അവള്‍ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ പരിചയപ്പെടുന്ന ആദ്യത്തെ മനുഷ്യന്‍ നിങ്ങളാണ്. ഇക്കാലമത്രയും ഞാന്‍ കണ്ടുമുട്ടിയിരുന്നതു വ്യക്തികളെയായിരുന്നു. അപ്പൂ, നിങ്ങള്‍ക്കു പേരില്ല. അഥവാ, നിങ്ങളുടെ പേര് മനുഷ്യന്‍ എന്ന നാമത്തിന്റെ പര്യായമാണ്.
അവള്‍ വാചാലയായി. അപ്പുവിലൂടെ അവള്‍ മനുഷ്യനെയും അവനെയും വിധിയെയും കണ്ടെത്തുകയായിരുന്നു. ലോകത്തില്‍ മനുഷ്യനുള്ള സ്ഥാനത്തെക്കുറിച്ചു ബോധവതിയാകുകയായിരുന്നു.
പേരും ജാതിയും മതവുമില്ലാത്ത, പ്രപഞ്ചത്തിന്റെ തോടായ, കേടുവന്ന കിഡ്നികളുള്ള, മയക്കുമരുന്നുകളുടെ വിഷം ബാധിച്ച ഞരമ്പുകളുള്ള ആ ചെറുപ്പക്കാരന്റെ മടിയില്‍ തല ചായ്ച്ചു കിടക്കാന്‍ അവള്‍ തുനിഞ്ഞു. അയാളുടെ എല്ലിച്ച കൈവിരലുകള്‍ അവളുടെ അഴിച്ചിട്ട, ഒരു വശത്തു സൂര്യകാന്തിപ്പൂ മാത്രം ചൂടിയ തലമുടിയിലൂടെ വിറച്ചു നീങ്ങി....
ഇന്ത്യയെ കണ്ടെത്താന്‍ ഫിജിയില്‍നിന്നുവന്ന റോസ്മേരി പ്രപഞ്ചത്തെ കണ്ടെത്തുകയായിരുന്നു; അപ്പുവിലൂടെ. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നിലെ നായകകഥാപാത്രമാണ് അപ്പു. എം. മുകുന്ദന്റെ ‘ഈ ലോകം അതിലൊരു മനുഷ്യന്‍’ എന്ന നോവലിലെ നായകന്‍. 1973- ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഈ ലോകം അതിലൊരു മനുഷ്യന്‍ ആധുനികതയുടെ ജ്വലിക്കുന്ന പ്രതീകം കൂടിയാണ്. മുകുന്ദന്റെ തന്നെ ‘ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു’ എന്ന നോവലിലെ രമേശ് പണിക്കരെപ്പോലെ ഞരമ്പുകളില്‍ സൈക്കഡിലിക് സ്വപ്നങ്ങള്‍ ഒഴുകിടുന്ന യുവാവ്. ചരസ്സും ഭാംഗും കഴിച്ച് ലക്ഷ്യമില്ലാതെ നടന്ന് അസ്തിത്വദുഃഖത്തിന്റെ ബലിക്കല്ലില്‍ സ്വയം ഹോമിച്ച മനുഷ്യന്‍. അപ്പുവിനെ ഇപ്പോള്‍ ഓര്‍മിക്കാന്‍ കാരണമുണ്ട്. ഓര്‍മിക്കുകയായിരുന്നില്ല; മനസ്സിലേക്ക് ഓടിക്കയറിവരികയായിരുന്നു. അപ്പു, പ്രേമ, പൂര്‍ണിമ ധവാന്‍, ബേബി, അക്തര്‍ അലി പിന്നെ അനിതയും റോസ് മേരിയും. ഹരിദ്വാരില്‍ നിന്നു രമേശ് പണിക്കരും സുജയും. ആനന്ദിന്റെ ‘ആള്‍ക്കൂട്ട’ ത്തില്‍നിന്നു സുനില്‍, ജോസഫ്, രാധ, ലളിത, സുന്ദര്‍.... പേരു പറയാന്‍ പിന്നെയുമുണ്ട് ഏറെപ്പേര്‍. അനുവാദം ചോദിക്കാതെ ഓടിക്കയറിവരുന്നവര്‍. ആദ്യമായി വായിച്ചപ്പോഴേ ആവേശിച്ചവര്‍. വായനയെ ഹരമാക്കിയവര്‍. ഏറെ പ്രിയപ്പെട്ടവര്‍. ഇവര്‍ ഓടിയെത്താന്‍ കാരണമുണ്ട്. ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ആധുനികതയ്ക്ക് എതിരെ നടക്കുന്ന ജല്‍പനങ്ങള്‍. കല്ലേറുകള്‍. ചെളി വാരിയേറ്.
