ഫെമിനിച്ചി എന്ന വാക്കിനെതിരെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി തനൂജ ഭട്ടതിരി. ഫെമിനിച്ചി എന്ന പദത്തിനെതിരെ ഫെയ്സ്ബുക്കിലൂടെയാണ് തനൂജ തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഫെമിനിച്ചി എന്ന വാക്ക് ഉപയോഗിച്ച് സ്ത്രീകളെ അധിക്ഷേപിക്കുന്നവരെ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതാണെന്നും തനൂജ പറയുന്നു.
'എഫ് ബിയിൽ കാണുന്ന ഒരു വാക്കാണ് ഫെമിനിച്ചി. ഇതെങ്ങനെ ഉരുത്തിരിഞ്ഞു എന്നറിയില്ല. എന്തായാലും ഈ വാക്ക് ഉപയോഗിച്ചവരാരും അത് സ്ത്രീകളെ നല്ല രീതിയിൽ കാണിക്കാനല്ല ഉപയോഗിച്ചത്. ഫെമിനിസത്തെ കുറിച്ച് ആധികാരികമായി തയാറാക്കിയ പുസ്തകങ്ങൾ നമുക്കുണ്ട്. അതൊന്നും മറിച്ചു പോലും നോക്കാതെ ഫെമിനിച്ചി എന്ന രാക്ഷസിയെ കുറിച്ചെഴുതി തുടങ്ങുന്നു. നായരിച്ചി, നസ്രാണിച്ചി, ഉമ്മച്ചി, നമ്പൂരിച്ചി തുടങ്ങിയ സ്ത്രീവിശേഷണങ്ങളുടെ പട്ടികയിൽ പെടുത്തിയതാണോ ഈ പേരെന്ന് സംശയിക്കാം. സ്ത്രീയെ ഒരു പ്രത്യേക വിഭാഗത്തിൽ പെടുത്തണമെങ്കിൽ ഇങ്ങനൊക്കെ വേണമെന്നുതോന്നിയിട്ടുമാവാം.
പഴയ സിനിമകളിലും, സാഹിത്യ രചനകളിലും ഫെമിനിസ്റ്റ് എന്നു പറയുന്നവളെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവളായാണ് ചിത്രീകരിച്ചത്.. പരിഷ്കൃത വേഷത്തിൽ കുടുംബം നോക്കാതെ നടക്കുന്ന സ്ത്രീ! സ്വന്തം കുഞ്ഞ് പനിച്ച് വിറച്ച് കിടക്കുമ്പോൾ ക്ലബിൽ ചീട്ടുകളിക്കാൻ പോകുന്നവൾ. ഭർത്താവിനെ മൂലയ്ക്കിരുത്തി കണ്ടവന്റെ കൂടെ അഴിഞ്ഞാടുന്നവൾ. ഇങ്ങനെ ഒരുവൾ വീട്ടിലുണ്ടായാൽ ഉണ്ടാവാൻ സാദ്ധ്യതയുള്ള അപകടമോർത്ത് നഖശിഖാന്തം എതിർക്കുന്നവർ. ശരിക്കും ഫെമിനിസ്റ്റുകൾ ഇവിടെ ചെയ്തതെന്താണ്? സ്ത്രീകളും മനുഷ്യരാണെന്ന് ചിന്തിപ്പിച്ചതാണോ അവർ ചെയ്ത തെറ്റ്? ലിംഗനീതി ഉറപ്പിക്കുന്നതാണോ പ്രശ്നം? ഭർത്താവിനെയും കുടുംബത്തേയും ഉപേക്ഷിക്കാനല്ലല്ലോ അവിടെ അവൾ നേരിടുന്ന അനീതികളെ നേരിടാനവളെ പ്രാപ്തയാക്കുകയല്ലേ അവർ ചെയ്യുന്നത്! സ്ത്രീക്ക് സ്ത്രീയായതിൽ ലജ്ജ വേണ്ടെന്നും, ലോകം തങ്ങൾക്കു കൂടി ഉള്ളതാണെന്നവൾ കരുതണം എന്നും അവൾ പഠിച്ചതാണോ പ്രശ്നം? ഇതിനൊക്കെ മനുഷ്യരെ മനുഷ്യരായി കാണുന്ന എത്ര പുരുഷന്മാർ സ്ത്രീകളുടെ കൂടെ നിന്നു.
