സാമ്പത്തിക സംവരണത്തിന്റെ രാഷ്ട്രീയം

കെ. വേണു

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗത്തിൽനിന്നു വിട്ടുനിന്ന സന്ദർഭം ഉപയോഗിച്ചാണ് അജൻഡയിലില്ലാതിരുന്ന, ദേവസ്വംബോർഡിന് കിഴിലുള്ള നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി ദുർബലരായവർക്ക് 10 ശതമാനം സംവരണം നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനം മുഖ്യമന്ത്രി എടുത്തത്. സിപിഐ ഏതായാലും തീരുമാനം അംഗീകരിക്കുകയും ചെയ്തു. സാമ്പത്തിക സംവരണം എന്ന് അറിയപ്പെടുന്ന ഇൗ സമീപനം ആദ്യമായി അവതരിപ്പിച്ചത് 1957-ലെ ഒന്നാമത്തെ കമ്യൂണിസ്റ്റു മന്ത്രിസഭയുടെ കാലത്ത് ഇഎംഎസ് നമ്പൂതിരിപ്പാട് തന്നെയാണ്. ഇന്ത്യയിലെ വർണ - ജാതി വ്യവസ്ഥ സൃഷ്ടിക്കുന്ന സാമൂഹികവിവേചനത്തിന്റെ ഗുരുതര സ്വഭാവത്തെ അവഗണിച്ചുകൊണ്ട്, സാമ്പത്തിക വിഭജനത്തിന്റെ ഫലമായുണ്ടാകുന്ന വർഗസമരത്തിൽ ഉൗന്നുന്ന കമ്യൂണിസ്റ്റ് സമീപനത്തിൽ നിന്നാണ് ഇംഎംഎസ്സിന്റെ സാമ്പത്തിക സംവരണ സിദ്ധാന്തം ഉടലെടുത്തത്.

വർണ-ജാതി വ്യവസ്ഥ നിമിത്തം സഹസ്രാബ്ദങ്ങളായി ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക, ദലിത് സമുദായങ്ങൾ അടിമാവസ്ഥയ്ക്കു സമാനമായ സാമൂഹികവിവേചനം അനുഭവിച്ചു വരികയായിരുന്നു എന്ന യാഥാർഥ്യം അംഗീകരിച്ചുകൊണ്ടാണ്, ആ അവസ്ഥയ്ക്കുള്ള പരിഹാരത്തിലേക്ക് ചെറിയൊരു ചുവടുവെയ്പ്പെന്ന നിലയ്ക്ക് ഡോ.അംബേദ്കറുടെ നേതൃത്വത്തിൽ ഭരണഘടനാശില്പികൾ സാമൂഹികസംവരണം നടപ്പിലാക്കാനുള്ള നിർദേശം ഭരണഘടനയിൽ ഉൾച്ചേർത്തത്. ഇൗ ജാതിപരമായ സാമൂഹികവിവേചനം പരിഹരിക്കപ്പെടാത്തിടത്തോളം ഇന്ത്യൻ ജനാധിപത്യത്തിന് മുന്നോട്ടുപോകാനാവില്ലെന്ന അംബേദ്കർ നിലപാട് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമാണ്. എന്നാൽ, ഇന്ത്യൻ ജനാധിപത്യത്തെ ബൂർഷ്വാജനാധിപത്യമായി മുദ്രകുത്തുന്ന കമ്യൂണിസ്റ്റുകാർ, തൊഴിലാളി വർഗാധിപത്യമെന്ന തങ്ങളുടെ ഫാഷിസ്റ്റു ലക്ഷ്യം കയ്യൊഴിയാതെ പാർലമെന്ററി ജനാധിപത്യത്തിൽ പങ്കെടുക്കുന്ന കള്ളക്കളിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇൗ കള്ളക്കളിയുടെ തുടർച്ച തന്നെയാണ് ഇൗ സാമ്പത്തിക സംവരണ പദ്ധതിയും.

