കത്തിയെടുത്ത പ്രണയിനിയും ഒളിച്ചോടിയ കാമുകനും

Representative Image

ആഹാരം നിഷേധിച്ചോളൂ, 

വായു പോലും തിരിച്ചെടുത്തോളൂ,

നിന്റെ ചിരി, 

ആതുമാത്രം എന്നില്‍നിന്നകറ്റരുതെ... 

ഒഴുകിവരികയാണ്, ഒരു നൂറ്റാണ്ടിനകലെനിന്ന് ഒരു പ്രണയഗാനം. വിലാപത്തിന്‍ നദിയായി. വിരഹത്തിന്‍ പുഴയായി. സമാഗമത്തിന്റെ സാന്ത്വനമായി. എന്നും പ്രണയതപ്തമായ മനസ്സുകള്‍ തിരയുന്ന വരികള്‍. ഹ്രസ്വമായ പ്രണയത്തിനും ദീര്‍ഘമായ മറവിക്കുമിടെ ജീവന്‍ നിലനിര്‍ത്തുന്ന അക്ഷരങ്ങള്‍. പ്രണയലേഖനമെഴുതുമ്പോള്‍, പ്രണയത്തെക്കുറിച്ചെഴുതുമ്പോള്‍, പ്രണയിക്കുമ്പോള്‍ തിരഞ്ഞുപോകുന്നത് ആ വരികള്‍. ആ വികാരം. ആ അനുഭൂതികള്‍. കാലത്തിന്റെ പൊടിയും മണ്ണും കാറ്റില്‍ പാറിമറയുമ്പോള്‍ കൂടുതല്‍ തെളിഞ്ഞുവരുന്നു അക്ഷരങ്ങള്‍. ജീവിതത്തിന്റെ ചിതയില്‍നിന്ന് ആളിപ്പടരുന്ന വാക്കുകള്‍. സ്വാനുഭവങ്ങളുടെ നെരിപ്പോടില്‍ കെടാതെ കിടക്കുന്ന കനലുകള്‍. ആവര്‍ത്തിച്ച് എഴുതിയാലും തിളക്കം നഷ്ടമാകാത്ത,  എത്ര പാടിയാലും മുഷിപ്പിക്കാത്ത വരികള്‍. നെഞ്ചില്‍ കൈ അമര്‍ത്തിവച്ചുമാത്രം പറയാം 

കവിയുടെ പേര്: പാബ്ളോ നെരൂദ. 

എല്ലാ പൂക്കളെയും നശിപ്പിച്ചാലും കടന്നുവരുന്ന വസന്തത്തിനെ തടയാനാവുമോ എന്നു ചോദിച്ച കവി. ഓട്ടോഗ്രാഫുകളില്‍ ആവര്‍ത്തിക്കപ്പെട്ട, അതിലേറെ പ്രണയത്തിന്റെ ശലഭം ചിറകടിച്ച മനസ്സുകളില്‍ മുദ്രിതമായ വരികളുടെ കവി. ഒരു പ്രണയദിനം കൂടി കടന്നുവരുമ്പോള്‍ ഇന്നും ലോകത്തെവിടെയും കൂടുതല്‍പേര്‍ തിരയുന്നതും ആ പേരു തന്നെ; ആ വരികള്‍ തന്നെ. 

അഗ്നിപര്‍വതങ്ങള്‍. മഞ്ഞുതൊപ്പിക്കാരായ മലകള്‍. വിസ്തൃതമായ തടാകങ്ങള്‍. ഇവയ്ക്കിടയില്‍ സുഗന്ധം പരത്തി നിശ്ശബ്ദതയില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന ചിലിയന്‍ കാട്. ആ കാട്ടില്‍ന്ന് ഒരു പക്ഷിയെപ്പോല്‍ ചിറകടിയ്ക്കുകയായിരുന്നു നെരൂദ. ഓരോ ചിറകടിയും വാക്കുകളായി, വരികളായി, ഗാനങ്ങളായി ഒഴുകി. എവിടെയൊക്കെ ചെന്നാലും അവിടങ്ങളിലൊക്കെ സുഗന്ധം പരത്തിയും ആത്മാവുകളെ ഹര്‍ഷോന്‍മാദത്തിലാഴ്ത്തിയും...

വീണ്ടും നീയെന്നെ കാണും വരെ, 

എന്നില്‍ നീ പാര്‍ക്കാന്‍ തുടങ്ങും വരെ, 

കാത്തിരിക്കുന്നു ഞാന്‍ മൂകമാം 

വീടു പോലെ. 

തുറന്നിരിക്കും അതുവരേക്കും എന്‍ ജനാലകളും...

റംഗൂണിലായിരുന്നു (പഴയ ബര്‍മയുടെ തലസ്ഥാന നഗരം) നെരൂദയുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം; ചിലിയുടെ ഓണററി കോണ്‍സല്‍ എന്ന നിലയില്‍. ആദ്യകാല കവിതകളിലൂടെ ലഭിച്ച പ്രശസ്തിയാണു കവിയെ രാജ്യത്തിന്റെ പ്രതിനിധിയായി തീരുമാനിക്കാന്‍ കാരണമായത്. ലോകത്തിലേറ്റവും മനോഹരമായ പേരുള്ള നദിയുടെ തീരത്ത് ജീവിതം തുടങ്ങുന്നു കവി: െഎരാവതിയുടെ കരയില്‍. 

ഒരു കോണ്‍സല്‍ എങ്ങനെ ജീവിക്കണം എന്നതിനു ചില മാതൃകകളുണ്ട്. കീഴ്‍വഴക്കങ്ങളെ ആദ്യമേ ലംഘിച്ചു കവി. ജീവിക്കുന്ന രാജ്യത്തിന്റെ ആത്മാവിനെ അറിയുകയായിരുന്നു കവിയുടെ ദൗത്യം. കോളനികളില്‍, തെരുവുകളില്‍, വൃത്തി കുറഞ്ഞ റസ്റ്റോറന്റുകളില്‍ നിത്യസന്ദര്‍ശകനായി അദ്ദേഹം. ജീവിതത്തിന്റെ ആഴങ്ങളോളം കടന്നുചെല്ലുകയായിരുന്നു ലക്ഷ്യം. അക്കാലത്തു നെരൂദ പ്രണയത്തിലായി; നാട്ടുകാരിയായ ഒരു പെണ്‍കുട്ടിയുമായി. 

ജോസി ബ്ളിസ്. ഇരട്ടവ്യക്തിത്വത്തിനുടമ. 

പുറത്തേക്കിറങ്ങുമ്പോള്‍ ഇംഗ്ലിഷുകാരിയായിരുന്നു ആ പെണ്‍കുട്ടി. പേരും ആധുനികം– ജോസി ബ്ളിസ്. മുറിയുടെ സ്വകാര്യതയില്‍ വസ്ത്രങ്ങള്‍ ഊരിയെറിയുന്നതുപോലെ ജോസി ബ്ളിസ് ആ പേരും വ്യക്തിത്വവും ഉരിഞ്ഞിട്ടു. ആര്‍ക്കുമറിയാത്ത ബര്‍മീസ് പേര് എടുത്തണിഞ്ഞു; ബര്‍മീസ് വേഷവും. 

പേരറിയാത്ത ആ ബര്‍മീസ് പെണ്‍കുട്ടി കവിയെ വലിയൊരു പാഠം പഠിപ്പിച്ചു; പ്രണയം ഹ്രസ്വമാണെന്ന വേദനിപ്പിക്കുന്ന പാഠം. പ്രിയപ്പെട്ട പ്രണയിനി അടയിരിക്കുന്ന ഭാര്യയായി. സ്വാര്‍ഥത അസൂയയായി. രോഗവും. ജോസി ബ്ളിസ്സില്‍നിന്നു തന്നെ അകറ്റിയത് ഈ വില കുറഞ്ഞ വികാരങ്ങളാണെന്നു കുറ്റസമ്മതം നടത്തിയിട്ടുണ്ട് ഓര്‍മക്കുറിപ്പുകളില്‍ കവി. 

അസൂയ ദേഷ്യമായി, പെട്ടെന്നുതന്നെ. ദേഷ്യം ഭ്രാന്തുമായി. വിദേശത്തുനിന്നു കവിക്കു വരുന്ന കത്തുകള്‍ പോലും ജോസിയെ ഭ്രാന്തു പിടിപ്പിച്ചു. ഇടയ്ക്കിടെ ഒച്ചപ്പാട്. കോണസലിനു വന്ന ടെലഗ്രാമുകള്‍ ഒളിപ്പിച്ചുവച്ചു തുടങ്ങി. ഒരുരാത്രി. ഉറക്കം ‍ഞെട്ടിയുണര്‍ന്ന കവി കാണുന്നത് കൊതുകുവലയുടെ അങ്ങേവശത്ത് അനങ്ങുന്ന ഒരു രൂപം. വെള്ളവസ്ത്രത്തില്‍. മൂര്‍ച്ചയുള്ള ഒരു കത്തിയുണ്ട് കയ്യില്‍. നെരൂദയെ കൊല്ലുകയാണ് ഉദ്ദേശ്യം. അതിനുള്ള മനസ്സുറപ്പിനുവേണ്ടിയാണു കിടക്കയ്ക്കു ചുറ്റും കറങ്ങുന്നത്. പ്രണയം. അതനശ്വരമായിരിക്കണം. മറ്റൊരാള്‍ക്കും സ്ഥാനമുണ്ടാകരുത് കവിയുടെ ജീവിതത്തില്‍. ഒരു വഴിയേയുള്ളൂ. കാമുകന്റെ മരണം. 

ജീവിതത്തിനും മരണത്തിനുമിടയിലൂടെ പ്രണയത്തിന്റെ വഞ്ചി തുഴഞ്ഞ കവിയെ രക്ഷിച്ചതു പെട്ടെന്നെത്തിയ ട്രാന്‍സ്ഫര്‍. സിലോണിലേക്ക്. ജോസി ബ്ളിസ്സിനെ അറിയിച്ചില്ല സ്ഥലംമാറ്റ വാര്‍ത്ത. അവളറിയാതിരിക്കാന്‍ ഒരു ദിവസം രാവിലെ ഓഫിസിലേക്ക് ഇറങ്ങി; ഓഫിസില്‍പോകുന്നതുപോലെ. പുസ്തകങ്ങള്‍ പിന്നിലുപക്ഷിച്ചു; വസ്ത്രങ്ങള്‍ പോലും. കപ്പല്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ നെരൂദയുടെ മനസ്സില്‍ നിറഞ്ഞു വീണ്ടും ജോസി ബ്ളിസ്സ്. കപ്പിലിലിരുന്നു കവി എഴുതി: വീഡോവേഴ്സ് ടാങ്ഗോ. 

എന്നെ നഷ്ടപ്പെട്ട, എനിക്കു നഷ്ടപ്പെട്ട, ദുഃഖിതയ്ക്കു സമര്‍പ്പിച്ച കവിത എന്നാണു നെരൂദ ആ കവിതയെ വിശഷിപ്പിച്ചത്. 

കോപത്തിന്റെ അഗ്നിപര്‍വതം തിളച്ചുമറിയുന്ന ചോരയില്‍ എഴുതിയ കവിത. അവസാനമില്ലായിരുന്നു ആ രാത്രിക്ക്. കാന്തമായിരുന്നു അന്നു ഭൂമി. 

പ്രണയം സഹിക്കാനാകാതെ, പ്രണയിനിയില്‍നിന്ന് ഒളിച്ചോടിയ നെരൂദ. ഇന്നും പ്രണയികള്‍ തേടുന്നത് അദ്ദേഹത്തിന്റ വരികള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതുപോലെ

‘നെരൂദാ, 

നിന്റെ ഭ്രാന്തും

നിന്റെ കവിതയും 

കൈകോര്‍ത്തുപിടിച്ചുകൊണ്ട് 

വാവിട്ടു നിലവിളിച്ചുകൊണ്ട് 

ഭൂമിക്കുമുകളില്‍ ഓടിനടക്കുന്നു’ 

ഈ വാലന്റൈന്‍സ് ദിനത്തിലും.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം