ലിപിയും ഭാഷയും കാലത്തിന് അനുസരിച്ച് പുതുക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഏത് ഭാഷയാണെങ്കിലും അത് അങ്ങനെ തന്നെ. മലയാളഭാഷയെ സംരക്ഷിക്കണം എന്ന ആവശ്യവും ഇന്നും ഇന്നലെയും ഉയർന്നുവന്ന ഒന്നല്ല. ലിപി പരിഷ്കരണത്തെ കുറിച്ച് 1994–ൽ ഒ.വി. വിജയൻ പങ്കുവെച്ച ചില ചിന്തകൾ–
ലിപി – ഒരു വീണ്ടുവിചാരം
ഒ.വി. വിജയൻ
മലയാളത്തെ രക്ഷിക്കണമെന്നു സത്യസന്ധമായ ഉൽക്കണ്ഠയോടെ വിളിച്ചു പറയുന്ന ഭാഷാപ്രേമികൾ വിസ്മരിക്കുന്ന ഒരു ഘടകം ലിപി പരിഷ്കരണമാണ്. ഈ പരിഷ്കരണം നടപ്പിലാക്കുന്നതിനു മുൻപ് വ്യാപകമായ ഒരു ചർച്ച നടന്നതായി അറിഞ്ഞില്ല. എൻ.വിയെപ്പോലുള്ള പണ്ഡിതന്മാർ സ്വന്തം പാണ്ഡിത്യത്തെ യാഥാസ്ഥിതികമെന്നു കരുതി വിഗ്രഹഭഞ്ജനത്തിനു മുതിർന്നതായിരുന്നു എന്നു ധരിക്കണം. പഴയതെല്ലാം വർജ്ജ്യം, പുതിയതെന്തും സ്വീകാര്യം എന്ന അന്ധവിശ്വാസത്തിൽ ജീവിച്ചു മരിച്ച ഒരു തലമുറയുടെ പാളിച്ചയാണ് ഇത്. ഞാൻ ഓർക്കുന്നു, ഭാഷാ ശാസ്ത്രജ്ഞനായ ഒരു സുഹൃത്ത് പറഞ്ഞത്: രാഘവൻ എന്നും രാഖവൻ എന്നും എഴുതാം, ഏതെങ്കിലും ഒരക്ഷരം മതി, ഏതായാലും ആ പദം രാഗവനായി മാറിക്കഴിഞ്ഞിരിക്കും.
ഇപ്രകാരം അക്ഷരസമുച്ചയത്തെ വെട്ടിക്കുറച്ചാൽ ഉണ്ടാകുന്ന തൊഴിൽ ലഘൂകരണം, ചെലവുചുരുക്കൽ മുതലായ പ്രതീക്ഷകളോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിഞ്ഞുകൂടാ.
ഒരു സന്ദേഹം
ഒരു സന്ദേഹത്തെ മാത്രം ഉന്നയിക്കാനുള്ള ധൈര്യം എനിക്കുണ്ട് – ഭാഷ എന്നാൽ എന്താണ് – വിവരങ്ങളുടെ കൈമാറ്റമോ, അതോ പ്രാചീന ഭൂതകാലങ്ങളെയും അനന്തമായ ഭാവിയെയും, എതെല്ലാമോ മണ്ഡലങ്ങളെയും വിതാനങ്ങളെയും സംബന്ധിക്കുന്ന ഒരു പാടവവിശേഷമോ?
ഇത്തരം ചോദ്യങ്ങൾക്ക് ഇടംകൊടുക്കാതെ, ഏതാണ്ട് ഒരു ‘ഓർഡിനൻസ്’ പോലെ ഈ പരിഷ്കരണം നടപ്പാക്കപ്പെട്ടു.
‘‘ ഇത് ആരാണമ്മേ?’’പ്രാഥമിക വിദ്യലയത്തിൽ പഠിക്കുന്ന കുട്ടി ചോദിക്കുന്നു, ‘‘ഗാന്ധി? അയാളുടെ ജന്മദിനമല്ലേ നാളെ?’’
‘‘ഓ, അദ്ദേഹമോ? നമ്മുടെ പഴയ ലിപിയിലെ ഗാന്ധി. ’’
ദുരന്തം
തങ്ങളുടെ തുടക്കങ്ങളറിയാതെ ഏതൊക്കെയോ ചരിത്ര – സാംസ്കാരിക അനുഭവങ്ങൾ പരുക്കനായ സൗന്ദര്യ ശാസ്ത്രത്തിന്റെ തരിശുകളിൽ അലയുന്നു. ഭാഷയുടെ ദുരന്തമാണിത്, ഭാഷ ഉപയോഗിക്കുന്നവരുടെയും. ഭാഷ ഏതോ സ്ഥിരമായ ശബ്ദകോശമാണ് എന്നല്ല ഈ പറഞ്ഞത്. നേരെമറിച്ച്, അതു നിരന്തരമായ സൂക്ഷ്മ ചലനങ്ങളുടെ കഥയാണ്. പക്ഷേ എടുത്തു ചാട്ടം ഓർഡിനൻസുകളിലൂടെ നടത്തുന്നതു ശരിയല്ല. മലയാളത്തിന്റെ വക്കിടിഞ്ഞുപോയാൽ പോകട്ടെ; നാം അതിനെ നമ്മുടെ ഉന്നമനത്തിനുവേണ്ടി ഉപയോഗിക്കാറില്ലല്ലോ. പിടിച്ചു കയറാൻ ഇംഗ്ലീഷ്; ആത്മരക്ഷയ്ക്ക് ഹിന്ദി. ഇതിൽ സത്യമുണ്ടുതാനും. പക്ഷേ ഈ ത്രിഭാഷാ സമവാക്യത്തിൽ ഒതുക്കിക്കൊണ്ടു പോകുന്ന ഒരു ജീവിതം നമ്മെ സമ്പൂർണ്ണ മനുഷ്യരാക്കുമോ? നിരവധി പഠനങ്ങളിലൂടെ വെളിച്ചം കിട്ടേണ്ട ഈ പ്രതിസന്ധിക്കു ലളിതമായ പ്രതിവിധികളില്ല.
പരിഷ്കരണത്തിന്റെ കഥയിൽ നമ്മെ അമ്പരപ്പിക്കുന്ന ഉപകഥകളുണ്ട്. ഇതിൽ പ്രധാനമായത് പുരോഗമനം എന്ന സങ്കൽപത്തിനു നേരിട്ട അർത്ഥാന്തരമാണ്. പുതിയ ലിപി ഈ പുരോഗതിയുടെ ഉപകരണങ്ങളിൽ ഒന്നായി. പുതിയ ലിപി, കീടനാശിനി, രാസവളം, വലിയ അണക്കെട്ട്, ബ്രോഡ് സ്പെക്ട്രം ആന്റിബയോട്ടിക്, ഒരു പാക്കേജ് ഡീലിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളായി ഇവയത്രയും നമ്മെ നേരിടുകയാണ്.
നഷ്ടസ്മൃതി
ക,ഖ,ഗ – കാരങ്ങളെ വേർതിരിച്ച് ഉച്ചരിക്കാത്ത ഭാഷയുടെ പ്രയോഗത്തിൽ തകർന്നു വീഴുന്ന സംഭാഷണകല ഇന്ന് ഒരു നഷ്ടസ്മൃതി മാത്രം. ടെലിവിഷൻ, പത്രം, സാർത്ഥകങ്ങളായ അയൽപക്കങ്ങളുടെ തിരോധാനം എന്നിവയൊക്കെ ഈ തകർച്ചയ്ക്കു കൂട്ടുനിൽക്കുന്നു.
പരിഷ്കരണത്തിന്റെ ഈ വിപുല മാനങ്ങളെ കാണാതെയാണോ ഒരു ചെറുസംഘം പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും അതു നടപ്പിലാക്കിയത് ? ഈ പരിഷ്കരണം നടപ്പായാൽ ലൈനോടൈപ്പുകളുടെ കാര്യക്ഷമത വർദ്ധിക്കുമെന്നു നമ്മെ ധരിപ്പിച്ചാണു പുതിയ ലിപി അരങ്ങേറിയത്. ഹോട്ട് മെറ്റൽ (hot metal) ടെക്നോളജിയുടെ അവസാന നാളുകളിലായിരുന്നു അത്. അതു കാലേകൂട്ടി കണ്ടറിയാൻ കഴിയാെതപോയത് അക്ഷന്തവ്യം.
കംപ്യൂട്ടറുകൾ അച്ചടിയരങ്ങ് പിടിച്ചുപറ്റാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
മലയാള അക്ഷരങ്ങളെ പുതിയ ലിപിയുടെ വികലാംഗതയിൽനിന്ന് എങ്ങനെ രക്ഷപ്പെടുത്താം, ഭാഷയുടെ ദൃശ്യ സൗന്ദര്യത്തെ എങ്ങനെ വീണ്ടെടുക്കാം എന്ന ചോദ്യങ്ങൾ മലയാള ഭാഷാപണ്ഡിതന്മാരെ അലട്ടാത്തതിൽ എനിക്കു അത്ഭുതം തോന്നുന്നു. കംപ്യൂട്ടറുകളെ ഈ തിരിച്ചെടുക്കലിന് ഉപയോഗപ്പെടുത്താം എന്ന വാസ്തവവും ഇവിടെ സ്മരിക്കപ്പെടണം.
കയ്യെഴുത്തില്ലാതെ, ഉച്ചാരണമില്ലാതെ, പാടാനും ചൊല്ലാനും ഗാഥയും ശ്ലോകവുമില്ലാതെ, കൂട്ടക്ഷരങ്ങളുടെ വാസ്തുശില്പമില്ലാതെ മലയാള ഭാഷ അനിശ്ചിതമായ ഭാവിയിലേക്കു നീങ്ങുകയാണ്. വിവിധ തുറകളിൽ വർത്തിക്കുന്ന വിദഗ്ദ്ധന്മാർ ഒന്നുചേർന്നു പോംവഴി കണ്ടെത്തേണ്ടുന്ന ഒരു മഹാ സമസ്യയാണിത്.
(അവസാനിച്ചു)