രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിന്റെ മണ്ണ് ചുമപ്പിക്കുന്നത് ഇത് ആദ്യമല്ല. ആ ചുമപ്പിനായി ചൊരിഞ്ഞ ചോരയുടെ അളവെത്ര? ആ ചുമപ്പിന് കണ്ണീർ കലർന്നേറിയ തിളക്കമെത്ര? ജീവനെക്കാൾ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വില കൽപിച്ചു പൊരുതിയ പിൻതലമുറ ചരിത്രം ഉള്ള ഒരു നാട്ടിൽ ജീവനെക്കാൾ വില പ്രസ്ഥാനങ്ങൾക്ക് കൽപിക്കുന്ന പുതുതലമുറ ഉണ്ടായി വന്നെങ്കിൽ അതിൽ അതിശയമില്ല. എന്നാൽ ഇന്നത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കൊണ്ട് നാട് എന്ത് നേടി? എന്ന ചോദ്യത്തിന് ഒന്നുമില്ല എന്ന ഉത്തരം മാത്രം. പട്ടികയിൽ അവസാനത്തെ പേര് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റേത്...
രാഷ്ട്രീയം വെട്ടലും കൊലവിളിയും ജീവനൊടുക്കലുമല്ല. രാഷ്ട്രീയം പൊതു നന്മയാണ് എന്ന് കേരള ജനത തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള ശക്തമായ പ്രതിഷേധമാകുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ കഥയും കവിതയും. ഷറഫുനിസ ടി സിദ്ദിഖ് എഴുതിയ 'ഞാൻ ഷുഹൈബ്' എന്ന കവിത ആലാപനത്തിന്റെയും സംഗീതത്തിന്റെയും മികവിൽ കേൾവിക്കാരനിൽ ഒരു തേങ്ങലുണർത്തുമ്പോള്‍, സമകാലീന കൊലകത്തി രാഷ്ട്രീയത്തെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ വക നൽകുന്നുണ്ട് സമൂഹ മാധ്യമത്തിലൂടെ പ്രചരിക്കുന്ന 'നീ എന്തു നേടി' എന്ന കഥ.
'ഞാൻ ഷുഹൈബ്' (കവിത)
ജീവിതം ഒരുപാട് ബാക്കിവെച്ച് കടന്നു പോയ ഷുഹൈബിനു വേണ്ടിയുള്ള ഒരു തേങ്ങലാണ് 'ഞാൻ ഷുഹൈബ്' എന്ന കവിത. ഞാൻ നിങ്ങളിലൊരുവൻ എന്ന വരികൾ കുറേയേറെ കാലത്തേക്ക് കേരള മനസാക്ഷിയിൽ രാകേഷ് എന്ന ഗായകന്റെ ശബ്ദത്തിൽ അലയടിച്ചുകൊണ്ടിരിക്കും.
നീയെന്ത് നേടി ......? (കഥ)
രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു. നീയാണോ പുതിയ രക്തസാക്ഷി ഈയിടയായി കുറെയെണ്ണം വരുന്നുണ്ട്. എവിടുന്നാ കണ്ണൂരിൽ നിന്നാണോ..?
അയാൾ തല താഴ്ത്തി പറഞ്ഞു അതെ .
ആഹാ അതൊരു പുതുമയല്ലല്ലോ ..! ആട്ടെ എത്ര വെട്ടു കൊണ്ടു ..?
ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട്.
ഉം ... ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ്, രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായിയാരു വരും?
ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ ഒരു കാഴ്ച കാണിച്ചു തരാം. അയാൾ ദൈവത്തെ പിന്തുടർന്നു. മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി.
ആ കാണുന്നതെന്താണ്..?
അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു. എന്റെ വീട്, എന്റെ പ്രിയപ്പെട്ടവർ.
ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ..? ബാക്കി കൂടി കാണുക. അയാളുടെ കണ്ണിൽ ദു:ഖത്തിന്റെ കാഴ്ചകൾ തെളിഞ്ഞു തുടങ്ങി.
വമടക്കു കഴിഞ്ഞ തന്റെ വീട്, മൂകമായ ചുറ്റുപ്പാട്, ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു. വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി മകൾ..,
അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുവാൻ തുടങ്ങി .., എന്റെ മോളെ ., അയാൾ ഉച്ചത്തിൽ വിളിച്ചു. ആരും കേൾക്കാത്ത ആ നിലവിളി ആകാശത്ത് മാത്രം പ്രതിധ്വനിച്ചു.
അയാൾ തന്റെ ഭാര്യയെ തിരഞ്ഞു. അകത്തെ മുറിയിൽ തേങ്ങലോടെ കിടക്കുന്ന തന്റെ പ്രിയതമ ദു:ഖം തളം കെട്ടിയ കണ്ണുകൾ. തന്റെ മകൾ അമ്മയോടെന്തൊ ചോദിക്കുന്നു അയാൾ ചെവികൾ കൂർമ്മിച്ചു.,
അമ്മേ, എന്റെ അച്ഛനെവിടെ.,
അവളുടെ ചോദ്യം അയാളിൽ തുളച്ചു കയറി.. പുറകെ ഭാര്യയുടെ നിലവിളിയും.
ഒരു തുള്ളി വെള്ളം പോലുമിറക്കാതെ മോനെ വിളിച്ചു കരയുന്ന ആ മാതാവിനെ അയാൾക്ക് ഒരു വട്ടമേ നോക്കാൻ കഴിഞ്ഞുള്ളു.
വലിച്ചിട്ട ബീഡികുറ്റിയുടെ അരികിലിരിക്കുന്ന അച്ഛന്റെ മുഖത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു. വലിച്ച ബീഡി മുറ്റത്തേക്കെറിഞ്ഞ് അകത്തേക്ക് നടന്ന അച്ഛനെ അയാളുടെ കണ്ണുകൾ പിന്തുടർന്നു.
അകത്തെ ചായ്പ്പിലെ ഇരുമ്പുപ്പെട്ടിയിൽ നിന്നും അച്ഛനെന്തൊ തിരയുന്നു. നിമിഷ നേരത്തെ തിരച്ചിലിന് ശേഷം അച്ഛന്റെ അഴിച്ചു വെച്ച പഴയ ചുമട്ടു തൊഴിലാളിയുടെ വേഷം പുറത്തെടുത്തു. ഹൃദയത്തിൽ ഒരു ദു:ഖകടൽ ആർത്തിരമ്പുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.
നീയെന്തു നേടി ...?
ദൈവത്തിന്റെ ചോദ്യം കേട്ട് അയാൾ ദു:ഖകാഴ്ചയിൽ നിന്നു കണ്ണെടുത്തു.
നിന്റെ അച്ഛൻ ഇപ്പോൾ ചിന്തിക്കുന്നത് എന്താണെന്ന് നിനക്കറിയുമോ ...?
ഇല്ല ... അയാൾ വാവിട്ടു കരഞ്ഞു.
പ്രായം തളർത്തിയ ചുമലുകൾ, ഇനിയെന്തു വന്നാലും ഭാരം ചുമക്കണം. അവൻ വിട്ടിട്ടു പോയ കുഞ്ഞുമോളെയും, ഭാര്യയും, രോഗിയായ അവന്റെ അമ്മയേയും നോക്കേണ്ടത് ഞാനാണ്. അതു കൊണ്ട് തളരാൻ പാടില്ല, കരയാൻ പാടില്ല... ഇല്ല ഞാൻ കരയില്ല..,
അച്ഛന്റെ ചിന്തകൾ ദൈവം അയാൾക്ക് പകർത്തി നൽകിയപ്പോൾ അയാൾ നിലവിളിക്കുകയായിരുന്നു.
നീയെന്ത് നേടി...? ദൈവത്തിന്റെ ശബ്ദം ഉച്ചത്തിലായി. നിന്റെ പ്രിയപ്പെട്ടവർക്ക് ആര് ജീവിതം നൽകും...? അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല.
ഇനിയൊരു വേറെ കാഴ്ച കാണിച്ചു തരാം. ദൈവം വീണ്ടും വിരൽ ചൂണ്ടി. അയാളുടെ നേതാവിന്റെ വീട്ടിലേക്കായിരുന്നു ദൈവം വിരൽ ചൂണ്ടിയത്.
അയാളുടെ കണ്ണിൽ തെളിഞ്ഞ കാഴ്ചയിൽ,
നേതാവും കുടുംബവും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു. ദു:ഖത്തിന്റെ ഒരു ചെറു നിഴൽ പോലും അവിടെ അലയടിച്ചിരുന്നില്ല. ചിരിയും കളിയുമായി സുഖത്തിന്റെ, സന്തോഷത്തിന്റെ അലയടി മാത്രം. പുറത്ത് കാവൽക്കാരും, കാറുകളും. സുഖ സൗകര്യങ്ങളുടെ പറുദീസയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത്.
ചിന്തയിൽ തന്റെ വീടും നേതാവിന്റെ വീടും അയാൾ താരതമ്യം ചെയ്തു.
നീ എന്തു നേടി...?
അയാൾ ദൈവത്തെ ദയനീയമായി നോക്കി.
വീണ്ടും ചോദ്യങ്ങളുടെ ഒരു നിര ദൈവം നിരത്തി.
നിങ്ങളിൽ മരിച്ചു വീണ ഏതെങ്കിലും ഒരാളിൽ പ്രമുഖനായ നേതാവുണ്ടായിരുന്നോ?
ഉത്തരമില്ല ..,
കച്ചവടത്തിൽ നഷ്ടം നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും, ലാഭം നേതാക്കൾക്കും പാർട്ടിക്കും ഇനിയെങ്കിലും നിന്റെ പിൻഗാമികൾ ചിന്തിച്ചു തുടങ്ങുമോ ..?
ഉത്തരമില്ല ...,
നിങ്ങൾ അണികൾ തമ്മിൽ തമ്മിൽ തല്ലുന്നു, മരിച്ചു വീഴുന്നു നിന്റെ പാർട്ടിയിലേയോ എതിർ പാർട്ടിയിലേയോ നേതാക്കാൻമാർ വാക്ക് പോരല്ലാതെ, തമ്മിൽ തല്ലു കൂടുന്നത് നീയോ നിന്റെ പിൻഗാമികളോ കണ്ടിട്ടുണ്ടോ?
ഉത്തരമില്ല ..,
രക്തസാക്ഷി പട്ടം നിനക്കിപ്പോൾ ഭാരമായി തോന്നുന്നുണ്ടോ ..?
ഉത്തരത്തിന് പകരം കണ്ണുനീർ നികത്താൻ പറ്റാത്ത വിടവുകളിലേക്ക് ഒലിച്ചിറങ്ങി ......
ദാനമായി നൽകിയ ജീവിതം ഭാരമായി വലിച്ചെറിയുന്ന വിഡ്ഢികൾ. ദൈവം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു അയാൾ പുറകേയും.
ഒലിച്ചിറങ്ങിയ അയാളുടെ കണ്ണുനീർ ഒരു പെരുമഴയായി ഭൂമിയിൽ പതിച്ചു ആ മഴ അയാളുടെ വീടിനെയും നനച്ചു കൊണ്ടിരുന്നു.
ഇടിമുഴങ്ങുന്ന പോലെ ഒരു ചോദ്യം മാത്രം അട്ടഹസിച്ചു ....
നീയെന്ത് നേടി ...???
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം