Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി പുതിയകാലത്തിന്റെ സീത!

amish tripathi sita warrior of mithila book പോരാളിയാണ് തന്റെ സീത എന്ന് അമിഷ് പറയുന്നത്. ശക്തിയുടെ പ്രതീകം. അതുകൊണ്ടുതന്നെ വനിതാ ശാക്തീകരണവും സ്ത്രീ സുരക്ഷയും ചര്‍ച്ചയാകുന്ന ഇന്നിന്റെ പരിതസ്ഥിതിയില്‍ ഏറെ പ്രസക്തിയാര്‍ജ്ജിക്കുന്നു എഴുത്തുകാരന്റെ പുസ്തകം.

ഭാരതീയ പൈതൃകത്തില്‍ അലിഞ്ഞു ചേര്‍ന്ന ശിവന്റേയും രാമന്റേയും പുനര്‍വായന ആയിരുന്നു ശിവപുരാണത്രയത്തിലൂടെയും രാമചന്ദ്ര സീരിസിലെ ആദ്യ പുസ്തകമായ സിയോണ്‍ ഓഫ് ഇക്ഷ്വാക്കുവിലൂടെയും നമുക്ക് അനുഭവവേദ്യമായത്. ഇന്ത്യന്‍ സാഹിത്യ ലോകത്തെ ആദ്യ പോപ്സ്റ്റാര്‍ (ലിറ്റററി പോപ്സ്റ്റാര്‍) എന്ന് ശേഖര്‍ കപൂര്‍ വിശേഷിപ്പിച്ച അമിഷ് ത്രിപാഠി, ചരിത്രത്തെയും ഭാരതീയ മിത്തോളജിയെയും കൂട്ടുപിടിച്ച് അതിഗംഭീരമായ കഥാപാത്രങ്ങളെയാണ് സൃഷ്ടിച്ചത്. വാണിജ്യപരമായും സാഹിത്യപരമായും അമിഷിന്റെ സൃഷ്ടികള്‍ മികച്ചു നിന്നു.

ബോളിവുഡ് സിനിമകളുടെ ബോക്‌സ്ഓഫീസിലെ തട്ടുപൊളിപ്പന്‍ വിജയത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു അമിഷിന്റെ പുസ്തകങ്ങള്‍ വിറ്റുപോയത്. ബൗദ്ധിക തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന എഴുത്തുകാരെ മാറ്റി നിര്‍ത്തിയാല്‍ അമിഷിനെപ്പോലെ ജനകീയനാകാനും സ്വാധീനം ചെലുത്താനും സാധിച്ച എഴുത്തുകാരന്‍ പുതിയ ഇന്ത്യക്കുണ്ടോയെന്നത് സംശയകരമാണ്. 

അമിഷ് എന്ന പേര് നിങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ നാലുലക്ഷത്തിലധികം റിസള്‍ട്ടായിരിക്കും ലഭിക്കുക. ഫേസ്ബുക്കില്‍ നവഇന്ത്യയുടെ പ്രിയ എഴുത്തുകാരനുള്ളത് 814,216 ഫോളോവേഴ്‌സ്, ട്വിറ്ററില്‍ 633,000 ഉം. അത്രമാത്രമുണ്ട് മധ്യവര്‍ഗ്ഗ ജനതയ്ക്കിടയില്‍ ഐഐഎമ്മില്‍ നിന്ന് പഠിച്ചിറങ്ങിയ, മുന്‍ബാങ്കറായ ഈ എഴുത്തുകാരന്റെ സാന്നിധ്യം.

amish-new-books

ഇത്രയും പറഞ്ഞതിന് കാരണം അമിഷ് ഈ മെയ് മാസത്തില്‍ തന്റെ പുതിയ പുസ്തകവുമായി എത്തുന്ന പശ്ചാത്തലമാണ്. രണ്ട് വര്‍ഷം മുമ്പാണ് അമിഷ് ത്രിപാഠിയെ ആദ്യമായി കാണുന്നത്. സിയോണ്‍ ഓഫ് ഇക്ഷ്വാക്കുവിന്റെ പ്രകാശവുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ ഒരു അഭിമുഖം.

അടുത്തതായി എഴുതാന്‍ പോകുന്ന 20 പുസ്തകങ്ങളുടെയും ആശയം തന്റെ മനസിലുണ്ടെന്ന് അന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ ഈ ലേഖകനോട് പറഞ്ഞു. അതില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു രാമചന്ദ്ര സീരീസിലെ രണ്ടാം പുസ്തകമായ സീത, വാരിയര്‍ ഓഫ് മിഥില. നമ്മള്‍ വായിച്ചറിഞ്ഞ സീതയെക്കുറിച്ചല്ല അമിഷിന് പറയാനുള്ളത്. മിഥിലയിലെ സീതാ ദേവി തന്നെ കഥാപാത്രം. എന്നാല്‍ മതവാദികളുടെയും പരമ്പരാഗതവാദികളുടെയും സീതയല്ല അത്, ശിവനെയും രാമനെയും പോലെ ഈ സീതയും വേറിട്ടു നില്‍ക്കും, ഒരു യോദ്ധാവായി, ഫെമിനിസ്റ്റായി.

എന്തുകൊണ്ട് സീത

ചേതന്‍ ഭഗത്തില്‍ നിന്ന് അമിഷ് ത്രിപാഠിയെ വ്യത്യസ്തനാക്കുന്ന ഒരു പ്രധാനഘടകമുണ്ട്. സുവ്യക്തമായ ഒരു പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്നു അമിഷിന്റെ പുസ്തകങ്ങള്‍. ചരിത്രമെന്ന വിഷയത്തോടുള്ള അഗാധ തൃഷ്ണയിലൂടെ അമിഷ് കണ്ടെത്തിയ സനാതനധര്‍മത്തിന്റെ പൊരുളാണ് പുസ്തകങ്ങളിലൂടെ സംവേദനം നടത്താന്‍ അദ്ദേഹം ശ്രമിക്കുന്നത്. അതിതീവ്രമായ പുരുഷാധിപത്യകാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. അതിന് പലരും കൂട്ടുപിടിക്കുന്നതാകട്ടെ മതത്തെയും. നിലവിലെ മതങ്ങളും രാഷ്ട്രീയവും സ്ത്രീയെ കൂടുതല്‍ അസ്വതന്ത്രയാക്കുന്നു, സുരക്ഷിതയല്ലാതാക്കുന്നു, സംരക്ഷിക്കപ്പെടേണ്ടവള്‍ മാത്രമാണ് അവളെന്ന മിഥ്യാബോധം സൃഷ്ടിക്കുന്നു. 

ഇതിനെല്ലാമെതിരെയാണ് തന്റെ നിലപാടുകളെന്ന് അമിഷ് പറയുന്നു. ലിംഗസമത്വ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന അമിഷുമായി സംസാരിച്ചതില്‍ നിന്നു വ്യക്തമായത് ഭാരത പൈതൃകത്തിന്റെ മൂലതത്വമായ വേദങ്ങളില്‍ അദ്ദേഹത്തിന് അതിയായ താല്‍പ്പര്യവും അഭിനിവേശവുമുണ്ടെന്നാണ്. വൈദിക ധര്‍മ്മം സമത്വത്തില്‍ അധിഷ്ഠിതമാണ്. പ്രാചീന ഭാരതത്തില്‍ ഋഷിമാര്‍ക്കായിരുന്നു രാജാക്കന്‍മാരെക്കാള്‍ പ്രാമുഖ്യം കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ എത്രപേര്‍ക്കമറിയാം ഋഷിമാരോടൊപ്പം ഋഷികമാരും ഇവിടെ ശക്തമായി നിലകൊണ്ടിരുന്നുവെന്ന്. ഋഗ്വേദത്തിലെ മന്ത്രങ്ങള്‍ പകുത്തത് സ്ത്രീകളാണ്. ഇപ്പോള്‍ ചില വിഡ്ഢികള്‍ പറയുന്നു സ്ത്രീകള്‍ വേദം വായിക്കരുതെന്ന്-അമിഷ് പറഞ്ഞു. 

വൈദിക ഇന്ത്യയില്‍ സ്ത്രീക്കും പുരുഷനും തുല്ല്യസ്ഥാനമാണ് ഉണ്ടായിരുന്നതെന്ന് വിശ്വസിക്കുന്നു അമിഷ്. സ്ത്രീകളെ ബഹുമാനിക്കാത്ത രാജ്യത്തെ ദൈവം പോലും കൈവിടുമെന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തരമൊരു സമത്വവാദത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രം നിലനിന്നിരുന്ന രാജ്യത്ത് ഇന്നത്തെ സ്ഥിതി തീര്‍ത്തും പരിതാപകരമാണ്. 

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമവും വിവേചനവുമാണ് രാഷ്ട്രം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അമിഷ് പറയുന്നു. വേദങ്ങളുടെ അന്തസത്ത മറന്ന്, പിന്നീട് വന്ന മതവാദികള്‍ അതില്‍ കലര്‍പ്പ് ചേര്‍ത്തതാണ് ഈ അധപതനത്തിന് കാരണം. നമ്മള്‍ ഇന്നും താലോലിക്കുന്ന പല ദുരാചാരങ്ങള്‍ക്കും കാരണം അതാണെന്നും അമിഷ് വിലയിരുത്തുന്നു. 

ഓരോ വര്‍ഷവും 200,000 പെണ്‍ജീവനുകള്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ചുതന്നെ കൊല്ലപ്പെടുന്നു. സ്ത്രീകളെ ഇത്തരത്തില്‍ ബഹുമാനിക്കാത്ത, അവര്‍ക്കെതിരായ പ്രത്യയശാസ്ത്രങ്ങള്‍ നടമാടുന്ന സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിലാണ് അമിഷ് സീതാദേവിയെ പുനര്‍വായനയ്ക്ക് വിധേയമാക്കുന്നത്. 

കല്ല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ പേര് വാലായി ചേര്‍ക്കുന്നതു മുതല്‍ റോഡില്‍ ഒറ്റയ്ക്കിറങ്ങി നടക്കുമ്പോള്‍ അക്രമിക്കപ്പെടുന്ന സാഹചര്യം വരെയുള്ള സ്ത്രീയുടെ ദുരവസ്ഥയ്‌ക്കെതിരെയുള്ള, വിവേചനത്തിനും അവകാശധ്വംസനങ്ങള്‍ക്കെതിരെയുള്ള ഉയിര്‍ത്തെഴുനേല്‍പ്പിന്റെ ആഹ്വാനം കൂടിയാണ് പുതിയ പുസ്തകത്തിലൂടെ അമിഷ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. 

പോരാളിയാണ് തന്റെ സീത എന്ന് അമിഷ് പറയുന്നത്. കലര്‍പ്പില്ലാത്ത വൈദിക സംസ്‌കൃതിയുടെ ശേഷിപ്പുകള്‍ പേറുന്നവള്‍. ശക്തിയുടെ പ്രതീകം. വേദവും വെള്ളവും ഭൂമിയും വായുവും രാത്രിയുടെ സൗന്ദര്യവും എല്ലാം സ്ത്രീക്കും പുരുഷനും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ചിന്തിക്കുന്നവള്‍. അതുകൊണ്ടുതന്നെ വനിതാ ശാക്തീകരണവും സ്ത്രീ സുരക്ഷയും ചര്‍ച്ചയാകുന്ന ഇന്നിന്റെ പരിതസ്ഥിതിയില്‍ ഏറെ പ്രസക്തിയാര്‍ജ്ജിക്കുന്നു യുവതലമുറയെ സ്വാധീനിക്കാന്‍ ശേഷിയുള്ള അമിഷിനെപ്പോലൊരു എഴുത്തുകാരന്റെ പുസ്തകം. മറിച്ച് അതൊരു അനിവാര്യതയാണെന്നും പറയാം.