എത്രയെത്ര സ്ത്രീകൾ സ്വന്തം ജീവിതം ഉപേക്ഷിച്ച് സ്ത്രീയെ ഇന്നു കാണുന്ന സ്ത്രീയാക്കാൻ ജീവിച്ചു. പഠിക്കുന്ന, യാത്ര ചെയ്യുന്ന, പുരുഷന്മാരെപ്പോലെ എന്തും ചെയ്യാൻ സന്നദ്ധരായ എത്ര ചുണക്കുട്ടികളാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാൻ എഴുതിയും പ്രസംഗിച്ചും ജീവിച്ചും അവർ പ്രയത്നിച്ചു. തൊഴിലാളികളെ മുതലാളികൾ അടക്കിവാണ പോലെ സ്ത്രീകളെ കുടുംബം അടക്കിയില്ലേ? ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പേര് പറഞ്ഞ് അവളെ തന്നെ മയക്കിയില്ലേ? ജീവിതം മുഴുവൻ ഇത് നൽകിയവളെ കാലിനടിയിലിട്ട് ഞെരിച്ചില്ലേ? അവൾ അടുക്കളയിൽ മാത്രമല്ല കഴിവുതെളിയിക്കേണ്ടതെന്ന് അവളെ പഠിപ്പിച്ചത് ഫെമിനിസമായിരിക്കാം. അതിനപ്പുറം സ്ത്രീ സ്ത്രീയായിരിക്കുന്നതിൽ അഭിമാനമുണ്ടാക്കിയതവളായിരിക്കാം.
ഫെമിനിസ്റ്റ് എന്ന വാക്ക് വരുന്നതിനു മുമ്പും ഇവിടെ ആത്മാഭിമാനമുള്ള സ്ത്രീകൾ ഉണ്ടായിരുന്നു. കാലത്തിന്റെ ആവശ്യം അനുസരിച്ച് സ്ത്രീകളുടെ മനസ്സിൽ പഠന കേന്ദ്രങ്ങൾ തുറന്നു. ഭൂമിയുടെ പകുതി പെണ്ണിനുള്ളത് തന്നെയാണ്. അവളുടെ ശരീരവും മനസ്സും അവളുടേതാണ്. വീട്ടിൽ ഭക്ഷണമുണ്ടാക്കാത്ത സ്ത്രീയെ പരിഹസിക്കുമ്പോൾ ഭക്ഷണമുണ്ടാക്കാത്ത പുരുഷനെയും കളിയാക്കാം എന്നു പറഞ്ഞാൽ അവൾ ഫെമിനിസ്റ്റായി. അവൾ പറയുന്ന വിഷയം അംഗീകരിച്ചാൽ ദേഹം അനങ്ങേണ്ടി വരും. അപ്പോൾ ജോലി കഴിഞ്ഞെത്തുന്ന പുരുഷനെ കുറിച്ചുള്ള വേവലാതിയായി. ജോലി കഴിഞ്ഞെത്തുന്ന സ്ത്രീ യാതൊരു പരിഗണനയ്ക്കും അർഹയല്ല. കുനിഞ്ഞു കിടന്നു ചവിട്ടു കൊണ്ടവളെ എണീപ്പിച്ചൊന്നിരുത്തിയതാണ് ഫെമിനിസ്റ്റ് ചെയ്ത തെറ്റ്. ഇന്ന് സ്ത്രീ ശ്വാസം വിടുന്നുണ്ടെങ്കിൽ ഒരു കാരണം നിങ്ങളീ പറഞ്ഞ ഫെമിനിച്ചികളാണ്.
എന്തിലും ചില ഒഴിവുകൾ ഉണ്ടാകാമെന്നതു പോലെ മാത്രമാണ് ഫെമിനിസത്തിലെ പ്രശ്നങ്ങൾ. സ്വാതന്ത്ര്യംനേടിയ ഇന്നത്തെ സ്ത്രീകൾ മഹാമോശക്കാരാണെന്ന് ആരും എന്നോട് പറയണ്ട. കാലവും ദേശവും അനുസരിച്ച് മാറാത്ത മൂല്യബോധമൊന്നുമില്ല. ധാർമികയായി ചിന്തിച്ചാൽ സ്ത്രീയും പുരുഷനും തുല്യരാണ്. അതിനു വേണ്ടി ജീവിച്ച മനുഷ്യരെ കളിയാക്കുന്നത് അടച്ചാക്ഷേപിക്കുന്നത് അധാർമികമാണ്. ഫെയ്‌സ്ബുക്കിൽ ഫെമിനിച്ചി എന്ന വാക്ക് ഉപയോഗിച്ച് സ്ത്രീകളെ അധിക്ഷേപിക്കുന്നവരെ ഞാൻ ഫ്രണ്ട് ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതാണ്. അത് വലിയ കാര്യമൊന്നുമല്ല എന്നെനിക്കറിയാം പക്ഷേ അത്രയെങ്കിലും എനിക്ക് ചെയ്യണം. മനുഷ്യരാണെന്ന് ചിന്തിപ്പിച്ചതാണോ അവർ ചെയ്ത തെറ്റ്? '
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം