എം.എൻ. കാരശ്ശേരി കെ.പി. രാമനുണ്ണിയെ വിമർശിക്കുന്നതെന്തിന്?

എം.എൻ. കാരശ്ശേരി

മൊഹ്‍യുദ്ദീൻ നടുക്കണ്ടിയിൽ കാരശേരി എന്ന പ്രഫ. എം.എൻ. കാരശ്ശേരി അങ്ങനെയാണ്. ഉള്ളതങ്ങു തുറന്നുപറയും. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിമർശനമേൽക്കുകയെന്നത് തെല്ലു വിഷമമുള്ള കാര്യമാണ്. ജനാധിപത്യവാദിയുടെ തിരിച്ചറിവുകൾ എന്ന അദ്ദേഹവും എം.കെ. ബിജുരാജുമായുള്ള അഭിമുഖത്തിൽ (പച്ചക്കുതിര) ഇക്കുറി ചാട്ടുളി കൊണ്ടത് നോവലിസ്റ്റായ കെ.പി. രാമനുണ്ണിക്കും കവി സിവിക് ചന്ദ്രനുമാണ്. സമൂഹമാധ്യമത്തിൽ സിവിക് ചന്ദ്രനെതിരായി നടത്തിയ വിമർശനത്തെക്കുറിച്ച് കാരശ്ശേരി പറയുന്നതിങ്ങനെയാണ്.

‘‘ സിവിക്കിനെതിരായി എനിക്കൊരു നിലപാടുണ്ട്. ഞാനദ്ദേഹത്തിനെതിരെ ഒരു തെറിയും പറഞ്ഞിട്ടില്ല. സിവിക് ചന്ദ്രൻ ഫ്രോഡാണെന്ന് ഞാനദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. സിവികിനെപ്പറ്റിയുള്ള നിലപാട് ഇവിടുത്തെ തീവ്രവാദികൾക്കിടയിലെ കൂലിക്കാരനാണ് എന്നാണ്. അതു ഞാൻ ടൗൺഹാളിൽ പ്രസംഗിക്കുമ്പോൾ മുഖത്തുനോക്കി തന്നെ പറഞ്ഞതാണ്. അതിപ്പോഴും പറയുന്നു. സോഷ്യൽ മീഡിയയിൽ ഞാനാരെയും തെറിപറയാറില്ല. എന്നെ തെറിപറയാനുള്ള എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്. 

എന്റെ സുഹൃത്താണ് കഥാകൃത്ത് കെ.പി. രാമനുണ്ണി. അദ്ദേഹം മണിപ്പൂരിൽ ഇറോം ഷർമിള ഉന്നയിച്ച പ്രശ്നത്തിനായി ഇവിടെ നിരാഹാരം കിടന്നു, നല്ലതാണ്. രാമനുണ്ണി ജനിച്ച പൊന്നാനിയിലും കോഴിക്കോട്ടുമെല്ലാം കണ്ണുംമൂടി പെണ്ണുങ്ങൾ നടക്കുന്നതിനെപ്പറ്റി അദ്ദേഹത്തിനു വേവലാതിയില്ല. 1931ൽ എംആർബി 'മറക്കുടയ്ക്കുള്ളിലെ മഹാനരകം' എഴുതി. മറക്കുട ഉപേക്ഷിക്കുന്നതും ഘോഷ ബഹിഷ്ക്കരിക്കുന്നതും വലിയ സാമൂഹിക നവോത്ഥാനമായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ കണ്ണുമൂടി വസ്ത്രം ധരിച്ച് നടക്കുന്നത് തെറ്റാണെന്നു രാമനുണ്ണി പറയാത്തത്?

ഒരു ദിവസത്തെ ആം ആദ്മി പാർട്ടി

ഞാൻ കമ്യൂണിസ്റ്റാണ്, നക്സലൈറ്റാണ് എന്നു കരുതുന്ന പലരും ഇപ്പോഴുമുണ്ട്. പക്ഷേ, കമ്യൂണിസത്തിൽ കാണുന്ന വലുതോ ചെറുതോ ആയ ഹിംസ എന്നെ വിമുഖനാക്കി. അതു സഹിക്കാൻ പറ്റിയില്ല. എനിക്ക് എന്നും താൽപര്യം തോന്നിയത് ഗാന്ധിയോടായിരുന്നു. വളരെ കുട്ടിക്കാലം മുതൽക്കു തന്നേ ഉള്ളതിൽ ഭേദം ഗാന്ധിയാണ് എന്നായിരുന്നു തോന്നൽ. എനിക്കു മൂന്നുപേരോടാണ് താൽപര്യം തോന്നിയത്. ബുദ്ധൻ, ക്രിസ്തു, ഗാന്ധിജി. ഞാൻ ജനിക്കുന്ന കാലത്തെ കോൺഗ്രസിന് ഗാന്ധിജിയുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. ബാപ്പ കോൺഗ്രസുകാരനായിരുന്നെങ്കിലും. 

കുട്ടിക്കാലം മുതൽക്കേ എനിക്കു സാഹിത്യത്തിൽ താൽപര്യമുണ്ടായിരുന്നു. ആ താൽപര്യം വച്ചുനോക്കുമ്പോൾ കമ്യൂണിസ്റ്റുകാരുടെ സാഹിത്യ വീക്ഷണം വെറും യാന്ത്രികമായിരുന്നു എന്നുതോന്നി. ബഷീറും കേശവദേവുമെല്ലാം ജീർണതയുടെ സാഹിത്യമാണെന്ന് പുരോഗമന സാഹിത്യപ്രസ്ഥാനത്തെ പറ്റി പറയും. സംഘടിച്ച് ശക്തരാകണമെന്ന ആഹ്വാനം ബഷീർ സാഹിത്യത്തിൽ ചെയ്തിട്ടില്ല. അത്തരം ആൾക്കാർ ബഷീറിന്റെ സാഹിത്യത്തിലില്ല. അവർക്ക് രണ്ടിടങ്ങഴി മനസ്സിലാകും, ചെമ്മീൻ മനസ്സിലാകില്ല. ആ നിലപാടുകൊണ്ട് എനിക്കൊരാവശ്യവുമില്ല. എന്റെ സാഹിത്യ താൽപര്യത്തിന് ആ ആവശ്യമില്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാത്തതിന് അതും ഒരു കാരണമായി. 

പിന്നെ കമ്യൂണിസ്റ്റ് പാർട്ടിയിലെ അടിമത്തത്തോളം പോരുന്ന അച്ചടക്കം. അതെനിക്ക് ആലോചിക്കാൻ പറ്റില്ല. മാർക്സിസ്റ്റ് യൂണിയനിലായിരുന്നു കോളജിൽ പഠിക്കുന്ന കാലത്ത്. യൂണിവേഴ്സിറ്റിയിൽ ചെന്നപ്പോൾ ആദ്യം ചെയ്തത് നോൺ മാർക്സിറ്റ് യൂണിയനിൽ ചേരുകയാണ്. എനിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വേണമായിരുന്നു. അതു കമ്യൂണിസത്തിൽ പറ്റില്ല. ഞാൻ ഒരു പാർട്ടിയിലും പോയില്ല എന്നു പറയാൻ പറ്റില്ല. ഒരു ദിവസത്തേക്ക് അംഗത്വമെടുത്തിരുന്നു. ആം ആദ്മി പാർട്ടിയിൽ. അഴിമതി വിരുദ്ധ സമരം കണ്ടപ്പോൾ അതിൽ അണിചേർന്നു. അഴിമതി വിരുദ്ധ സമരത്തിനൊപ്പമാണ് ഞാനെന്നു കാണിക്കാനായിരുന്നു അത്. 

Read more at: Malayalam Literature Review, Malayalam Literature Magazine