സ്നേഹം കുട പിടിക്കുന്ന വായനാനുഭവം

കുട ഒരു പ്രതീകമാണ്. അത് മഴയത്ത്  കൂടാരവും വെയിലത്ത് തണലുമാകുന്നു. മഴ നനഞ്ഞും വെയില്‍ കൊണ്ടും വരുന്നവര്‍ക്ക് ആശ്രയമരുളുന്ന ഒരു വീടുമാകുന്നു അത്.  

മഴയിലൂടെ കുട നിവര്‍ത്തി നടന്നുപോയിരുന്ന ഒരു കാലം എത്രയോ പിന്നിലാണെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. കുടയെടുക്കാതെയുള്ള യാത്രകളാണ് ഇപ്പോള്‍ നമ്മള്‍ പലരും നടത്തുന്നത്. അതിന്റെ ആവശ്യവുമില്ല. പക്ഷേ ഒരു കുട എത്രയോ അത്യാവശ്യമായിരുന്നുവെന്ന് പഴയകാല ഓര്‍മ്മകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ പെട്ടെന്ന് മനസ്സിലാവും. 

കുടയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ചെന്നെത്തുന്നതാവട്ടെ ആ മനോഹരമായ നോവലിലും. മുട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവലില്‍.

മുട്ടത്തുവര്‍ക്കിയെ അരികിലേക്ക് മാറ്റിനിര്‍ത്തിയവര്‍ പോലും അദ്ദേഹത്തിന്റെ ഒരു കുടയും കുഞ്ഞുപെങ്ങളെയും പരാമര്‍ശിച്ചു കേട്ടിട്ടുണ്ട്. ഒരു പക്ഷേ അത് ഓരോരുത്തരുടെയും ഉള്ളിലെ നന്മയുടെയും സ്‌നേഹത്തിന്റെയും നിഷ്‌ക്കളങ്കഭാവങ്ങളെ ഊതിയുണര്‍ത്തുന്നതുകൊണ്ടാവാം. മറ്റുള്ളവരുടെ ഓര്‍മ്മകളിലൂടെ സഞ്ചരിച്ച് ഒടുവില്‍ ചെന്നെത്തുന്നത് അവരുടെ തന്നെ ജീവിതങ്ങളിലേക്ക് തന്നെയായിരിക്കാം എന്നതുമാകാം.

മഴ നനയാതെ സ്‌കൂള്‍ ബസിലും അച്ഛനമ്മമാരുടെ വാഹനങ്ങളിലും സ്‌കൂള്‍ മുറ്റത്ത് വന്നിറങ്ങുന്ന ഇപ്പോഴത്തെ കുട്ടികള്‍ക്ക് ബേബിയുടെയും ലില്ലിയുടെയും നിസ്സഹായതയും ദൈന്യതയും സങ്കടവും എത്രമേല്‍ മനസിലാക്കാന്‍ കഴിയുമെന്ന് സംശയം തോന്നിയിട്ടുണ്ട്. നമ്മുടേതല്ലാത്ത ജീവിതമെല്ലാം നമുക്ക് കെട്ടുകഥ പോലെയാണെന്ന് അനുഭവപ്പെടുന്ന ഇക്കാലത്ത് പ്രത്യേകിച്ചും (ബെന്യാമിന്‍റെ വാക്കുകള്‍).

കുടയില്ലാത്ത കുട്ടിയും വാഴയിലകൊണ്ട് ശിരസ് മറച്ച് സ്‌കൂളിലേക്ക് ഓടിപ്പോകുന്ന, മഴനനയാതെ പുസ്തകം മാറോട് ചേര്‍ത്തുപിടിക്കുകയും ചെയ്തിരുന്ന ഒരു തലമുറയൊക്കെ ഇവിടെയുണ്ടായിരുന്നു കുഞ്ഞുങ്ങളേ ഒരു പക്ഷേ നിങ്ങളുടെ മാതാപിതാക്കന്മാരുടെ തലമുറകള്‍ തന്നെ.. അവരുടെ ഓര്‍മ്മയുടെ സ്മാരകമാണ് കാലത്തെ അടയാളപ്പെടുത്തുന്ന ഇത്തരം രചനകള്‍. 

ഇനി കാലത്തെ വിട്ടുകളഞ്ഞിട്ടും മറ്റൊരു രീതിയിലും ഒരു കുടയും കുഞ്ഞുപെങ്ങളെയും ചിന്തിച്ചുനോക്കുന്നത് നല്ലതായിരിക്കും. അതായിരിക്കും ഈ കൃതിക്ക് കൂടുതല്‍ ആസ്വാദ്യത പകരുന്നതും. 

മറ്റുള്ളവര്‍ക്ക് മീതെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുട നിവര്‍ത്താന്‍ കടമയുള്ളവരാണ് നമ്മളോരോരുത്തരും. മഴയത്ത് നിൽക്കുന്നവനെ ഒപ്പം കുടക്കീഴിലേക്ക് ചേര്‍ത്തുനിര്‍ത്താന്‍.. വെയിലത്ത് നിൽക്കുന്നവന് തളര്‍ന്നുവീഴാതെ തണലേകാന്‍.. നിന്റെ കൈയില്‍ ഒരു കുടയുണ്ടോ.. സ്‌നേഹത്തിന്റെ കുട.. സൗഹൃദത്തിന്റെ കുട.. സാഹോദര്യത്തിന്റെ കുട.. ഒരു കുടയും കുഞ്ഞുപെങ്ങളും നമ്മോട് മാറിയകാലത്തില്‍ ഇന്ന് നമ്മോട് ചോദിക്കുന്നത് അതാണ്. 

1961 ല്‍ പുറത്തിറങ്ങിയ ഈ കൃതിയെ 2017 ല്‍ ഓര്‍മ്മപുതുക്കുമ്പോള്‍ അത് നൽകുന്ന പുന:വായനയുടെ സാധ്യത എത്രയോ വ്യത്യസ്തമാണെന്നും അൽഭുതത്തോടെ ഓര്‍ത്തുപോകുന്നു. ഒരു ദരിദ്രസഹോദരങ്ങളുടെ നിസ്സഹായതക്കപ്പുറമാണ് ഇന്ന് അതിന്റെ അര്‍ത്ഥവും വ്യാപ്തിയും. പങ്കുവയ്ക്കപ്പെടേണ്ട സമ്പത്തിന്റെയും അനുകമ്പാപൂര്‍വ്വം മറ്റുള്ളവരോട് ഇടപെടേണ്ടതിന്റെ ആവശ്യകതയെയും അത്തരം വായനയിലൂടെയാണ് നാം വേര്‍തിരിച്ചറിയുന്നത്.

അല്ലെങ്കില്‍ സമ്പന്നയായ ഗ്രേസി എന്തൊരു ക്രൂരതയാണ് ലില്ലിയോട് ചെയ്തതെന്ന് ആലോചിച്ചുനോക്കു. അവളുടെ കൈയ്യില്‍ കുടയുണ്ടായിരുന്നു. ആ കുടയിലേക്ക് ലില്ലിയെ അവള്‍ക്ക് വേണമെങ്കില്‍ സ്നേഹപൂര്‍വ്വം ചേര്‍ത്തുനിര്‍ത്താവുന്നതേയുണ്ടായിരുന്നുള്ളൂ. പക്ഷേ പണത്തിന്റെ ധാര്‍ഷ്ട്യവും തന്റേത് തനിക്ക് മാത്രം അനുഭവിക്കാനുള്ളതാണെന്ന സ്വാര്‍ത്ഥതയും ഗ്രേസിയെ, ലില്ലിയെ തന്റെകുടയില്‍ നിന്ന് കയറ്റുന്നതില്‍ നിന്നും വിലക്കുന്നു. നിന്ദിക്കപ്പെടുന്ന ദാരിദ്ര്യത്തെക്കാള്‍ വലിയ വേദനയും അപമാനവും മറ്റൊന്നില്ല. ദരിദ്രന്‍ ഒരിക്കലും സമ്പന്നന്റെ സുഹൃത്താകുന്നില്ല എന്നതും എത്രയോ ശരി. 

