തീ വയ്ക്കാനാവുമോ തീ കൊണ്ടു കളിക്കുന്ന കുരീപ്പുഴയെ!

കാല്‍നൂറ്റാണ്ടു വലിയൊരു കാലയളവാണ്. വ്യക്തിക്കായാലും പ്രസ്ഥാനങ്ങള്‍ക്കായാലും ആശയങ്ങള്‍ക്കായാലും. കാലത്തിന്റെ ചുവരില്‍ എഴുതുന്ന അക്ഷരങ്ങള്‍ക്കുമുണ്ട് ഋതുഭേദങ്ങളുടെ വെല്ലുവിളി. നിമിഷങ്ങള്‍ക്കപ്പുറം മണിക്കൂറുകളിലേക്കും ദിവസങ്ങളിലേക്കും മാസങ്ങളിലേക്കും പിന്നെ വര്‍ഷങ്ങളിലേക്കും നീളുമ്പോള്‍ മാറ്റുരയ്ക്കപ്പെടുകയാണ് അക്ഷരങ്ങളുടെ തീയില്‍ ഉരുക്കുംതോറും തിളക്കം കൂടുന്ന മഞ്ഞലോഹത്തെപ്പോലെ കാലത്തിന്റെ മലവെള്ളപ്പാച്ചിലില്‍ തെളിഞ്ഞുവരുന്ന അക്ഷരങ്ങളുടെ വെള്ളാരംകല്ലുകളുണ്ട്. അവയിലൊന്നാണ് ജെസ്സി എന്ന കവിത. 1982- മാര്‍ച്ചില്‍ എഴുതി കേരളത്തിന്റെ ക്യാംപസുകള്‍ കാല്‍നൂറ്റാണ്ടിലധികമായി ഏറ്റുപാടുന്ന കവിത. 

ആറ്റുതീരത്തൊരു സംഘഗാനത്തിന്റെ 

തോര്‍ച്ചയില്ലാത്ത പ്രവാഹോത്സവങ്ങളില്‍ 

നോക്കിക്കുലുങ്ങാതെ നിര്‍വൃതിക്കൊള്ളുന്ന

നോക്കുകുത്തിപ്പാറ നോക്കി നാം നില്‍ക്കവെ

നിദ്രാടനത്തിന്റെ സങ്കീര്‍ണസായൂജ്യ

ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ 

കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍

ഓര്‍ക്കുകീപ്പാട്ടിനു കൂട്ടായിരുന്നു നാം. 

പ്രശസ്തനല്ലാത്ത കവി 

പതിനൊന്നു വര്‍ഷം മുമ്പ് ക്യാംപസുകളില്‍ അപൂര്‍വമായ ഒരു അഘോഷം നടന്നു. ഒരു കവിതയുടെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം. ജെസ്സി ചൊല്ലിയും കേട്ടും ആവര്‍ത്തിച്ചു ചൊല്ലിയും കൗമാരം അതൊരാഘോഷമായും ഉല്‍സവമായും ഏറ്റെടുത്തു. ഇത്തരത്തില്‍ എത്ര കവിതകള്‍ ക്യാംപസുകളില്‍ ആഘോഷിക്കപ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിന്റെ ഉത്തരം എല്ലാവര്‍ക്കുമറിയാം. ഇരുപത്തഞ്ചുകടന്ന് മുപ്പത്തഞ്ചും കടന്നു കുതിക്കുകയാണു ജെസ്സി. ഇനിയൊരുപക്ഷേ ഒരു കവിതയുടെ അരനൂറ്റാണ്ടിന്റെ ആഘോഷത്തിനും സാക്ഷ്യം വഹിച്ചേക്കാം സൗഹൃദവും ആശയങ്ങളും ആവേശങ്ങളും പ്രണയവും ജീവിതവും ഒരുപാടൊരുപാടു കണ്ട നമ്മുടെ ക്യാംപസുകള്‍. ആ ആഘോഷത്തില്‍ ആരൊക്കെ പങ്കെടുക്കുമെന്ന് ഇപ്പോഴേ പ്രവചിക്കാനാവില്ലെങ്കിലും ഒരു കാര്യം ഉറപ്പിക്കാം: സ്നേഹത്തോടെ ആദരവോടെ അന്നും ഓര്‍മിക്കപ്പെടും ജെസ്സിയുടെ രചയിതാവ്: കഴിഞ്ഞദിവസം ഏതാനും ചെറുപ്പക്കാരുടെ ഭീഷണിക്കു നിന്നുകൊടുക്കേണ്ടിവന്ന കവി കുരീപ്പുഴ ശ്രീകുമാര്‍. ഇതേ കവിയെ ഇതുവരെ കേരളം അറിഞ്ഞിട്ടും കേട്ടിട്ടുമില്ലെന്നും ഈ സംഭവത്തോടെ പ്രശസ്തനായേക്കുമെന്നും ഒരാള്‍ പറയുമ്പോള്‍ അയാളെ എങ്ങനെ വിശേഷിപ്പിക്കണമെന്നു തീരുമാനിക്കേണ്ടതു ജനം. കവിത വായിക്കുന്ന, അക്ഷരമെന്നാല്‍ നാശമില്ലാത്തതെന്നു തിരിച്ചറിയുന്ന ജനം. സംസ്കാരസമ്പന്നരായ സമൂഹം. 

ചന്ദ്രവളയങ്ങള്‍ മുഴങ്ങുന്ന സന്ധ്യയില്‍, ചെഞ്ചോര പൊടിയുന്ന വാക്കുകള്‍ വറുക്കവെ, നെഞ്ചില്‍ ചവിട്ടുന്ന, പുഞ്ചിരി വിതയ്ക്കുന്ന കവിതയെക്കുറിച്ചു കുരീപ്പുഴ എഴുതുന്നത് എണ്‍പതുകളുടെ തുടക്കത്തില്‍. അന്നേ കവിക്കറിയാമായിരുന്നു കവിതയുടെ കണ്ണില്‍ കനലുണ്ടെന്ന്. പുകയുന്ന, എരിയുന്ന, സിരകളില്‍ ലാവയായ് ഒഴുകുന്ന കവിതയുടെ തോഴനായി കവി കേരളത്തിലൂടെ സഞ്ചരിച്ചു. ക്യാംപസുകളില്‍. സ്കൂളുകളില്‍. വായനശാല വാര്‍ഷികങ്ങളില്‍. തെരവുനാടക കൂട്ടായ്മകളില്‍. തെരുവോരത്ത്. എല്ലായിടത്തും സ്വീകരിക്കപ്പട്ടു, ആദരിക്കപ്പെട്ടു കവി. ഇതിനിടെ തനിക്കു ശരിയെന്നു തോന്നുന്ന സത്യങ്ങള്‍ തനിക്കറിയാവുന്ന ഒരേയൊരു ഭാഷയായ കവിതയില്‍ ആവിഷ്കരിച്ചുകൊണ്ടുമിരുന്നു. നാടിന്റെ സാംസ്കാരിക സദസ്സിനു പരിചയമായിരുന്നു കവിയെ. ഇതേ കുരീപ്പുഴയെ കേരളം കണ്ടിട്ടും കേട്ടിട്ടുമില്ലെന്നാണ് പുതിയ മൊഴി. 

നഗ്നകവി

കാര്‍ട്ടൂണ്‍ കവിതകളെഴുതിയിട്ടുണ്ട് അയ്യപ്പപ്പണിക്കര്‍. മാറിക്കൊണ്ടിരുന്ന കാലത്തെ വൃത്തമൊപ്പിച്ച് അളന്നുവയ്ക്കാന്‍ കഴിയാതെവന്നപ്പോഴായിരുന്നു കവി ആ സാഹസത്തിനു മുതിര്‍ന്നത്. ഈണത്തില്‍ ചൊല്ലുന്ന, മനസ്സില്‍ മഴയായി പെയ്യുന്ന കവിതകളെഴുതിയ കുരീപ്പുഴ നഗ്നകവിതകള്‍ എഴുതി. കാലം അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചു എന്നു പറയുന്നതാവും നീതി. കെട്ട കാലത്തിനോടു സംവദിക്കാന്‍ കവി കണ്ടെത്തിയ ആയുധമായിരുന്നു ആ കവിതകള്‍. പലരെയും വിറളിപിടിപ്പിച്ച, ദേഷ്യം പിടിപ്പിച്ച, രോഷം കൊള്ളിച്ച കവിതകള്‍. മതങ്ങള്‍ മനുഷ്യനെ വിറ്റു കാശാക്കിയപ്പോള്‍ കവിതയിലൂടെ കണക്കുപറഞ്ഞു കവി.

യുറീക്ക എന്ന കവിത നോക്കുക:

ബാലികയെ 

ബലാല്‍സംഗം ചെയ്തവരില്‍

എട്ടു ഹിന്ദുക്കള്‍ 

ആറു മുസ്ലിങ്ങള്‍ 

നാലു ക്രിസ്ത്യാനികള്‍ 

യൂറീക്ക, യുറീക്ക 

മതസൗഹാര്‍ദ്ദം, മതസൗഹാര്‍ദ്ദം. 

ആളും ആരവവുമായി ആള്‍ദൈവങ്ങള്‍ അരങ്ങുതകര്‍ത്തപ്പോഴും വാക്കുകളുടെ ചാട്ടവാറാല്‍ ആഞ്ഞടിച്ചു കവി. പുരോഗതിക്കു തടസ്സം നില്‍ക്കുന്ന തിന്‍മകളെ, സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ വരുന്ന ദുഷ്ടശക്തികളെ, സമൂഹത്തിലെ പുഴുക്കുത്തുകളെ തുറന്നുകാണിച്ചും ആ‍ഞ്ഞടിച്ചും മുന്നേറി കുരീപ്പുഴ. 

ഹിന്ദുവിന്റെ കോടാലി

മുസ്​ലിമിന്റെ കോടാലിയോടു പറഞ്ഞു

നമ്മളിന്നു കുടിച്ച ചോരയ്ക്ക് 

ഒരേ രുചി ( കോടാലി) 

കവിത ചൊല്ലിയതിന്റെയും പ്രസംഗിച്ചതിന്റെയും പേരില്‍ കുരീപ്പുഴ ആക്രമിക്കപ്പെടുമ്പോള്‍, തടഞ്ഞുവയ്ക്കപ്പെടുമ്പോള്‍ ഒരുകാര്യം ഉറപ്പ്. പെട്ടെന്നുണ്ടായ പ്രകോപനമല്ല. മറിച്ച് നാളിതുവരെയായി കവി പ്രചരിപ്പിച്ച ആശയങ്ങളും പാട്ടുകളും അസഹിഷ്ണുതയോടെ കേട്ടിരുന്ന ഒരുകൂട്ടരുണ്ട്. ഇനിയീ കവിയെ വെറുതെ വിട്ടാല്‍ പറ്റില്ല എന്നു തീരുമാനിച്ചവര്‍. അവരോടായി ‘ കവിത ആരുടെയും’  എന്ന കവിതയില്‍ 

കവി എഴുതി: 

നയാഗ്ര

പ്രസിഡന്റിന്റെയോ 

മരുഭൂമിയിലെ നിലാവ് 

സുല്‍ത്താന്റെയോ 

സഹ്യപര്‍വ്വതനിരകള്‍ 

ടൂറിസ്റ്റ് ദൈവത്തിന്റെയോ 

അപ്പന്റെ വകയല്ല.  

അതുപോലെതന്നെ 

കവിതയും. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം