'അഭിമാനിക്കുന്നു. പൊരുതി നിന്ന പെൺകുട്ടിയെകുറിച്ച്, സിനിമാലോകത്ത് ശുദ്ധികലശം നടത്താൻ ഈ കേസ് ഒരു നിമിത്തമാകട്ടേ '

നടിക്ക് നേരെ ഉണ്ടായ അക്രമണ കേസ് സുപ്രധാന വഴിത്തിരിവിലേക്ക് നീങ്ങുമ്പോൾ പൊരുതി നിന്ന പെൺകുട്ടിക്കും, കേരള പോലീസിനും, സാമൂഹമാധ്യമങ്ങൾക്കുമെല്ലാം അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മലയാളത്തിലെ  പെൺഎഴുത്തുകാർ. 

പൊരുതി നിന്ന പെൺകുട്ടിയെകുറിച്ചും, എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ചു അവൾക്കൊപ്പം നിന്ന ഇടതുപക്ഷ സർക്കാരിനെ കുറിച്ചും, കേരള പോലീസിനെ കുറിച്ചും, എല്ലാ പിന്തുണയും നൽകിയ പൊതുസമൂഹത്തെ കുറിച്ചും, വിടാതെ പിന്തുടർന്ന സോഷ്യൽ മീഡിയയെ കുറിച്ചും, വിവേകം കൈവിടാതെ ഇടപെട്ട  മാധ്യമങ്ങളെ കുറിച്ചും, ജാഗ്രത ഉള്ളവരായിരിക്കാൻ ശ്രദ്ധിച്ച മനുഷ്യസ്നേഹികളെ കുറിച്ചും അഭിമാനിക്കുന്നുവെന്നും ഇത് ഒരു കൂട്ടായ വിജയമാണെന്നും ശാരദക്കുട്ടി ഫെയ്സ് ബുക്കിൽ കുറിച്ചു. തല ഉയർത്തി നിൽക്കാൻ സ്ത്രീകൾക്ക് അവസരം ഉണ്ടാക്കിയ തീരുമാനമെന്നും അവർ പോസ്റ്റിൽ പറഞ്ഞു. 

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം– 

'അഭിമാനിക്കുന്നു.പൊരുതി നിന്ന പെൺകുട്ടിയെകുറിച്ച്. എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ചു് അവൾക്കൊപ്പം നിന്ന ഇടതുപക്ഷ സർക്കാരിനെ കുറിച്ച്. കേരള പോലീസിനെ കുറിച്ച്. എല്ലാ പിന്തുണയും നൽകിയ പൊതുസമൂഹത്തെ കുറിച്ച്.വിടാതെ പിന്തുടർന്ന സോഷ്യൽ മീഡിയയെ കുറിച്ച്. വിവേകം കൈവിടാതെ ഇടപെട്ട മറ്റു മാധ്യമങ്ങളെ കുറിച്ച്...ജാഗ്രത ഉള്ളവരായിരിക്കാൻ ശ്രദ്ധിച്ച മനുഷ്യസ്നേഹികളെ കുറിച്ച്...ഇത് ഒരു കൂട്ടായ വിജയം. തല ഉയർത്തി നിൽക്കാൻ സ്ത്രീകൾക്ക് അവസരം ഉണ്ടാക്കിയ തീരുമാനം.'

ദിലീപിന്റെ അറസ്റ്റിനെപ്പറ്റി രണ്ട്‌ വാക്ക് പറയൂ എന്ന കമന്റിന്  കവിയത്രി സാവിത്രി രാജീവൻ ഫെയ്സ്ബുക്കിൽ ഇങ്ങനെ മറുപടി നൽകി. 'തീര്‍ച്ചയായും ഈ സംഭവം ആക്രമിക്കപ്പെട്ട നടിയിലേക്കും ദിലീപിലേക്കും ചുരുക്കിക്കാണേണ്ടതില്ല. ഇന്നോളം നമ്മുടെ സമൂഹം സ്ത്രീകള്‍ക്ക് നേരെ സ്വീകരിച്ച ജനാധിപത്യ വിരുദ്ധതയ്ക്ക് എതിരായിട്ടുള്ള ഒരു പുതിയ ഉണർവ്വ് ആയി ഇതിനെ കാണാം. കോടമ്പാക്കത്ത് പുരുഷമേധാവികളുടെ പീഡനങ്ങൾക്കിരയായി ദുരിതം പേറി മരിച്ച അനേകം സ്ത്രീകൾക്ക് വേണ്ടിക്കൂടിയാവാം ഈ ഉണർവ്വ്. എന്നാൽ ഒരിരയെ ലഭിച്ചിട്ടെന്നവണ്ണം ആർത്തുല്ലസിക്കുന്ന ആൾക്കൂട്ടത്തിന്റെ മനസ്സിനോട് താൽപ്പര്യമില്ല.'

