Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമി; സിനിമയ്ക്ക് മുൻപേ റിലീസായി വിവാദങ്ങൾ

kamal-kamala മാധവിക്കുട്ടിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത കുറേകാര്യങ്ങൾ മലയാളിക്കു പരിചയപ്പെടുത്തിയ ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പുസ്തകമെഴുതിയ വിദേശ എഴുത്തുകാരി മെറിലി വെയ്സ്ബോർഡും കമലും തമ്മിലുള്ള തർക്കം ‘ആമി’യെ തുടങ്ങും മുൻപേ വിവാദത്തിലെത്തിച്ചിരിക്കുകയാണ്.

മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടിയുടെ ജീവിതം കമൽ സിനിമയാക്കുന്നെന്നു കേട്ടപ്പോൾ സാഹിത്യാസ്വാദകർ മാത്രമല്ല, എല്ലാവരും സന്തോഷിച്ചു. കാരണം കമല സുരയ്യ എന്ന മാധവിക്കുട്ടി മലയാളിയുടെ സ്വന്തമാണ്. യേശുദാസിനെ പോലെ, എം.ടി.വാസുദേവൻനായരെ പോലെ, ഇ.കെ. നായനാരെ പോലെ സ്വന്തം. അങ്ങനെയൊരാളുടെ ജീവിതം സിനിമയിലൂടെ കാണാൻ പോകുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടാകുമല്ലോ. 

മലയാളിക്ക് ധാരാളം നല്ല  സിനിമകൾ സമ്മാനിച്ച കമൽ ആണ് ‘ആമി’ എന്നു പേരിട്ടിരിക്കുന്ന ചിത്രമൊരുക്കുന്നതെന്ന് മറ്റൊരു സന്തോഷ കാര്യമാണ്. ജെ.സി. ഡാനിയേൽ എന്ന മലയാളത്തിലെ ആദ്യ സംവിധായകന്റെ ജീവിതം ‘സെല്ലുലോയ്ഡ്’ എന്ന സിനിമയിലൂടെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച സംവിധായകനാണ് കമൽ. അപ്പോൾ അതുപോല കലാമൂല്യമുള്ളൊരു ചിത്രമായിരിക്കും ‘ആമി’ യെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. പക്ഷേ, സിനിമ തുടങ്ങും മുൻപേ വിവാദത്തിലേക്കു നീങ്ങുകയാണ്. 

kamala-vidhya വിദ്യ ബാലനാണ് മാധവിക്കുട്ടിയായി സിനിമയിൽ അഭിനയിക്കുന്നത്.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത കുറേകാര്യങ്ങൾ മലയാളിക്കു പരിചയപ്പെടുത്തിയ ‘പ്രണയത്തിന്റെ രാജകുമാരി’ എന്ന പുസ്തകമെഴുതിയ വിദേശ എഴുത്തുകാരി മെറിലി വെയ്സ്ബോർഡും കമലും തമ്മിലുള്ള തർക്കം ‘ആമി’യെ തുടങ്ങും മുൻപേ വിവാദത്തിലെത്തിച്ചു. കമലിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് മെറിലി രംഗത്തെത്തിയിരിക്കുകയാണ്. 

‘പ്രണയത്തിന്റെ രാജകുമാരി’ ഇല്ലാക്കഥകളാണെന്ന് ഒരു അഭിമുഖത്തിൽ കമൽ പറഞ്ഞതാണ് മെറിലി വെയ്സ്ബോർഡിനെ ചൊടിപ്പിച്ചത്. മാധവിക്കുട്ടിയുമായുള്ള പത്തു വർഷത്തെ സൗഹൃദത്തിൽ റെക്കോർഡ് ചെയ്ത 70 മണിക്കൂർ നീളുന്ന സംഭാഷണത്തിൽ നിന്നാണ് ഈ പുസ്തകമെഴുതിയതെന്ന് മെറിലി പറയുന്നു. 

kamala-madhavi

മെറിലിക്കെതിരെ മാധവിക്കുട്ടിയുടെ മകനായ ജയസൂര്യയാണ് ആദ്യം രംഗത്തെത്തുന്നത്. പുസ്തകത്തിൽ മെറിലി എഴുതിയതെല്ലാം സത്യമല്ല എന്നായിരുന്നു ജയസൂര്യ പറഞ്ഞിരുന്നത്. മാധവിക്കുട്ടിയെ കാണാൻ എട്ടുതവണയാണ് താൻ കേരളത്തിൽ വന്നതെന്നും രണ്ടുതവണ മാധവിക്കുട്ടി തന്റെ അതിഥിയായി കാനഡയിൽ വന്നെന്നും മെറിലി പറയുന്നു. മാധവിക്കുട്ടിയുമായി നടത്തിയ അഭിമുഖം റെക്കോർഡ് ചെയ്തത് ഉടൻ തന്നെ ഗവേഷക വിദ്യാർഥികൾക്ക് റഫറൻസായി നൽകുമെന്നും അവർ പറയുന്നുണ്ട്. 

മാധവിക്കുട്ടി തന്നോടു പറഞ്ഞതാണ് പുസ്തകത്തിൽ എഴുതിയതെന്നും അതിൽ കൂട്ടിചേർക്കലൊന്നുമില്ലെന്നും മെറിലി പറയുമ്പോൾ നുണ പറഞ്ഞത് ആരാണ്? സംവിധായകൻ കമലോ? മാധവിക്കുട്ടിയുടെ മകൻ ജയസൂര്യയോ?

താൻ എഴുതിയതിനെ കമൽ നിഷേധിക്കാൻ കാരണമുണ്ടെന്ന് മെറിലി എഴുതിയ നിഷേധക്കുറിപ്പിൽ പറയുന്നുണ്ട്. മാധവിക്കുട്ടിയുടെ കൃതികളുടെയെല്ലാം അവകാശം മകൻ ജയസൂര്യയ്ക്കാണ്. അദ്ദേഹത്തോടൊപ്പമിരുന്നാണ് കമൽ തിരക്കഥ എഴുതിയതും. ഈയൊരു സാഹചര്യത്തിൽ ജയസൂര്യ പറയുന്നതിനെ അനുകൂലിക്കാനേ കമലിനു കഴിയൂയെന്ന് മെറിലി പറയുന്നു. 

മതംമാറിയ മാധവിക്കുട്ടി സിനിമയിൽ ഉണ്ടാകുമോ?

മാധവിക്കുട്ടിയുടെ ജീവിതത്തിലെ ഓരോ ഏടുകളും വിവാദം നിറഞ്ഞതായിരുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ സംവിധായകൻ കമലിന് ‘ആമി’യിൽ ഇതൊക്കെ എത്രത്തോളം ചിത്രീകരിക്കാൻ കഴിയുമെന്നൊരു ചോദ്യം വന്നേക്കാം. ‘എന്റെ കഥ’ യിൽ മാധവിക്കുട്ടി എഴുതിയതൊക്കെ സത്യമാണോ മിഥ്യയാണോ എന്നൊരു ചോദ്യം ഇപ്പോഴുമുണ്ട്. സത്യമാണെന്നും മിഥ്യയാണെന്നും മാധവിക്കുട്ടി തന്നെ മാറ്റിമാറ്റി പറഞ്ഞിട്ടുണ്ട്.

അതുപോലെ മാധവിക്കുട്ടിയുടെ മതംമാറ്റവും വലിയൊരു വിഷയമാണ്. അതിനെ കമൽ എങ്ങനെ സമീപിക്കുന്നുവെന്നതും വലിയൊരു ചോദ്യമായിരിക്കും. കാരണം മാധവിക്കുട്ടിയുടെ മതംമാറ്റത്തിനു കാരണക്കാരനായ രാഷ്ട്രീയനേതാവിനെ സംവിധായകൻ എങ്ങനെ അവതരിപ്പിക്കുന്നുവെന്നാണ് എല്ലാവരും നോക്കിയിരിക്കുന്നത്. ആ രാഷ്ട്രീയക്കാരൻ സിനിമയിൽ ഉണ്ടായാലും വിവാദമാകും ഉണ്ടായില്ലെങ്കിലും വിവാദമാകും. മാധവിക്കുട്ടിയുടെ മതംമാറ്റം സംവിധായകൻ സിനിമയിൽ കാണിച്ചില്ലെങ്കിൽ അത് നീതികേടാകും ചെയ്യും. എല്ലാംകൊണ്ടും വലിയൊരു വിവാദത്തിലേക്കായിരിക്കും ‘ആമി’ എത്തുകയെന്ന കാര്യത്തിൽ സംശയമില്ല. കാരണം മതസംഘടനകൾ കേരളത്തിലെ സാംസ്കാരിക ജീവിതത്തിൽ അത്രയേറെ ഇടപെടൽ നടത്തുന്നുണ്ട്. മാധവിക്കുട്ടിയുടെ മതംമാറ്റം രണ്ടു മതങ്ങൾ തമ്മിലുള്ള പ്രശ്നമായി ചിത്രീകരിക്കപ്പെടാൻ സാധ്യതയുണ്ട്.