എന്റെ നാട്, എന്റെ വീട്, ഞാൻ നടന്ന വഴികൾ, നിത്യവും ഇടപഴകിയും, പെരുമാറിയും എന്റെ ജീവിതത്തിന്റെ ഭാഗമായിമാറിയ, അല്ലെങ്കിൽ എന്റെ ജീവിതം തന്നെയായ ഇടങ്ങൾ, വസ്തുക്കൾ.. ഇവയെല്ലാം ഇട്ടെറിഞ്ഞ് എങ്ങോട്ടെന്ന് ഒരു ഊഹവുമില്ലാതെ, ഇനി ഉണ്ടെങ്കിൽ തന്നെ അവിടെ എത്തിച്ചേരുമെന്ന് ഒരു ഉറപ്പുമില്ലാതെ, ജീവൻ മാത്രം മുറുകെപിടിച്ച് ഇറങ്ങി പുറപ്പെടേണ്ടി വരുന്നതിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
പിന്നിൽ എറിഞ്ഞുപോന്നതെന്തും പിന്നെ മരണം വരെ മനസ്സിന്റെ വിങ്ങലാണ്. കാലം ലോകത്തിന്റെ ചുവരിൽ എന്നേയ്ക്കുമായി പതിച്ച ഒരു ചിത്രമുണ്ട്. ചുവന്ന ടീഷർട്ടും നീല ട്രൗസറുമണിഞ്ഞ് കടൽതീരത്ത് കമഴ്ന്ന് കിടക്കുന്ന ഐലൻ കുർദി എന്ന മൂന്ന് വയസ്സുകാരൻ. വേദനയുടെ ആ കടൽ പെരുവിരൽ മുതൽ തലച്ചോർ വരെ അരിച്ചുകയറുന്ന ഒരു തണുപ്പിലൂടെയും അക്ഷരങ്ങളിലൂടെയും അനുഭവവേദ്യമാക്കിയത് റൗൾ സുരീറ്റയാണ്. (സീ ഓഫ് പെയ്ൻ, കൊച്ചി ബിനാലെ 2016–17) റൗൾ സുരീറ്റയുടെ കവിതയും ഇൻസ്റ്റലേഷനും നെടുവീർപ്പെട്ടത് ലോകത്തിന്റെ കണ്ണിൽ ഒരു തുള്ളിയായി ഊറിയ ഐലാൻ കുർദ്ദിക്കുവേണ്ടിയായിരുന്നില്ല. കണ്ടു നെടുവീർപ്പെടാൻ ഒരു ചിത്രം പോലും അവശേഷിപ്പിക്കാതെ കടന്നുപോയ ഐലന്റെ സഹോദരൻ ഗാലിപ് കുർദ്ദിക്കുവേണ്ടിയായിരുന്നു.
തീരത്ത് മുഖം കമിഴ്ന്ന് കരയ്ക്കടിഞ്ഞ അവന്റെ
അവസാനചിത്രം ആർക്കും പകർത്താനാവില്ല. ഒരു കലാകാരനും
അങ്ങനൊന്ന് സാധ്യമല്ല ഹാ. കലയുടെ ലോകം,
ദൃശ്യങ്ങളുടെ ലോകം, അനേക കോടി ദൃശ്യങ്ങള്‍.. കവിതയിലെ
വാക്കുകൾക്ക് കൂടുതൽ തെളിമയുണ്ട്, കൂടുതൽ ശുദ്ധിയുണ്ട്.
ഗാലിപിന്റ ചിത്രം ഒരു ഫൊട്ടോഗ്രഫർക്കും പകർത്താനാവുമായിരുന്നില്ല. ഒരിക്കലും മായാത്ത ചിത്രമായി മനസ്സില്‍ പതിഞ്ഞ ഐലന്‍ കുര്‍ദ്ദി, രൂപമില്ലാതെ ഒരു പേരു മാത്രമായി മനസ്സില്‍ അവശേഷിക്കുന്ന ഗാലിപ് കുര്‍ദ്ദി, പേരും രൂപവുമില്ലാത്ത അനേകായിരങ്ങള്‍... നാട് അന്യരാക്കപ്പെട്ടവരുടെ ചരിത്രവും ചിത്രവും ഒരോ ദിവസവും ലോക പുസ്തകത്തിലേക്ക് ചേർക്കപ്പെടുന്നു. അവസാനമായി ചേർക്കപ്പെട്ടത് രോഹിൻഗ്യകളുടെ നിസ്സഹായ മുഖങ്ങൾ.
റൗൾ സുരീറ്റ തന്റെ കവിതയിൽ ഗാലിപ് കുർദിക്കു നൽകുന്ന വിശേഷണങ്ങൾ എല്ലാ അഭിയാർത്ഥികൾക്കും അനുയോജ്യമാണ്. അവരുടെ ചിത്രങ്ങളൊന്നുമില്ല. അവർക്ക് കേൾക്കാൻ കഴിയില്ല, അവർക്ക് കാണാൻ കഴിയില്ല, അവർക്ക് വികാരങ്ങളില്ല. അപാരമായ വെള്ളത്തിരശ്ശീലപോലെ നിശബ്ദതമാത്രം താഴേക്കിറങ്ങി വരുന്നു. വീടും നാടും വിട്ട് ഇറങ്ങേണ്ടി വരുന്നവന്റെ വേദന മലയാള സാഹിത്യത്തിൽ അനുഭവവേദ്യമാക്കിയത് ഇടശ്ശേരിയാണ്. ശാരദക്കുട്ടി അഭിപ്രായപ്പെട്ടതുപോലെ കുടിയിറക്കൽ എന്ന കവിത വീണ്ടും വായിക്കേണ്ട കാലമാണിത്. വീണ്ടും വീണ്ടും വായിച്ച് മനസ്സിനെ കുറച്ചുകൂടിയൊക്കെ ആർദ്രമാക്കേണ്ട കാലം.
കുടിയിറക്കീടുകയാണല്ലോ ഞങ്ങൾക്കൊ–
രടിവെയ്ക്കാൻ പാടില്ലമ്മണ്ണിൽ മേലിൽ
കഴൽവെപ്പിൽക്കണ്ണൂന്നിക്കരയും കിടാങ്ങൾ തൻ
കരതാർ പിടിച്ചിറങ്ങുന്നു ഞങ്ങൾ.
ജനിച്ചുവളർന്നമണ്ണിൽ ഇനിയൊരിക്കലും കാലുകുത്താൻ അവകാശമില്ലാത്തവന്റെ നെടുവീർപ്പും നിസ്സഹായതയും തെളിയുന്നുണ്ട് ഇടശ്ശേരിയുടെ വരികളിൽ. കീഴോട്ട് നോക്കികരയുന്ന കുഞ്ഞുങ്ങളുടെ കൈപിടിച്ച് എവിടേയ്ക്കെന്നറിയാതെ വീടുവിട്ടിറങ്ങുന്നവരുടെ മുൻപിലും കണ്ണ് എത്താത്ത ദൂരത്തോളം പരന്നു നീളുന്ന വയലുകളുണ്ട്, ഫലവൃക്ഷതോപ്പുകളുണ്ട്, മലനിരകളുണ്ട്. എന്നാൽ അവയ്ക്കൊക്കെയും അവകാശികളും ഉടമസ്ഥരുമുണ്ട്. ഇത്രത്തോളം വിശാലമായ ലോകത്തും കാലുപതിയുന്ന ഒരു പിടി മണ്ണുപോലും അഭയാർത്ഥികൾക്ക് മറ്റാരോ നൽകുന്ന കരുണയാണ്, കടമാണ്.
ഫലവൃക്ഷത്തോപ്പുകൾ പിന്നെയും തോപ്പുകൾ
മിഴിപായുവോളവുമപ്പുറവും
ഒരു തരി മണ്ണിനുമുടമസ്ഥരല്ലെങ്ങ–
ളൊരുതുള്ളി നീരിനുമുടമയല്ലേ!
ഗിരിനിര പിന്നേയും ഗിരിനിര
മിഴിപായുവോളവുമപ്പുറവും.
ഒരു തരി മണ്ണിനുമുടമസ്ഥരല്ലെങ്ങ–
ളൊരുതുള്ളി നീരിനുമുടമയല്ലേ!
പെരുതല്ലോ പാരാപ്പരപ്പാമിപ്പാർത്തല–
മൊരുതരി മണ്ണില്ലെനിക്കതിങ്കൽ
കഴൽവെപ്പു തങ്ങേണ്ടുമൊരുപിടിമൺ പോലും
കടമായിട്ടല്ലയോ കൈവരുന്നു.
എന്റെ വീട്, എന്റെ ഭൂമി, എന്റെ നാട്, എന്റെ രാജ്യം. ആരാണ് ഈ അവകാശം വീതം വയ്ക്കുന്നയാൾ? ഓരോ ജീവിക്കും അതിന്റെ ജനനം തന്നെ മരണം വരെ ഇവിടെ ജീവിക്കാനുള്ള അവകാശം നൽകുന്നുണ്ട്. അങ്ങനെയെങ്കിൽ ചിലർ മാത്രം എങ്ങനെയാണ് അന്യദേശക്കാരാകുന്നത്? അന്യരാജ്യക്കാരാകുന്നത്? അഭയം ഇരക്കേണ്ട അഭയാർത്ഥികളായി മാറുന്നത്? സ്വന്തമെന്ന് കരുതി അനുഭവിക്കുന്നതൊക്കെ മറ്റാർക്കൊക്കെയോ അവകാശപ്പെട്ടതു കൂടിയാണെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഇടശ്ശേരിയുടെ വരികൾ.
കുടിയിറക്കപ്പെടും കൂട്ടരേ പറയുവിൻ
പറയുവിൻ ഏതു രാഷ്ട്രക്കാർ നിങ്ങൾ?
പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ്
പ്രസവിച്ചതാഫ്രിക്കൻ വൻകരയായ്.
അതിലെന്തുണ്ടാർക്കാനു, മുടമയില്ലാത്തഭൂ–
പടമേലും പാഴ്‌വരയ്ക്കർത്ഥമുണ്ടോ?
ഇറക്കിവിടപ്പെടുന്നവരെ, അരികുവൽക്കരിക്കപ്പെട്ടവരെ ഉൾക്കൊള്ളും വിധത്തിൽ കുറച്ചുകൂടി വിശാലമായി മണ്ണിന്റെയും മനസ്സിന്റെയും അതിർരേഖകൾ ഒന്നുകൂടി മാറ്റി വരേയ്ക്കേണ്ടതുണ്ട്. സ്വന്തം വിശപ്പടക്കാൻ വേണ്ടി മാത്രം ഇരയെ അക്രമിക്കുന്ന, തനിക്കാവശ്യമായവ മാത്രം ഭൂമിയിൽ നിന്ന് സ്വീകരിച്ച് ബാക്കിയുള്ളവയിൽ അവകാശം സ്ഥാപിക്കാതെ അവശേഷിപ്പിക്കുന്ന മനുഷ്യനൊഴിച്ചുള്ള മറ്റ് ജീവിവർഗങ്ങളുടെ ചോദന പിന്തുടരാൻ ശ്രമിക്കേണ്ടതുണ്ട്.
എവിടെവിടങ്ങളിൽച്ചട്ടിപുറത്തെടു–
ത്തെറിയപ്പെടുന്നുണ്ടിപ്പാരിടത്തിൽ
അവിടവിടങ്ങളെച്ചേർത്തുവരയ്ക്കുകൊ–
ന്നിവരുടെ രാഷ്ട്രത്തിന്നതിർവരകൾ
കുടിയിറക്കപ്പെട്ടവരെക്കാൾ കുടിയിറക്കിയവർക്ക് ഭൂമിയുടെ മേൽ കൂടുതൽ അവകാശങ്ങളില്ല. ഒരുവന്റെ ജീവിക്കുവാനോ, ചിന്തിക്കുവാനോ, പ്രവർത്തിക്കുവാനോ ഉളള അവകാശങ്ങളുടെ മേൽ മറ്റൊരുവന് അധികാരങ്ങളുമില്ല. 'ഞാൻ അവന്റെ അച്ഛനല്ല, പക്ഷേ ഗാലിപ് കുർദി എന്റെ മകനാണ്.' എന്ന റൗൾ സുരീറ്റയുടെ നെടുവീർപ്പ്. അത് മതിയാകും എല്ലാ കുടിയിറക്കലുകളെയും പ്രതിരോധിക്കാൻ. ലോകം മുഴുവൻ പാകപ്പെടട്ടെ! ഉള്ളു തൊടുന്ന അത്തരമൊരു നെടുവീർപ്പിനായി. പുറന്തള്ളപ്പെട്ടവരെ ചേർത്ത് വരയ്ക്കുന്ന പുതിയ ഭൂപടങ്ങൾക്കായ്...
Read More Articles on Malayalam Literature & Books to Read in Malayalam