കുടുംബസാഹചര്യങ്ങളാണ് കുട്ടികളെ സ്വന്തം വീടുപേക്ഷിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നതിനും ഈ നോവല്‍ സാക്ഷ്യം നൽകുന്നുണ്ട്. ഒരു പക്ഷേ ഇപ്പോഴത്തേതുപോലെയുള്ള ആസുരമായ ഒരു കാലം അല്ലാതിരുന്നതുകൊണ്ടാവാം ബേബിയും ലില്ലിയും വീടുവിട്ടിറങ്ങിയപ്പോഴും അവര്‍ക്ക് പരിക്കുകളൊന്നും പറ്റാതിരുന്നത്. ഇന്നായിരുന്നു ആ കുട്ടികള്‍ വീടുവിട്ടുപോകുന്നതെങ്കില്‍ തെരുവിന്റെ ഏതെങ്കിലും ഒരു കോണില്‍ പിച്ചിച്ചീന്തപ്പെട്ട മാംസക്കഷ്ണങ്ങളായി മിക്കവാറും അവരുടെ ജീവിതങ്ങള്‍ അവസാനിക്കുമായിരുന്നു. പക്ഷേ നന്മയുടെ ഒരു പൂക്കാലം അന്നത്തെ കാലത്ത് ഉള്ളതുകൊണ്ടും ഒരുവയസുള്ള കുഞ്ഞും മാംസമാണെന്ന് തോന്നുന്നവിധത്തിലുള്ള അധമത്വം അന്ന് ഇല്ലാതിരുന്നതുകൊണ്ടും ബേബിയുടെയും ലില്ലിയുടെയും ജീവിതം ആര്‍ക്കും ചിന്തിക്കാനാവാത്തവിധത്തില്‍ ഉയരങ്ങളിലെത്തുന്നു.

ചെറുപ്പത്തില്‍ നമുക്ക് കിട്ടാതെ പോകുന്നവ പ്രായമെത്തിയാലും എത്ര ഉയര്‍ന്ന പദവിയിലെത്തിയാലും പിന്നെയും നമ്മേ വേട്ടയാടിക്കൊണ്ടിരിക്കും എന്നതിനും ബേബിയും ലില്ലിയും തന്നെ ഉദാഹരണം. ചില്ലുകൈപിടിയില്‍ കുരുവിയുടെ രൂപമുള്ള കുട അവരുടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിടാത്ത ആഗ്രഹംതന്നെയായിരുന്നു. ഗ്രേസിയുടെ കൈയില്‍ നിന്ന് ചികിത്സയ്ക്കുള്ള പണം വാങ്ങാതെ പകരം കുട സമ്മാനമായി വാങ്ങുമ്പോള്‍ ഒരേ സമയം ബേബിയും ലില്ലിയും തങ്ങളുടെ പഴയ കാലത്തിലേക്ക് തിരികെ നടക്കുകയും മധുരപൂര്‍വ്വമായ പ്രതികാരം ഗ്രേസിയോട് വീട്ടുകയുമാണ് ചെയ്യുന്നത്.

മറ്റൊരുവന്റെ തോളില്‍ കരം ചേര്‍ത്ത് ഒരു കുടയില്‍ മഴയിലൂടെ നടന്നുനീങ്ങിയിട്ട് എത്ര കാലമായി.. നാമെല്ലാവരും ഇപ്പോള്‍സ്വയം പര്യാപ്തരായിക്കൊണ്ടിരിക്കുകയാണല്ലോ.. നമുക്ക് ഉള്ളില്‍ നിന്ന് സൗഹൃദത്തിന്റെ നനുത്ത മേഘങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണല്ലോ..

ഒരു കുട കൈയിലുണ്ടാവട്ടെ നിന്റെ കൈയില്‍.. മറ്റുള്ളവര്‍ക്കു കൂടി ഇടം കൊടുക്കാന്‍ കഴിയുന്ന വലിയൊരു കുട.. ഓരോ കുടയും എത്രയോ മഴയേറ്റിട്ടുണ്ട്.. എത്രയോ വെയില്‍ പൊള്ളിച്ചിട്ടുമുണ്ട്. എന്നിട്ടും കുടയ്ക്ക് കുടയാവാതിരിക്കാനാവില്ല.. അതാണ് കുടയുടെ നിയോഗം.

ഓരോ കുടയുമാവുക നാം..

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം