മാൻ ബുക്കർ പുരസ്കാര ചുരുക്കപ്പട്ടികയിൽ അരുന്ധതി റോയിയുടെ പുതിയ നോവൽ!

2017 ലെ മാൻ ബുക്കർ പുരസ്കാരത്തിന് പരിഗണിക്കുന്ന പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിൽ അരുന്ധതി റോയിയുടെ പുതിയ നോവലായ 'ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്' ഇടം നേടി. ബുക്കർ പുരസ്കാരത്തിന്റെ ആദ്യറൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 13 പുസ്തകങ്ങളുടെ ലിസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ നിന്ന് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക സെപ്റ്റംബർ 13 നും വിജയിയെ ഒക്ടോബർ 17 നും പ്രഖ്യാപിക്കും.

അരുന്ധതി റോയിയുടെ ആദ്യനോവലായ ഗോഡ് ഓഫ് സ്മോൾ തിങ്സിന് 1997 ലെ ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു. ഇരുപതുവർഷത്തെ ഇടവേളക്ക് ശേഷം ഈ വർഷമാണ് അരുന്ധതി റോയ് രണ്ടാമത്തെ നോവലുമായി വീണ്ടുമെത്തിയത്. ഇന്റർസെക്സ് ആയി ജനിക്കുകയും പുരുഷനായി വളർത്തപ്പെടുകയും പിന്നീട് തന്റെ സ്വത്വം പെണ്ണിന്റെയെന്ന് തിരിച്ചറിയുകയും ചെയ്യുന്ന അൻജും ആണ് നോവലിലെ പ്രധാനകഥാപാത്രങ്ങളിൽ ഒരാൾ. യുദ്ധവും, സമാധാനവും, പ്രണയവുമൊക്കെ നോവൽ ചർച്ച ചെയ്യുന്നു. പെൻഗ്വിൻ ബുക്ക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

ശ്രേഷ്ഠവും പ്രധാനവുമായ ബുക്കെന്നാണ് ജൂറി 'ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസി'നെ വിശേഷിപ്പിച്ചത്. മാൻ ബുക്കർ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ പുസ്കത്തിന്റെയും രചയിതാക്കൾക്ക് മാൻ ഗ്രൂപ്പ് സിഇഒ ലൂക്ക് എല്ലിസ് അഭിനന്ദനങ്ങൾ അറിയിച്ചു.

1969 ലാണ് മാൻ ബുക്കർ പുരസ്കാരം നൽകി തുടങ്ങിയത്. 50, 000 പൗണ്ടാണ് അവാർഡ് തുക. രണ്ടാമത്തെ നോവലിനും അരുന്ധതി റോയ് മാൻ ബുക്കർ പുരസ്കാരം നേടുമോ എന്ന ആകാംഷയിലാണ് സാഹിത്യ ലോകം.