ഒന്നാം ലോകമഹായുദ്ധം നാമാവശേഷമാക്കിയ യൂറോപ്യൻ സംസ്കാരത്തിന്റെ ചരമഗീതം ആയിരുന്നു ടി.എസ്. ഏലിയറ്റിന്റെ ദി വേസ്റ്റ്ലാൻഡ്. ആധുനിക ഇംഗ്ലീഷ് കവിതയുടെ ഏറ്റവും മഹത്തായ സൃഷ്ടിയാണ് 1922–ൽ രചിക്കപ്പെട്ട ഈ കവിത. അഞ്ച് ഭാഗങ്ങളിലായി 434 വരികൾ ആണ് ഉള്ളത്. ആഖ്യാനശൈലിയാണ് വേസ്റ്റ്ലാൻഡിനെ ഒരു മഹത്തായ കൃതിയാക്കി മാറ്റുന്നത്. മറ്റ് കവിതകളിലെ പോലെ ഒരു കഥ ആദ്യാന്തം പറയുകയല്ല വേസ്റ്റ്ലാൻഡ് ചെയുന്നത്. യുദ്ധം അവശേഷിപ്പിച്ച ചിത്രങ്ങളുടെ ഒരു സമാഹാരം പോലെയാണ് കവിതയുടെ ഘടന. പലപ്പോഴും ഈ ചിത്രങ്ങൾ തമ്മിൽ ബന്ധം കണ്ടെത്തുക എന്നത് വളരെ ശ്രമകരമായി മാറുന്നു. തുടർച്ചയും കാര്യകാരണത്വവും നഷ്ടപ്പെട്ട ആധുനിക ലോകത്തിന്റെ ചിത്രം വരയ്ക്കാനാണ് ഏലിയറ്റിന്റെ ശ്രമം. അർത്ഥമില്ലായ്മ തന്നെയാണ് ആധുനിക ജീവിതത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര. ഇതിനെ തന്റെ കവിതയിൽ പ്രകാശിപ്പിക്കുവാൻ കവിക്ക് സാധിക്കുന്നു.
ചോസറിന്റെ കാന്റർബറി റ്റെയിൽസിനെ ഓർമിപ്പിച്ചാണ് കവിതയുടെ തുടക്കം. ഏപ്രിൽ ഏറ്റവും മാധുര്യം ഏറിയ മാസം എന്നാണ് ചോസർ പാടിയതെങ്കിൽ ഏപ്രിൽ ഏറ്റവും ക്രൂരനായ മാസം എന്നാണ് ഏലിയറ്റ് പറയുന്നത്. ശൈത്യം മറച്ചുവെച്ച വേദനകൾക്ക് പുതുനാമ്പ് മുളയ്ക്കുന്നതിനാലാണ് വസന്തത്തെ ആധുനിക മനുഷ്യൻ വെറുക്കുന്നത്. മറവിയാണ്, മരണമാണ് ഭേദം എന്ന പാഠഭേദം ഇവിടെ ആധുനിക ജീവിതമന്ത്രം ആയി മാറുന്നു. കവിതയുടെ ആദ്യഭാഗം മൃതസംസ്കാരം എന്ന തലക്കെട്ടോടെയാണ് എലിയറ്റ് അവതരിപ്പിക്കുന്നത്. യുദ്ധം നാശം വിതച്ച ഭൂമിയിൽ യുദ്ധത്തിന്റെ ഭോഷത്തം കാട്ടാൻ "നിങ്ങൾ കുഴിച്ചിട്ട ശരീരങ്ങൾ കിളിർത്തുവോ തളിർത്തുവോ" എന്ന് എലിയറ്റ് ചോദിക്കുന്നു.
മറ്റ് കവിതകളിലെ വരികൾ ഉദ്ധരിച്ചാണ് പലപ്പോഴും കവിത മുന്നോട്ട് പോകുന്നത്. എന്നാൽ ഇത് ആധുനിക കവിതയുടെ ഒരു സങ്കേതം മാത്രമാണ്. ലണ്ടനിലെ മനുഷ്യരുടെ ജീവിതത്തിന്റെ നിർജീവത്വം തുറന്നു കാട്ടാൻ അവരെ ദാന്തെയുടെ നരകവർണനയോടാണ് ഏലിയറ്റ് സാമ്യപ്പെടുത്തുന്നത്. ഇതുപോലെ അനേകം സ്ഥലങ്ങളിൽ മറ്റ് കവിതകളുടെ വരികളിലൂടെ അർത്ഥസമ്പുഷ്ടി കൈവരിക്കാൻ ഏലിയറ്റിനു കഴിയുന്നു. ലൈംഗീകതയാണ് വേസ്റ്റ്ലാൻഡിലെ മറ്റൊരു പ്രധാന പ്രമേയം. പ്രണയം നഷ്ടപ്പെട്ട രതിയേക്കാൾ ഭയാനകമായ മറ്റൊന്നും ഇല്ല എന്ന തിരിച്ചറിവ് വായനക്കാരനിൽ ഉളവാക്കാൻ ആണ് കവിയുടെ ശ്രമം. ഇതിനായി പുരാതനവും ആധുനികവും ആയ അനേകം കഥകളിലേക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ട് പോകുന്നു. ഇമേജിസം എന്ന ആധുനിക കവിതാസങ്കേതം ആണ് ഏലിയറ്റ് കവിതയിൽ ഉടനീളം ഉപയോഗിക്കുന്നത്. കാര്യങ്ങൾ നേരിട്ട് പറയാതെ ഒന്നിലധികം ചിത്രങ്ങൾ അഥവാ ബിംബങ്ങൾ ചേർത്തുവെച്ച് അർത്ഥം സൃഷ്ടിക്കുകയാണ് ഇതിന്റെ രീതി.
ഇങ്ങനെ വളരെ വൈവിധ്യമാർന്ന ഇമേജുകളിലൂടെ കവിത മുന്നോട്ട് പോകുമ്പോൾ അതിനെ ഒന്നിച്ച് നിർത്താൻ ഒരു മിത്തിന്റെ സഹായം വേണ്ടിവരുന്നു. വേസ്റ്റ്ലാൻഡിൽ ഈ ദൗത്യം ഏറ്റെടുക്കുന്നത് ഫിഷെർകിങ്ങിന്റെ മിത്താണ്. രാജാവിന്റെ ന്യൂനത മൂലം വറ്റിവരണ്ട ദേശത്തിന്റെ കഥയാണ് ഈ മിത്ത്. ഇവിടെ വറ്റിവരണ്ട ദേശം യൂറോപ്പ് ആണ്. ഇതിനു പരിഹാരം തേടിയുള്ള യാത്രയാണ് കവിത. യാത്ര അവസാനിക്കുന്നത് ഉപനിഷത്തിലാണ്. മറ്റുള്ളവർക്ക് കൂടുതൽ നൽകുക, കൂടുതൽ ദയയുള്ളവർ ആവുക, കൂടുതൽ ആത്മനിയന്ത്രണം പാലിക്കുക എന്നിവയാണ് പൗരസ്ത്യർക്ക് പാശ്ചാത്യ ലോകത്തിനു നൽകാൻ ഉള്ള സന്ദേശം. ഈ ശാന്തിമന്ത്രം ഉരുവിട്ടാണ് കവിത അവസാനിക്കുന്നത്. ആധുനികതയുടെ വരവ് വിളംബരം ചെയ്ത കൃതി ആയിരുന്നു ഇത്. എസ്ര പൗണ്ടിന്റെ എഡിറ്റിംഗ് ആണ് എലിയറ്റിന്റെ രചനക്ക് കെട്ടുറപ്പ് നൽകിയത്. ഇതിനാൽ തന്നെ കവിതയുടെ സമർപ്പണം അദ്ദേഹത്തിനാണ്. മനുഷ്യൻ ഉള്ള കാലത്തോളം സാഹിത്യം മരിക്കാത്ത കാലത്തോളം ഏലിയറ്റിന്റെ ഈ കവിതയും നിലനിൽക്കും.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം