രാഷ്ട്രീയ നേതാക്കൾ പരസ്പരം തന്തയ്ക്കും തളളയ്ക്കും വിളി നിർത്തി രാഷ്ട്രീയം പറഞ്ഞു തുടങ്ങണമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഗീത. വി.ടി. ബൽറാമിന്റെ വിവാദപ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഗീതയുടെ ഫെയ്സ്ബുക് പോസ്റ്റ്.
"ജീവിച്ചിരിക്കുന്ന മനുഷ്യരെ ബാധിക്കുന്ന സർവ്വ പ്രശ്‍നങ്ങളും പരിഹരിച്ചു കഴിഞ്ഞതിനാൽ ജീവിച്ചിരിപ്പില്ലാത്തവരുടെ പ്രണയജീവിതം ചർച്ച ചെയ്തു നമ്മെ ഉല്ലസിപ്പിക്കുന്ന രാഷ്ട്രീയക്കാരുടേയും അണികളുടേയും ഇടയ്ക്കുള്ള ജീവിതം" എന്നായിരുന്നു കവിയത്രി സാവിത്രി രാജീവൻ വിഷയത്തിൽ തന്റെ അഭിപ്രായം ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഗീതയുടെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം–
പിതൃശൂന്യതയും കുലംകുത്തിയും നെഹ്റു കുടുംബത്തിന്റെ സദാചാര സ്ഖലിതങ്ങളും ഒളിവിലെ സഖാക്കളുടെ രഹസ്യ വേഴ്ചകളും ബാലികാപീഡന വ്യാഖ്യാനങ്ങളും കേട്ടുകേട്ട് വല്ലാതെ ബോറടിച്ചിട്ടാ. സ്ത്രീ പുരുഷ ബന്ധങ്ങളെ ആൺനേതാക്കന്മാരിങ്ങനെ ഏകപക്ഷീയമായി അങ്ങോട്ടുമിങ്ങോട്ടും ഇട്ടലക്കുന്നതു കാണുമ്പോൾ ഓക്കാനം വരുന്നു.
വെറുതെയല്ല ഇന്നാട്ടിൽ സ്ത്രീ പീഡനങ്ങൾ വർധിച്ചത്. ഈ നേതാക്കന്മാർ ആണും പെണ്ണും പരാതികളില്ലാതെ ഇടപെടുന്ന ചരിത്രവർത്തമാന അറകളിലേക്ക് ഒളിക്കണ്ണുകളും ഒളിക്യാമറകളുമായി ഇങ്ങനെ പതുങ്ങിയിരിക്കൽക്കളി കളിക്കുമ്പോൾ ഇവിടെ മറ്റെന്തുണ്ടാകാനാണ്? അതു കൊണ്ടൊക്കെയാണ് ആരു ഭരിക്കുമ്പോഴും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പീഡകർ സംരക്ഷിക്കപ്പെടുന്നത്.
രണ്ടു പെൺകിടാങ്ങളുടെ ചുമലിൽ കൈയിട്ടു നടന്ന ഗാന്ധിജിയും പ്രായത്തിനതീതരായി പ്രണയവിവാഹിതരായ സുശീലയും ഗോപാലനും രാഷ്ട്രീയമാണു പറഞ്ഞതും പ്രവർത്തിച്ചതും. ആരായാലും അവരെക്കുറിച്ചു പറയുമ്പോഴും അതേ മാന്യത പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ഇത്രയും ആപത്കരമായ ഒരു രാഷ്ട്രീയ സാഹചര്യത്തിൽ.
അതിനാൽ രാഷ്ട്രീയ നേതാക്കന്മാർ പരസ്പരം സഹിഷ്ണുതയോടെ രാഷ്ട്രീയ സംവാദങ്ങൾ ആരംഭിക്കുക
സാവിത്രി രാജീവന്റെ ഫെയ്സ്ബുക് കുറിപ്പിങ്ങനെ –
ജീവിച്ചിരിക്കുന്ന മനുഷ്യരെ ബാധിക്കുന്ന സർവ്വ പ്രശ്‍നങ്ങളും പരിഹരിച്ചു കഴിഞ്ഞതിനാൽ ജീവിച്ചിരിപ്പില്ലാത്തവരുടെ പ്രണയജീവിതം ചർച്ച ചെയ്തു നമ്മെ ഉല്ലസിപ്പിക്കുന്ന രാഷ്ട്രീയക്കാരുടേയും അണികളുടേയും ഇടക്കുള്ള ജീവിതം! ഹാ!
വിഷയത്തിൽ വി.ടി. ബൽറാമിന് അനുകൂലമായി പോസ്റ്റ് ഇട്ട സിവിക് ചന്ദ്രന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചിരുന്നു. സിപിഎമ്മുകാർക്ക് ആരെക്കുറിച്ചും എന്തും പറയാം എന്ന കണ്ണൂർ രാഷ്ട്രീയത്തിൽ സഹികെട്ടാണ് ബൽറാം പരാമർശം നടത്തിയതെന്ന് അദ്ദേഹം തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു. കുറിപ്പ് ചർച്ചയായതിനെത്തുടർന്നാണ് അക്കൗണ്ട് ലഭ്യമല്ലാതാവുകയും ചെയ്തിരുന്നു.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം