പുസ്തകങ്ങൾ മറ്റാരും കാണാതെ ഒളിപ്പിച്ചുവെച്ച് വായിക്കുന്നവർ, പുസ്തകക്കള്ളൻമാർ, എല്ലാ പുസ്തകവും ഇറങ്ങുമ്പോൾ തന്നെ വാങ്ങി വായിക്കണമെന്ന് നിർബന്ധമുള്ളവർ.. ഇങ്ങനെ പലശീലങ്ങളുള്ള വായനാപ്രേമികളുണ്ട് നമുക്ക് ചുറ്റും. ഒരാൾക്ക് ഒരു ദിവസം എത്ര പുസ്തകങ്ങൾ വായിക്കാൻ കഴിയും?... രണ്ട്? മൂന്ന്?... നൂറ് അല്ലെങ്കിൽ അതിനും മുകളിൽ എന്നാണ് കലേബ് ഗ്രീൻ എന്ന നാലു വയസ്സുകാരന്റെ ഉത്തരം.
ഇന്ന് നൂറ് ബുക്കുകള്‍ വായിക്കണമെന്ന് കലേബ് പറഞ്ഞപ്പോൾ അച്ഛൻ സൈലസ് ആദ്യം അതൊരു കുട്ടിക്കളിയായി കരുതി തള്ളി. കലേബ് തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ അച്ഛൻ തന്നെ കലേബിന്റെ സഹായത്തിനെത്തി. രണ്ടര മണിക്കൂറുകൾക്കുള്ളിൽ നൂറു പുസ്തകങ്ങൾ വായിക്കണമെന്ന ആഗ്രഹം വിജയകരമായി ചിക്കാഗോകാരനായ കലേബ് പൂർത്തിയാക്കി. സൈലസ് തന്നെയാണ് മകന്റെ വായനാകമ്പത്തിന്റെ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ ലൈവ് ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്റെ പേര് കലേബ് ഗ്രീൻ. ഞാൻ നൂറ് പുസ്തകങ്ങള്‍ വായിക്കാൻ പോകുന്നു എന്ന മുഖവുരയോടെയാണ് കൊച്ചു മിടുക്കൻ പുസ്തകങ്ങൾ വായിച്ചു തുടങ്ങിയത്. മൂന്നു മണിക്കൂർ അടുത്തുള്ള വിഡിയോ വൈറൽ ആയതോടെ സുഹൃത്തുക്കളും കുടുബാംഗങ്ങളുമൊക്കെ കലേബിന് പ്രോത്സാഹന സമ്മാനങ്ങളുമായി എത്തി. ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളും പണവും കലേബിനെപോലെ വായനയെ സ്നേഹിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോഗിക്കാനാണ് കലേബിന്റെ കുടുംബത്തിന്റെ തീരുമാനം.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം