മരിച്ചു പോയ എഴുത്തുകാർ പുസ്തകങ്ങളായി പുനർജ്ജനിക്കുമെന്നു പറഞ്ഞു പോയതാരാണ്? അങ്ങനെയെങ്കിൽ ഷെൽഫിൽ വായിച്ചും വായിക്കാതെയും അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളെല്ലാം അതെഴുതിയ എഴുത്തുകാർ കുടി കൊള്ളുന്ന ശവപ്പറമ്പുകൾ ആവുമോ... സ്വയം പകുത്തെടുക്കപ്പെട്ട എഴുത്തുകാരുടെ ആത്മാക്കൾ ഓരോ പുസ്തകങ്ങളിലൂടെ എത്രയെത്ര ഷെല്ഫുകളിൽ സ്വന്തം വായനയുടെ ഊഴം കാത്തു കിടപ്പുണ്ടാകാം? മാധവിക്കുട്ടിയെ വായിക്കാനെടുക്കുമ്പോൾ ഒരു പരകായ പ്രവേശം അനുഭവപ്പെടുന്നുണ്ട്. ഒരു പക്ഷെ മറ്റ് ഏതൊരു എഴുത്തുകാരും പിടി തരാത്ത വായനയുടെ വസന്തങ്ങളിലേയ്ക്ക് സ്നേഹത്തെ കുറിച്ച് മാത്രം പറഞ്ഞു കൊണ്ട് ഒരാൾ കയറി വരുമ്പോൾ എങ്ങനെ അനുഭൂതിയെ സ്വയം ഏറ്റു വാങ്ങാതെയിരിക്കും? മാധവിക്കുട്ടിയെന്നാൽ സ്ത്രീകൾക്ക് പറയാൻ പറ്റാതെ പോയ വരികളുടെ ആത്മാവിഷ്കാരവും പുരുഷന് ഒടുങ്ങാത്ത കാമനയുമാണ്.
സ്വന്തം വരികൾ കൊണ്ടും ജീവിതം കൊണ്ടും ഇത്രയേറെ ചർച്ച ചെയ്യപ്പെട്ട ഒരു എഴുത്തുകാരി ഇന്ത്യൻ സാഹിത്യത്തിൽ വേറെ ഉണ്ടായിരുന്നില്ല. "എന്റെ കഥ" പോലെയുള്ള പുസ്തകങ്ങൾ ചർച്ച ചെയ്യപ്പെടുമ്പോൾ തന്നെ മാധവിക്കുട്ടിയുടെ ജീവിതവും വായനക്കാർ മറ്റൊരു തട്ടിൽ സംസാരമാക്കി. മതം മാറ്റവും അരാജകത്വം പേറുന്ന പ്രണയ ജീവിതവും ഒരു സാധാരണ സ്ത്രീയിൽ നിന്നും അവരെ എന്നും അകറ്റി തന്നെ നിർത്തി. ഒട്ടേറെ എഴുത്തുകാരികൾക്ക് മുന്നിലുള്ള ബുദ്ധിമുട്ടേറിയ വഴി വെട്ടിയൊരുക്കിയ മാധവിക്കുട്ടിയെ അല്ലെങ്കിലും പരാമർശിക്കാതെ കേരള സാഹിത്യം മുന്നോട്ടു പോകുകയുമില്ല.
"പ്രകടമാക്കാനാവാത്ത സ്‌നേഹം നിരര്‍ത്ഥകമാണ്. പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും" നീർമാതളം പൂത്ത കാലം എന്ന ആത്മകഥാപരമായ പുസ്തകത്തിൽ മാധവിക്കുട്ടി ഇങ്ങനെ പറയുന്നുണ്ട്. അത് സത്യവുമാണ് അവരുടെ ജീവിതത്തിൽ. ഉള്ളിലുള്ള നിറഞ്ഞു തുളുമ്പുന്ന സ്നേഹം മുന്നിലുള്ള ആളോട് തുറന്നു വച്ച സ്ത്രീയായിരുന്നു അവർ. ഒരാളെ ഇഷ്ടപ്പെട്ടാൽ സാമ്പത്തിക ബുദ്ധിമുട്ടു പോലും നോക്കാതെ എന്ത് സഹായവും ചെയ്യാൻ എപ്പോഴും ശ്രമിക്കാറുള്ള മാധവിക്കുട്ടിയെ സുഹൃത്തുക്കൾ ഇപ്പോഴും ഓർക്കുന്നു. അരാജകത്വ സ്വഭാവം എന്ന് പറയുമ്പോഴും ജീവിതത്തെ ഏറ്റവും മാന്യമായ രീതിയിൽ ജീവിച്ചു തീർത്ത വ്യക്തി തന്നെയായിരുന്നു മാധവിക്കുട്ടി. ദാസേട്ടൻ എന്ന് വിളിച്ചിരുന്ന മാധവദാസ് തനിക്കെതിരെ, തന്റെ ഭർതൃത്വത്തിനെതിരെ മാധവിക്കുട്ടി എഴുതുമ്പോഴും ഏറ്റവും നിശബ്ദമായി നിന്ന് എഴുത്തുകാരിയെ ക്രിയാത്മകതയെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയുമായിരുന്നു. സ്നേഹത്തിനു നാനാതരം അർത്ഥം ജീവിതത്തിൽ കൽപ്പിച്ചെടുത്ത എഴുത്തുകാരി സ്നേഹത്തിനു വേണ്ടി തന്നെ പ്രിയപ്പെട്ട ദാസേട്ടന്റെ പ്രിയപ്പെട്ട ആമിയാവുകയും ചെയ്തിരുന്നു. അവരുടെ ജീവിതം പരാജയമായിരുന്നു എന്നുറക്കെ പറഞ്ഞവർക്ക് മുന്നിലേയ്ക്ക് ഏറ്റവും നിരാശയിലും സങ്കടങ്ങളിലും പെട്ടെന്ന് ആണ്ടു പോകുന്ന ആമിയെ "നല്ല കുട്ടി" ആക്കാനും ആമിയുടെ ദാസേട്ടനെ കഴിഞ്ഞിരുന്നുള്ളൂ എന്നത് അവരുടെ ബന്ധത്തിന്റെ ഉറപ്പ് വെളിപ്പെടുത്തുന്നുണ്ട്.
ഏറെ വിവാദങ്ങൾക്കു കാരണമായ മാധവിക്കുട്ടിയുടെ മതം മാറ്റത്തിന്റെ കാരണം ഇപ്പോഴും ഉറക്കെ പറയാൻ മാത്രം വ്യക്തമല്ല. കൃഷ്ണന്റെ രാധയായി സ്വയം കല്പിക്കപ്പെട്ടിരുന്ന മാധവികുട്ടി കമലാ സുരയ്യയാകുമ്പോഴും കണ്ണന്റെ മുഖമോ കണ്ണനോടുള്ള പ്രണയമോ മാറുന്നില്ലെന്നും താനെന്നും മാധവന്റെ മാധവിയായിരിക്കുമെന്നും അവർ മനസ്സിന് ഉറപ്പു കൊടുത്തിട്ടുണ്ടായിരുന്നിരിക്കണം. മതം എന്നത് മനുഷ്യന്റെ പുറം മോടി മാത്രമാണെന്നും ഉള്ളിൽ എപ്പോഴും പ്രണയവും സൗഖ്യവും കൊതിക്കുന്ന ഒരു അസാധാരണ ഉന്മാദിനി ഉണ്ടെന്നും അവൾ തിരയുന്നത് കണ്ണന്റെ വ്യത്യസ്തമായ പ്രണയ സഞ്ചാരമാണെന്നും അവർ മതം മാറിയപ്പോഴേ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. ഇക്കാര്യത്തിൽ അവരെ അപഹസിക്കുന്നവരാണ് ഒരുപക്ഷെ കൂടുതൽ. മതം മാധവിക്കുട്ടിയെ സംബന്ധിച്ച് ഒരു വിഷയമേ ആയിരുന്നില്ല എന്നുറപ്പാണ്. പ്രണയവും അതിന്റെ നിരാസവും മാത്രമാണ് അവരെ നോവിച്ചത്, അത് തിരിച്ചറിയാതെയുള്ള മാധവിക്കുട്ടിയെ കണ്ടെത്തൽ അത്രമേൽ അപൂർണവും ആയിരിക്കും.
"ആമി" എന്ന സിനിമ ഇറങ്ങുമ്പോഴും ഇത് മാത്രമാണ് വിഷയം. മഞ്ജു വാരിയർ എന്ന നടി മാധവിക്കുട്ടിയുടെ കോസ്റ്റ്യൂമിൽ കൃത്യമാകുമോ എന്ന ചോദ്യത്തിനല്ല പ്രസക്തി. മറിച്ച് മാധവിക്കുട്ടിയും കമലാ സുരയ്യയും കമലാ ദാസുമൊക്കെ ആയി ഒരേ ജന്മത്തിൽ തന്നെ രണ്ടിലധികം ജന്മങ്ങൾ ജീവിച്ചു തീർത്ത ആമിയുടെ ജീവിതം അഭ്രാപാളിയിൽ എത്രമേൽ സത്യസന്ധം ആയിരിക്കും എന്നതാണ് പ്രസക്തമായത്. മാധവിക്കുട്ടിയുടെ എത്ര ഓർമ്മ ദിവസങ്ങൾ കഴിഞ്ഞാലും അലമാരയിലെ അവരുടെ പേരുള്ള പുസ്തകങ്ങളിൽ നുറുങ്ങി കിടക്കുന്ന മാധവിക്കുട്ടിയുടെ ആത്മാവിനെ വായനയിലൂടെ മോക്ഷം നൽകാതെയിരിക്കാൻ ഓരോ വായനക്കാരനും ശ്രമിച്ചു കൊണ്ടേയിരിക്കും. കാരണം മാധവിക്കുട്ടി വായനക്കാരന് അഭ്രപാളികൾക്കപ്പുറമുള്ള ഒരു വൈകാരിക വായനയാണ്.