മാൻ ബുക്കർ ചുരുക്കപ്പട്ടിക; അരുന്ധതി റോയ് ഇല്ല

മാൻ ബുക്കർ പ്രൈസ് 2017 ന് പരിഗണിക്കുന്ന ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു. പുരസ്കാരത്തിന്റെ ആദ്യറൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 13 പുസ്തകങ്ങളുടെ ലിസ്റ്റിൽ ഇടം കണ്ടെത്തിയ ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയി ഇപ്പോൾ പുറത്തുവന്ന ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി.  അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവലായ 'ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്' ആണ് മാൻ ബുക്കർ പ്രൈസിന്റെ ആദ്യ പട്ടികയിൽ ഇടം നേടിയിരുന്നത്. അരുന്ധതി റോയിയുടെ ആദ്യനോവലായ ഗോഡ് ഓഫ് സ്മോൾ തിങ്സിന് 1997 ലെ ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.

അമേരിക്കയിലെയും ബ്രിട്ടനിലെയും എഴുത്തുകാർ പ്രാതിനിധ്യം നേടിയ അന്തിമപട്ടികയിൽ പാക്നോവലിസ്റ്റ് മുഹ്സിൻ ഹാമിദും ഇടം കണ്ടെത്തി. മുഹ്സിൻ ഹാമിദിന്റെ 'എക്സിറ്റ് വെസ്റ്റ്' എന്ന നോവലാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.

പോൾ ഒാസ്റ്റർ (4321), എമിലി ഫ്രിഡ്‌ലന്റ്​ (ഹിസ്റ്ററി ഓഫ് വൂൾഫ്), ജോർജ് സാൻഡേഴ് (ലിങ്കൺ ഇൻ ദ ബർദോ), ഫിയോണ മൊസ്‌ലി (എൽമറ്റ്), അലി സ്മിത് (ഓട്ടം) എന്നിവയാണ് ചുരക്കപ്പട്ടികയിൽ ഇടം നേടിയ മറ്റ് നോവലുകൾ. ഈ ആറ് നോവലുകളും അതിന്റേതായ വഴികളിൽ  സ്നേഹത്തിന്റെ സ്വഭാവത്തെയും, കാലത്തിന്റെ അനുഭവത്തെയും, സംബന്ധിച്ചുള്ള എല്ലാ മുൻവിധികളെയും വെല്ലുവിളിക്കാൻ അതിസൂഷ്മമായി തന്നെ പരിശ്രമിക്കുന്നുവെന്ന് വിധികർത്താക്കൾ വിലയിരുത്തി.

ഒക്ടോബർ 17 ന് മാൻ ബുക്കർ പ്രൈസ് 2017 വിജയിയെ പ്രഖ്യാപിക്കും. 1969 ലാണ് മാൻ ബുക്കർ പുരസ്കാരം നൽകി തുടങ്ങിയത്. 50, 000 പൗണ്ടാണ് അവാർഡ് തുക.

Read More Articles on Malayalam Literature & Books to Read in Malayalam