അറുപതുകളും എഴുപതുകളും സൃഷ്ടിച്ച ആധുനികതയെ ഇന്ന് ആരു തിരിഞ്ഞുനോക്കുന്നു എന്നാണു ചോദ്യം. അധുനികത സാഹിത്യമായിരുന്നോ? അച്ചടിക്കാന്‍പോലും കൊള്ളാത്ത ആ പ്രസ്ഥാനം മരിച്ചു മണ്ണടിഞ്ഞുവെന്നും ഇന്ന് ആ സ്മാരകങ്ങള്‍ക്കു മുന്നിലിരുന്ന് കരയാന്‍ പോലും ആരുമില്ലെന്നും തുടരുന്നു പ്രസ്താവനകള്‍.
ആധുനികത ഇതിനു മുമ്പും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ കാരണങ്ങളുടെ പേരില്‍. ഒരു തലമുറയെത്തന്നെ ആധുനികത അരാജകവാദികളാക്കിയെന്ന ആക്ഷേപം ഇന്നും നിലവിലുണ്ട്. മയക്കുമരുന്നിന്റെ അടിമകളാക്കിയെന്ന്. ചരസ്സും ഭാംഗും കഴിക്കാന്‍ പ്രേരിപ്പിച്ചുവെന്ന്. അച്ചടക്കമില്ലാത്ത ലൈംഗിക ജീവിതത്തിന്റെ പ്രലോഭനത്തിലേക്ക് ആകര്‍ഷിച്ചുവെന്ന്. ആരോപണങ്ങളുടെ തീവ്രത കൂടിയപ്പോള്‍ ചില എഴുത്തുകാര്‍പോലും തങ്ങള്‍ അങ്ങനെ എഴുതേണ്ടിയിരുന്നില്ലെന്നു പശ്ചാത്തപിച്ചു.
സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നു. ഇന്ന് ആധുനികത ഇല്ലല്ലോ. ഉത്തരാധുനികതയും കടന്നു കുതിക്കുകയല്ലേ സാഹിത്യം. ഇന്നത്തെ പുസ്തകങ്ങളില്‍ ചരസ്സും ഭാംഗുമില്ലല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് പുതിയ തലമുറ മയക്കുമരുന്നുകളിലേക്കു വഴിതെറ്റിപ്പോകുന്നത്. അരാഷ്ട്രീയവാദികളും അരാജകവാദികളും ഉണ്ടാകുന്നത്. ലഹരിപാര്‍ട്ടികള്‍ അരങ്ങുതകര്‍ക്കുന്നത്. ദിവസേനയെന്നോണം കിലോക്കണക്കിനു മയക്കുമരുന്ന് ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനിലും സ്കൂള്‍ കോളജ് പരിസരങ്ങളിലും പിടിക്കപ്പെടുന്നത്. ആരാണ് ഉത്തരവാദികള്‍ ? ഇന്നിന്റെ സാഹിത്യം എഴുതുന്ന എഴുത്തുകാരോ ? ആധുനികതയെ കുഴിച്ചുമൂടിയെന്നും ആ സാഹിത്യം ഇന്ന് എടുക്കാച്ചരക്കായെന്നും ആക്ഷേപിക്കുന്ന ഇന്നിന്റെ എഴുത്തുകാര്‍ മറുപടി പറയുമോ?