ഭരണഘടന  നിർദേശിക്കുന്ന  സാമൂഹികസംവരണം നടപ്പിലാക്കപ്പെടാതെപോയ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തിൽവന്ന ജനതാ പാർട്ടി സർക്കാർ ഇൗ വിഷയം പഠിക്കാൻ മണ്ഡൽ കമ്മിഷനെ നിയമിക്കുന്നത്. കമ്മിഷന്റെ കണ്ടെത്തലുകൾ ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ നേതാക്കന്മാരെക്കാളും ഭരണാധികാരം കൈകാര്യം ചെയ്യുന്ന ക്ലാസ്സ് ക, കക ഉദ്യോഗസ്ഥരായ ഐഎഎസ്, ഐപിഎസ് വിഭാഗങ്ങളിൽ 80 ശതമാനവും ജനസംഖ്യയിൽ 12 ശതമാനം മാത്രമുള്ള സവർണർ കയ്യടക്കിയിരിക്കുകയാണെന്നും, ജനസംഖ്യയിൽ 52 ശതമാനം വരുന്ന പിന്നാക്കക്കാർക്ക് ഇൗ ഉയർന്ന ജോലികളിൽ 4 ശതമാനം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നുമാണ് മണ്ഡൽ കമ്മിഷൻ കണ്ടെത്തിയത്. ഇൗ അവസ്ഥ പരിഹരിക്കാനായി, ഇൗ ഉയർന്ന ജോലികളിൽ 27 ശതമാനം പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ചെയ്യണമെന്നും കമ്മിഷൻ നിർദേശിച്ചു. ഇതിനെതിരെ കോടതിയിൽ കേസെത്തിയപ്പോൾ കേന്ദ്ര സെക്രട്ടറിയറ്റിലെ  സവർണലോബി  സർക്കാർ വഴി പിന്നാക്കക്കാരിലെ മേൽത്തട്ടിനെ (ക്രീമിലെയർ) സംവരണത്തിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം വെച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു. മധ്യവർഗവരുമാനമുള്ളവരെല്ലാം മേൽത്തട്ടായി വ്യവസ്ഥ ചെയ്യപ്പെട്ടു. പിന്നാക്കക്കാരിലെ അൽപം ഭേദപ്പെട്ടവരൊക്കെ സംവരണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ ഇത്തരം ഉയർന്ന ജോലികൾക്ക് മത്സരിക്കാനായി പാവപ്പെട്ട പിന്നാക്കക്കാരിൽനിന്ന് ആരുമില്ലാതായി. പിന്നാക്കക്കാർക്ക് അനുവദിക്കപ്പെട്ട വിഹിതത്തിന്റെ പകുതിപേർപോലും ഇൗ ഉയർന്ന ഉദ്യോഗങ്ങളിൽ ഇപ്പോഴും എത്തിയിട്ടില്ല. സവർണലോബിയുടെ കണക്കുകൂട്ടൽ ശരിക്കും ഫലിച്ചു. ഇഎംഎസും സിപിഎമ്മും അക്കാലത്ത് ഇൗ ക്രീമിലെയർ ലോബിക്ക് തുറന്ന പിന്തുണയാണ് നൽകിയത്. വർഗസമരത്തിന്റെ ലേബലിൽ സവർണപ്രീണനം!

ഇൗ പാരമ്പര്യത്തിന്റെ തുടർച്ച തന്നെയാണ് ഇപ്പോൾ പിണറായി വിജയന്റെ ‌മുന്നാക്ക സംവരണതീരുമാനത്തിലും പ്രകടമാവുന്നത്. അശാസ്ത്രീയമായ ഇൗ സമീപനത്തിലെ ആന്തരികവൈരുധ്യങ്ങളും പ്രത്യക്ഷമായി കാണാം. സാമുദായികമല്ലാത്ത സാമ്പത്തിക മാനദണ്ഡമാണ് സാമ്പത്തിക സംവരണത്തിന്റെ അടിസ്ഥാനം. അപ്പോൾ സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നവർ, ജാതി മത വ്യത്യാസങ്ങളൊന്നും നോക്കാതെ, നിശ്ചിതമായ ഒരു സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സമുദായങ്ങളിലുംപെട്ട ദരിദ്രർക്ക് സംവരണം നൽകാൻ ബാധ്യസ്ഥരാണ്. ‌മുന്നാക്കക്കാരിലെ ദരിദ്രരിൽ 10 ശതമാനത്തിനു മാത്രം സാമ്പത്തിക സംവരണവും മറ്റു സമുദായങ്ങൾക്ക് സാമൂഹികസംവരണവുമെന്ന നിലപാട് തത്വരഹിതമാണ്; അവസരവാദവും ജനവഞ്ചനയുമാണത്. കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ നോക്കുക. മൊത്തം ജനസംഖ്യയിൽ 11 ശതമാനം വരുന്ന ദലിത്, ആദിവാസി വിഭാഗങ്ങളിൽ 99 ശതമാനവും കിടപ്പാടമല്ലാതെ മറ്റു സമ്പത്തുകളൊന്നുമില്ലാത്ത യഥാർഥ ദരിദ്രരാണ്. ജനസംഖ്യയിൽ 30 ശതമാനത്തിൽ താഴെ വരുന്ന ഇൗഴവർ ഉൾപ്പെടുന്ന പിന്നാക്ക വിഭാഗങ്ങളിൽ 20-30 ശതമാനം മാത്രമേ ഇടത്തരവും അതിന് മുകളിലുള്ളവരുമായിരിക്കുകയുള്ളു. ബാക്കി 70 ശതമാനവും ദരിദ്രരായിരിക്കും. ജനസംഖ്യയിൽ 14 ശതമാനത്തോളം വരുന്ന നായർ, ബ്രാഹ്മണ ‌മുന്നാക്കക്കാരിൽ 30 ശതമാനമേ ദരിദ്രരായിട്ടുണ്ടാവുകയുള്ളൂ. അവരിൽതന്നെ 5 ശതമാനമേ യഥാർഥ ദരിദ്രാവസ്ഥയിലുണ്ടാകൂ. മറ്റുള്ളവർ ദലിത്, പിന്നാക്ക ദരിദ്രരേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. ഒരേ മാനദണ്ഡംവെച്ച് ഇൗ എല്ലാ സമുദായങ്ങളിലെയും ദരിദ്രർക്ക് സംവരണം നൽകിയാലേ അതു സാമ്പത്തിക സംവരണമാകൂ. അപ്പോഴും അത് സാമൂഹികസംവരണത്തെ തുരങ്കം വെക്കലാണെന്ന കാര്യത്തിൽ സംശയം വേണ്ട.

ഇനി ദേവസ്വം ബോർഡിനു കീഴിലെ തൊഴിൽ മേഖലയുടെ കാര്യം കൂടിനോക്കാം. ഹിന്ദുക്കളെ മാത്രം നിയമിക്കുന്ന ഇൗ തൊഴിലുകളിൽ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പിന്നാക്ക, ദലിത് വിഭാഗങ്ങൾക്ക് നിശ്ചയിച്ചിരുന്ന സംവരണത്തിൽ ചെറിയ വർധന പുതിയ തീരുമാനത്തിൽ വരുത്തിയിട്ടുണ്ട്. പക്ഷേ, പൊതുവിഭാഗത്തിലെന്ന പേരിൽ 70 ശതമാനത്തോളം ജോലികളും ‌മുന്നാക്കക്കാർക്കാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ കൂടെയാണ് ഇനിയുമൊരു 10 ശതമാനം നൽകാൻ പോകുന്നത്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള 4 കോളജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ 80 ശതമാനവും ‌മുന്നാക്കക്കാർക്കാണ് ലഭിച്ചിട്ടുള്ളത്. അപ്പോൾ പുതിയ തീരുമാനത്തിന്റെ ലക്ഷ്യം സാമൂഹികനീതിയല്ലെന്ന് സ്പഷ്ടമാണല്ലോ.

സംഘപരിവാർ ശക്തികൾ പരസ്യമായിത്തന്നെ സാമൂഹികസംവരണത്തെ എതിർക്കുകയും സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും അവർ ഭരിക്കുന്ന ഒരിടത്തും അതു നടപ്പിലാക്കാനായിട്ടില്ല. പിന്നാക്ക, ദലിത് വിഭാഗങ്ങളുടെ സംഘടിത ശക്തികളെ അവർക്കു ഭയമുണ്ട്. എന്നാൽ കേരളത്തിൽ പിണറായി വിജയൻ ഇൗ സംഘപരിവാർ നയം അനായാസം നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ, അദ്ദേഹം ലക്ഷ്യമിടുന്നത് ഇടതുമുന്നണിക്കു സാധാരണഗതിയിൽ ലഭിക്കാത്ത ‌മുന്നാക്ക വോട്ടു ബാങ്കാണെന്നു കാണാം.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം