വികാരഭരിതയായ ഒരുവളെ വായിക്കുമ്പോൾ

വിവാദമാണ് ഇപ്പോഴും ആമിയുടെ ജീവിതം. അത് സിനിമയും കഥകളുമാകുമ്പോൾ മറക്കാൻ കഴിയാത്ത ഒന്നുണ്ട്. അവരുടെ കടലിരമ്പുന്ന കണ്ണുകൾക്കുള്ളിലെ ആഴമുള്ള വൈകാരികത.

ആമി എന്ന മാധവിക്കുട്ടിയും അവരുടെ എഴുത്തുകളും ഇപ്പോഴും സംസാരത്തിന്റെയും എഴുത്തുകളുടെയും ഭാഗമായി തുടർന്നുകൊണ്ടേയിരിക്കുന്നു. മാധവിക്കുട്ടി എന്ന പേരിൽ ആദ്യം ഓർക്കുന്നത് തീർച്ചയായും "എന്റെ കഥ" തന്നെയാകണം. കാരണം കൗമാരത്തിന്റെ കൗതുകങ്ങളിൽ ഒളിപ്പിച്ചു വായിക്കപ്പെട്ട പുസ്തകങ്ങളോടുള്ള സ്നേഹം കൗതുകമായി മാറിപ്പോകും ഇപ്പോഴും. അതേ കൗമാരത്തിന്റെ വഴികളില്‍ വച്ചാണ്, അടുത്തുള്ള വായനശാലയില്‍ അംഗത്വം എടുക്കുന്നതും, ആദ്യമായി മാധവിക്കുട്ടിയെ വായിക്കുന്നതും. വായിക്കാന്‍ കിട്ടിയതുതന്നെ ആത്മകഥാസ്പര്‍ശമുള്ള "എന്‍റെ കഥ". ആ വായനയില്‍ തന്നെ ആരാധികയായി എന്നതാണ്, സത്യം. എത്ര ഉറക്കെയാണ്, ജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും മാധവിക്കുട്ടി പറയുന്നത്. ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുമോ? അതിശയം ആരാധനയ്ക്കു വഴി മാറിയപ്പോള്‍ നീലകളറുള്ള ചെറിയ ഇന്‍ലന്‍ഡില്‍ കത്തുകളെഴുതി. ഒന്നും അയക്കാനുള്ള ധൈര്യം തോന്നിയില്ല. എങ്കിലും ഓരോ കത്തിലും ആരാധന തൊങ്ങലിട്ടു നിന്നു. പിന്നീട്, "നീര്‍മാതളം പൂത്തകാലം ", മുതല്‍ ഇങ്ങോട്ട് ചെറുകഥകളൊക്കെ തിരക്കിയെടുത്ത് വായിക്കുമ്പോള്‍ ഉള്ളിലെവിടെയോ ആ മനോഹരമായ ഭാഷയും ശൈലിയും തറഞ്ഞു പോയിരുന്നു.

ലിംഗ വ്യത്യാസത്തിൽ താനൊരു സ്ത്രീ എന്ന നിലയിൽ ജീവിച്ചിരുന്ന വ്യക്തിയായിരുന്നില്ല മാധവിക്കുട്ടി. താൻ സ്ത്രീയായിരിക്കുന്നത് പ്രണയിക്കുമ്പോൾ മാത്രമാണ് എന്നവർ വിശ്വസിച്ചിരുന്നിരിക്കണം.

"യാ അല്ലാഹ്‌!

വാഗ്ദാന ലംഘനം ശീലിക്കാത്തവനേ!

പ്രണയത്തിന്റെ പരമോന്നത മുഖം

എനിക്ക്‌ കാണിച്ച യജമാനാ!

നീയാകുന്ന സൂര്യന്‍റെ

കിരണങ്ങളേറ്റുവാങ്ങിയ

സൂര്യകാന്തിയായി മാറി ഞാന്‍.

നിദ്രയിലും ജാഗ്രതയിലും

നിന്നെ ഞാനറിഞ്ഞു.

പ്രേമിച്ച്‌ മരിച്ച ഭര്‍ത്താവെ!

പ്രേമിച്ച്‌ വേറിട്ട കാമുകാ!

നിങ്ങള്‍ക്കറിയില്ല,

ഞാന്‍ സുരക്ഷിതയായെന്ന്‌,

ഞാനും സനാഥയായെന്ന്‌."

കാരണങ്ങള്‍ പലതുണ്ടാകാം മാധവിക്കുട്ടിയില്‍ നിന്ന് കമലാ സുരയ്യയിലേയ്ക്കുള്ള ചുവടുമാറ്റത്തിന്. പക്ഷേ പേരുകള്‍ തമ്മിലല്ലാതെ ആ മനസ്സിന്, ദൂരവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നില്ല. ഈശ്വരനോടുള്ള പ്രണയമായിരുന്നു അവരുടെ പല കവിതകളും. അല്ലെങ്കിലും പ്രണയം കൊണ്ട് ഒരായിരം മഴവില്ലു തീര്‍ത്തിട്ടുണ്ട് അവര്‍. ആദ്യം കൃഷ്ണന്‍ എന്ന സങ്കല്‍പ്പത്തിലും പിന്നീട് അല്ലാഹ് എന്ന സങ്കല്‍പ്പത്തിലും. പേരിനു മാത്രമേ മാറ്റമുള്ളൂ, തന്‍റെ വിളിയെത്തുന്നത് ആ ഒരേ ഇടത്താണെന്ന് കമല മനസ്സിലാക്കിയിരുന്നു എന്നു വേണം കരുതാന്‍. 

മഹാരഥന്‍മാരായ എഴുത്തുകാരൊക്കെ തറവാടിന്‍റെ അന്തസ്സും ആഭിജാത്യവും വിളമ്പുമ്പോള്‍ നാലപ്പാട്ടെ പറമ്പുകളേയും അടുക്കളക്കാരിയേയും കുറിച്ച് പറഞ്ഞ മാധവിക്കുട്ടി ജീവിതം തന്നെയാണ്, എഴുത്തില്‍ കണ്ടെത്തിയത്.

കമലയോടുള്ള പ്രണയത്തിനപ്പുറം നിൽക്കുമ്പോൾ പലരോടും തർക്കത്തിന് വരെ നിന്നുകൊടുക്കേണ്ടി വന്ന വിഷയവും ഇതേ മതംമാറ്റം തന്നെയായിരുന്നു. എഴുത്തിനോടുള്ള എതിർപ്പിൽ നിന്നും മതവത്കരണത്തിലേയ്ക്ക് കടക്കുമ്പോൾ ആമി വല്ലാതെ ഒറ്റപ്പെട്ടു പോയിരുന്നു, പക്ഷേ അതിലും മുൻപ് മലയാളികളാൽ ഒറ്റപ്പെട്ടു പോയവരാണവർ. സ്യൂഡോ സദാചാരത്തിന്റെ മുൾവേലിക്കെട്ടുകൾ അവർക്കെതിരെ വരിഞ്ഞു മുറുകുമ്പോൾ പുരുഷന്മാരേക്കാൾ ഒതുങ്ങി ജീവിക്കേണ്ടവർ മാത്രമാണ് സ്ത്രീകൾ എന്ന വിശ്വാസത്തിനു മുകളിലും അവരെ അമർത്തി വയ്ക്കാൻ മലയാളി ആഗ്രഹിച്ചു. 

