കേരളപിറവിയുടെ അറുപതാം വാർഷികം പ്രമാണിച്ച് എൻ.എസ് മാധവൻ തെരഞ്ഞെടുത്ത അറുപത് മലയാള കഥകളുടെ സമാഹാരം ഡി.സി ബുക്സ് പുറത്തിറക്കി. കെ.എ. സെബാസ്റ്റ്യനില് നിന്ന് എസ് ഹരീഷ് പുസ്തകം ഏറ്റുവാങ്ങി. കാരൂർ മുതൽ, ധന്യ എം.ഡി വരെയുള്ളവരുടെ കഥകൾ ഉൾപ്പെടുന്നതാണ് പുസ്തകം.
അറുപത് മലയാളകഥകൾ. മലയാളി കേരളീയൻ ആയതിന്റെ അറുപത് വർഷങ്ങൾ എന്ന് എൻ.എസ്. മാധവൻ പുസ്തകത്തെ കുറിച്ച് ട്വിറ്ററിൽ കുറിച്ചു.
ദേവദാസ്, സന്തോഷ് കുമാറ്, ഉണ്ണി ആർ, സുസ്മേഷ് ചന്ദ്രോത്ത്, സന്തോഷ് എച്ചിക്കാനം, എസ്. ഹരീഷ് തുടങ്ങിയവരുടെ കഥകൾ സമാഹാരത്തിൽ ഉൾക്കൊള്ളുന്നു. എന്നാൽ അറുപതു വർഷത്തെ മലയാള കഥാചരിത്രത്തിൽ നിന്ന് ഒഴിവാക്കാനാവാത്ത എൻ.എസ് മാധവന്റെ കഥകളൊന്നും സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് എൻ.എസ് മാധവന്റേത് ആയതിനാലാവാം ഇത് എന്നും എൻ.എസ് മാധവന്റെ ഒരു കഥ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടാൽ ഞാൻ അതിലേക്ക് നാലാം ലോകം എന്ന കഥ ശുപാർശ ചെയ്യുമെന്ന് പുസ്തകം ഏറ്റുവാങ്ങിയ എസ്.ഹരീഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
എസ് ഹരീഷിന്റെ ഫെയ്സ്ബുക് കുറിപ്പ്–
കേരളത്തിന്റെ അറുപതാം വാറ്ഷികം പ്രമാണിച്ച് n s madhavan തെരഞ്ഞെടുത്ത അറുപത് കഥകളുടെ സമാഹാരം കെ എ സെബാസ്റ്റ്യനില് നിന്ന് ഏറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി.കാരൂര് മുതല് ധന്യ എം ഡി വരെ.എന്റെ അപ്പനെന്ന കഥയുമുണ്ട്.ദേവദാസ് , സന്തോഷ് കുമാറ്,ഉണ്ണി,സുസ്മേഷ് , ഏച്ചിക്കാനം തുടങ്ങി സമകാലികരുടെ കഥയുമുള്ളത് ആഹ്ളാദം.അറുപത് വറ്ഷത്തെ കഥയുടെ ചരിത്രത്തില് പകരം വെയ്ക്കാനാവാത്ത സ്ഥാനമുള്ള n s madhavan ന്റെ കഥകളിതിലില്ല.അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പായതാവാം കാരണം.n s ന്റെ ഒരു കഥ തിരഞ്ഞെടുക്കാനാവശ്യപ്പെട്ടാല് ഞാനിതിലേക്ക് നാലാംലോകം എന്ന കഥ ശുപാറ്ശ ചെയ്യും.നിങ്ങളോ?
എൻ. എസ് മാധവന്റെ ട്വീറ്റ്–
60 മലയാളകഥകൾ. മലയാളി കേരളീയൻ ആയതിന്റെ 60 വർഷങ്ങൾ.
ഇന്ന് വൈകിട്ട് മറൈൻ ഡ്രൈവിലെ ഡിസി പുസ്തകോത്സവ വേദിയിൽ 'എന്റെ പ്രീയപ്പെട്ട കഥകൾ'– ബെന്യാമിൻ, 'മരിച്ചവരുടെ നോട്ടുപുസ്തകം' – വി. മുസഫർ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും, സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ബെന്യാമിന്റെ 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലിന്റെ കവർ ചിത്ര പ്രകാശനവും നടക്കും.