ആരാണവളെ കൊന്നത്? പാകിസ്ഥാനിൽ വിവാദമായി ഈ പുസ്തകം

പുസ്തകത്തിന്റെ പശ്ചാത്തലം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളവര്‍ക്ക് സുപരിചിതമാണ്.

400 പേജുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള നോവല്‍ പാക്കിസ്ഥാനില്‍ പലരുടെയും നെറ്റി ചുളിപ്പിക്കുന്നു. പാക്കിസ്ഥാനി എഴുത്തുകാരിയായ സബ്യന്‍ ജാവേരിയുടെ 'നോബഡി കില്‍ഡ് ഹെര്‍' എന്ന നോവലാണ് വിവാദമാകുകയും സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശമെന്ന നിലയില്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നത്. 

പുസ്തകത്തിന്റെ പശ്ചാത്തലം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ളവര്‍ക്ക് സുപരിചിതമാണ്. പുസ്തകത്തില്‍ പേരെടുത്ത് പറയാതെ പറയുന്ന രാജ്യവും ആ രാജ്യത്തിലെ നേതാവും. അതെ, ജാവേരിയുടെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രം പാക്കിസ്ഥാനെ മുഴുവന്‍ കോരിത്തരിപ്പിച്ച രാഷ്ട്രീയ നേതാവ് ബെനസീര്‍ ഭൂട്ടോ തന്നെയാണ്. എന്നാല്‍ ബെനസീര്‍ ഭൂട്ടോ എന്നോ പാക്കിസ്ഥാന്‍ എന്നോ ഒരിടത്ത് പോലും പരാമര്‍ശിക്കപ്പെടുന്നില്ല. 

ഒരുപക്ഷേ കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാനാകാം ജാവേരി അങ്ങനെ ചെയ്തത്. പാക്കിസ്ഥാനില്‍ പുസ്തകത്തിന്റെ റിലീസ് കുറച്ച് ഒച്ചപ്പാടെല്ലാം ഉണ്ടാക്കിയിരുന്നു. എന്നാല്‍ പാക്കിസ്ഥാനിലെ ഒരു കൂട്ടര്‍, സ്ത്രീകള്‍ പുസ്തകത്തെക്കുറിച്ച് നല്ലത് മാത്രമാണ് പറയുന്നതെന്ന് അധ്യാപിക കൂടിയായ ജാവേരി പറയുന്നു. 

ജാവേരിയുടെ നോവല്‍ പറയുന്നത് ഒരു ശക്തയായ വനിതാ രാഷ്ട്രീയ നേതാവിന്റെ കഥയാണ്. ശക്തമായ ഒരു കുടുംബത്തില്‍ നിന്നും വരുന്ന ഒരു സ്ത്രീ. അവളുടെ ഉയര്‍ച്ചയും താഴ്ച്ചയും. അവളുടെ അച്ഛനെ രാജ്യത്തെ ജനറല്‍ തൂക്കിലേറ്റുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് അവള്‍ തന്റെ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാനായി തിരിച്ച് നാട്ടിലെത്തുന്നു. പിന്നീട് നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് പുസ്തകത്തില്‍. മുസ്ലീം സ്ത്രീകളുടെ ലൈംഗികതയെക്കുറിച്ചും അധികാരത്തോടുള്ള മോഹത്തെക്കുറിച്ചും ജീവിത ലക്ഷ്യങ്ങളെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അതും വിവാദമായിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. 

ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകത്തിന് 499 രൂപയാണ് വില.