‘രാജീവനും സച്ചിദാനന്ദനും ഇടത് ആശ്രിതത്വത്തില്‍നിന്നു സ്വയം വേര്‍പെടണം’

'രാജീവനെയും സച്ചിദാനന്ദനെയും പോലുള്ള എഴുത്തുകാര്‍ ആദ്യം വേണ്ടത് തങ്ങളുടെ രാഷ്ട്രീയത്തെ ഇടത്-സാംസ്കാരിക ആശ്രിതത്വത്തില്‍ നിന്നും വേര്‍പെടുത്തുക എന്നാണ്‌'

ഇന്ത്യന്‍ ജനാധിപത്യത്തെത്തന്നെ പ്രതിസന്ധിയിലാക്കുംവിധം ജനാധിപത്യസ്ഥാപങ്ങളെ കീഴ്പ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്ന ഒരു ഘട്ടത്തില്‍ കോൺഗ്രസ് അടക്കമുള്ള ജനാധിപത്യപാര്‍ട്ടികള്‍ക്ക് ഒപ്പം ഇടതുപക്ഷപാര്‍ട്ടികള്‍ നില്‍ക്കുകയാണ് വേണ്ടതെന്ന് ബി. രാജീവനും സച്ചിദാനന്ദനും പറയുന്നു. ശ്രദ്ധേയമായ നിലപാട്‌ ആണത്, വിശേഷിച്ചും കേരളത്തിലെ സിപിഎം രാഷ്ട്രീയത്തിന്റെ സഹയാത്രികര്‍ എന്ന നിലയ്ക്ക്. രാജീവന്‍ തന്റെ ഈ നിലപാട് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. 

തങ്ങള്‍ക്കുള്ളത് “ജനാധിപത്യത്തോട് അടവുപരമായ ഐക്യം” മാത്രമാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന, ആ വിശ്വാസം പ്രവര്‍ത്തിച്ചുകാട്ടുന്ന സിപിഎം അതിന്റെ സ്വന്തം ഫാഷിസം കൊണ്ട് കേരളത്തിന്റെ ജനാധിപത്യത്തെ എങ്ങനെയെല്ലാം തടഞ്ഞുവെന്നോ കബളിപ്പിക്കുന്നുവെന്നോ ദയാരഹിതമായ കൃത്യതയോടെ ചര്‍ച്ച ചെയ്യാന്‍ ഇപ്പോഴും ഈ രണ്ടുപേരും തയാറായിട്ടില്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ഇത് കത്തുകളിലൂടെയും പൊതുചര്‍ച്ചകളിലും അവരോടും പറഞ്ഞിട്ടുണ്ട്. സ്നേഹംകൊണ്ട് മിണ്ടാതിരിക്കുന്ന ഒരു മൗനം ഈ രണ്ടു എഴുത്തുകാരോടും (മൂന്നാമത്തെ ആള്‍ കെ.ജി. ശങ്കരപ്പിള്ളയാണ്) എനിക്ക് വേണ്ടി വന്നിട്ടില്ല, അവര്‍ എന്നോടും അങ്ങനെ ചെയ്തിട്ടുമില്ല. നിലപാടുകളുടെ വേര്‍പെടല്‍ എത്ര ദൂരത്തേക്ക് ഓരോരുത്തരെയും അകറ്റുമ്പോഴും. അതുകൊണ്ടാണ് അവര്‍ അശോകന്‍ ചെരുവിലിനെയോ എന്‍.എസ്. മാധവനെയോ പോലെ  ‘പാര്‍ട്ടി’യുടെ  (പിണറായിപക്ഷം എന്ന് വായിക്കുക) പഞ്ചാരമണലില്‍ തങ്ങളുടെ ബൗദ്ധികാന്തസ്സിന്റെകൂടി ‘സെൽഫി’ ലജ്ജയില്ലാതെ  ഇതുവരെയും കൊണ്ടുവരാത്തതും. അത്രയും നല്ലത്. അത്രയും അവര്‍ ജനാധിപത്യത്തെ ഉച്ചരിക്കുന്നു. 

എന്നാല്‍, കേരളത്തിന്റെ സമീപകാലത്തെ ‘ഫാഷിസ്റ്റ്‌ വിരുദ്ധ’ ചര്‍ച്ച നോക്കൂ: ഹിന്ദു ഫനട്ടിസത്തിനു ബദലായി കേരളത്തിനു വേണ്ടത് സിപിഎം എന്നും അതിന്റെ ഇരട്ടച്ചങ്കന്‍ നേതാവ് എന്നും കൃത്യമായി പ്രവര്‍ത്തിക്കുന്ന propaganda machine നമ്മുടെ രാഷ്ട്രീയത്തിന്റെ മാത്രമല്ല,  സാംസ്കാരിക ജീവിതത്തിന്റെതന്നെ പ്രതിസന്ധി കൂടി കാണിക്കുന്നുവെന്ന് എന്തുകൊണ്ട് ഇവര്‍ തങ്ങളുടെ ചര്‍ച്ചയില്‍ നിന്നും ഇപ്പോഴും മറച്ചു വെയ്ക്കുന്നു?  

ഇതിനു പല കാരണങ്ങള്‍ ഉണ്ടാകും. എന്നാല്‍ അതിന്റെ രാഷ്ട്രീയ കാരണം ജനാധിപത്യത്തെ ലെനിന്റെ കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ സങ്കൽപത്തില്‍ത്തന്നെ കാണാനാണ് ഇവരുടെ എന്നത്തെയും താല്‍പര്യം എന്നാണ്‌. (രാജീവന്റെ കീഴാളജനാധിപത്യത്തെ കുറിച്ചുള്ള ലേഖനങ്ങള്‍ ഓര്‍ക്കുമ്പോഴും). ഇത് “മലയാളി ഇടതുപക്ഷ”ത്തിന്റെ സാംസ്കാരിക ആശ്രിതത്വത്തിന്റെ (cultural dependency) കൂടി തെളിവാണ്. ആര്‍എസ്എസും സംഘവും ഉയര്‍ത്തുന്ന ഫാഷിസത്തെ നേരിടാന്‍ പൊതുതിരഞ്ഞടുപ്പില്‍ അവരെ തോൽപിക്കുകതന്നെയാണ് വേണ്ടത് എന്നത് വളരെ പ്രധാനമായ നിലപാടാണ്, അതില്‍ വെള്ളം ചേര്‍ക്കാനും പറ്റില്ല. കാരണം, തിരഞ്ഞെടുപ്പും പാര്‍ലമെന്‍ററി രാഷ്ട്രീയവും ജനാധിപത്യത്തിന് അവശ്യംവേണ്ട രാഷ്ട്രീയമാണ്, ഒരു ‘പരിപാടി’ മാത്രമല്ല. അതുകൊണ്ടുതന്നെ, ഫാഷിസത്തെ നേരിടാന്‍ ജനാധിപത്യത്തെ തുറന്നും ധീരവുമായി അവതരിപ്പിക്കുക എന്നതേ വഴിയുള്ളൂ. അതിന് രാജീവനെയും സച്ചിദാനന്ദനെയും പോലുള്ള എഴുത്തുകാര്‍ ആദ്യം വേണ്ടത് തങ്ങളുടെ രാഷ്ട്രീയത്തെ ഇടത്-സാംസ്കാരിക ആശ്രിതത്വത്തില്‍നിന്നു വേര്‍പെടുത്തുക എന്നതാണ്‌, ജനാധിപത്യത്തെ ജനാധിപത്യത്തിന്റെ രാഷ്ട്രീയമായിത്തന്നെ കണ്ടെത്തുക എന്നതാണ്‌. കാരണം, കേരളത്തില്‍ മാത്രമല്ല, ലോക സമൂഹങ്ങളില്‍ പലയിടത്തും നാം കണ്ടതുപോലെ, ഇടത്-സാംസ്കാരിക ആശ്രിതത്വം കമ്യൂണിസ്റ്റ്‌ സ്വേച്ഛാധിപത്യത്തിന്റെ സാംസ്കാരിക പ്രകാശനമാകുന്നു എന്നതാണ്‌. എന്നും എവിടെയും. ആ രാഷ്ട്രീയത്തിന് ഒരു ഫാഷിസത്തെയും നേരിടാന്‍ ആകില്ല എന്നും നാം കണ്ടതാണ്.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം