അജ്ഞാതമായ കാരണങ്ങളാൽ ചിലർ യാത്ര പോകുമ്പോൾ...

കാറ്റ്‌ ആഞ്ഞടിക്കുന്നു.

കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നു.

ഞാന്‍ ആളിപ്പടരുന്നു.

മുടികരിഞ്ഞ മണം

അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍, ഉരുകുന്ന മാംസം,

ചിരിക്കുന്ന തലയോട്ടി 

ഞാന്‍ ചിരിക്കുന്നു 

സ്വന്തം വന്ധ്യത

മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി ഞാന്‍ ചിരിക്കുന്നൂ.....

ഭ്രാന്തമായി.

എന്തുകൊണ്ട് നന്ദിത കെ എസ് എന്ന എഴുത്തുകാരിയുടെ കവിതകൾ ഒന്നും അതി സാധാരണക്കാരായ കവിത ആസ്വാദകരല്ലാത്തവർ പോലും ഹൃദയത്തിൽ ചുമന്നു നടക്കുന്നു? അതിന്റെ ഉത്തരം നന്ദിതയുടെ ജീവിതം പേറുന്ന കവിതകൾ എന്ന് തന്നെയാണ്. ഏറ്റവും നല്ല പ്രായത്തിൽ ആരും കാണാതെ കവിതകൾ(?) എഴുതുകയും അതേ പ്രായത്തിൽ തന്നെ ജീവിതം ആസ്വദിക്കുന്നതിനു മുൻപ് മരണത്തിന്റെ ഈറൻ വയലറ്റ് പൂക്കളെ ചുംബിച്ചു യാത്രയാവുകയും ചെയ്ത നന്ദിത ഇപ്പോഴും സങ്കടത്തിന്റെ കടൽ കാറ്റുകൾ ഹൃദയങ്ങൾ ആഞ്ഞു വീശിക്കുന്നുണ്ട്. 

എത്രയെത്ര കവിതകൾ എഴുതി കഴിഞ്ഞിട്ടാകാം അതിലൊന്ന് ഒടുവിൽ ഒരു കവി അവന്റേതായി വായനക്കാർക്ക് വിട്ടു നൽകാൻ ഉറപ്പിക്കുന്നത്! മറ്റൊരാൾ വായിക്കുമ്പോൾ അവന്റെ ദുഃഖങ്ങൾ അത്രമാത്രം അക്ഷരങ്ങളായി വായനക്കാരൻ പകുത്തെടുക്കുന്നു, അതിനാൽ തന്നെ കവിയുടെ ദുഃഖം ലഘൂകരിക്കപ്പെടുന്നു. പക്ഷെ സ്വയം ഒരു മറയ്ക്കുള്ളിലിരുന്നു എഴുതി വച്ച അക്ഷരങ്ങളെ അവനവന്റേതു മാത്രമാക്കി മാറ്റി വയ്ക്കുമ്പോൾ നന്ദിതയ്ക്ക് സ്വന്തം ദുഃഖം സ്വയം അനുഭവിച്ചു തീർക്കണമെന്ന് വാശിയുണ്ടായിരുന്നോ? നന്ദിതയുടെ ഒപ്പം നടന്നവർ, അവരെ കുറച്ചെങ്കിലും അറിയുന്നവർ പറയുന്നത് പോലെ പുറമേയ്ക്ക് എത്ര മനോഹരിയായ നന്നായി സംസാരിക്കുന്ന നല്ല ക്ലാസ്സുകൾ എടുക്കുന്ന ഒരു അസാധാരണത്വം തുളുമ്പുന്ന സ്ത്രീയായിരുന്നു അവർ!

"ഞാന്‍ ചിരിക്കുന്നു 

സ്വന്തം വന്ധ്യത

മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്ന ഭൂമിയെ നോക്കി ഞാന്‍ ചിരിക്കുന്നൂ.....

