ഇതാ ചാരൻ‍: യഥാർഥ പ്രതിക്കുനേരെ വിരൽ ചൂണ്ടി നമ്പി നാരായണൻ

ചാരക്കേസ് എന്നു പേരു വീണെങ്കിലും ചാരനെ കണ്ടെത്തുന്നതിൽ അന്വേഷണ ഏജൻസികൾ പരാജയപ്പെട്ട കുപ്രശസ്തമായ കേസിലെ യഥാർഥ ചാരൻ വെളിപ്പെടുന്നു. കേസിലെ മുഖ്യപ്രതികളിലൊരാളെന്ന് ആരോപിക്കപ്പെടുകയും മർദനവും ശിക്ഷയും ഏറ്റുവാങ്ങുകയും പിന്നീടു വിട്ടയക്കപ്പെടുകയും ചെയ്ത ഐഎസ്‌ആർഒ മുൻ ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണനാണു വെളിപ്പെടുത്തൽ നടത്തുന്നത്; ‘ഓർമകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയിലാണ് വെളിപ്പെടുത്തലുകൾ ഉള്ളത്. 

രണ്ടു പതിറ്റാണ്ടിന്റെ ചാരം മൂടിയിട്ടും വിവാദക്കനലുകൾ അണയാതെ കിടക്കുന്ന ഒരു കേസ് രാജ്യത്തിന്റെ അഭിമാന സ്ഥാപനം ഐഎസ്‌ആർഒയുടെ വളർച്ചയെ പിന്നോട്ടടിച്ചു; രണ്ടു പതിറ്റാണ്ട് പിന്നിലേക്ക്. സ്ഫോടനാത്മകമായ വേറെയും വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട് പുസ്തകത്തിൽ നമ്പി നാരായണൻ; കേരളം കാത്തിരുന്ന പുസ്തകത്തിലൂടെ. വിവാദനായകനായും നിറം പിടിപ്പിച്ച ദുരൂഹ കഥകളിലെ നായകനായും നിറഞ്ഞുനിൽക്കുകയും നിയമപ്പോരാട്ടത്തിലൂടെ നീതി ലഭിക്കുകയും ചെയ്തയാൾ തന്റെ ജീവിതം തുറന്നെഴുതുകയാണ്. കേരള രാഷ്ട്രീയത്തിൽ ഒരു മുഖ്യമന്ത്രിയുടെ രാജിക്കുവരെ കാരണമായ, റിപ്പോർട്ടിങ്ങിന്റെ പേരിൽ മാധ്യമങ്ങളുടെ വിശ്വാസ്യത പോലും വിമർശിക്കപ്പെട്ട ഒരു കേസിന്റെ ദുരൂഹതകൾ ഇതാദ്യമായി മറനീക്കപ്പെടുന്നു. വീണ്ടും വിവാദങ്ങൾ ഉയരാൻ സാധ്യത. നിയമപ്പോരാട്ടങ്ങളിലേക്കും പുസ്തകങ്ങളിലെ വെളിപ്പെടുത്തലുകൾ നയിച്ചേക്കാം. കേരളം ചൂടോടെ ചർച്ച ചെയ്യാൻ പോകുന്ന പുസ്തകം  തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. എഴുത്തുകാരനും പാർലമെന്റ് അംഗവുമായ ശശി തരൂരാണ് പ്രകാശനം. പുസ്തകം പ്രസിദ്ധീകരിക്കുന്നതു തൃശൂർ കറന്റ് ബുക്സ്.

കേസ് തുടങ്ങുന്നത് 1994 നവംബറിൽ. ഐഎസ്ആർഒയിൽ നിന്നു ക്രയോജനിക് സാങ്കേതികവിദ്യയുടെ ഗവേഷണഫലങ്ങൾ ചോർന്നുവെന്നു ചൂണ്ടിക്കാണിച്ച് തിരുവനന്തപുരത്ത് സർക്കിൾ ഇൻസ്പെക്ടർ എസ്.വിജയൻ റജിസ്റ്റർ ചെയ്യുന്ന കേസിലൂടെ. ശാസ്ത്രജ്ഞനായ നമ്പി നാരായണനും പ്രതി. അദ്ദേഹത്തിനൊപ്പം എസ്.ശശികുമാർ കൂട്ടുപ്രതി. മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസൻ എന്നീ സ്ത്രീകളും അറസ്റ്റിൽ. പൊലീസ് പരിശോധനയ്ക്കിടെ വീസ കാലാവധി കഴിഞ്ഞ മറിയം റഷീദ പിടിയിലായി. അന്വേഷണം ബെംഗളൂരുവിലുണ്ടായിരുന്ന ഫൗസിയ ഹസനിൽ എത്തുന്നു. ഫൗസിയ ഒരു യാത്രയ്ക്കിടെ ശശികുമാറിനെ പരിചയപ്പെടുകയും സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. ശശികുമാറിനൊപ്പം നമ്പി നാരായണനെയും ഇവർ രണ്ടുപേരും കണ്ടിട്ടുണ്ട്. ഇതാണു കേസിന്റെ പ്രാഥമിക രൂപം. 

ഫൗസിയയും മറിയം റഷീദയും പാക്ക് ചാരസംഘടനയിലെ അംഗങ്ങളാണെന്ന സൂചനകൾ പുറത്തുവന്നതോടെ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. നമ്പി നാരായണനെയും ശശികുമാറിനെയും ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്താനായിരുന്നു ശ്രമമെന്ന വെളിപ്പെടുത്തലുമുണ്ടായി.രമൺ ശ്രീവാസ്തവ ശശികുമാറിനും നമ്പി നാരായണനും അനുകൂലമായി നിലപാട് എടുത്തുവെന്ന പേരിൽ കുറ്റാരോപിതനായി. ശ്രീവാസ്തവയെ സംരക്ഷിക്കുന്ന തരത്തിൽ കെ.കരുണാകരൻ നിയമസഭയിൽ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിനു തിരിച്ചടിയായി. ഹൈക്കോടതി പരാമർശം വന്നതോടെ അദ്ദേഹം രാജിവച്ചു. 

കേസ് പിന്നീട് ഇന്റലിജൻസ് ബ്യൂറോ ഐജി ആയിരുന്ന സിബി മാത്യൂസ് ഏറ്റെടുത്തു. ആർ.ബി.ശ്രീകുമാർ, മാത്യു ജോൺ എന്നീ ഡയറക്ടർമാരും അന്വേഷണ സംഘത്തിൽ. രാജ്യത്തിനു ഹിതകരമല്ലാത്ത രീതിയിൽ ശാസ്ത്രജ്‍ഞൻമാർ പ്രവർത്തിച്ചു എന്നായിരുന്നു ഇവരുടെ കുറ്റപത്രം. പക്ഷേ പിന്നീട് ഹൈക്കോടതി കുറ്റപത്രം തള്ളിക്കളഞ്ഞു. രഹസ്യങ്ങൾ ചോർന്നതിനു തെളിവില്ല എന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. ഇത് വലിയൊരു നിയമപ്പോരാട്ടത്തിലേക്കും നയിച്ചു. കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകരിൽ ഒരാളും പ്രഗൽഭനായ ഉദ്യോഗസ്ഥൻ എന്നു പേരു കേൾപ്പിച്ചയാളുമായ സിബി മാത്യൂസും നമ്പി നാരായണനുമായിരുന്നു ഇരുവശങ്ങളിൽ. കേസിനെക്കുറിച്ചുള്ള വിശദാംശങ്ങൾ നമ്പി നാരായണൻ ആത്മകഥയിൽ വിശദീകരിക്കുന്നു. വസ്തുതകൾ നിരത്തുന്നതിനൊപ്പം അന്വേഷണത്തിന്റെ ഭാഗമായി നേരിടേണ്ടിവന്ന കഠിനമായ മർദന മുറകളും അദ്ദേഹം വിവരിക്കുന്നു. ‘ഒടുവിൽ സിബി മാത്യൂസ്’ എന്നാണ് ഒരു അധ്യായത്തിന്റെ പേരു തന്നെ. 

ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ ചൊവ്വാദൗത്യമായ ‘മംഗൾയാൻ’ വിജയിപ്പിച്ച രാജ്യമെന്ന നേട്ടത്തിൽ ഇന്ത്യ എത്തിനിൽക്കുമ്പോൾ അതിനുപയോഗിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളായ പിഎസ്‌എൽവി പദ്ധതിയിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരുടെ സംഭാവന അവഗണനയുടെ ചാരത്താൽ മൂടുകയായിരുന്നു ചാരക്കേസ്. ഇപ്പോഴിതാ അക്ഷരങ്ങളിലൂടെ മനസാക്ഷിയുടെ കോടതിമുറിയിൽനിന്ന് ഏറ്റവും വലിയ സത്യവാങ്മൂലം സമർപ്പിക്കുകയാണ് കേരളം കണ്ട ഏറ്റവും വിവാദപുരുഷൻമാരിൽ ഒരാളായ നമ്പി നാരായണൻ. ഓർമകളുടെ ഭ്രമണപഥത്തിലേക്ക് അദ്ദേഹം തൊടുത്തുവിടുന്ന പുസ്തകം കേരളം കാത്തിരുന്ന രഹസ്യങ്ങൾ അനാവരണം ചെയ്യുമെന്നു പ്രതീക്ഷിക്കാം. 

Novel ReviewLiterature ReviewMalayalam Literature News