വീടിന്റെ സന്തോഷങ്ങളും സന്താപങ്ങളും ഏറ്റവും അധികം ബാധിക്കുന്നത് ആരെയാണ്? തീര്‍ച്ചയായും കുട്ടികളെയായിരിക്കും. അതുകൊണ്ടാവും വീടിന്റെ സന്തോഷം കുട്ടികളാണെന്ന് പറയുന്നത്.
ഓരോ സന്തോഷങ്ങളും വീടിനോട് ചേര്‍ത്തു വയ്ക്കുമ്പോഴാണ് കുട്ടികള്‍ക്ക് അവരുടെ വീട് പ്രിയപ്പെട്ടതാകുന്നത്. എന്നാല്‍ വീട് ഒരു കുട്ടിക്ക് നഷ്ടപ്പെടുമ്പോഴോ.. അപ്പോള്‍ അവനെ താങ്ങിനിര്‍ത്തുന്ന അച്ചുതണ്ടുകള്‍ നഷ്ടമാകുന്നു. അവന്റെ ജീവിതത്തില്‍ നിന്ന് സന്തോഷങ്ങള്‍ പടിയിറങ്ങിപ്പോകുന്നു. വീട് നഷ്ടമാകല്‍ ജീവിതം നഷ്ടമാകലാണ്. സന്തോഷം അസ്തമിക്കലാണ്. ടി. പത്മനാഭന്റെ വീട് നഷ്ടപ്പെട്ട കുട്ടി നമ്മുടെ ഹൃദയത്തില്‍ വേദനയാകുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്.
ഓര്‍മ്മയില്‍ സ്‌നേഹം തുളുമ്പിയിരുന്ന ഒരു വീടോര്‍മ്മ അവനുമുണ്ടായിരുന്നു.ഐസ്‌ക്രീം പാര്‍ലറില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം പോകുന്ന, പാര്‍ക്കിലെ ബെഞ്ചില്‍ ചെന്നിരുന്ന് അച്ഛന്റെ തമാശകള്‍ കേട്ടു ചിരിക്കുന്ന..അങ്ങനെയൊരു കാലം. പക്ഷേ ഇപ്പോള്‍ ആ കാലം വളരെ പണ്ടെന്നോ കഴിഞ്ഞതുപോലെ അവന് തോന്നുന്നു. കാരണം ഇപ്പോള്‍ വീടെത്രയോ മാറിപ്പോയിരിക്കുന്നു.
അച്ഛന്‍ മാറിപ്പോയി..അമ്മ മാറിപ്പോയി.. എങ്ങനെയാണ് വീട് മാറിപ്പോയത്? ആ മാറ്റങ്ങള്‍ എങ്ങനെയാണ് ആരംഭിച്ചതെന്ന് അവന്‍ ആലോചിക്കുന്നത് ഇങ്ങനെയാണ്.
എപ്പോഴാണ് അച്ഛന്‍ പിന്നീട് ഇങ്ങനെ.. യൂണിയന്റെ തിരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷമോ കോണ്‍ട്രാക്ടറുടെ സുന്ദരനും ചെറുപ്പക്കാരനുമായ അസിസ്റ്റന്റ് വീട്ടില്‍ വരാന്‍ തുടങ്ങിയതിന് ശേഷമോ.. സ്ഥിരമായി ക്ലബില്‍ ചെന്ന് രാത്രി മുഴുവന്‍ ചീട്ടുകളിക്കാന്‍ തുടങ്ങിയതിന് ശേഷമോ..
അവന് കൃത്യമായ ഉത്തരം കിട്ടുന്നില്ല. പക്ഷേ ഇപ്പോള്‍ അവന് ഒന്നറിയാം. അച്ഛന്‍ ഇപ്പോള്‍ വീട്ടിലേക്ക് വരാറിറില്ല. അമ്മ എല്ലാ ദിവസവും ടാക്‌സിയില്‍ കയറിപ്പോകും. എന്നിട്ട് രാത്രി വളരെ വൈകിയോ അല്ലെങ്കില്‍ നേരം പുലര്‍ന്നോ തിരികെയെത്തും. അപ്പോഴെല്ലാം അവന്‍ മാത്രം വീട്ടില്‍ ഒറ്റയ്ക്ക്..
മൂന്നാമത്തെ നിലയിലുള്ള ഫ്ലാറ്റായിരുന്നു അവന്റേത്. അവിടെയുള്ള ചെറിയ വരാന്തയില്‍ നിന്ന് നോക്കിയാല്‍ ലോകം മുഴുവനും കാണാമായിരുന്നു. പക്ഷേ ഇപ്പോള്‍ അവന് കാഴ്ചകളൊന്നും കാണാന്‍ താല്പര്യം തോന്നുന്നില്ല. അവന്‍ ആഗ്രഹിക്കാത്ത കാഴ്ചകളാണ് ഇപ്പോള്‍ കാണുന്നത്. അമ്മയെ തേടിവരുന്ന ടാക്‌സി.. ടാക്‌സിയില്‍ കയറിപോകുന്ന അമ്മ.
കാറിന്റെ വാതിലില്‍ ചാരി ബീഡി വലിച്ചുകൊണ്ടു നില്ക്കുന്ന ഡ്രൈവറോടായിരിക്കണം അവന് ജീവിതത്തില്‍ ആദ്യമായി പക തോന്നിയിട്ടുണ്ടാവുക. കാരണം അമ്മയെ കൂട്ടിക്കൊണ്ടുപോകുന്നത് അയാളാണല്ലോ.
വീടിന്റെ അന്തരീക്ഷം മാറുമ്പോള്‍ അതാദ്യം ബാധിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെയായിരിക്കും. അവരുടെ ഇതര കഴിവുകളെയായിരിക്കും. എല്ലാറ്റിനും അവന്‍ ഇന്നലെവരെ ഒന്നാമനായിരുന്നു. എപ്പോഴും എല്ലായിടത്തും. പക്ഷേ ഇപ്പോള്‍ അവന് സ്‌കൂളില്‍ പോകാന്‍ തോന്നുന്നില്ല. കാരണം ടീച്ചേഴ്‌സ് റൂമിലെ അലമാരയില്‍ നിന്ന് കോമ്പസിഷന്‍ പുസ്തകം തിരയുമ്പോള്‍ അവിചാരിതമെന്നോണം കാതില്‍ കേട്ട ഗ്രേസി ടീച്ചറുടെയും കൃഷ്ണന്‍കുട്ടി സാറിന്റെയും സംഭാഷണശകലങ്ങള്‍.. അതാണ് അവനെ സ്‌കൂളില്‍ നിന്ന് അകറ്റിയത്. അല്ലെങ്കില്‍ ഏത് കുട്ടിക്കാണ് സ്വന്തം അമ്മയെക്കുറിച്ച് മോശം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം വരാത്തതായുള്ളത്?
ടി. പത്മനാഭന്‍ കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
മരങ്ങള്‍മുറ്റി വളര്‍ന്നിരുന്ന കുന്നിന്‍ചരിവിലൂടെ അവന്‍ അലസനായി നടന്നു. ആളുകള്‍ നടന്നുപോയിരുന്ന വഴികളിലൂടെയൊന്നുമായിരുന്നില്ല അവന്റെ കാലുകള്‍ നീങ്ങിയിരുന്നത്. പതുക്കെപ്പതുക്കെ അവന്റെ മനസ്സ് പഴയ ലോകത്തില്‍ നിന്നും സംഭവങ്ങളില്‍ നിന്നുമൊക്കെ മുക്തമായി വന്നു. അവന്റെ അച്ഛന്‍ ജോലി ചെയ്യുന്ന ഫാക്ടറിയില്‍ നിന്ന് വരുന്ന ഇരമ്പം അവന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല. പൂപ്പാതിരിയുടെ നനഞ്ഞ ചില്ലയിലിരുന്നു പാടുന്ന കാട്ടുപുള്ളിന്റെ സംഗീതം അവന്‍ ശ്രദധിക്കുന്നുണ്ടായിരുന്നില്ല. കൊഴിഞ്ഞുവീണു കിടക്കുന്ന പൂക്കളും ഇലകളും അവന്‍ കാണുന്നുണ്ടായിരുന്നില്ല. അവന് മാത്രം അറിയാവുന്ന എന്തോ ഓര്‍ത്തിട്ടെന്ന പോലെ അവന്‍ പതുക്കെ നടന്നു.
അതെ, വീടു നഷ്ടപ്പെടുന്ന കുട്ടികള്‍ക്കെല്ലാം മാറിനടക്കാന്‍ ചില കൃത്യമായ വഴികളുണ്ട്..അവര്‍ പലതും കാണുന്നില്ല..പലതും ശ്രദ്ധിക്കുന്നില്ല. അവരുടെ മനസ്സിന്റെ സങ്കടങ്ങള്‍ ആരുമറിയുന്നുണ്ടാവില്ല. പലവിധ കാരണങ്ങളാല്‍ വീടു നഷ്ടമായ എത്രയോ കുട്ടികളുണ്ടാവും ഈ ലോകത്തില്‍? നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അവരുടെ വീടുകള്‍ എപ്പോഴെങ്കിലും ഏതെങ്കിലും കാരണത്താല്‍ നഷ്ടമാകുന്നുവെന്ന തോന്നലുണ്ടോ ആവോ?