നിങ്ങൾ പശുവിന്റെ ഉടമസ്ഥരാണോ?

ചിത്രത്തിന് കടപ്പാട്- ഫെയ്സ്ബുക്

കാലത്തിന് മുമ്പോട്ടും പിറകോട്ടും എത്രവേണമെങ്കിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാർക്കുണ്ട്. അങ്ങനെ കാലങ്ങൾക്കു മുമ്പേ എഴുതപ്പെട്ട ഇന്നിന്റെ ചരിത്രമാണ് 1968 ൽ മാധവക്കുട്ടി എഴുതിയ വിശുദ്ധപശു എന്ന കഥ. രാജ്യത്ത് ഇന്ന് നടക്കുന്നത് മുൻകൂട്ടി കണ്ട എഴുത്തുകാരി എന്ന വിശേഷണത്തോടെ ആണ് മാധവിക്കുട്ടിയുടെ ഈ ചെറുകഥ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

വിശപ്പടക്കാനായി കുപ്പതൊട്ടിയിൽ നിന്ന് പഴത്തൊലികൾ പെറുക്കി തിന്നുന്ന ബാലനെ ചുറ്റി പറ്റിയാണ് കഥ വികസിക്കുന്നത്. പഴത്തൊലിക്ക് വന്ന് ഒരു പശു പിടികൂടുമ്പോൾ കുട്ടി പശുവിനെ തട്ടി മാറ്റുന്നു. ഇവിടെ പശുവിന്റെയും കുട്ടിയുടെയും പ്രശ്നം വിശപ്പാണ്. പഴത്തൊലിയുടെ അവകാശി തീർച്ചയായും പശു തന്നെ, എന്നാൽ പഴത്തിന്റെ അവകാശിയായ കുട്ടിക്ക് അവന്റെ വിശപ്പടക്കാൻ ചവറ്റുകുട്ടയിൽ തപ്പേണ്ടി വരുന്ന ദാരിദ്രത്തിന്റെ മുഖം കഥയുടെ ആരംഭത്തിൽ തന്നെ വ്യക്തമാകുന്നു. ദാരിദ്ര്യം ഇന്നും നമ്മുടെ രാജ്യത്ത് പറഞ്ഞുകേട്ട കഥയല്ല. അത് വലിയൊരു വിഭാഗം അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. വിശപ്പ് മാത്രമാണ് പശുവിനെ ഓടിക്കുവാൻ കുട്ടിയെ പ്രേരിപ്പിക്കുന്നത്.

ഉടൻ കുറിച്ച് സന്യാസിമാർ പ്രത്യക്ഷപ്പെട്ട് കുട്ടിയോട് ചോദിക്കുന്നു. വിശുദ്ധമൃഗമായ പശുവിനെ നീയാണോ ഉപദ്രവിച്ചത്? ഞാൻ ഉപദ്രവിച്ചില്ല എന്ന് കുട്ടിയുടെ ഉത്തരം. ഞാൻ തിന്നിരുന്ന പഴത്തോൽ തട്ടി പറിക്കാൻ ശ്രമിച്ചതുകൊണ്ട് ഓടിച്ചു വിട്ടതാണ്. വിശപ്പിനും മനുഷ്യനും മുകളിലാണല്ലോ മതത്തിന്റെ സ്ഥാനം. നിന്റെ മതമേതാണ്? സന്യാസിമാരുടെ ചോദ്യം ഉടൻ വന്നു. വിശക്കുന്നവന്റെ മതം വിശപ്പ് മാത്രമാണ്. ആഹാരം നൽകുന്നവൻ അവന്റെ ദൈവവും. 

മതം? അതെന്ത്? എന്ന് അവൻ തിരിച്ചു ചോദിക്കുന്നത് വായിക്കപ്പെടുന്നത് തന്നെ ദൈവനിഷേദമായാണ്. വിശുദ്ധപശുവിനെ ഉപദ്രവിച്ച അവൻ അപരമതക്കാരൻ. ഇനി അവനെ ആക്രമിക്കുക തന്നെ. കുട്ടിയുടെ പ്രശ്നം മതമോ ജാതിയോ പശുവോ അല്ല, അവന് നാണം മറക്കാൻ തുണിയില്ല, വിശപ്പകറ്റാൻ ആഹാരമില്ല, അതിന് അപ്പുറം മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാനുമില്ല. 

നിങ്ങൾ പശുവിന്റെ ഉടമസ്ഥരാണോ? എന്ന് കുട്ടി ചോദിക്കുന്നിടത്ത് എത്രയോ വർഷങ്ങൾക്കു മുമ്പുതന്നെ പശുവിന്റെ ഉടമസ്ഥാവകാശത്തെ കുറിച്ച് മാധവിക്കുട്ടി എന്ന എഴുത്തുകാരി ചിന്തിച്ചു തുടങ്ങിയിരുന്നു എന്ന് വ്യക്തം. ഇന്ന് ഇന്ത്യമുഴുവൻ ആ ചോദ്യത്തെ കുറിച്ച് ചിന്തിക്കുന്നു. പുല്ലും വെള്ളവും നൽകി വളർത്തിയവനെക്കാളേറെ മറ്റാരാണ് പശുവിന്റെ അവകാശി? പശുവിന്റെ ജീവനും മനുഷ്യന്റെ ജീവനും വെച്ച് വില പേശുമ്പോൾ ഏത് ജീവനാണ് പ്രധാന്യം കൊടുക്കേണ്ടത്?

ശരിയാണ് മാധവിക്കുട്ടി കാലത്തിനു മുമ്പേ നടന്ന ഒരു കഥാകൃത്ത് ആയിരുന്നു.