സ്ത്രീ എന്ന പ്രഹേളികയെ അദ്ഭുതത്തോടെ നോക്കിക്കണ്ട ഉറൂബ്

സ്ത്രീ എന്ന പ്രഹേളികയെ അദ്ഭുതത്തോടെ നോക്കാൻ അനുവാചകരോട് ആവശ്യപ്പെട്ട എഴുത്തുകാരനായിരുന്നു ഉറൂബ്. ഉറൂബിന്റെ സ്ത്രീകഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം.

സ്‌ത്രീ എന്താണെന്നും എന്തല്ലെന്നും ഉറൂബിന് അറിയാമായിരുന്നു. സ്‌ത്രീ കഥാപാത്രങ്ങളുടെ അനന്ത വൈചിത്ര്യത്താൽ സമ്പന്നമാണ് ഉറൂബ് സാഹിത്യം. സ്‌ത്രീ മനസ്സിന്റെ ബാഹ്യവും ആന്തരികവുമായ ചേഷ്‌ടാവിലാസങ്ങൾ, വികാരവിചാര സൂക്ഷ്‌മഭാവങ്ങൾ, വ്യംഗ്യഭംഗിയോടെ ആ കഥാപ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്നു.

പൊന്നമ്മ എന്ന കഥയിലെ കേന്ദ്രകഥാപാത്രമായ ധാത്രി ഒരു അഭിസാരികയാണ്. ഒരു വേശ്യയുടെ മനോഭാവത്തെക്കുറിച്ച് ഉറൂബ് ഇങ്ങനെ എഴുതുന്നു. അവൾക്കിഷ്‌ടം അരിപ്പിറാവുകളെയല്ല തേനീച്ചകളെയാണ്. എന്നുവച്ചാൽ കുടുംബസ്‌നേഹികളായ പുരുഷന്മാരെയല്ല മറിച്ച് കാമിനീപ്രിയരായ കാസനോവകളെയാണ് വേശ്യകൾക്ക് ഇഷ്‌ടം എന്നർഥം. എങ്കിലും അനുദിനമുള്ള ഈ സഹശയനങ്ങളിലും താൻ അതൃപ്‌തയാണെന്ന് അവൾ–ധാത്രി–അറിഞ്ഞു. അവളുടെ ഹൃദയം എന്തോ ഒന്നിന് കരഞ്ഞുകൊണ്ടിരുന്നു. അതെന്താണെന്ന് അവൾ തിരിച്ചറിഞ്ഞത് അയൽപക്കത്ത് താമസിക്കാൻ വന്ന ഒരു കുടുംബത്തിലെ നാലഞ്ചു വയസ്സുള്ള ഒരു കുട്ടിയെ കണ്ടപ്പോൾ മാത്രമാണ്. അവളിലെ മാതൃത്വം മുലപ്പാൽ ചുരന്നു. തനിക്കൊരു അമ്മയാകാൻ കഴിയുന്നില്ലല്ലോ എന്ന അറിവ് അവളെ ആ കുട്ടിയിലേക്ക് അടുപ്പിക്കുന്നു. പക്ഷേ അവളൊരു വേശ്യയാണെന്ന വസ്തുത അവരുടെ ബന്ധത്തിന് വിഘാതമാകുന്നു. അവളെ കാണുന്നതിൽനിന്ന് കുട്ടി വിലക്കപ്പെടുന്നു. അത് സൃഷ്‌ടിച്ച ആഘാതം അവളെ ഉന്മാദിനിയാക്കുന്നു. ഒടുവിൽ കുട്ടിയെ കട്ട് കാണുമ്പോൾ വാത്സല്യത്തിന്റെ വികാരത്തള്ളിച്ചയിൽ ധാത്രി അവനെ കെട്ടിപ്പിടിച്ച് കവിൾത്തടം കടിച്ചുപൊട്ടിച്ച് ചോര വരുത്തുന്നു. അസാധാരണമായ ഈ അന്ത്യരംഗത്തിലൂടെ വേശ്യയിലെ അമ്മ മനസ്സിന്റെ കാണാക്കയങ്ങളിലേക്ക് വായനക്കാരനെ എടുത്തെറിയുകയാണ് ഉറൂബ്. 

സ്‌ത്രീ വിവാഹിതയായാലും, അവിവാഹിതയായാലും അവളിൽ ഒരു അമ്മയുണ്ട്. അതാണ് അവളുടെ സ്വത്വം. മാതൃഭാവത്തെ സ്വാംശീകരിക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യുമ്പോഴാണ്, അല്ലാതെ പ്രസവിക്കുമ്പോൾ മാത്രമല്ല സ്‌ത്രീ യഥാർഥ ആനന്ദം അനുഭവിക്കുന്നതെന്ന സ്‌ത്രീസത്യത്തെ ഈ കഥ സ്ഫുടീകരിക്കുന്നു. മാതൃത്വം പ്രസവ പ്രക്രിയ അല്ല. സ്‌ത്രീയുടെ നൈസർഗികമായ ജൈവാവസ്ഥയാണെന്ന് മനസിലാക്കാം. 

ഇനി രാച്ചിയമ്മയിലേക്ക് വരാം. വിശ്വസാഹിത്യത്തിന്റെ നടുമുറ്റത്തേക്ക് എടുത്തു വയ്‌ക്കാൻ പ്രാപ്‌തമായ കഥ എന്നാണ് സാഹിത്യവിമർശകനായിരുന്ന സാഹിത്യവാരഫലം എം.കൃഷ്‌ണൻ നായർ ഇക്കഥയെക്കുറിച്ച് പറഞ്ഞത്. മൂന്ന് പ്രവിശ്യകളുടെ (കർണാടകം, തമിഴ്‌നാട്, കേരളം) സന്തതിയാണ് ഉറൂബിന്റെ രാച്ചിയമ്മ. അതിൽതന്നെ സ്‌ത്രീമനസ്സിന്റെ ഒരു സാർവലൗകികത്വം കാണാം. ഒരു വേഴ്‌ചയിലൂടെ അവിവാഹിതനായ കഥാനായകനെ തന്നിലേക്ക് ചുരുക്കിക്കെട്ടാൻ രാച്ചിയമ്മ ആഗ്രഹിക്കുന്നില്ല എന്നത് നിസ്വാർത്ഥമായ സ്‌ത്രീമനസ്സിന്റെ ഉദാത്തതയാണ് കാണിക്കുന്നത്. തന്റെ ചെറുപ്പവും കാമുകന്റെ വലുപ്പവും അറിയുന്ന രാച്ചിയമ്മ തന്റെ സ്വത്തു മുഴുവനും കാമുകന്റെ മകളുടെ പേരിൽ എഴുതി വയ്‌ക്കുകയാണ്. വൈകിയ വേളയിലാണെങ്കിലും സ്‌നേഹമെന്നത് മനസ്സിന്റെ മാത്രമല്ല ശരീരത്തിന്റെയും ലയനമാണെന്ന് രാച്ചിയമ്മ തിരിച്ചറിയുന്നു. വിവാഹിതനായ കാമുകനുമായി വേഴ്‌ചയിലേർപ്പെടുന്ന രാച്ചിയമ്മ സാങ്കൽപികമായി അയാളുടെ മകളെ തന്റെ കുഞ്ഞായി പുനർജനിപ്പിക്കുകയാണ്. 

