൽ പെട്ടിരുന്ന സംഗതികളായി അറിവില്ല.. മറിച്ച് എന്നെ സംബന്ധിച്ചുള്ള അശ്ലീലങ്ങളിൽ, വർഗീയതയും മതതീവ്രവാദവും തഴച്ചുവരുന്ന ഫാസിസ്റ്റ് പ്രവണതകളും വർഗ/വർണ/ലിംഗ വിവേചനങ്ങളും മറ്റും മറ്റുമൊക്കെയാണ് മുൻപന്തിയിൽ.. എന്റെതായ രീതിയിൽ കവിതയിൽ പ്രതികരിക്കുകയും ചെയ്യുന്നു..
എന്താണ് ശൈലൻ എന്ന കവിക്ക് കവിത...
കവിയെന്നതിനപ്പുറം ഒരു മനുഷ്യൻ എന്ന രീതിയിൽ വച്ചുനോക്കിയാലും ശൈലൻ എന്ന ജീവിക്ക് കവിത ആവാസവ്യവസ്ഥ തന്നെയാണ്..
കവിതയിൽ ജീവിക്കുന്നു.. കവിതപോൽ ജീവിക്കാനും കവിതയായി ജീവിക്കാനും പലപ്പോഴും സാധിക്കുന്നു... വല്ലപ്പോഴും ചിലപ്പോഴൊക്കെ മാത്രം ഉള്ളിലുള്ള കവിത എഴുത്തായി ഓവർഫ്ലോ ചെയ്യപ്പെടുന്നു.. (ആദ്യത്തെ ഉത്തരത്തിൽ പറഞ്ഞപോൽ എഴുത്ത് എന്ന ടൂൾ എങ്ങനെയോ ഉടലിൽ എത്തിപ്പെട്ടതുകൊണ്ട് അങ്ങനെയും കവിതയെ ആവിഷ്കരിക്കാനാവുന്നു എന്നുമാത്രം.. അത് എൻഡ് റിസൾട്ട് ആണ്..) ആവിഷ്കരിക്കാനുള്ള ടൂൾ ഇല്ലായിരുന്നെങ്കിൽ പോലും ഞാൻ നിരാശനാവുമായിരുന്നില്ല. കാരണം, പുറമേയ്ക്ക് ആവിഷ്കരിച്ചാലും ഇല്ലെങ്കിലും, കവിതയുള്ള മനുഷ്യൻ എന്നാൽ മറ്റൊരു ജീവി തന്നെയാണ്..
കഥാകൃത്ത് സിതാരയുമായി ഉള്ള സൗഹൃദമായി പുസ്തകത്തിന് എഴുതിയ അവതാരിക ഒരുപക്ഷെ കവിതാപുസ്തകത്തേക്കാൾ വായിക്കപ്പെട്ടു... ഒരുപക്ഷെ സിതാര എസിനെ കുറിച്ച് ശൈലൻ എഴുതിയാൽ അതെങ്ങനെ വായിക്കാം? (സി വി ശ്രീരാമൻ സ്‌മൃതി പുരസ്‌കാരം കിട്ടിയ സാഹചര്യത്തിൽ)
സിതാര എസ് എന്ന വ്യക്തിയെ കുറിച്ചും ആ ബന്ധത്തെ കുറിച്ചും ആത്മാവുകൊണ്ടേ സംസാരിക്കാനും എഴുതാനുമാവൂ എന്നതിനാൽ ലിപികളാൽ ഞാനതിനു സാഹസപ്പെടുന്നില്ല.. ക്ഷമിക്കുക..
സിതാര എസ് എന്ന് എഴുത്തുകാരിയെ കുറിച്ച് പറയുകയാണെങ്കിൽ ഇതിനെക്കാളൊക്കെ വലിയ പുരസ്കാരങ്ങൾ ഇതിനുമുൻപെ കിട്ടേണ്ടിയിരുന്ന ഒരു പ്രതിഭ തന്നെയാണവൾ.. ഒരു മനുഷ്യനുമില്ലാത്ത തരം അവളുടെ അലസതയും ഒരു എഴുത്തുകാരിയ്ക്കും ഇല്ലാത്ത തരം അവളുടെ നിസ്സംഗതയും ആ പ്രതിഭയെ പിന്നോട്ടുവലിയ്ക്കുന്നുണ്ട്..
ജീവിതവും കവിതയുമായി എങ്ങനെ സമരസപ്പെടുന്നു?
ഞാനും എനിക്കു ചുറ്റുമുള്ള ലോകവും അനുഭവിക്കുന്ന തരം ജീവിതവും തന്നെയാവും എന്റെ കവിതയിലും പ്രതിബിംബിക്കുന്നത്.. അതിനു എന്റെതു മാത്രമായ ഒരു ആംഗിളും വേർഷനും ഉണ്ടാവുമ്പോഴാണ് അത് എന്റെ സിഗ്നേച്ചർ ഉള്ള കവിതയാവുന്നത്...
കവിതയെഴുത്തിലെ ആധുനിക സങ്കേതങ്ങൾ ..
സങ്കേതങ്ങളെ കുറിച്ചൊക്കെ ഞാൻ തീർത്തും അജ്ഞനാണ്... കോളേജിൽ കെമിസ്ട്രിയും പ്രൊഫഷണൽ കോഴ്സുകളുമൊക്കെയായിരുന്നു പഠിച്ചിരുന്നത്..
സങ്കേതങ്ങൾ സ്വായത്തമാക്കി റെസിപ്പി അനുസരിച്ച് കവിതയിൽ/സാഹിത്യത്തിൽ തിരുകിക്കയറ്റുന്നതിനേക്കാൾ നല്ലത് എഴുതിക്കഴിഞ്ഞ കവിതയിൽ നിന്നും തിയറിയും ടെക്നിക്ക്സും അറിവും ആവശ്യവുമുള്ളവർ derive ചെയ്തെടുക്കുന്നതാവും എന്ന് വിശ്വസിക്കുന്നു..
വായന കുറച്ചു കൂടി പരന്നു വന്നു എന്ന വാചകത്തിനോട് യോജിക്കുന്നുണ്ടോ... കാരണം...
യോജിക്കാതിരിക്കാൻ നിർവാഹമില്ലല്ലോ... വിശാലാർത്ഥത്തിൽ വളരെ നല്ല കാര്യവുമാണത്..പക്ഷെ, വായന പരന്നു എന്ന വാചകത്തിൽ തന്നെ ഉണ്ട് അതിന്റെ ഒരു പരിമിതിയും പരാധീനതയും.. പരപ്പിന്റെ കൂടെ ആഴങ്ങളിലേക്കും തീക്ഷ്ണതകളിലേക്കും കൂടി അത് എത്തിപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. കാരണം വായനയ്ക്ക് പല ലെയറുകൾ ഉണ്ട്.. ഒരു സന്നാഹവും ആവശ്യമില്ലാത്തവർക്ക് എത്തിച്ചേരാവുന്ന ഉപരിപ്ലവതകളും എല്ലാവിധ മുന്നൊരുക്കങ്ങളുമായി മാത്രം മുട്ടിനോക്കാവുന്ന പാളികളുമുണ്ട്...
സോഷ്യൽ മീഡിയയും എഴുത്തും സൗഹൃദങ്ങളും
വ്യക്തിപരമായി പറഞ്ഞാൽ, ഇപ്പോൾ നിലവിലുള്ള ഓൺ ലൈൻ സോഷ്യൽ മീഡിയകളൊക്കെ വരും മുന്നെ സൗഹൃദങ്ങളെ ചേർത്തുപിടിക്കാനായി മിനിമാഗസിൻ എന്നൊരു പ്ലാറ്റ്ഫോം തുടങ്ങി ആയിരം കോപ്പി അടിച്ച് പലദിക്കിലേക്കും അയച്ചുകൊടുത്ത് സ്വന്തമായി സോഷ്യൽ മീഡിയ ഉണ്ടാക്കിയ ഒരുവനായിരുന്നു ഞാൻ.. സാഹസികതയ്ക്ക് വേണ്ടി ഒരു ലക്കം പതിനായിരം ലക്കം അടിച്ച് വിതരണം ചെയ്യുക പോലും ഉണ്ടായി ഒരിക്കൽ... അന്നുള്ള ബന്ധങ്ങൾ ഇപ്പോളും ലൈവായി നിലനിൽക്കുന്നുണ്ട്.. പുതിയത് ഓരോ നിമിഷവും വരുന്നുണ്ട്.. സോഷ്യൽ മീഡിയയും സൗഹൃദങ്ങളും ഒന്നുമില്ലാത്ത ഒരു ലോകം എനിക്ക് സാധ്യമല്ല എന്നുതന്നെ സാരം.. എഴുത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും...
എഴുത്തിന്റെ രാഷ്ട്രീയം
ജീവിക്കുന്ന കാലത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കാത്ത കലയും സാഹിത്യവും പാഴാണെന്ന് തോന്നുന്നു... സൂക്ഷ്മതലങ്ങളിലെങ്കിലും രാഷ്ട്രീയം സംസാരിക്കുന്നവയായിരിക്കണം ഓരോ എഴുത്തും.. നമ്മുടെ കാലം അതാവശ്യപ്പെടുന്നുണ്ട്.. പ്രതികരണത്തിന്റെ വളർച്ച മുദ്രാവാക്യപ്രായത്തിലെത്താതെ ധ്വനിപ്പെടുത്തി മുഴക്കമേറ്റുന്നതിലാണ് സാഹിത്യകാരന്റെ മിടുക്ക്..
വ്യക്തിപരമായി പറഞ്ഞാൽ, കുറച്ചുകാലമായി എന്നിൽ നിന്നും വരുന്ന കവിതകൾ എല്ലാം തന്നെ "രാഷ്ട്രമീ...മാംസ" എന്ന ഒറ്റ ശീർഷകമുള്ളവയാണ്.. കൂടുതൽ പറയാതെതന്നെ കാര്യം മനസിലായല്ലോ...
എഴുത്തുകാരൻ സ്വയം നാർസിസ്റ്റ് ആകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്..
മനുഷ്യർ എല്ലാകാലത്തും നാർസിസത്തിന് അടിമകൾ ആണ്.. എഴുത്തുകാർ പ്രത്യേകിച്ചും.. ഇപ്പോൾ അതിനുള്ള സാധ്യതകൾ കൂടുതലായതോണ്ട് പ്രവണത അധികമായ് വെളിപ്പെട്ടുവരുന്നു എന്നേയുള്ളൂ... സ്വയം ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നവനേ മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ കഴിയുള്ളൂ എന്ന ന്യായം മുൻ നിർത്തി ക്ഷമിക്കാം...തന്നിൽ മാത്രം വാതിലും ജനലുമടച്ച് അഭിരമിക്കാത്തിടത്തോളം കാലം എഴുത്തുകാരന്റെ ആത്മരതി അപകടകരമല്ല..
കവിതയുടെ ഭാവി സോഷ്യൽ മീഡിയയിൽ...
കവിത സ്വയമേവ ഒരു സോഷ്യൽ മീഡിയ കൂടി ആണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു.. അതിന്റെ ഭാവി മറ്റൊന്നുമായും പരസ്പരബന്ധിതമല്ല.. സ്വന്തം ഡയറിയിൽ രഹസ്യമായി കവിതയെഴുതി സൂക്ഷിച്ചിരുന്ന വളരെയധികം പേർക്ക് വെളിപ്പെടാനും സംഘം ചേരാനും സാഹചര്യമൊരുക്കുന്നു എന്ന നിലയിൽ ഇപ്പോൾ ഓൺലൈൻ മീഡിയകൾ ഈ കവിതയുടെ ലോകത്തിൽ ഒരു പങ്ക് വഹിക്കുന്നുണ്ടാവാം.. പക്ഷെ പത്തുകൊല്ലം കഴിഞ്ഞ് ഇവയുടെ സ്ഥാനത്ത് എന്താവുമെന്ന് പ്രവചനം അസാധ്യമാണ്.. 10 കൊല്ലം മുൻപ്, ഇപ്പോഴത്തെ ഒരു ഓൺലൈൻ വിപ്ലവം ആരും പ്രതീക്ഷിച്ചതല്ലല്ലോ...കവിതയുടെ വളർച്ച കവിതയുടെ മാത്രം വളർച്ചയാണ്.. കവിതയുടെ ഭാവി കവിതയുടെ മാത്രം ഭാവിയാണ്.. സോഷ്യൽ മീഡിയയിലോ വരാനിരിക്കുന്ന ഏതെങ്കിലും മാധ്യമങ്ങളിലോ താളിയോലാകാലത്തിന്റെ പഴക്കമുള്ള സാഹിത്യം രചിച്ചുവെച്ചാൽ അതിനെ പുരോഗതിയായി എണ്ണാനാവുമോ?