ലിംഗ വ്യത്യാസത്തിൽ താനൊരു സ്ത്രീ എന്ന നിലയിൽ ജീവിച്ചിരുന്ന വ്യക്തിയായിരുന്നില്ല മാധവിക്കുട്ടി. താൻ സ്ത്രീയായിരിക്കുന്നത് പ്രണയിക്കുമ്പോൾ മാത്രമാണ് എന്നവർ വിശ്വസിച്ചിരുന്നിരിക്കണം. കാരണം പ്രണയത്തിൽ സ്ത്രീയും പുരുഷനും വ്യത്യാസപ്പെട്ടിരിക്കുന്നവർ തന്നെയാണ്, അത് രണ്ടുപേരിലും ഉണ്ടാക്കുന്ന മാനസിക വ്യത്യാസം ശാരീരികമായ വ്യത്യാസങ്ങളേക്കാൾ വലുതാണ്, ആ അനുഭൂതികൾ സ്ത്രീയെന്ന നിലയിൽ ആമി ഏറെ ആസ്വദിച്ചിരുന്നു. എന്നാൽ എഴുത്തിൽ ഏതൊരു പുരുഷനും എഴുതുന്നത് പോലെ തുറന്നെഴുതാൻ അവർ ആഗ്രഹിച്ചു. പെണ്ണെഴുത്ത് എന്ന പദത്തിനപ്പുറം നിന്ന് അക്ഷരങ്ങളെ നോക്കി കാണാൻ ആമി ആഗ്രഹിച്ചു. പക്ഷേ തന്‍റെ സാമിപ്യത്തിലല്ലാതെ തന്നെ കുറിച്ച് സംസാരിക്കുന്നവരെ തീരെ പരിഗണിച്ചിരുന്നില്ല മാധവിക്കുട്ടി. അതിനാൽ പ്രതികരണങ്ങളില്‍ അത്ര ഹൃദയം കൊടുത്തുമിരുന്നില്ല. മഹാരഥന്‍മാരായ എഴുത്തുകാരൊക്കെ തറവാടിന്‍റെ അന്തസ്സും ആഭിജാത്യവും വിളമ്പുമ്പോള്‍ നാലപ്പാട്ടെ പറമ്പുകളേയും അടുക്കളക്കാരിയേയും കുറിച്ച് പറഞ്ഞ മാധവിക്കുട്ടി ജീവിതം തന്നെയാണ്, എഴുത്തില്‍ കണ്ടെത്തിയത്.

വിവാദമാണ് ഇപ്പോഴും ആമിയുടെ ജീവിതം. അത് സിനിമയും കഥകളുമാകുമ്പോൾ മറക്കാൻ കഴിയാത്ത ഒന്നുണ്ട്. അവരുടെ കടലിരമ്പുന്ന കണ്ണുകൾക്കുള്ളിലെ ആഴമുള്ള വൈകാരികത. "വാതിലിനപ്പുറം നിൽക്കുന്ന ആമിയെ കടന്നു പിടിച്ചു അമർത്തിയൊരു ചുംബനം കൊടുക്കണം" എന്നാഗ്രഹിക്കുന്ന പുരുഷന്റെ തീക്ഷ്ണ യൗവ്വന മോഹങ്ങളിൽ തന്നെയാണ് ആമി ജീവിക്കുന്നത്. ഒരു സ്ത്രീ, അവൾ വികാരഭരിതയായിരിക്കുക എന്നത് ഒരു കുറ്റമല്ല, മറിച്ചു അപൂർവ്വം സ്ത്രീകൾക്കുണ്ടായേക്കാവുന്ന അംഗീകാരം തന്നെയാണ്. മാധവിക്കുട്ടി തന്നിലെ ആ അപൂർവത മറച്ചു വച്ചിരുന്നുമില്ല. എഴുത്തിൽ കൂടി സർവ്വവും ഉറക്കെ പറയുമ്പോൾ അത് അവരുടെ ജീവിതവുമായി ചേർത്തു വായിക്കരുതെന്നു മാത്രം. കാരണം എഴുത്തുകാരിയുടെ വൈകാരിക ചിന്തകളും അവളുടെ ജീവിതവും എഴുത്തും തികച്ചും വ്യത്യസ്തങ്ങളായ രീതികളിൽ കൂടി തന്നെ സഞ്ചരിക്കുന്നു. ആമിയും അവരുടേതായ വഴികളിൽ തികച്ചും വ്യത്യസ്തയായി യാത്ര തുടരുന്നു.