വായനകളിൽ പുനർജ്ജനിക്കുന്ന പത്മരാജൻ

പത്മരാജൻ

പത്മരാജൻ എന്ന പേര് സിനിമ എന്ന പേരിനൊപ്പം തന്നെ കൗമാരകാലത്തിന്റെ കൗതുകങ്ങളിൽ കയറിവന്ന ഒന്നാണ്. അതുകൊണ്ടാവും ഇപ്പോഴും എത്ര വെള്ളപ്പൊക്കങ്ങളുണ്ടായിട്ടും, അതിൽ പലതും ഒലിച്ചു പോയിട്ടും പത്മരാജൻ എന്ന പേരും അദ്ദേഹത്തിന്റെ അക്ഷരങ്ങളും സിനിമകളും മാത്രം ഒലിച്ചു പോകാത്തത്, അല്ലെങ്കിലും ആ പ്രായത്തിലൊരിക്കൽ ചങ്കിൽ ഒട്ടിപ്പിടിച്ച എന്തെങ്കിലും ഓർമ്മകൾ ഇറങ്ങിപ്പോയ ചരിത്രമുണ്ടോ?

പത്മരാജൻ എന്ന പേരിലേക്ക് വന്നു പോയ നിമിഷം ഏതായിരുന്നു? ഓർമയില്ല, പക്ഷേ ആ നിമിഷത്തിനപ്പുറം മുതൽ ആ പേര് ഉള്ളിലുള്ള ഒരു സാധാരണ ജീവിതത്തിന്റെ സഞ്ചാരങ്ങൾക്കപ്പുറം എവിടെയൊക്കെയോ കൊളുത്തിപ്പിടിച്ചു. ഒരിടത്തൊരു ഫയൽവാനും, അരപ്പട്ട കെട്ടിയ ഗ്രാമത്തിലും ഒന്നും മനസ്സിലാകാതെ ഇരുന്ന കൗമാരക്കാരിയുടെ സ്വപ്നങ്ങൾക്ക് നിറം പിടിച്ചു തുടങ്ങിയത് "ഞാൻ ഗന്ധർവ്വൻ" എന്ന സിനിമ ഒറ്റയ്ക്കിരുന്നു കണ്ടതിനു ശേഷമാണ്. ആദ്യമായൊരു ചുംബനം ലഭിച്ചതു പോലെ ആ സിനിമ പരവശപ്പെടുത്തി. വൈകാരികതയുടെ വേലിയേറ്റങ്ങൾക്കൊടുവിൽ ഗന്ധർവനെ പ്രണയിച്ചു തുടങ്ങി. അതൊരു പ്രണയം തന്നെയായിരുന്നിരിക്കണം, കാരണം ആ ഗന്ധർവ്വനും പിന്നെ ഓർമകളിൽ നിന്നും ഇറങ്ങിപോയിട്ടില്ല.  

സാഹിത്യത്തിന്‍റെ പഠന ക്ലാസ്സുകളില്‍ സര്‍ പറഞ്ഞ ഒരു കഥയുണ്ട് പത്മരാജനെ കുറിച്ച്. തന്‍റെ ചിത്രങ്ങളിലുള്ള ലൈംഗികതയുടെ കാഴ്ച സിനിമയ്ക്കു അനുയോജ്യമായതു തന്നെ എന്നാണ് പത്മരാജന്റെ പക്ഷം. ഇതുപോലെയുള്ള സിനിമകളില്‍ മകനെ കൊണ്ടു പോകുന്നത് എന്തിനെന്നുള്ള ആരുടെയോ ചോദ്യത്തിന്, അദ്ദേഹം ഇങ്ങനെ പറഞ്ഞുവത്രേ, നല്ലതും ചീത്തയും കണ്ടു തന്നെ കുട്ടികള്‍ വളരണം. മറച്ചുവയ്ക്കേണ്ട ഒന്നല്ല ലൈംഗികവിദ്യാഭ്യാസം. 