സ്വന്തം രക്തത്തെ തിരിച്ചറിഞ്ഞ് ആപത്തിൽ കൂട്ടുകാരിയോടൊപ്പം ഉറച്ചു നിന്ന പെൺ കൂട്ടായ്മയായ wcc യ്ക്ക് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഗീത അഭിനന്ദനങ്ങൾ അറിയിച്ചു.

ഡബിങ് ആർടിസ്റ്റും സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഭാഗ്യലക്ഷ്മി വിഷയത്തോട് പ്രതികരിച്ചതിങ്ങനെ–

'ഇന്നാവാം അവൾ ഒന്ന് ഉറങ്ങിയത്..ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനം,വേദന, അതിന് പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ല. രണ്ട് ദിവസം മുമ്പും അവളെന്നോട് പറഞ്ഞു, "ഞാനിങ്ങനെ ഇപ്പോഴും ഓടി നടന്ന് അഭിനയിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമില്ലെന്ന് പലരും കരുതുന്നുണ്ടാവാം,,ഞാൻ കരയുന്നുണ്ട്, പ്രാർത്ഥിക്കുന്നുണ്ട്, എന്റെ ഉള്ളിലെ തീ അണയാതെ മരണംവരെ ഞാനിതിന് വേണ്ടി പോരാടും, എന്നെ കുറ്റപ്പെടുത്തുന്നവരേയും, എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നതും പ്രാത്ഥിക്കുന്നതും എല്ലാം ഞാൻ കാണുന്നുണ്ട് ചേച്ചി" എന്ന്.

പണവും സ്വാധിനവുമെല്ലാം ഉണ്ടായിട്ടും അവർ രക്ഷപെടാതിരുന്നതിന് കാരണം നിന്റെ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടാണ്,, 

ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി നീയാണ്, അതോർത്ത് ഇനി നീ സമാധാനമായി ഒന്നുറങ്ങൂ..

ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം.. ഈ കേസ് ഇത്ര വേഗത്തിൽ നടപടിയിലേക്ക് എത്തിയതിന് കാരണം മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാണ്, അതിന് അവർ കേട്ട പഴി ചെറുതല്ല,Tam Rating കൂട്ടാൻ എന്ത് വൃത്തികേടും കാണിക്കും എന്ന് പോലും വിമർശനം കേട്ടു.. ഏഷ്യാനെറ്റ് വിനുവും മാതൃഭൂമി വേണുവും കേൾക്കാത്ത അസഭ്യമില്ല, വ്യക്തി വിരോധമാണെന്നും പറഞ്ഞു പലരും. എന്നിട്ടും അവർ പിന്മാറാതെ നിന്നു.. പൊതുജനം പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ച്കൊണ്ടേയിരുന്നു..

സിനിമാലോകമോ?

എല്ലാം കണ്ടും കേട്ടും മൗനമായിരുന്നു.. എനിക്കെന്തെങ്കിലും നഷ്ടമാകുമോ എന്ന ഭയമായിരുന്നു ആ മൗനത്തിന് കാരണം.

തെളിവിന്റെ പേരിൽ കോടതിയിൽ ഇനി ഇതെന്താവും എന്നതാണ് അടുത്ത വിഷയം...അത് നമുക്ക് കാത്തിരുന്ന് കാണാം.

സിനിമാലോകത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന മാഫിയകളെ അകറ്റാൻ,

ശുദ്ധികലശം നടത്താൻ ഈ കേസ് ഒരു നിമിത്തമാകട്ടേ എന്ന് ഞാനാഗ്രഹിക്കുന്നു.'