ഞാൻ കാണുമ്പൊ അബിച്ചേട്ടൻ ഇങ്ങനെയായിരുന്നു, കട്ടിത്താടിയൊക്കെ വെച്ച് ... "താടി ലക്കല്ലെടാ, നിന്റെ ബോസും താടിയല്ലേ? ലാലു ഇപ്പൊ വിളിച്ചിരുന്നു. സത്യത്തിൽ വളർത്തിയതല്ല, വളർന്നതാ .." അനിലേട്ടനോട് ലാൽജോസിനെക്കുറിച്ച് പറയുകയായിരുന്നു അബിച്ചേട്ടൻ. അബിക്കാ, എന്ന അനിയേട്ടന്റെ വിളി ഇപ്പോഴും എന്റെ ചെവിയിലുണ്ട്. മണപ്പാട്ടിപ്പറമ്പിൽ 'രസികൻ' പടത്തിനൊരുക്കിയ സെറ്റിലെ ഓർമ്മകളായിരുന്നു അന്നത്തെ കഥകൾ നിറയെ. ആ കഥകളിൽ രാജീവ് രവി എന്ന ക്യാമറാമാനുണ്ട്, തിരക്കഥാകൃത്ത് മുരളിഗോപിയുണ്ട്, ദിലീപുണ്ട്.. എല്ലാവരുമുണ്ടായിരുന്നു.
ചികിത്സയ്ക്കിടെ ഒന്നുഷാറായ അബിച്ചേട്ടൻ കൊച്ചിയിലെ വില്ലയിലിരുന്ന് പഴയ കഥകൾ, പണ്ടുണ്ടായിരുന്ന പ്രതീക്ഷകൾ ഒക്കെ ഓർത്തു. നല്ല ഭംഗിയുണ്ടായിരുന്നു ആ വീട്. തൊട്ടടുത്തായി മച്ചാൻ വർഗ്ഗീസിന്റെ വീടുമുണ്ട്. തന്റെ ഈ വില്ല വാടകയ്ക്ക് കൊടുത്ത്, ചെറിയ വാടകയ്ക്ക് ഒരു വീട്ടിൽ താമസിച്ച കഥകളൊക്കെപ്പറഞ്ഞു അന്ന്. ഹാപ്പി വെഡ്ഡിംഗിലെ പൊലീസ് വേഷം അദ്ദേഹത്തിന് വീണ്ടും വലിയ പ്രതീക്ഷകളൊക്കെ കൊടുത്തു തുടങ്ങിയിരുന്നു. പറഞ്ഞു പറഞ്ഞ് വീണ്ടും രസികനിൽത്തന്നെ മടങ്ങി എത്തി. അനിൽ.കെ.നായരെന്ന അന്നത്തെ സഹസംവിധായകനെ ആ പടത്തിൽ നിന്നോർത്തെടുക്കാൻ കഴിയുന്നതു കൊണ്ടാണോ അതോ താനാഗ്രഹിച്ച രീതിയിൽ തന്നെ ഒടുവിലായി അദ്ദേഹം കണ്ടെടുക്കുന്നത് പത്തുപതിമൂന്ന് വർഷം മുമ്പുള്ള ആ പടത്തിലായതുകൊണ്ടാണോ, എന്തോ വീണ്ടും രസികനിൽത്തന്നെയെത്തി.
"ലാലു അന്നെന്നെ രക്ഷിക്കാൻ നോക്കിയതാ, ഭാഗ്യമില്ലെടാ.." എന്ന പറച്ചിൽ ഇന്ന് എന്നെ വന്നു കുത്തുന്നു. ഭാഗ്യം ഷെയ്നിലൂടെ തന്നെ തേടിവരുന്നത് അവസാനകാലം അബിച്ചേട്ടൻ കണ്ടിരുന്നു. വാടകയ്ക്ക് കൊടുത്ത തന്റെ വീട്ടിലേക്ക് താൻ തിരിച്ചു വന്നതു പോലും ആ ഭാഗ്യത്തിന്റെ അടയാളമായി അദ്ദേഹത്തിന് തോന്നിയിരുന്നു. മിമിക്രിക്കാരൻ അബി എന്തൊക്കെയായി എന്ന് നമ്മൾ വാദം നിരത്തിയാലും, താൻ ഒന്നുമായില്ല എന്ന് വിശ്വസിച്ചാണ് അബിച്ചേട്ടൻ പോയത്, പാവം.
കലാഭവൻ മണിയെക്കുറിച്ച് ഗ്രീൻ ബുക്സിറക്കിയ എന്റെ പുസ്തകത്തിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. ഒടുവിൽ വിളിച്ചപ്പോൾ സംസാരിച്ചത് മുഴുവൻ മണിച്ചേട്ടനെക്കുറിച്ചാണ്. അബിച്ചേട്ടന്റെ വാട്സപ്പ് സ്റ്റാറ്റസിൽ 'സ്നേഹം - ക്ഷമ' എന്നിപ്പോഴും കാണാം. അത് അബിച്ചേട്ടന്റെ യാത്രാമൊഴിയാണ്. എന്നെ പരിഗണിച്ചില്ലെങ്കിലും എനിക്കെപ്പോഴും നിങ്ങളോട് സ്നേഹമായിരുന്നു, ഞാൻ ക്ഷമിച്ചിരിക്കുന്നു, സ്നേഹപൂർവ്വം നിങ്ങളുടെ അബി എന്ന്.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം