നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ എഴുതിയ യാത്രാവിവരണം ഭ്രമയാത്രികന്‍ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിപ്പിച്ചു. ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍, സംവിധായകന്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍, രവി ഡി സി, മോഹന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുസ്തകം പ്രകാശിപ്പിച്ചത്.
യാത്രകള്‍ ഇഷ്ടപ്പെടുന്ന അനൂപ് മേനോന്‍ ഇന്ത്യയിലും വിദേശത്തുമായി നടത്തിയ യാത്രകളുടെ സമാഹാരമാണ് ഭ്രമയാത്രികന്‍. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം നടത്തിയ ഇന്ത്യാ യാത്ര മുതല്‍ ഇറ്റലി, സിംല, ചൈന, ലണ്ടന്‍ വരെയുള്ള യാത്രകളാണ് പുസ്തകം. യാത്രാഖ്യാനത്തിന്റെ പതിവു ഭൂതകാലവിവരണ പാരമ്പര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കാഴ്ചകളെ അതേപടി വിവരിച്ച് തത്സമയാനുഭവങ്ങളുടെ പുതുമകള്‍ പകരുന്നു. നിരൂപകനായ പി.കെ.രാജശേഖരനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഉണ്ണി ആര്‍, ലാല്‍ ജോസ്, മഞ്ജുവാര്യര്‍, ജയസൂര്യ, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരുടെ ആസ്വാദനവും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
അനൂപ് മേനോന്റെ യാത്രാവിവരണം ഭ്രമയാത്രികനെക്കുറിച്ച് മഞ്ജുവാര്യര്‍ എഴുതിയ ആസ്വാദനം വായിക്കാം
ആമിയുടെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് ഈ കുറിപ്പ് എഴുതാനായി ഇരിക്കുന്നത്. പോകണമെന്ന് ഒരുപാട് ആഗ്രഹിച്ച പുതിയൊരു സ്ഥലത്തേക്ക് ആദ്യമായി പറന്നിറങ്ങാന്‍ പോകുമ്പോഴുണ്ടാകുന്ന ഒരു നെഞ്ചിടിപ്പ് ഇത്തവണയുമുണ്ട്. അപരിചിതമായ ആ ചരിത്രനഗരം എനിക്ക് സമ്മാനിക്കാന്‍ പോകുന്ന ഓര്‍മ്മകള്‍ എന്തൊക്കെയായിരിക്കും? നെഞ്ചിടിപ്പ് എന്നെ ഓര്‍മ്മിപ്പിക്കുന്നത് കുട്ടിക്കാലത്ത് നാഗര്‍കോവിലില്‍ താമസിക്കുമ്പോള്‍ വാരാന്ത്യങ്ങളില്‍ അച്ഛനും അമ്മയ്്ക്കും ചേട്ടനുമൊപ്പം കന്യാകുമാരിയിലേക്കുള്ള ബൈക്ക് യാത്രകളും വെക്കേഷന്‍കാലത്ത് തൃശൂരിലേക്കുള്ള തീവണ്ടിയാത്രകളുമാണ്. അവയില്‍ ഒതുക്കാവുന്നതേയുള്ളൂ കുട്ടിക്കാലത്തെ എന്റെ ദൂരയാത്രകളുടെ ഓര്‍മ്മകള്‍.
ഇന്നും ഞാന്‍ ഏറ്റവും ഇഷ്ടത്തോടെ നെഞ്ചോട് ചേര്‍ക്കുന്ന ഓര്‍മ്മകള്‍. ഇന്നും മറ്റ് ഏത് വിദേശയാത്രയോളംതന്നെ അച്ഛനും അമ്മയ്ക്കും ചേട്ടനും കുടുംബത്തോടുമൊപ്പം തിരുവില്വാമലയിലെ തറവാട്ടിലെ സര്‍പ്പക്കാവില്‍ വിളക്കുവയ്ക്കാന്‍ എല്ലാ മാസവും പോകുന്ന യാത്രകളും ഞാന്‍ അത്രമേല്‍ ഇഷ്ടത്തോടെ ആസ്വദിക്കുന്നു. ഒരുപാട് വിദേശയാത്രകളൊന്നും ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടില്ല. ലോകം മുഴുവന്‍ സഞ്ചരിച്ചുകാണാൻ ആഗ്രഹമുണ്ട്. പലപ്പോഴും ഇത്തരം മനോഹരമായ യാത്രാക്കുറിപ്പുകള്‍ വായിച്ച് മനസ്സുകൊണ്ട് അവിടെയൊക്കെ സഞ്ചരിച്ച് തൃപ്തിപെടാറുണ്ട്. അനൂപിന്റെ യാത്രാനുഭവങ്ങള്‍ വായിച്ചപ്പോഴും സത്യത്തില്‍ ഉണ്ടായ അനുഭവം അതാണ്.
ലണ്ടന്‍ അനുഭവത്തില്‍ യാത്രയില്‍ കാഴ്ചകളോടൊപ്പംതന്നെ അവിടെ കണ്ട വ്യക്തികളുടെ സൂക്ഷ്്മമായ വിവരണങ്ങളും അവിടെ നടന്ന നല്ലതും സങ്കടകരവുമായ സംഭവങ്ങളുടെ വിവരണവും എനിക്ക് നല്‍കിയത് അവയെല്ലാം നേരിട്ടു കണ്ടതുപോലെയുള്ള അനുഭവമാണ്.
വാങ് ഫൂ ജിങ്കിലെ നിറകണ്‍ചിരി എന്ന ശീര്‍ഷകം പോലെതന്നെ അതിമനോഹരമാണ് ആ യാത്രയില്‍ അനൂപും ക്ഷേമയും കണ്ടുമുട്ടിയ ഡോറിയന്റെയും ഒലീവിയയുടെയും അത്യപൂര്‍വ്വസുന്ദരമായ പ്രണയകഥയും. സത്യം പറയട്ടെ, മിങ്ങിന്റെ ശവക്കോട്ടയുടെ വിവരണങ്ങള്‍ വായിക്കുമ്പോഴും എന്റെ മനസ്സ് തിരഞ്ഞുകൊണ്ടിരുന്നത് അവരുടെ പേരുകള്‍ വരുന്ന ഭാഗങ്ങളായിരുന്നു. ഒരുപക്ഷേ, എന്നെയും അനൂപിനെയും പോലെ ക്രിയാത്മകവും കാല്പനികവുമായ സിനിമാരംഗത്ത് ജോലിചെയ്യുന്നവരുടെ മനസ്സ് അങ്ങനെയായതുകൊണ്ടാവാം ആ യാത്രയില്‍ മറ്റെന്തിനെക്കാളും ഡോറിയനും ഒലീവിയയും അനൂപിന്റെ ശ്രദ്ധയാകര്‍ഷിച്ചത്.
സിംലയിലെ ഭാഗങ്ങള്‍ ഏറ്റവും അടുത്തറിഞ്ഞ്് വായി്ച്ച് ആസ്വദിക്കാന്‍ സാധിച്ചത് ഒരുപക്ഷേ റാണിപത്മിനിയില്‍ അഭിനയിക്കാന്‍ ഹിമാചല്‍പ്രദേശില്‍ത്തന്നെയുള്ള കുളു മണാലിയിലും ജിസ്പയിലും ചിലവഴിച്ച ഒരുപാട് ദിവസങ്ങളുടെ ഓര്‍മ്മകളായിരിക്കാം. മഞ്ഞുമലകളും മരുഭൂമിയും വനഭൂമിയും എല്ലാം ഒത്തുചേര്‍ന്ന് കിടക്കുന്ന നമ്മുടെ ഭാരതത്തിന്റെ കാഴ്ചകളുടെ സമ്പന്നതയെക്കുറിച്ച് ആഴത്തില്‍ ചിന്തിച്ച് അത്ഭുതപ്പെടുകയും അഭിമാനിക്കുകയും ചെയ്ത ദിവസങ്ങളായിരുന്നു അവ. ഒരിക്കല്‍കൂടി മനസ്സുകൊണ്ട് അവിടെയെല്ലാം പോയിവരാന്‍ സാധിച്ചു.
യാത്രകള്‍ ചെയ്യാന്‍ കുറെയധികം അവസരങ്ങള്‍ അനുവദിച്ചു തരുന്ന ജോലി ചെയ്യുവാന്‍ സാധിക്കുന്നതില്‍ ദൈവത്തോട് വീണ്ടും നന്ദി പറയാന്‍ തോന്നുന്നു. പുതിയ സ്ഥലങ്ങളില്‍ ചെന്നിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള സുഖമുള്ള നെഞ്ചിടിപ്പുകള്‍ ഒരുപാടൊരുപാട് തവണ അനൂപിനും ക്ഷേമയ്ക്കും യാത്രകള്‍ ചെയ്യാനിഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
Read more on Literary World Malayalam Literature News