ഭ്രാന്തമായി." ഈ വരികളിലുണ്ട് നന്ദിതയുടെ ദുഃഖമെന്നു പറയാം. പക്ഷെ എത്രയോ സങ്കടങ്ങൾക്കു മുകളിൽ അതൊരു പക്ഷെ ഒന്നുമായിരുന്നില്ല എന്ന് അനുമാനിക്കേണ്ടി വരും. ഊഷരമായ ഭൂമിയായി നന്ദിത സ്വയം വിലയിരുത്തുമ്പോൾ അസ്ഥി കരിയുന്ന ഗന്ധവും ചിരിക്കുന്ന തലയോട്ടിയും പ്രതീക്ഷകൾക്ക് നടുവിലും എഴുത്തുകാരിയെ പേടിപ്പിച്ചിട്ടുണ്ടാവണം. എഴുത്തു എന്നത് ആത്മപ്രക്ഷാളനം ആണെന്നും അതിലെല്ലാം നിറഞ്ഞു നിൽക്കുന്നത് എഴുത്തുകാരിയാണെന്നുമുള്ള തെറ്റിധാരണയൊന്നും അല്ലെങ്കിലും ഒരുവിധം വായനക്കാർ ആരും തന്നെ ഇപ്പോൾ വച്ച് പുലർത്താറില്ല. പക്ഷെ ചില വായനകൾ നമ്മെ ചിലതൊക്കെ താരതമ്യപ്പെടുത്താൻ അറിയാതെ നിർദ്ദേശിക്കും. 

"എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു

അന്ന് ....

ഇളം നീല വരകളുള്ള വെളുത്ത കടലാസിൽ

നിന്റെ ചിന്തകൾ പോറിവരച്ച്

എനിക്ക് നീ ജന്മദിനസമ്മാനം തന്നു.

തീയായിരുന്നു നിന്റെ തൂലികത്തുമ്പിൽ,

എന്നെ ഉരുക്കുവാൻ പോന്നവ.

അന്ന്, തെളിച്ചമുള്ള പകലും

നിലാവുള്ള രാത്രിയുമായിരുന്നു.

ഇന്ന്, സൂര്യൻ കെട്ടു പോവുകയും

നക്ഷത്രങ്ങൾ മങ്ങിപ്പോവുകയും ചെയ്യുന്നു.

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകൾക്കും

അനിയന്റെ ആശംസകൾക്കും

അമ്മ വിളമ്പിയ പാൽപ്പായസത്തിനുമിടക്ക് 

ഞാൻ തിരഞ്ഞത് 

നിന്റെ തൂലികയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.

ഒടുവിൽ, പഴയ പുസ്തകക്കെട്ടുകൾക്കിടക്കു നിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോൾ

അതിന്റെ തുമ്പിലെ അഗ്നി

കെട്ടുപോയിരുന്നു!!!"

പ്രണയത്തിന്റെ ചിന്തേരിട്ട വരികളിൽ എന്നോ നഷ്ടമായ തൂലിക തുമ്പിലെ അഗ്നി തന്നെയാണ് നോവിന്റെ കാരണമെന്നും കണ്ടെടുക്കപ്പെടാം. ജീവൻ നഷ്ടമായി കഴിഞ്ഞു വായനക്കാർക്കും ശേഷിക്കുന്ന മനുഷ്യർക്കും എന്ത് നിഗമനങ്ങളിൽ വേണമെങ്കിലും എത്താമല്ലോ. പക്ഷെ നന്ദിതയുടെ മരണം ഇപ്പോഴും നിഗൂഢതകൾ അവശേഷിപ്പിക്കുന്നു, കാരണം അജ്ഞാതമായി തന്നെ തുടരുന്നു. ആത്മഹത്യ ചെയ്ത എഴുത്തുകാരിയുടെ പിന്നാലെ കാരണങ്ങൾ തിരഞ്ഞു അല്ലെങ്കിലും പോയാൽ കൃത്യമായ ഉത്തരം ലഭിക്കില്ല. കാരണം മരണം നേരത്തെ തന്നെ തലച്ചോറിൽ രേഖപ്പെടുത്തി വച്ചതാണ്, കാരണം മാത്രമേ അവ്യക്തമായി തുടരുന്നുള്ളു, അതൊരു പ്രധാനമല്ലാത്ത വിഷയമാണ് താനും. 

നഷ്ടങ്ങളുടെ കണക്കുകൾ ഒരായിരമുണ്ടാകും ഓരോ മരണ വഴിയിലും ചേർത്ത് പിടിയ്ക്കാൻ. എത്ര കിട്ടിയാലും മതിയാകാത്ത സ്നേഹത്തിന്റെ പരിഭവങ്ങൾ, എന്നോ നഷ്ടമായ പ്രണയത്തിന്റെ തൂലിക തുമ്പിലെ അഗ്നി, വന്ധീകരിക്കപ്പെട്ട ഭൂമിയുടെ നിസഹായത, പേറ്റു നോവറിയിച്ചു കൊണ്ട് കരഞ്ഞു പിറക്കുന്ന കവിത... മറ്റു നോവുകൾ ഒക്കെയും മാറ്റി വച്ചാലും കവിതയുടെ നോവ് അത്ര എളുപ്പമല്ല താങ്ങാൻ. പക്ഷെ ഇപ്പോഴും ചോദിയ്ക്കാൻ നാവിൻ തുമ്പിലുള്ള ചോദ്യം ഒരായിരം പേര് ഇതിനോടകം നന്ദിതയുടെ ആത്മാവിനോട് ചോദിച്ചിട്ടുണ്ടാകാം... എന്തിനു സ്വന്തം കവിതകൾ വായനക്കാരിൽ നിന്ന് മറച്ചു വച്ചു എന്നത്. ഒരുപക്ഷെ സ്വന്തം നോവുകൾ മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കാനുള്ള മുറിയ്ക്കുള്ളിലെ കണ്ണാടി മാത്രമായിരിക്കണം നന്ദിതയ്ക്ക് കവിതകൾ. ആ കണ്ണാടിയിൽ മറ്റാരും മുഖം നോക്കില്ല. പരന്നു കിടക്കുന്ന കടൽ പോലെ, ആഴമുള്ള കടൽ പോലെ അതിങ്ങനെ എഴുതിയ ആളെയും വിഴുങ്ങാൻ തയ്യാറായി നിൽപ്പുണ്ടാകും. 

"Now I am a lake. A woman bends over me,

Searching my reaches for what she really is.

Then she turns to those liars, the candles or the moon.

I see her back, and reflect it faithfully."

സിൽവിയ പ്ലാത്ത് മിറർ എന്ന കവിതയിൽ ഇങ്ങനെ എഴുതുന്നു. ഞാനൊരു തടാകമാകുന്നു, ഒരുവൾ എന്റെ മുന്നിൽ അവളെന്താണെന്നു കണ്ടെത്താനായുള്ള ശ്രമവുമായി നിൽക്കുന്നു...

ഓരോ കണ്ണാടിയുടെയും മുന്നിൽ നിൽക്കുന്നത് പോലെയാണ് എഴുത്തുകാരി തന്റെ കവിതയുടെയും മുന്നിൽ നിൽക്കുന്നത്. പക്ഷെ കണ്ടെത്തൽ പരാജയമാണെന്ന് സ്വയം തോന്നൽ അത് മറ്റുള്ളവരെ കാണിക്കുന്നതിൽ നിന്നു നന്ദിതയെ വിലക്കിയിരിക്കാം. പക്ഷെ അവരുടെ വാക്കുകളിൽ നിന്നും സ്വയം തിരിച്ചറിയൽ മറ്റുള്ളവരിലേക്കെത്തുമ്പോൾ ഉള്ള പ്രിയമുള്ളവരുടെ ബുദ്ധിമുട്ടുകളും എഴുത്തുകാരിയെ നോവിച്ചിരിക്കാം.... എന്ത് കാരണമായാലും വായനക്കാരൻ കണ്ടെത്തുന്നതിന് മുൻപ് കവിതയുടെ ആഴങ്ങളിലേക്ക് മുങ്ങി താണു പോയ നന്ദിതയുടെ കവിതകൾ അവരുടെ ആത്മാവ് കുടിയിരിക്കുന്നവയാണ്. മനുഷ്യന്റെ അടിസ്ഥാന വൈകാരികത സങ്കടങ്ങളാണെന്ന ന്യായം മറക്കുന്നില്ല. അത് തന്നെയാണ് നന്ദിതയെ സാധാരണക്കാരനായി പോലും കൂട്ടി ചേർത്ത് വയ്ക്കുന്നതും.