പദവികളിൽ ഇരിക്കുമ്പോൾ അതിന്റെ പാകത കാണിച്ചില്ലെങ്കിൽ പരിഹസിക്കപ്പെട്ടേക്കാം; ശാരദക്കുട്ടി

ചിന്ത ജെറോമിന്റെ ജിമിക്കികമ്മൽ പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചകളിൽ ഒന്ന്. പ്രസംഗത്തിന്റെ പേരിൽ ചിന്ത ജെറോമിനെ അനുകൂലിച്ചും പ്രതികൂലിച്ചും കുറേയേറെ പേർ രംഗത്തെത്തി. വിഷയത്തിൽ ട്രോളുകളും കുറവല്ല 'വലിയ പദവികളിലൊക്കെ ഇരിക്കുമ്പോൾ അതിന്റെ പാകത കാണിച്ചില്ലെങ്കിൽ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യൽ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ്.' എന്നാണ് വിഷയത്തിൽ ശാരദക്കുട്ടിയുടെ അഭിപ്രായം. ജിമിക്കികമ്മലിനെയും സെൽഫിയെയും കുറിച്ചും ചർച്ചചെയ്യുമ്പോൾ അവർ മുമ്പോട്ട് വെച്ച മറ്റ് ആശയങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ മറക്കരുതെന്നും ശാരദക്കുട്ടി തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു

ശാരദക്കുട്ടിയുടെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ– 

"ഈ നാടിനൊരു പാരമ്പര്യമുണ്ട്. പർണ്ണാശ്രമങ്ങളിലൂടെ തഴച്ചു വളർന്ന് ആസേതു ഹിമാചലം വരെ പടർന്നു പന്തലിച്ച് കിടക്കുന്ന ആർഷഭാരത സംസ്കാരം. ആർഷഭാരത സംസ്കാരത്തിന്റെ പ്രത്യേകത എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളുക എന്നതാണ്. എല്ലാ വ്യത്യസ്തതകളെയും ഉൾക്കൊള്ളുക എന്നതാണ്." ഇതു പറഞ്ഞത് ശശികലയല്ല. ശോഭാ സുരേന്ദ്രനുമല്ല. വിപ്ലവപ്പാർട്ടി വളർത്തിയ കുഞ്ഞാടാണ്. ഇതു കേൾക്കാതെ ജിമിക്കിക്കമ്മലും സെൽഫിയും സെലക്ട് ചെയ്ത് ചർച്ച ചെയ്യുന്നത്, ആന ചോരുന്നത് കാണാതെ എള്ളു ചോരുന്നേ എന്നു നിലവിളിക്കുന്നതിനു തുല്യമാണ്. വലിയ പദവികളിലൊക്കെ ഇരിക്കുമ്പോൾ അതിന്റെ പാകത കാണിച്ചില്ലെങ്കിൽ പരിഹസിക്കപ്പെട്ടേക്കാം. സോഷ്യൽ മീഡിയ സജീവമായ കാലത്ത് അത് സ്വാഭാവികമാണ്.


Novel ReviewLiterature ReviewMalayalam Literature News