ഒരിക്കൽകൂടി സ്‌ത്രീയുടെ നൈസർഗികഭാവമായ മാതൃത്വം ഉറൂബ് ഈ കഥയിലൂടെ ആവിഷ്കരിക്കുന്നു. ലൈംഗികബന്ധത്തെക്കുറിച്ചുള്ള സാമ്പ്രദായിക സദാചാരബോധം മഹാസ്‌നേഹത്തിന്റെ സ്വർണപ്രകാശത്തിൽ നിഷ്‌പ്രഭമാകുന്നു. ഭൗതികമായ സ്വായത്തമാക്കലല്ല ആത്മീയമായ സ്വാംശീകരണമാണ് യഥാർഥ സ്‌നേഹമെന്ന് രാച്ചിയമ്മ നമ്മോട് പറയുന്നു. ഷെവർലേ കാറിനെയും  മറ്റ് ആധുനിക യന്ത്രസാമഗ്രികളെയും ആത്മീയതയെയും കുറിച്ച് പറയുന്ന മിസ്സിസ് നായരെ, രാച്ചിയമ്മയ്‌ക്ക് എതിരായി അവതരിപ്പിച്ചുകൊണ്ട് സ്‌ത്രീയുടെ രണ്ട് വിരുദ്ധമുഖങ്ങളെ ഉറൂബ് ഈ കഥയിൽ ആവിഷ്കരിക്കുന്നു. ഒടുവിൽ ഒരേയൊരു അനുഭവം മാത്രം നേടിക്കൊണ്ട് ഇഷ്‌ടപ്പെട്ടവനെ കുടുംബജീവിതത്തിലേക്ക് പറഞ്ഞയയ്ക്കുന്ന രാച്ചിയമ്മയുടെ വിങ്ങൽ ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഉത്‌കൃഷ്‌ടതയാണ്. നമ്മൾ ആ മഞ്ഞക്കുറി തുടച്ചുകളഞ്ഞു. നോക്കൂ, നമ്മുടെ നെറ്റിയിൽ ചന്ദനക്കുറിയാണല്ലോ. നമ്മൾ മനുഷ്യനല്ലേ? മണ്ണുകൊണ്ട് ഉണ്ടാക്കിയതല്ല. രാച്ചിയമ്മയുടെ ഈ വാക്കുകൾ സ്‌ത്രീത്വത്തിന്റെ ഗഹനതയാണ്. സ്‌ത്രീ പ്രകൃതിയാണെന്നതിന്റെ അടിക്കുറിപ്പ്. 

ശക്തിസ്വരൂപിണിയായ കാളിയുടെ മനുഷ്യരൂപമായ രാച്ചിയമ്മ പുരുഷന്റെ സൗമ്യതയ്‌ക്ക് വഴങ്ങുമ്പോൾ സ്‌ത്രീമനസ്സിന്റെ നിഗൂഢതയാണ് അനാവരണമാക്കപ്പെടുന്നത്. സ്‌ത്രീശാക്തീകരണം എന്ന പ്രയോഗം കേട്ടുകേൾവിപോലുമില്ലാതിരുന്ന കാലത്താണ് രാച്ചിയമ്മ വരുന്നത്. ഇന്നിത് ഒരു ആവർത്തനവിരസപ്രയോഗവും, സർക്കാരിന്റെ ബാധ്യത എ ന്ന പ്രഹസനവുമാണ്. സ്ത്രീശാക്തീകരണത്തിന് വേണ്ടത് സംവരണമോ നിയമനിർമാണമോ അല്ല, സംവേദനത്വവും, ധൈര്യവും, വേറിട്ട ചിന്തയും, തുല്യലിംഗ നീതിബോധവുമുള്ള സ്‌ത്രീമനസ്സാണ്. സ്വയം കണ്ടെത്തിയ സ്‌ത്രീക്ക് പുരുഷന്റെ മേധാവിത്വം ഒരു പ്രശ്‌നമല്ല. പുരുഷന് സ്‌ത്രീയെ ശാക്തീകരിക്കാൻ സാധ്യമല്ലെന്നതാണു സത്യം. അവനതിനുള്ള കഴിവില്ല. കാരണം പുരുഷൻ സ്‌ത്രീയെക്കാൾ ദുർബലനാണ്. ഈ ദൗർബല്യം ഒളിച്ചുവയ്‌ക്കാനാണ് പുരുഷന്റെ ഈ മേധാവിത്വ സമീപനം തന്നെ. ടോർച്ചടിക്കും പോലെ ചിരിക്കുന്ന കുറിയിട്ട കരിങ്കൽശിൽപം പോലെയുള്ള രാച്ചിയമ്മയുടെ ബാഹ്യപ്രകൃതത്തിൽ പോലും കാണാം സ്‌ത്രീത്വത്തിന്റെ ആ വൈരുധ്യത – ദൃഢതയും മൃദുലതയും!

അവളുടെ ഭർത്തൃദുഃഖം എന്ന കഥയിൽ ജാനകിക്കുട്ടി എന്ന ഭാര്യയെയാണ് ഉറൂബ് അവതരിപ്പിക്കുന്നത്. ഞാൻ അദ്ദേഹത്തെ ചതിച്ചുകൊന്നു എന്ന അതിനാടകീയമായ ജാനകിക്കുട്ടിയുടെ ഭാഷണത്തോടെയാണ് കഥ തുടങ്ങുന്നത്. തന്റെ വൈവാഹിക ജീവിതത്തെപ്പറ്റി ആഖ്യാതാവിനോടു സംസാരിക്കുന്ന രീതിയിലാണ് കഥ പറയപ്പെടുന്നത്. വിവാഹത്തിനു മുൻപ് പരിചയപ്പെട്ട ആളോടുള്ള അനുരാഗം വിവാഹശേഷവും അവൾക്ക് മറക്കാനാകുന്നില്ല. ഭർത്താവിനും കാമുകനും ഇടയിൽകിടന്ന് അവൾ ഞെരിയുന്നു. ഭർത്താവ് സുന്ദരനും സുശീലനും അറിവുള്ളവനും മികച്ച ഒരു അഭിഭാഷകനുമാണ്. വാക്കുകൊണ്ടും നോക്കുകൊണ്ടും അയാൾ അവളെ വേദനിപ്പിക്കുന്നില്ല. എന്നിട്ടും കാമുകചിന്ത അവളുടെ മനസ്സിൽനിന്ന് മായുന്നില്ല. അവൾക്ക് ഭർത്താവിനോട് ഭയഭക്തിബഹുമാനങ്ങളുണ്ട്. എന്നിട്ടും സ്‌നേഹിക്കാൻ കഴിയുന്നില്ല. ഭർത്താവു തന്നേക്കാൾ വളരെ ഉയരത്തിലാണെന്ന ചിന്ത അവളെ അസ്വസ്ഥയാക്കുന്നു. ഈ തിരിച്ചറിവാണ് കാമുകനിലേക്ക് തിരിയാൻ അവളെ പ്രേരിപ്പിക്കുന്നതും. അവളുടെ ഈ ധർമസങ്കടം ഭർത്താവിന് മനസ്സിലാകുന്നു. ക്രൂരമായ ഈ സത്യം തീർത്ത വിഷമവൃത്തത്തിൽനിന്ന് രണ്ട് ആത്മാക്കളെയും രക്ഷിക്കാൻ ഭർത്താവ് ആത്മഹത്യ ചെയ്യുകയാണ്. കഥയിലുടനീളം ഇടയ്‌ക്കിടയ്‌ക്ക് ആഖ്യാതാവിന്റെ അജ്‌ഞതയെയും സംവേദനത്വമില്ലായ്‌മയെയും അവൾ ക്രൂരമായി ഭർത്സിക്കുന്നു. അപ്പോൾ വായനക്കാരനറിയുന്നു, ആഖ്യാതാവ് തന്നെയാണ് അവളുടെ കാമുകനെന്ന്! തന്നെ അറിയുന്ന ഭർത്താവും തന്നെ അറിയാത്ത കാമുകനും ഒരുപോലെ അവളെ വേദനിപ്പിക്കുന്നു. ഉന്നതനായ ഭർത്താവിനോടുള്ള അപകർഷതാബോധവും ദുർബലനായ കാമുകനോടുള്ള അധീശത്വവും ജാനകിക്കുട്ടി എന്ന കഥാപാത്രത്തെ സങ്കീർണമാക്കുന്നു. കരുത്തനോടൊപ്പമല്ല ദുർബലനായ ഒരു പുരുഷനോടൊപ്പം കഴിയാനാണ് നൈസർഗികമായ സ്‌ത്രീമനസ്സ് കൊതിക്കുന്നത് എന്ന സത്യം ഈ കഥ പ്രകാശിപ്പിക്കുന്നു. തന്റെ ഇച്ഛകൾക്കൊത്ത് പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യുന്ന, തന്നെക്കാൾ എല്ലാ അർഥത്തിലും താഴ്‌ന്ന ഒരു പുരുഷന്റെ ഭാര്യയായിരിക്കാനാണ് സ്‌ത്രീ ഇഷ്‌ടപ്പെടുന്നത്. ഭാര്യ എന്ന സ്‌ത്രീയുടെ ഈ സവിശേഷതയാണ് ഇവിടെ വെളിവാക്കപ്പെടുന്നത്. കഥയുടെ അന്ത്യത്തിൽ ജാനകിക്കുട്ടി കുറ്റബോധത്തോടെ കാമുകനോട് പറയുന്നു, കടന്നുപോകൂ നീചാ, നിങ്ങളെയെനിക്ക് കാണണ്ട. നിങ്ങളൊരു ചതിയനാണ്. കാമുകൻ പോകാൻ ഒരുങ്ങുമ്പോൾ അവൾ അയാളുടെ കൈത്തണ്ട  കടന്നുപിടിച്ച് പറയുന്നു– നിങ്ങൾ പോകുമോ! എനിക്കൊന്നു കാണണം. ചതിയാ, അവൾ അയാളുടെ മാറിലേക്ക് ചാരി തേങ്ങിക്കരയുന്നു. ഭർത്താവ് മരിച്ചിട്ടും, അതിന് കാരണക്കാരിയാണെന്ന കുറ്റബോധം പേറുമ്പോഴും തന്നോടുള്ള പ്രണയം പറയാൻ അശക്തനായ കാമുകനോടുള്ള ജാനകിക്കുട്ടിയുടെ അനുരാഗതീക്ഷ്ണത സ്‌ത്രീമനസ്സിന്റെ ആഴക്കാഴ്‌ചയാണ്. പുരുഷകേന്ദ്രീകൃതമായ സാമ്പ്രദായികഭാര്യാകൽപനകളുടെ ഉപരിപ്ലവതയെ തകർത്തുകൊണ്ട് സ്‌ത്രീയെന്ന പ്രഹേളികയെ അദ്ഭുതത്തോടെ നോക്കാൻ അനുവാചകരോട് ഉറൂബ് ആവശ്യപ്പെടുന്നു.  

സ്‌ത്രീപക്ഷത്തുനിന്നല്ല 

സ്‌ത്രീയായിത്തന്നെ രൂപാന്തരം പ്രാപിച്ച് പുരുഷന്റെ സ്‌ത്രീയെയല്ല സ്‌ത്രീയെന്ന സത്യത്തെ ആവിഷ്കരിക്കുകയാണ് ഈ കഥയിലൂടെ ഉറൂബ്. സ്വാതന്ത്ര്യത്തിന്റെയും നിഷ്കളങ്കതയുടെയും സന്ദിഗ്ധ ബാല്യത്തിൽ നിന്ന് വിവാഹം എന്ന കപടതയുടെ തടവറയിൽ സ്വയം ബന്ധനസ്ഥയാവുകയാണ് ഉമ്മാച്ചു. ബാപ്പ പറഞ്ഞവനെ ഭർത്താവായി വരിക്കുമ്പോഴും ഇഷ്‌ടപ്പെട്ടവനെ അവൾക്ക് മറക്കാനാവുന്നില്ല. വിദ്യാഭ്യാസവും സംസ്കാരവും മതബോധവും കൂടിച്ചേർന്ന് പരുവപ്പെടുത്തിയെടുക്കുന്ന യാഥാസ്ഥിതികബോധത്തിന്റെ അടിമയാണ് അവൾ. അതുകൊണ്ടു തന്നെ കാമുകനുമായി ഒളിച്ചോടുക അവൾക്ക് അസാധ്യം. പക്ഷേ വ്യക്തിയും വ്യവസ്ഥിതിയും രണ്ടാണെന്ന് ഉമ്മാച്ചു തെളിയിക്കുന്നു. ഭർത്താവിനോട് വിശ്വസ്തത പുലർത്തിക്കൊണ്ടുതന്നെ അവൾ കാമുകനെ സ്വപ്‌നം കാണുന്നു. തന്നോട് സ്‌നേഹമുണ്ടായിട്ടും തന്നെ കെട്ടാൻ കഴിയില്ലായിരുന്നെങ്കിൽ തൂങ്ങിച്ചാകാമായിരുന്നില്ലേ എന്ന് കാമുകൻ ചോദിക്കുമ്പോൾ ഉമ്മാച്ചു പറയുന്നു– അതോടെ കളിയൊക്കെ കഴിഞ്ഞില്ലേ.. പിന്നെ ഒന്ന് കാണാൻ കൂടി കഴിയ്യോ! ഇതാണ് ഉമ്മാച്ചു. പ്രായോഗികതയുടെ ശക്തിസൗന്ദര്യം. മരിച്ചുകൊണ്ട് സ്‌നേഹം കാണിക്കുന്നതിലും യുക്തി ജീവിച്ചുകൊണ്ട് സ്‌നേഹിക്കുന്നതാണ്. ഒട്ടും തന്നെ കാൽപനികത ഇല്ലാത്ത ചൂടും, ചൂരും, മജ്ജയും, മാംസവും രക്തവുമുള്ള പ്രണയമാണ് ഉമ്മാച്ചുവിന്റേത്. ഇതൊരു സ്‌ത്രീക്കു മാത്രം സാധ്യമായതാണ്. ദാമ്പത്യം എന്ന പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിക്ക് പെണ്ണിനെ കൂട്ടിലടയ്ക്കാം. പക്ഷേ അവളുടെ പ്രേമം ആർക്കെന്നത്, ആർക്ക് നിശ്ചയിക്കാനാകും, അവൾക്കല്ലാതെ?

ആദർശാത്മകദാമ്പത്യം എന്ന സങ്കൽപത്തിന്റെ കാപട്യത്തെയാണ് ഉമ്മാച്ചു കാണിച്ചുതരുന്നത്. ഒരു പുരുഷകേന്ദ്രീകൃതഘടനയുടെ ഭാഗമായി നിന്നുകൊണ്ട് അതിനെ വെല്ലുവിളിക്കുകയും തകർക്കുകയും ചെയ്യുന്ന പെണ്ണായി മാറുന്നു ഉമ്മാച്ചു. കഠിനാനുഭവങ്ങളുടെ കൊടുങ്കാറ്റിൽ കടപുഴകാതെ നിൽക്കുന്ന പെരുമരമാണവൾ. പരുക്കൻ ജീവിതയാഥാർഥ്യങ്ങളിലൂടെ അതിജീവനത്തിന്റെ സാമൂഹികദുർഗുണപാഠങ്ങൾ പഠിക്കുകയാണവൾ. തീവ്രവേദനയിലും ഒരു തുള്ളി കണ്ണീർപൊഴിക്കാത്ത പെൺകരുത്തിനെ അവൾ വെളിവാക്കുന്നു. എങ്കിലും ഒരിക്കൽ മാത്രം അവളുടെ നിയന്ത്രണം നഷ്‌ടമാകുന്നു. അന്യമതസ്ഥനായ തന്റെ ബാല്യകാലസുഹൃത്തും സഹായിയുമായ ആളുടെ മകളെ തന്റെ മകൻ പ്രേമിച്ച് വിവാഹം കഴിച്ചെന്ന് അറിഞ്ഞ് ഉമ്മാച്ചു സുഹൃത്തിന്റെ കാലിൽ വീണ് കരയുന്നു. വാർധക്യത്തിന്റെ ദൗർബല്യത്തെക്കാൾ ആത്മസുഹൃത്തിന്റെ അന്തർവേദനയോർത്തുള്ള വിലാപമാണത്. ഉമ്മാച്ചുവിലെ മനുഷ്യത്വമാണത്. ഇഷ്‌ടമില്ലാത്തവനെ നിക്കാഹ് ചെയ്‌ത് ഉമ്മയുടെയും വാപ്പയുടെയും അനുസരണയുള്ള മകളായി, വെറുക്കുന്ന ഭർത്താവിനൊപ്പം ജീവിക്കുമ്പോഴും കാമുകനെ സ്വപ്‌നം കാണുന്ന നിത്യകാമുകിയായി, കെട്ടിയവനോട് ആത്മരാഗം തോന്നാതിരുന്നിട്ടും അവന്റെ കുഞ്ഞിനെ പ്രസവിച്ച് അതിനെ സ്‌നേഹിച്ച് ആത്മനിർവൃതിയടയുന്ന നല്ല അമ്മയായി സ്‌ത്രീത്വത്തിന്റെ ഭിന്നഗൂഢഭാവങ്ങൾ പ്രകാശിപ്പിക്കുന്നു ഉമ്മാച്ചു. ആത്മഹത്യ ചെയ്‌ത പ്രിയപ്പെട്ടവന്റെ ചേതനയറ്റ മുഖത്തേക്കു നോക്കി പകപോക്കുന്ന സ്വരത്തിൽ ഉമ്മാച്ചു ചോദിക്കുന്നു. മുന്നേ നടന്ന് അല്ലേ? സ്‌ത്രീയുടെ സഹജമായ സഹനശക്തിയുടെ ഉൾക്കരുത്ത് അനുവാചകനെ ഉലയ്‌ക്കുന്നു.  ഉറൂബ് എഴുതുന്നു – ഉമ്മാച്ചുവിന്റെ ഉള്ളിൽ ഒരാനയും ഒരു തോട്ടിയുമുണ്ട്. ആന ഇളകിപ്പതറുമ്പോൾ അവൾ ആ തോട്ടി നിർദയമായി തറച്ച് വലിക്കുന്നു. ആന നിൽക്കും, അവൾ പഴയപോലെ ജീവിക്കും. അതെ ഉമ്മാച്ചു ജീവിക്കുകയാണ് – വികാരത്തെ വിവേകംകൊണ്ടു നിയന്ത്രിച്ച് ഖൽബിൽ കാരുണ്യം നിറച്ച്, അനുഭവങ്ങളുടെ അപ്പുറത്തേക്ക് നോക്കി, ജീവിതമെന്നത്  തുടക്കവും ഒടുക്കവുമല്ല ഒരു തുടർച്ചയാണെന്ന് തിരിച്ചറിഞ്ഞ്, വാർധക്യത്തിന്റെ അവശതകളെ അതിജീവിച്ച് – ഉമ്മാച്ചു ജീവിക്കുകയാണ് ഒടുവിൽ ഒരു മുത്തശ്ശിയായി, സ്‌ത്രീത്വത്തിന്റെ മഹാപ്രഹേളികയായി! 

ഒരു അഭിസാരികയായോ, ഭാര്യയായോ മാത്രമേ സമൂഹം സ്‌ത്രീക്ക് അസ്തിത്വം നൽകുന്നുള്ളൂ എന്ന സത്യത്തിന് അടിവരയിടലാണ് പ്രേമഭാജനം എന്ന കഥ. ഒരു പ്രേമഭാജനമായ, കാമുകിയായ സ്‌ത്രീയെ സമൂഹം സംശയത്തോടെയാണ് കാണുന്നത്. പ്രേമത്തിലാകുക, പ്രത്യേകിച്ചും സ്‌ത്രീകൾ എന്നത് ഒരു അനിശ്ചിതത്വമാണെന്നും അത്തരക്കാരെ സാമ്പ്രദായികതയുടെ ചതുരക്കള്ളികളിൽ ഒതുക്കാൻ കഴിയില്ലെന്നുമുള്ള അറിവ് സമൂഹത്തിന്റെ അസ്വസ്ഥതയാണ്. അവരെ ഒറ്റപ്പെടുത്തുകയോ തച്ച് കൊല്ലുകയോ ചെയ്യാൻ സമൂഹം എപ്പോഴും സന്നദ്ധമാണ്. അനാദികാല പ്രണയത്തെ വ്യക്തി ഇഷ്‌ടപ്പെടുമ്പോഴും സമൂഹം ഭയപ്പെടുന്നത് മനുഷ്യനെന്ന പ്രതിഭാസത്തിന്റെ വൈരുധ്യമാകാം. വേശ്യയെയും ഭാര്യയെയും അംഗീകരിക്കുന്ന സമൂഹത്തിന്റെ വൈരുധ്യത അതിന്റെതന്നെ നിലനിൽപ്പിനു വേണ്ടി മാത്രമുള്ളതാണ്. ഈ യാഥാർഥ്യത്തിലേക്ക് അനുവാചകനെ നയിക്കുന്നതാണ് ഈ കഥ. സർവരും ഭയഭക്തിബഹുമാനത്തോടെ കാണുന്ന മുതലാളി കാമുകിയും ഗർഭിണിയുമായ തന്നെ അവഹേളിക്കുമ്പോൾ സ്വതേ സൗമ്യയായ കത്രീന അയാളോട് പൊട്ടിത്തെറിക്കുന്നു. സ്‌ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്‌താൽ എന്ത് സംഭവിക്കുമെന്ന് ഈ കഥ പറയുന്നു. സ്‌ത്രീശക്തിയുടെ മറ്റൊരു രൂപം വായനക്കാർ കത്രീനയിൽ കാണുന്നു. 