ഗന്ധര്‍വനായി ഭൂമിയില്‍ ചില സമയങ്ങളില്‍ ചില ജന്‍മങ്ങള്‍ പെയ്തിറങ്ങും. പലതും ചെയ്യും. അവയിലൊക്കെ ദൈവത്തിന്‍റെ കയ്യൊപ്പുമുണ്ടാകും. പാവം മനുഷ്യ ഹൃദയങ്ങളിലേയ്ക്ക് അവയൊക്കെയും തറഞ്ഞിറങ്ങുകയും ചെയ്യും. പിന്നീട് ആരോടും പറയാതെ പെട്ടെന്നൊരു ദിവസം അങ്ങു മറഞ്ഞു പോകും. നാലാം യാമത്തിലെ കാറ്റ് ഗന്ധര്‍വനെ അപ്രത്യക്ഷനാക്കിയതു പോലെ അവര്‍ പിന്നെ പ്രത്യക്ഷരാവില്ല...

ആ ഇഷ്ടത്തിന്‍റെ ആഴത്തിലാണ്, പത്മരാജന്‍റെ ഭാര്യ രാധാലക്ഷ്മി ചേച്ചിയെ പരിചയപ്പെടുന്നത്. ഒന്നു തൊടാന്‍ കൊതിയായിരുന്നു കണ്ടപ്പോള്‍. ഗന്ധര്‍വനെ തൊടുന്ന അതേ ഇഷ്ടത്തോടെയും കരുതലോടെയും അദ്ദേഹത്തിന്‍റെ പത്നിയേയും തൊട്ടു. പലപ്പോഴും ഫോണില്‍ സംസാരിക്കുമ്പോള്‍ ശബ്ദമിടറി. പ്രിയപ്പെട്ട പുസ്തകം ഒപ്പിട്ടു നല്‍കിയപ്പോള്‍ ഹൃദയം നിറഞ്ഞു. 

പത്മരാജനെ എങ്ങനെ പുസ്തകങ്ങളിൽ ഒതുക്കി വയ്ക്കും? പുസ്തകങ്ങളിലൊതുങ്ങാതെ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു പ്രതിഭാസമായിമാറിയ ഒരാളെ? അദ്ദേഹത്തിന്റെ പത്നി ആത്മകഥയിൽ എഴുതിയതു പോലും എത്രയോ ചെറുതായ ഒരു വശം മാത്രമായിരുന്നു! ഇരുവരുടെയും പ്രണയവും പത്മരാജന്റെ സിനിമകളും എഴുത്തും ഒക്കെ ആ പുസ്തകത്തിൽ ഉണ്ടായിരുന്നെങ്കിലും  വായനയിൽ എന്തൊക്കെയോ അപ്രത്യക്ഷമായ അനുഭവം ഉള്ളിൽ തോന്നലായി രൂപപ്പെട്ടു തുടങ്ങും. 

പത്മരാജന്റെ ആദ്യ കഥയാണ് ലോല. ഒരുപക്ഷേ മലയാള സാഹിത്യത്തിൽ അടയാളങ്ങൾ എഴുതിയിട്ട കഥ. ആശയത്തിന്റെ സവിശേഷത കൊണ്ടു മാത്രമല്ല ഭാഷയുടെ സുഖകരമായ ഒഴുക്കു കൊണ്ടും ലോല എന്ന അമേരിക്കക്കാരി ഹൃദയത്തിന്റെ ഒരറ്റത്ത് ആ പഴയ ഗന്ധർവനൊപ്പം ഒരു ഇരിപ്പിടം കണ്ടെത്തി.

"വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല. ഞാൻ മരിച്ചതായി നീയും, നീ മരിച്ചതായി ഞാനും കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക." ഇനി ഒരിക്കലും മറക്കാത്ത ആ ചുംബനവും പത്മരാജന്റേതു തന്നെ. വിടപറയും മുൻപ് അയാൾ ലോലയുടെ ചുണ്ടുകളിൽ ചുണ്ടുകൾ ചേർക്കുമ്പോൾ അത് വന്നു കൊണ്ടതും വായനയുടെ മൂർദ്ധന്യത്തിൽ വായനക്കാരന്റെ ചുണ്ടുകളിൽ തന്നെയായിരുന്നു. ലോലയിലെ  ചുംബിക്കപ്പെട്ട ചുണ്ടുകൾ എന്നും വായനക്കാരിൽ ഉണർത്തി വിടുന്ന കാതരമായൊരു ലാസ്യമുണ്ട്, എത്രയോ ഓട്ടൊഗ്രഫ് താളുകളെ നിറച്ച നീലപേനകളുടെ ഗന്ധമുണ്ട് ആ വരികൾക്ക്, പിന്നെ എത്രയോ രാത്രികളുടെ കൊതിപ്പിക്കുന്ന മണമുണ്ട് അവയ്ക്ക്... വാക്കുകളിൽ പ്രണയം ഒഴുക്കി വിടാൻ പത്മരാജൻ എന്ന ഗന്ധർവന്റെ തൂലികയ്ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു. ആരാധനയും പ്രണയവും കലർന്ന പൗരുഷത്തിന്റെ രൂപത്തെ ഒരു കൗമാരക്കാരി എങ്ങനെ സ്നേഹിക്കാതെയിരിക്കണമെന്നാണ്. എങ്ങനെ പിന്തുടരാതെ ഇരിക്കണമെന്നാണ്!

അന്നാദ്യമായിരുന്നു ആ വീട്ടില്‍ കാലു വച്ചത്. ചന്ദനത്തിന്‍റെ മണമുള്ള ഒരു കാറ്റ് അവിടൊക്കെ ചുറ്റി കറങ്ങി നടന്നിരുന്നു. രാധാലക്ഷ്മി പത്മരാജനൊപ്പം പത്മരാജന്‍ മാഷുടെ വീട്ടില്‍...

മതിലില്‍ പടര്‍ന്നു നില്‍ക്കുന്ന ചെടിയില്‍ ആ കൈവിരല്‍ സ്പര്‍ശം ഉണ്ടാകില്ലേ...

റോസാ ചെടിയില്‍ ആ നിശ്വാസമുണ്ടാകില്ലേ...

ഓരോന്നും കണ്ടതു കണ്ണുകൊണ്ടായിരുന്നില്ല. ഹൃദയം കൊണ്ടായിരുന്നു. പിന്നെ എത്ര നാള്‍ തൂവാനത്തുമ്പികളും, സീസണും, അരപ്പട്ട കെട്ടിയ ഗ്രാമത്തിലും ഒക്കെ കറങ്ങി നടന്നു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ നനഞ്ഞ, മണൽ തരികൾ, ഓർമകളുടെ അങ്ങേ കോണിലെ ചില ചിത്രങ്ങൾ... പുസ്തകത്തിന്റെ ഗന്ധം... 

പ്രായമേറെ കടന്നാലും കാലമെത്ര പോയാലും ഗന്ധർവനും ലോലയും ഏൽപ്പിച്ച ചുംബനത്തിന്റെ വടുക്കൾ മാഞ്ഞു പോകുന്നില്ല. ആദ്യമായി ലഭിച്ച ചുംബനങ്ങൾ പോലെ അവ എത്ര കാലമെത്തിയാലും ചുണ്ടുകളിൽ തരിപ്പെന്ന പോലെ അവശേഷിക്കും. ഇപ്പോഴും കൊതിയാണ് പത്മരാജനെ വായിക്കാൻ, ഒരുപക്ഷേ സിനിമകളിൽ നിന്നും പുറത്തിറങ്ങി അക്ഷരങ്ങളുടെ ഭംഗിയറിഞ്ഞപ്പോൾ മുതൽ ആ കൊതി അദ്ദേഹത്തിന്റെ ഓരോ വായനക്കാരന്റെയും ഒപ്പമുണ്ടാകും! ഒരിക്കലും ഒടുങ്ങാത്ത കൊതി. വായനയെ പോലും ഭ്രമിപ്പിക്കുന്ന, പ്രണയിക്കാൻ തോന്നിപ്പിക്കുന്ന അക്ഷരങ്ങൾ...

പത്മരാജൻ മരിക്കുന്നില്ല...!

ഓരോ വായനയിലും അദ്ദേഹം പുനർജ്ജനിക്കപ്പെടുകയാണ്!

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം