യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എസ്.കെ പൊറ്റെക്കാടിന്റെ കൊച്ചുമകൾക്ക് പറയാനുള്ളത്..

കേരളത്തിന്റെ സഞ്ചാരകൗതുകങ്ങളെ അക്ഷരങ്ങളിൽ നിറച്ച എസ്.കെ. പൊറ്റെക്കാടിന്റെ കൊച്ചുമകൾ, യാത്രികയായ നീതു അമിത്

ലോകത്തിന്റെ കാഴ്ചകളിലേക്ക് കണ്ണുതുറക്കുകയാണ് നീതുവിന്റെ ക്യാമറ. കോഴിക്കോട്ടങ്ങാടിയിൽനിന്നു തുടങ്ങി കടലുകൾ കടക്കുന്ന കാഴ്ചകൾ. പക്ഷികൾ, പൂക്കൾ, മനുഷ്യർ, നദികൾ, കാടുകൾ, ചരിത്രസ്ഥലികൾ... 

ഒരു ദേശത്തിന്റെ കഥ മുതൽ അങ്ങകലെ കാപ്പിരികളുടെ നാടിനെക്കുറിച്ചുവരെ പറഞ്ഞ എസ്.കെ. പൊറ്റെക്കാടിന്റെ പേരക്കുട്ടിയാണ് നീതു അമിത്. കുട്ടിക്കാലം മുതലേ യാത്രകൾ ഇഷ്ടം. യാത്രാപ്രേമിയായ കണ്ണൂർ സ്വദേശി അമിത് ജീവിതത്തിലേക്കു കടന്നുവന്നതോടെ യാത്രകളുടെ പരിധി വിശാലമായി. പക്ഷിനിരീക്ഷണത്തിന്റെ ‘അസുഖമുള്ളതിനാൽ’ പണ്ടുമുതലേ മേലോട്ടുനോക്കിയാണ് നടപ്പെന്നു വീട്ടുകാർ പറയും. ഇടയ്ക്ക് നല്ലൊരു ക്യാമറ കൂടി യാത്രയിലെ കൂട്ടായി എത്തി. 100ഡി ക്യാമറയിൽ തുടങ്ങിയ പടമെടുപ്പ് ഇപ്പോൾ 700 ഡി ഉപയോഗിച്ചായി. യാത്രകൾക്കൊപ്പം മോഡലിങ്ങിലും താരമാണ് നീതു. 

പൊറ്റെക്കാടിന്റെ മകൾ സുമിത്രയുടെയും ജയപ്രകാശിന്റെയും മകളാണ് നീതു. കോഴിക്കോട് പ്രസന്റേഷൻ സ്കൂളിലും പ്രോവിഡൻസ് കോളജിലുമായിരുന്നു നീതുവിന്റെ പഠനം. ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ കോഴ്സ് കഴിഞ്ഞ് കുറച്ചുകാലം ഫോറിൻ എക്സ്ചേഞ്ച് സഥാപനത്തിൽ ജോലി ചെയ്തു. ഭർത്താവ് അമിത് ജോർദാനിൽ സർക്കാർ കമ്പനിയിൽ ജനറൽ മാനേജർ. ഇരുവരും ഒരുമിച്ചാണ് വിദേശത്തെ യാത്രകളധികവും. ലോകം കണ്ട നീതു, കേരളത്തിലെ തന്റെ അഞ്ച് ഇഷ്ട ഇടങ്ങളെക്കുറിച്ചു പറയുന്നു:

നീതു പകർത്തിയ ചിത്രങ്ങൾ

മാസ്മരികം 

പച്ചപ്പും മഞ്ഞും തണുപ്പുമെല്ലാം കൂടി ഒരുതരം മാസ്മരികഭാവമാണ് മൂന്നാറിന്. പുൽമേടുകളും പാറക്കെട്ടുകളും അരുവികളും നിറഞ്ഞ ചോലക്കാടുകളിലൂടെയുള്ള ട്രക്കിങ് അത്രമേൽ അവിസ്മരണീയമാണ്. പക്ഷികളും വരയാടുകളും ആനകളുമൊക്കെയായി സവിശേഷമായ വൈൽഡ്‌ലൈഫ് ആണ് മൂന്നാറിന്റേത്. ഒരു രാത്രി പാർക്കുകയും ഒരു പുലരി കാണുകയും ചെയ്താലേ മൂന്നാർ യാത്ര പൂർത്തിയാകൂ.

വന്യം, സുന്ദരം

വൈൽ‍ഡ്‌ലൈഫിന്റെ എല്ലാ ഭംഗിയും തേക്കടിയിൽ ആസ്വദിക്കാം.ഡാമിലെ യാത്രയും വന്യമൃഗങ്ങളുടെ കാഴ്ചയും തന്നെ പ്രധാന ആകർഷണം. ആനകളെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാണാൻ ഏറ്റവും മനോഹരമായ സ്ഥലം. പണ്ട്, ‘മിലേ സുർ മേരാ തുമാരാ’ ഗാനത്തിൽ കേരളത്തെ സൂചിപ്പിക്കാൻ ഉൾപ്പെടുത്തിയ സ്ഥലം തേക്കടിയാണെന്ന് ഓർത്താൽ മതി..

നിശ്ശബ്ദം

വർഷകാലത്തെ വാഗമൺ മനസ്സിൽ എപ്പോഴും പച്ചപിടിച്ചു കിടക്കും. നരച്ചുകിടന്ന സ്ഥലങ്ങൾ പൊടുന്നനെ പച്ചപ്പുവാരിയണിയും. വാഗമണിലേക്കുള്ള ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര അൽപം പ്രയാസപ്പെട്ടതെങ്കിലും ആസ്വാദ്യകരമാണ്. പുൽമേടുകൾ നോക്കി നിശ്ശബ്ദം നിന്നാൽപ്പോലും മനസ്സ് നിറയും.

തണലിടങ്ങൾ

പച്ചപ്പും തണലും നിറഞ്ഞുകിടക്കുന്ന വയനാട്ടിലെ വഴികളിലൂടെ വെറുതെ കടന്നുപോവുക തന്നെ മനോഹരമായ അനുഭവമാണ്. ചെമ്പ്ര പീക്ക്, കുറുവ ദ്വീപ്, പൂക്കോട് തടാകം, എടക്കൽ ഗുഹകൾ... എല്ലാം പലതരത്തിലുള്ള ആകർഷണങ്ങളാണ്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വയനാടിനോട് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നാറുണ്ട്.

ചേക്കേറുന്ന നിറങ്ങൾ

കണ്ണൂരിലെ ഉൾപ്രദേശങ്ങളിൽ മനോഹരമായ കാഴ്ചകളുണ്ട്. ആയിരക്കണക്കിനു പക്ഷികൾ വന്നുപോകുന്ന കുഞ്ഞുദ്വീപുകൾ...  സ്നേഹമുള്ള ജനങ്ങൾ. വൈവിധ്യപൂർണമായ ആചാരാനുഷ്ഠാനങ്ങളും ഉത്സവങ്ങളുമെല്ലാം കണ്ണൂരിനെ കണ്ണൂരാക്കുന്നു.