അമ്മയുടെ സ്വാതന്ത്ര്യം എന്ന കഥയിൽ ഉറൂബ് മറ്റൊരു സ്‌ത്രീരൂപത്തെ അവതരിപ്പിക്കുന്നു. ചോരയും നീരും സൗന്ദര്യവും വറ്റിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ച സൈനബ. ദാരിദ്ര്യത്തിന്റെ ആൾരൂപമായ സൈനബ. കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻപോലും കഴിയാതെ ശുഷ്കിച്ച മുലയുള്ള സൈനബ. അള്ളാഹുവിനുപോലും വേണ്ടാതെ തെരുവിൽ കിടക്കുന്ന ആ അമ്മ സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് സ്വയം സ്വതന്ത്രയാകുന്നു. മാതൃത്വത്തിന്റെ വേറിട്ടൊരു മുഖമാണ് ഈ കഥ. അനുകമ്പയില്ലാത്ത സമൂഹത്തിൽ തന്റെ കുഞ്ഞ് മരിക്കുന്നതിനു മുൻപ് അതിനെ കൊന്നുകൊണ്ട്  ആ അമ്മ മരവിച്ച സമൂഹ മനസ്സിനെയാണ് ഗളഹസ്തം ചെയ്യുന്നത്. സ്‌ത്രീമനസ്സിന്റെ ക്രൂരദൈന്യതയിലൂടെ സ്‌ത്രീശക്തിയുടെ വേറിട്ടൊരു തലം ഇവിടെ അനാവൃതമാകുന്നു. 

ഉറൂബിന് സ്‌ത്രീ ഒരേസമയം ദേവിയും മനുഷ്യത്തിയുമാണ്. നൊണ്ടുന്ന ഭഗവതി എന്ന കഥ ഇതിന് ഉദാഹരണമാണ്. ദേവിയിൽ സ്‌ത്രീയെയും, സ്‌ത്രീയിൽ ദേവിയെയും കാണുന്ന കഥ. ഭഗവതിയുടെ മാനുഷികത കഥയുടെ പേരിൽതന്നെ സ്‌പഷ്‌ടമാണ്. വികലാംഗയായ ഭഗവതി തന്നെയല്ലേ ജീവിക്കാൻ പുരുഷനെ ഊന്നുവടിയാക്കുന്ന സ്‌ത്രീ. തമ്പുരാനെ എതിർത്തുകൊണ്ട് ഒരുപിടി നെല്ല് അധികം വാരിക്കൊണ്ട് അവകാശം പ്രഖ്യാപിക്കുന്ന കാളി (ആ പേരിലുണ്ട് ദേവി) സ്‌ത്രീ ശക്തിയുടെ ഭഗവതി തന്നെയാണ്. സ്‌ത്രീയുടെ ഈ അപാരശക്തിയെക്കുറിച്ചുള്ള  അവബോധമാണ് ഉറൂബിനെ വ്യത്യസ്തനാക്കുന്നത്. അതിന് ഒരു കാരണമുണ്ട് – ഈ ലേഖനത്തിന്റെ തലക്കെട്ട് ഉറൂബിന്റെ സ്‌ത്രൈണത എന്നാണ്. ശാസ്‌ത്രപ്രകാരം സ്‌ത്രീ പുരുഷന്റെ വാരിയെല്ലല്ല, മറിച്ച് പുരുഷൻ സ്‌ത്രീയിൽനിന്നാണ് ഉണ്ടായിരിക്കുന്നത്. സ്‌ത്രീയുടെ ജീനിൽ രണ്ട് X ക്രോമോസോമുകളും പുരുഷനിൽ  XY ക്രോമോസോമുകളുമാണ് ഉള്ളത്. അതായത് സ്‌ത്രീയിൽ പുരുഷനില്ല പക്ഷേ പുരുഷനിൽ സ്‌ത്രീ ഉണ്ട്. തന്നിലെ സ്‌ത്രീയെ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു ഉറൂബ്. ആ ആത്മജ്‌ഞാനംകൊണ്ടാണ് സ്‌ത്രീമനസ്സിന്റെ അനന്തവൈചിത്ര്യത്തെക്കുറിച്ച് അദ്ദേഹത്തിന് എഴുതാൻ ആയത്. പുരുഷൻ തന്നിലെ സ്‌ത്രീയെ അറിയുമ്പോഴേ സ്‌ത്രീക്ക് സമൂഹത്തിൽ തുല്യനീതി കിട്ടൂ എന്ന് ഉറൂബ് നമ്മെ ഓർമിപ്പിക്കുന്നു.

Novel ReviewLiterature ReviewMalayalam Literature News