മറുപടി പോയിട്ട് ചോദ്യത്തില്‍നിന്നുതന്നെ ഒളിച്ചോടുന്നവര്‍ ഒരുകാര്യം മനസ്സിലാക്കണം: വായിക്കുന്നവരും എഴുതുന്നവരും അക്ഷരങ്ങളെ നെഞ്ചേറ്റുന്നവരും വെറും അനുകര്‍ത്താക്കള്‍ മാത്രമല്ല. ഒരു പുസ്തകത്തെ ഇഷ്ടപ്പെടുന്നു എന്നതിനര്‍ഥം ആ കൃതിയിലെ ജീവിതത്തെ പിന്തുടരുക എന്നല്ല. ഒരു കഥാപാത്രത്തെ ഇഷ്ടപ്പെടുക എന്നാല്‍ ആ കഥാപാത്രത്തെപ്പോലെ ജീവിക്കുക എന്നുമല്ല. സാഹിത്യം ജീവിതചക്രവാളത്തെ വിശാലമാക്കുന്നു. മനുഷ്യനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അഗാധമാക്കുന്നു. വിചാരങ്ങളെ സമ്പന്നമാക്കുന്നു. വികാരങ്ങളെ മൂര്‍ത്തമാക്കുന്നു. വ്യത്യസ്ത ജീവിതങ്ങളിലേക്കും വ്യതിരിക്ത ജീവിതസന്ദര്‍ഭങ്ങളിലേക്കും വഴികാണിക്കുന്നു. അനുകര്‍ത്താക്കളല്ല നല്ല വായനക്കാര്‍. സ്വയം അവരോധിക്കപ്പെട്ട വിഗ്രഹങ്ങളുമല്ല നല്ല എഴുത്തുകാര്‍. ആധുനികതയെ ലോക സാഹിത്യത്തിന്റെ ജീവശ്വാസമാക്കിയ ആല്‍ബേര്‍ കമ്യുവിന്റെ വാക്കുകള്‍ മറക്കാനൊക്കുമോ:
എന്റെ പിന്നാലെ നടക്കരുത്;
ഞാന്‍ മുന്നോട്ടു നയിക്കില്ല.
എന്റെ മുന്നില്‍ നടക്കരുത്;
ഞാന്‍ പിന്തുടരണമെന്നില്ല.
എന്നോടൊപ്പം നടക്കൂ..
എന്റെ സുഹൃത്താകൂ...
ഇനി, ആധുനികത എടുക്കാച്ചരക്കാണെന്ന വിമര്‍ശനങ്ങളെക്കുറിച്ച്. ഇന്നും മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന പുസ്തകങ്ങളിലേക്ക് അലസമായി ഒന്നു കണ്ണോടിച്ചാല്‍തന്നെ മനസ്സിലാകും ഈ ആരോപണത്തിന്റെ അര്‍ത്ഥശൂന്യത. ഇരുപത്തൊന്നാം നൂറ്റാണ്ടിലും മലയാളികള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന പുസ്തകങ്ങളുടെ മുന്‍നിരയിലുണ്ട് ആക്ഷേപിക്കപ്പെടുന്ന അറുപതുകളും എഴുപതുകളും സൃഷ്ടിച്ച പുസ്തകങ്ങള്‍. ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. ആനന്ദിന്റെ ആള്‍ക്കൂട്ടം ഉള്‍പ്പെടെയുള്ള നോവലുകള്‍. എം. മുകുന്ദന്റെ ആധുനികതയെ ആത്മനൊമ്പരമാക്കിയ കൃതികള്‍. ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു ഉള്‍പ്പെടെയുള്ള നോവലുകള്‍. കാക്കനാടന്റെ പുസ്തകങ്ങള്‍. ഇവയൊക്കെ എടുക്കാച്ചരക്കാണെങ്കില്‍ മറ്റെന്ത് പുസ്തകങ്ങളാണു മലയാളി വായിക്കുന്നത്? വായിച്ച് മനസ്സില്‍ കൊണ്ടുനടക്കുന്നത് ?
ഓരോ കാലത്തുമുണ്ടായിരുന്നു പ്രസ്ഥാനങ്ങള്‍. പിന്നീടുവന്നവര്‍ നിലവിലുള്ളവയെ തള്ളിപ്പറഞ്ഞ് പുതിയ പ്രസ്ഥാനങ്ങളുടെ സന്ദേശവാഹകരായി. അവരെയും തള്ളിപ്പറഞ്ഞു പുതിയവര്‍ വന്നു. പ്രസ്ഥാനങ്ങള്‍ വന്നും പോയുമിരിക്കുമ്പോഴും നല്ല പുസ്തകങ്ങള്‍ നിലനിന്നു. നല്ല എഴുത്തുകാര്‍ അംഗീകരിക്കപ്പെട്ടു. ആരാധിക്കപ്പെട്ടു. അവര്‍ കാലങ്ങളെ കടന്നും കാലഘട്ടത്തെ അതിജീവിച്ചും മുന്നോട്ടുപോകുന്നു. പ്രസ്ഥാനങ്ങളുടെ ചങ്ങലകളില്‍ അവരെ ബന്ധിച്ചിടാന്‍ ശ്രമിക്കുന്നവര്‍ കാലാഹരണപ്പെട്ടപ്പോഴും അവര്‍– അക്ഷരത്തിന്റെ ജ്വാലയില്‍ തിളങ്ങിയവര്‍- സൂര്യശോഭയോടെ നിലനിന്നു. അവരില്‍ മുന്നില്‍ത്തന്നെയുണ്ട് ആധുനികര്‍.
ഒരു കാലഘത്തിലെ ജീവിതം ആ പുസ്തകങ്ങള്‍ കാണിച്ചുതന്നു. വ്യത്യസ്ത ചിന്തയുടെ വെളിച്ചം വിതറി. മൗലികമായിരുന്നു ആ വാക്കുകള്‍. വാചകങ്ങള്‍. വാക്യഘടന പോലും. ആ ജീവിതങ്ങളും അനന്യമായ ആത്മശോഭയോടെ ഇന്നും വെളിച്ചം വിതറുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘യാത്രാമൊഴി’ എന്ന കവിതയെഴുതുന്നത് എഴുപതുകളുടെ അവസാനം. നോട്ടുബുക്കില്‍ നിന്നു വലിച്ചുചീന്തിയെടുത്ത പേപ്പറില്‍ പെന്‍സില്‍കൊണ്ടെഴുതിയത്. തൃശൂരിലെ വി.ജി.തമ്പി വഴി കവിതയുടെ കയ്യെഴുത്തുപ്രതി ചങ്ങനാശേരിയില്‍ ജോസ്.ടി. തോമസ് എന്ന ബുദ്ധിജീവിയില്‍ എത്തുന്നു. കവിത എവിടെയെങ്കിലും വെളിച്ചം കാണണം. സാഹിത്യ അക്കാദമിയുടെ ഒരു ക്യാംപില്‍ ചുള്ളിക്കാട് കവിത സമര്‍പ്പിച്ചുവെങ്കിലും പ്രസിദ്ധീകരണയോഗ്യമല്ലെന്നു പറഞ്ഞു തിരിച്ചയച്ചതാണ്. കറങ്ങിത്തിരിഞ്ഞു ജോസ് വഴി കവിത കെ.വി. തോമസിന്റെ അടുത്തെത്തിയിരിക്കുന്നു. സമിതി എന്ന ചെറുകിട പ്രസിദ്ധീകരണം നടത്തുന്നുണ്ട് തോമസ്. ബാബു കുഴിമറ്റവും തോമസിനൊപ്പമുണ്ട്. യാത്രാമൊഴി വായിച്ച് പത്രാധിപരായ കെ.വി.തോമസ് പറഞ്ഞു: ‘കൊള്ളാം, ഭാവിയുള്ള പയ്യനാണെന്നു തോന്നുന്നു. എന്തായാലും ഈ കവിത സമിതിയില്‍ പ്രസിദ്ധപ്പെടുത്താന്‍ കൊള്ളില്ല’
പക്ഷേ കവിത വായിച്ച ബാബു കുഴിമറ്റം പറഞ്ഞു:
‘അത്യുഗ്രന്‍ സാധനമാണു തോമ്മാച്ചാ ഇത്’.
മറ്റുള്ളവരെല്ലാം ഇതേ അഭിപ്രായം പങ്കുവച്ചപ്പോള്‍ കെ.വി. തോമസ് എന്ന പത്രാധിപര്‍ പറഞ്ഞു: ‘അതുകൊണ്ടു തന്നെയാ വേണ്ടാന്നു പറഞ്ഞത്. ഇതുപോലൊരു സാധനം സമിതിയിലാക്കി നശിപ്പിക്കരുതല്ലോ!'
പ്രസിദ്ധീകരിക്കാന്‍ വഴികാണാതെ വിഷമിച്ച യാത്രാമൊഴി-‘എഴുപതുകളുടെ എടുക്കാച്ചരക്ക്’- പിന്നീടു മലയാളം ഏറ്റെടുത്തതിനു കേരളം സാക്ഷ്യം വഹിച്ചു.
പിന്നെ,
വടികുത്തി ഞാന്‍ നടകൊള്ളുമ്പോഴമ്മേ,
പിന്‍വിളി വിളിക്കാതെ,
മിഴിനാരു കൊണ്ടെന്റെ കഴലു കെട്ടാതെ,
പടി പാതി ചാരിത്തിരിച്ചു പൊയ്ക്കോളൂ,
കരള്‍പാതി ചാരിത്തിരിച്ചു പൊയ്ക്കോളൂ.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം