പ്രിയപ്പെട്ട പത്മനാഭൻ,
താങ്കളുടെ കഥ ‘മരയ’ വായിച്ചു..
കത്തുവായിക്കുമ്പോൾ കഥാകൃത്ത് അത്ഭുതപ്പെടുകയായിരുന്നു. എഴുതിയത് മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പിന്റെ ഭാര്യ സരോജിനി. താനുമായി യാതൊരു ബന്ധവുമില്ലാതിരുന്നൊരാൾ, തന്റെ ഏറ്റവും പുതിയ കഥ ‘മരയ’ വായിച്ച് ഇഷ്ടപ്പെട്ടെഴുതിയ കത്തുവായിച്ചപ്പോൾ പത്മനാഭന്റെ മനംനിറഞ്ഞു.
‘മരയ’ വായിച്ച എല്ലാവരും പറയുന്നു പത്മനാഭൻ അധരസിന്ദൂരം കൊണ്ടെഴുതിയ മറ്റൊരു കഥയാണിതെന്ന്. പത്മനാഭന്റെ ‘കടൽ’ പോലെ, ‘ഗൗരി’ പോലെ, ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ പോലെ ഹൃദയത്തിൽ തൊട്ടെഴുതിയ കഥയെന്ന്. സൗണ്ട് ഓഫ് മ്യൂസിക് എന്ന സിനിമ ഇഷ്ടപ്പെടുന്ന, കുമാരനാശാന്റെ കവിത വായിക്കുന്ന പ്രിൻസിപ്പൽ സിസ്റ്റർ മരയയുമായി അൽപസമയം മാത്രം നീണ്ടുനിന്നൊരു സൗഹൃദ നിമിഷമാണ് പത്മനാഭൻ ഈ കഥയിലൂടെ വായനക്കാരനെ ഭ്രമിപ്പിച്ചത്. ചെറിയ വാക്കുകളിലൂടെ, ഹൃദയത്തിൽ നിന്നെടുത്തെഴുതിയ കഥ.
‘മരയ’ എന്ന കഥ പിറന്നതിനെക്കുറിച്ച് പത്മനാഭൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.‘‘ അടുത്തിടെ യാത്രകളൊക്കെ കുറച്ചിരിക്കുകയാണ്. ശരീരം കൊണ്ട് ആവുന്നില്ല. ഒഴിവാക്കാനാവാത്ത യാത്രകൾ മാത്രം. പൂന്താനം സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യാൻ പെരിന്തൽമണ്ണയിൽ പോയി, അവിടെ നിന്നു പാലക്കാട്ടേക്കൊരു യാത്ര. അതൊക്കെയായിരുന്നു കുറച്ചുനീണ്ടുനിന്ന യാത്ര അടുത്തിടെ ചെയ്തത്. പത്രപ്രവർത്തക സുഹൃത്ത് നാരായണൻ കാവുമ്പായി പറഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ ബന്ധു എന്നെ കണ്ണൂർ ജില്ലയിലെ മലയോരത്തെ ഒരു സ്കൂൾ വാർഷികം ഉദ്ഘാടനം ചെയ്യാൻ ക്ഷണിക്കാനെത്തിയത്. പള്ളിക്കാർ നടത്തുന്ന സ്കൂളാണ്. പൊതുവെ മാനേജ്മെന്റ് സ്കൂളിലൊന്നും ഞാൻ പോകാറില്ല. നഗരത്തിലെ സർക്കാർ സ്കൂളുകളിൽ ഉദ്ഘാടനത്തിനൊക്കെ പോകാറുണ്ട്. പക്ഷേ, ഈ സ്കൂളിനെക്കുറിച്ചും അതിന്റെ മാനേജ്മെന്റിനെക്കുറിച്ചും എന്നെ ക്ഷണിക്കാനെത്തിയ ആൾ കൃത്യമായി പറഞ്ഞുതന്നു.
പുഷ്പഗിരിയിലെ കുന്നിനു മുകളിലുള്ള സ്കൂളിൽ ചെന്നപ്പോൾ തന്നെ അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നി. കഥയിൽ എഴുതിയതുപോലെ തന്നെയായിരുന്നു ബാക്കിയുള്ള കാര്യങ്ങളെല്ലാം. ശരിക്കും എന്നെ അത്ഭുതപ്പെടുത്തി അവിടുത്തെ പ്രിൻസിപ്പൽ മരയ. മാലാഖയുടെ അഴകും പരിശുദ്ധിയുമുള്ള കന്യാസ്ത്രീയെ കണ്ടപ്പോൾ തന്നെ ഞാൻ ഓർത്തത് സൗണ്ട് ഓഫ് മ്യൂസിക് എന്ന ചിത്രത്തിലെ നായികയെയാണ്. അതേ പ്രസരിപ്പും രൂപസാദൃശ്യവുമുള്ള കാര്യം ഞാൻ അവരോടു പറഞ്ഞു. എന്നെ ഞെട്ടിച്ചുകൊണ്ട് അവർ പറഞ്ഞു, സൗണ്ട് ഓഫ് മ്യൂസിക് അവർ കണ്ടിട്ടുണ്ടെന്ന്. പിന്നീട് അവർ എന്റെ കഥകളെക്കുറിച്ചു പറഞ്ഞു. കടൽ എന്ന കഥയിലെ അമ്മയെക്കുറിച്ചായിരുന്നു ഏറെ സംസാരിച്ചത്. കഥ ക്ലാസ്മുറികളിൽ പറയാറുണ്ടെന്നും പറഞ്ഞു.
ദി ഹൈവേമാൻ കെയിം റൈഡിങ്
റൈഡിങ്, റൈഡിങ്...
എന്ന കവിതയും കുമാരനാശാന്റെ കവിതകളെക്കുറിച്ചുമെല്ലാം അവർ സംസാരിച്ചു.
സന്തതം മിഹിരനാത്മശോഭയും
സ്വന്തമാം മധുകൊതിച്ച വണ്ടിനും... ആശാന്റെ പ്രിയവരികൾ ഞാൻ ചൊല്ലി.
ഉദ്ഘാടനം കഴിഞ്ഞു ഞാൻ മടങ്ങി. അപ്പോഴേക്കും കഥ എന്നിൽ പിറന്നിരുന്നു. മുൻപത്തെപോലെ ഞാൻ കൂടുതലായി എഴുതാറില്ല. മനോരമ വാർഷികപതിപ്പിനു വേണ്ടി എല്ലാ കൊല്ലവും എഴുതും. പിന്നെ ഒന്നോ രണ്ടോ പ്രസിദ്ധീകരണങ്ങൾക്കും. ഈ ആഴ്ചപ്പതിപ്പിൽ കഥയെഴുതിയിട്ട് വർഷങ്ങളായിരുന്നു.
‘മരയ’ പ്രസിദ്ധീകരിച്ചു വന്നപ്പോൾ ഒട്ടേറെ പേർ വിളിച്ചു. വിദേശത്തുനിന്നും സ്വദേശത്തുനിന്നും ഇപ്പോഴും വിളികൾ വരാറുണ്ട്. ഇതൊക്കെ സന്തോഷം തരുന്ന കാര്യങ്ങൾ തന്നെ. ആ സന്തോഷത്തിലേക്കാണ് സുഹൃത്തായിരുന്ന ഒ.എൻ.വി.കുറുപ്പിന്റെ ഭാര്യയുടെ കത്തുവന്നത്. ഞാനവരെ അടുത്തുപരിചയമൊന്നുമില്ല. അവർ എന്റെ കഥകൾ വായിക്കാറുണ്ടെന്നും അറിയില്ലായിരുന്നു....’’
പത്മനാഭന്റെ ഒട്ടുമിക്ക കഥകളിലുമുള്ള നേർത്ത പ്രണയം തന്നെയാണ് ‘മരയ’യിലും സംഭവിച്ചിരിക്കുന്നത്. ഹെമിങ് വേയും കുമാരനാശാനും സൗണ്ട് ഓഫ് മ്യൂസിക്കുമെല്ലാം ചേർന്ന് കഥയെ മറ്റൊരു തലത്തിലേക്കാണ് ഉയർത്തുന്നത്. ദുർഗ്രഹമല്ലാത്ത വാക്കുകളിലൂടെ അദ്ദേഹം വായനക്കാരനെ നയിക്കുന്നു. ‘മരയ’ വായിച്ചവർ കാത്തിരിക്കുകയാണ് പ്രണയം വറ്റാത്ത ആ മനസ്സിൽ നിന്ന് മറ്റൊരു കഥ പെയ്തിറങ്ങുന്നതു കാണാൻ. അതിനൊരുപക്ഷേ അടുത്ത ഓണക്കാലം വരെ കാത്തിരിക്കേണ്ടിവരും.