ഇട്ടിക്കോരയുടെ നഷ്ടം; സുഗന്ധിയുടെ നേട്ടം

ടി.ഡി. രാമകൃഷ്ണൻ

സമ്മാനിക്കുന്ന തുകയേക്കാൾ വലുപ്പമുണ്ട് വയലാർ പുരസ്കാരത്തിന്. ഓരോ വർഷവും മലയാള സാഹിത്യലോകം ജനകീയ കവിയും ഗാനരചയിതാവുമായ വയലാറിന്റെ പേരിൽ നൽകുന്ന പുരസ്കാര വാർത്തയ്ക്കായി കാത്തിരിക്കുന്നു. അർഹിക്കുന്ന കൈകകളിലെത്തുമ്പോൾ ആഹ്ളാദിക്കുന്നു. ചില വർഷങ്ങളിൽ വിയോജിപ്പോടെ സ്വീകരിക്കുന്നു. വയലാർ പുരസ്കാരത്തിനാണ് മലയാളത്തിൽ ഏറ്റവും ജനകീയ സ്വഭാവമുള്ളതും. മികച്ച വായനക്കാരുടെ നിർദേശങ്ങൾകൂടിയുണ്ട് ആ പുരസ്കാരത്തിനു പിന്നിൽ. പക്ഷേ, ചിലപ്പോഴെങ്കിലും വയലാർ പുരസ്കാരം പുസ്തകത്തിനേക്കാൾ എഴുത്തുകാരനല്ലേ നൽകുന്നതെന്ന സംശയം വിവേകശാലികളായ വായനക്കാർ ഉന്നയിക്കുന്നു. സംശയത്തിനു തീരെ അടിസ്ഥാനമില്ലെന്നു പറഞ്ഞുകൂടാ എന്നു തെളിയിക്കുന്നു ഈ വർഷത്തെ പുരസ്കാരം. 

ടി.ഡി.രാമകൃഷ്ണന് വയലാർ അവാർഡ് എന്നു കേൾക്കുമ്പോൾ ആഹ്ളാദിക്കാത്ത വായനക്കാരുണ്ടാകില്ല. തീർച്ചയായും രാമകൃഷ്ണൻ ആ വിലപ്പെട്ട പുരസ്കാരം അർഹിക്കുന്നു. ആൽഫ എന്ന ആദ്യനോവൽ വ്യാപകമായി സ്വീകരിക്കപ്പെടാതിരുന്നിട്ടും അതിശയകരമായ ഒരു കൃതിയിലൂടെ മലയാളത്തിന്റെ ഭാവുകത്വം പുതുക്കിപ്പണിത എഴുത്തുകാരനാണ് രാമകൃഷ്ണൻ –  സമീപകാല വായനയിൽ വലിയ സ്ഫോടനം സൃഷ്ടിച്ച ‘ഫ്രാൻസിസ് ഇട്ടിക്കോര’ എന്ന കൃതിയിലൂടെ. അവതരണത്തിലെയും ആശയലോകത്തിലെയും നൂതനത്വം. വിഷയത്തിന്റെ ഗാംഭീര്യം. അസാധാരണ ധൈര്യം ആവശ്യപ്പെടുന്ന വിഷയവും ശൈലിയും. എടുത്തുപറയാൻ പ്രത്യേകതകളേറെയുണ്ട് ഇട്ടിക്കോരയ്ക്ക്. എഴുത്തിന്റെ വ്യാകരണത്തിൽ വ്യക്തമായ ദിശാവ്യതിയാനം കുറിക്കുന്ന അപൂർവ കൃതി കൂടിയാണത്. ഇട്ടിക്കോരയ്ക്കു മലയാളത്തിൽ മുൻഗാമികളില്ല; പിൻഗാമികളുണ്ടെങ്കിലും. വായനാസമൂഹത്തിന്റെ വ്യാപക പിന്തുണയും ഇട്ടിക്കോരയ്ക്കു കിട്ടി. അനേകം പതിപ്പുകൾ. വായിച്ചവരൊക്കെ അത്ഭുതത്തോടെ ഇഷ്ടം ഉറക്കെ പ്രഖ്യാപിച്ച കൃതി. പ്രസിദ്ധീകരിച്ചു നാലുമാസത്തിനകം രണ്ടാം പതിപ്പു പ്രസിദ്ധീകരിക്കേണ്ടിവന്നു എന്ന വസ്തുത മാത്രം മതി  ലഭിച്ച ജനപ്രീതിയുടെ ആഴമളക്കാൻ. ഇത് ചരിത്രമല്ല, കേട്ടുകേൾവികളും കെട്ടുകഥകളും നുണകളും ചേർത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം മാത്രം എന്ന അവതരണവാക്യവുമായെത്തിയ ഇട്ടിക്കോരയെ പക്ഷേ, പ്രമുഖ പുരസ്കാരങ്ങൾ കണ്ടില്ലെന്നു നടിച്ചു. അതൊരിക്കലും ആ നോവലിന്റെ മാറ്റു കുറയ്ക്കുന്നില്ലെങ്കിലും. നോവലുകളെഴുതുന്നതെന്തിന്? ചരിത്രം പുനരവതരിപ്പിക്കൂ. അപ്പോൾ ലഭിക്കുന്നതാകും യഥാർഥ ചരിത്രം എന്ന ഉംബർടോ എക്കോയുടെ പ്രശസ്ത വാചകം ഒരു അധ്യായത്തിന്റെ ആമുഖത്തിൽ നോവലിസ്റ്റ് ചേർത്തിട്ടുണ്ട്. ഇട്ടിക്കോരയുടെ നിഗൂഢതയിലേക്കു തുറക്കുന്ന താക്കോലാണത്. പക്ഷേ വായന മുന്നേറുമ്പോൾ ചരിത്രവും യാഥാർഥ്യവും ഭാവനയും കൂടിക്കലർന്നു സുന്ദരമായൊരു ദുരൂഹതയിലേക്കു വായനക്കാർ കടക്കും. എഴുത്തിന്റെ സാഫല്യം;എഴുത്തുകാരന്റെ വിജയവും.

2009 –ലായിരുന്നു ഇട്ടിക്കോരയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. അഞ്ചുവർഷം കാത്തിരിക്കേണ്ടിവന്നു ടി.ഡി.രാമകൃഷ്ണനിൽനിന്നു പുതിയൊരു നോവൽ ലഭിക്കാൻ. കാത്തിരുപ്പിന് അവസാനം കുറിച്ച് 2014–ൽ പുറത്തുവന്നു ‘സുഗന്ധി എന്ന ആണ്ടാൾ ദേവനായകി’. ആവേശത്തോടെ വായനക്കാർ സുഗന്ധിയെ സ്വീകരിച്ചു. കെട്ടുകഥയായിരുന്നു ഇട്ടിക്കോരയുടെ കാതലെങ്കിൽ സമീപകാലത്തെ ശ്രീലങ്കയും തമിഴ് വിമോചനപ്പോരാട്ടവും യാഥാർഥ്യത്തോടു കൂറേക്കൂടി അടുത്തുനിൽക്കുന്ന ചരിത്രം സുഗന്ധിക്കും അപൂർവമായ നിഗുഢതയുടെയും ദുരൂഹതയുടെയും പരിവേഷം ചാർത്തി. വ്യാപകമായി നോവൽ വായിക്കപ്പെട്ടുവെന്നതു സത്യമാണെങ്കിലും ചില വായനക്കാരെങ്കിലും സുഗന്ധിയിൽ പൂർണതൃപ്തരായില്ല. രാമകൃഷ്ണനിൽനിന്നു വായനക്കാർ പ്രതീക്ഷിച്ചത് ഇട്ടിക്കോരയെ അതിശയിക്കുന്ന കൃതിയായതുകൊണ്ടാകാം. 

ഇട്ടിക്കോരയിൽനിന്നു വ്യത്യസ്തമായിട്ടാണെങ്കിലും ചരിത്രവും മിത്തും യാഥാർഥ്യവും സമ്മേളിപ്പിക്കുകയായിരുന്നു സുഗന്ധിയും. ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരാട്ടത്തിന്റെ ചരിത്രമെഴുതുകയല്ല തന്റെ ലക്ഷ്യമെന്ന് നോവലിസ്റ്റ് ആദ്യം തന്നെ വെളിപ്പുടുത്തുന്നുണ്ടെങ്കിലും സുഗന്ധിയുടെ കാതൽ ഇന്ത്യക്കാർക്ക് ഏറെപ്പരിചിതമായ അയൽരാജ്യവും അവിടുത്തെ വിമോചനപ്പോരാട്ടവും തന്നെയാണ്. നോവൽ സമർപ്പിച്ചിരിക്കുന്നതാകട്ടെ ഡോ.രജനി തിരണഗാമയ്ക്ക്. നോവൽ ആണ്ടാൾ ദേവനായകിയുടെ കഥയാണെന്നാണ് നോവലിസ്റ്റിന്റെ സത്യവാങ്മൂലം. തമിഴ് വിമോചനപ്പോരാട്ടം അതിന്റെ പശ്ഛാത്തലം മാത്രമെന്നും. പ്രശംസാർഹമായ പരിശ്രമമാണ് നോവലിസ്റ്റ് നടത്തുന്നത്. മലയാളത്തിൽ ഇതുവരെ ആരും സമീപിച്ചിട്ടില്ലാത്ത വിഷയവുമാണു ശ്രീലങ്കയിലെ പോരാട്ടചരിത്രം. പക്ഷേ, സൂക്ഷ്മവായനയിൽ സമീപകാല ചരിത്രം ഐതിഹ്യവുമായി പൂർണമായി ഇഴുകിച്ചേരുന്നില്ലെന്നു ചൂണ്ടിക്കാട്ടുന്നു ചില വായനക്കാരെങ്കിലും. 

ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ അവതരിപ്പിച്ചുകൊണ്ട് ആഷാ മേനോൻ നടത്തിയ ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. നരമാംസ ആസ്വാദനത്തിന്റെ തീവ്രത ഒ.വി.വിജയന്റെ ധർമപുരാണത്തിനുശേഷം ഇട്ടിക്കോരയിലാണു മലയാളി അനുഭവിക്കുന്നതെന്ന്. ഇതിനൊപ്പം ഒ.വി.വിജയന്റെ പുരസ്കാര ജീവിതത്തിലെ ഒരു വിരോധാഭാസം ഇപ്പോൾ ടി.ഡി. രാമകൃഷ്ണനിലും ആവർത്തിക്കുന്നുവെന്നതാണു രസകരമായ കാര്യം. വിജയൻ മലയാളത്തിൽ എന്നെന്നും ഓർമിക്കപ്പെടുന്നത് ഖസാക്കിന്റെ ഇതിഹാസത്തിന്റെ പേരിലാണ്. സമാനതകളില്ലാത്ത പ്രകാശഗോപുരമായ നോവൽ. പക്ഷേ, ഖസാക്കിന്റെ ഇതിഹാസത്തിനു വയലാർ അവാർഡ് ലഭിച്ചില്ല. വർഷങ്ങൾക്കുശേഷം ഗുരുസാഗരം എന്ന കൃതിക്കാകട്ടെ വയലാർ അവാർഡുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. ഖസാക്കിന്റെ ഇതിഹാസം ഇപ്പോഴും വായിക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്നു. മലയാള സാഹിത്യത്തെ ഖസാക്കിനു മുമ്പും ശേഷവും എന്നുപോലും നിരൂപകർ വേർതിരിച്ചിട്ടുമുണ്ട്. ഗുരുസാഗരത്തിന് എത്ര മേൻമകൾ അവകാശപ്പെടാൻ കഴിഞ്ഞാലും അതു ഖസാക്കിനു മീതെയെന്ന് ആരും പറയില്ല. ഇപ്പോഴിതാ, ഇട്ടിക്കോരയുടെ രചയിതാവിന് വയലാർ പുരസ്കാരം. അതുപക്ഷേ, ഇട്ടിക്കോരയുടെ പേരിലല്ല. സുഗന്ധിയുടെ പേരിൽ. അതേ, ചരിത്രം ആവർത്തിക്കപ്പെടുന്നു. പുരസ്കാരങ്ങളുടെ പേരിലുള്ള വിരോധാഭാസങ്ങളും. 

ആകുന്നവനും ആയിരിക്കുന്നവനും പരിശുദ്ധനുമായവനേ, നീ നിന്റെ വിധികളിൽ നീതിമാനാകുന്നു. കാരണം, മനുഷ്യർ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചീന്തി; നീ അവർക്ക് പാനം ചെയ്യാൻ രക്തം തന്നെ നൽകി. അവർ അത് അർഹിക്കുന്നു – വെളിപാട്

(ഫ്രാൻസിസ് ഇട്ടിക്കോരയുടെ ഇരുപത്തിയേഴാം അധ്യായത്തിന്റെ തുടക്കം) 


Novel ReviewLiterature ReviewMalayalam Literature NewsLiterature Awards